UPDATES

ട്രെന്‍ഡിങ്ങ്

‘രാഷ്ടീയ ധാര്‍മികത’; സിപിഎമ്മിന്റെയും കെ സുധാകരന്റെയും

ബിജെപി ചര്‍ച്ചയ്ക്ക് വിളിച്ച കാര്യം തുറന്നു പറഞ്ഞത് രാഷ്ട്രീയ ധാര്‍മ്മികത എന്നു സുധാകരന്‍; ശുഹൈബ് വധത്തില്‍ ബന്ധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കി വാക്കു പാലിച്ചു എന്നു സിപിഎം

കെ എ ആന്റണി

കെ എ ആന്റണി

‘വേണ്ടാസനത്തിനു കോപ്പിട്ടുവന്നാൽ രണ്ടില്ല പക്ഷം മഹാദേവ ശംഭോ’ എന്ന മട്ടിലാണ് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ സുധാകരൻ ബി ജെ പി ദേശീയ അധ്യക്ഷൻ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തണമെന്നാവശ്യപ്പെട്ടു തന്നെ ചില ദൂതന്മാർ വന്നു കണ്ടിരുന്നുവെന്ന് ഒരു ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയതിനെ തുടർന്ന് ഉടലെടുത്ത രാഷ്ട്രീയ വാദപ്രതിവാദങ്ങൾ. സുധാകരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ടിയാനെ ബി ജെ പിയുടെ റിക്രൂട്ടിങ് ഏജന്‍റായി ചിത്രീകരിച്ചു സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ രംഗത്തുവന്നിരുന്നു. തൊട്ടു പിന്നാലെ ബി ജെ പി യിലേക്ക് തന്നെ ചിലർ ക്ഷണിച്ചുവെന്നു തുറന്നു പറയുക വഴി താൻ തന്റെ രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുകയാണ് ചെയ്തതെന്നും ചത്താലും ബി ജെ പിയിലേക്ക് പോകുന്ന പ്രശ്നമില്ലെന്നും പറഞ്ഞു സുധാകരനും രംഗത്തെത്തി. യൂത്ത് കോൺഗ്രസ് നേതാവ് മട്ടന്നൂർ എടയന്നൂരിലെ ഷുഹൈബിന്റെ വധം ചൂണ്ടിക്കാട്ടി ഗുജറാത്തിൽ സംഘപരിവാർ ചെയ്തതുപോലെ കേരളത്തിൽ സി പി എം മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുകയാണെന്ന അത്യന്തം ഗുരുതരമായ ആരോപണവും സുധാകരൻ ഉയർത്തി. ഇതിന്റെ തുടർച്ചയെന്നോണം 1971ൽ തലശ്ശേരിയിൽ അരങ്ങേറിയ വർഗീയ കലാപത്തിൽ അന്ന് യുവ നേതാവായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പങ്കിനെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ആവശ്യവും സുധാകരൻ ഉന്നയിച്ചു കഴിഞ്ഞു.

ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി സുധാകരനും സി പി എം നേതാക്കളും നേർക്കുനേർ നിന്ന് പോർവിളി നടത്തി കണ്ണൂരിലെ സമാധാന അന്തരീക്ഷത്തെ കലുഷിതമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഷുഹൈബ് വധക്കേസിൽ പോലീസ് അറസ്റ്റു ചെയ്ത നാല് പേരെ ഇന്നലെ സി പി എം ജില്ലാ കമ്മിറ്റി പാർട്ടിയിൽ നിന്നും പുറത്താക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണ് പുറത്താക്കൽ തീരുമാനം ഉണ്ടായത്. എം വി ആകാശ് എന്ന ആകാശ് തില്ലങ്കേരി, സി എസ് ദീപ്‌ചന്ദ്, ടി കെ അസ്‌കർ, കെ അഖിൽ എന്നീ നാലു പേരെയാണ് പുറത്താക്കിയത്. ഷുഹൈബ് വധത്തിൽ ഏതെങ്കിലും പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്നു കണ്ടാൽ അവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു എന്നതിനാൽ തങ്ങൾ വാക്കു പാലിച്ചിരിക്കുന്നവെന്നു പാർട്ടി നേതൃത്വത്തിന് വാദിക്കാം. എന്നാൽ കേസ് സി ബി ഐക്കു വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ് വന്നതിനു ശേഷം മാത്രം നടത്തിയ ഈ പുറത്താക്കൽ നടപടി ഇതിനകം തന്നെ വിമർശനം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു.

കൊലപാതകിയുടെ രാഷ്ട്രീയവും മലയാളിയുടെ പൊതുബോധവും

പ്രതികൾക്ക് നിയമ സംരക്ഷണവും സാമ്പത്തിക സംരക്ഷണവും ഉറപ്പു നൽകിക്കൊണ്ടാണ് ഇപ്പോഴത്തെ ഈ നടപടിയെന്ന് സുധാകരൻ ആരോപിച്ചപ്പോൾ പുറത്താക്കൽ നടപടി ‘ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും ചെപ്പടി വിദ്യ’ മാത്രമാണെന്ന് കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനിയും ‘ഷുഹൈബ് വധത്തിൽ പാർട്ടിക്കു പങ്കില്ലെന്ന് പാടി നടന്ന സി പി എം നേതൃത്വം ഇപ്പോൾ പ്രതികളെ പുറത്താക്കിയതിലൂടെ കൊലപാതകത്തിൽ പാർട്ടിയുടെ പങ്കു തുറന്നു പറഞ്ഞിരിക്കുകയാണെന്നു’ യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക് സഭ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിലും തുറന്നടിച്ചു കഴിഞ്ഞു. ഇതിനിടെ ആകാശ് തില്ലങ്കേരിയെയും മറ്റു മൂന്നുപേരെയും പുറത്താക്കാനുള്ള തീരുമാനം കൈകൊണ്ട ഇന്നലത്തെ ജില്ലാ കമ്മിറ്റി യോഗത്തിനിടയിൽ പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ ആകാശ് തില്ലങ്കേരിയുടെ പിതാവ് എത്തിച്ചേർന്നതും ചില ചാനലുകൾ വാർത്തയാക്കി.

കാറില്ലാത്ത എകെജിയുടെ മൊയ്ദു ഡ്രൈവറും കെ സുധാകരന്റെ ഉഡായിപ്പുകളും

കേസിൽ പോലീസ് ഇതുവരെ 11 പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും നാലുപേരെ മാത്രം പുറത്താക്കിയ പാർട്ടി നടപടിയും വിവാദമായിട്ടുണ്ട്. ഇപ്പോൾ പുറത്താക്കപ്പെട്ട നാലു പേരേക്കാൾ പാർട്ടി സംഘടനാ രംഗത്ത് കൂടുതൽ സജീവമായി പ്രവർത്തിക്കുന്നവരാണ് മറ്റു ഏഴുപേർ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവർ നിരപരാധികളാണെന്ന പാർട്ടിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണോ ഒഴിവാക്കൽ നടപടി എന്ന ചോദ്യമാണ് വിമർശകർ പ്രധാനമായും ഉന്നയിക്കുന്നത്. കേസ് സി ബി ഐക്കു വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായെങ്കിലും ഷുഹൈബിന്റെ കൊലപാതകവും അതിൽ സി പി എമ്മിനുള്ള പങ്കും സംബന്ധിച്ച ചർച്ചകൾ ഉടനെയൊന്നും അവസാനിക്കാനിടയില്ലെന്ന സൂചന തന്നെയാണ് നിലവിൽ ലഭിക്കുന്നത്.

സുധാകരന്‍ അമിത് ഷായുടെ ചാക്കിലായോ? ആയെന്ന് സിപിഎം, ചാക്കുമായി വന്നെന്ന് സുധാകരന്‍

ഷുഹൈബ് വധം ‘ആഘോഷ’മാക്കുന്ന സുധാകരനും കണ്ണൂര്‍ സിപിഎം എന്ന അസംബന്ധവും

തലശ്ശേരി കലാപത്തിന് പിന്നിലെ പിണറായി വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് കെ സുധാകരന്‍

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍