UPDATES

ട്രെന്‍ഡിങ്ങ്

ഇ പി ജയരാജന്‍ പറഞ്ഞ ‘മതധ്രുവീകരണം’ എന്താണ്? സി പി എം വിശദീകരിക്കാന്‍ മടിക്കും

ഈ ലോകസഭാ തിരഞ്ഞെടുപ്പിലെ പരാജയം ഇടതിനെ ദീര്‍ഘകാലത്തേക്ക് ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല

കേരളത്തില്‍ ഇടത് പക്ഷത്തിന്റെ തകര്‍ച്ച മതധ്രുവീകരണം കാരണമാണെന്നാണ് തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായ ഇന്നലെ ഉച്ചയോടെ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്‍ പ്രതികരിച്ചത്. അതിനു ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി എകെ ബാലനും പരാജയം അപ്രതീക്ഷിതം എന്ന മട്ടില്‍ പ്രതികരിച്ചെങ്കിലും അതില്‍ കൃത്യമായ കാരണങ്ങള്‍ ഒന്നും പരാമര്‍ശിച്ചില്ല. മാധ്യമങ്ങളെ കാണാതെ ഒരു പത്രകുറിപ്പിലൂടെ പരാജയം അപ്രതീക്ഷിതം എന്ന പ്രചാരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. എന്തായാലും വെള്ളിയാഴ്ച ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തോടെ ഔദ്യോഗികമായ വിശദീകരണം വരുമെന്നു പ്രതീക്ഷിക്കാം.

അതേസമയം ഇപി ജയരാജന്‍ ഇന്നലെ പരാമര്‍ശിച്ച മതധ്രുവീകരണം വിശദീകരിക്കാതിരിക്കാന്‍ സിപിഎം മുതിരുമോ എന്നതാണ് കൌതുകരമായ ചോദ്യം. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ഇക്കാര്യം വിശദീകരിച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ തീര്‍ച്ചായായും ചോദിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

എന്താണ് ആ ‘മതധ്രുവീകരണം’?

തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തങ്ങളുടെ പ്രതീക്ഷയ്ക്കും ഫലം വന്നതിനു ശേഷം തങ്ങളുടെ അത്യുജ്ജ്വല വിജയത്തിനും അടിസ്ഥാനമായി യു ഡി എഫ് വിശദീകരിക്കുന്നത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ്. കേന്ദ്രത്തില്‍ മോദി ഭരണത്തെ താഴെ ഇറക്കാന്‍ മത ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനും യു ഡിഎഫിനും അനുകൂലമായി വീണു. എല്ലാ സര്‍വ്വേകളും എക്സിറ്റ് പോളുകളും അത്യുജ്ജ്വല വിജയം പ്രഖ്യാപിച്ച പാലക്കാട്ടെ എം ബി രാജേഷിന്റെ തോല്‍വി മാത്രം മതി ഈ യുക്തി യാഥാര്‍ത്ഥ്യപരമാണെന്ന് വാദിക്കാന്‍. മുസ്ലീം ലീഗിന്റെ കോട്ടയായ പാലക്കാട് മണ്ണാര്‍ക്കാട് 40,000ത്തിന് മുകളില്‍ ഭൂരിപക്ഷമാണ് വി കെ ശ്രീകണ്ഠന്‍ നേടിയത്. അതേസമയം ഈ ഭൂരിപക്ഷത്തെ മറികടക്കാന്‍ സാധിക്കുന്ന തരത്തില്‍ തങ്ങളുടെ കേന്ദ്രങ്ങളില്‍ നിന്നും വോട്ട് സമാഹരിക്കാന്‍ സി പി എമ്മിന് സാധിച്ചുമില്ല. വടക്കന്‍ കേരളത്തിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലെയും പ്രത്യേകിച്ചു കണ്ണൂര്‍ ജില്ലായിലെ പ്രഖ്യാപിത സി പി എം കോട്ടകളിലെ വോട്ട് കണക്കുകള്‍ പരിശോധിച്ചാല്‍ ഈ പ്രവണത വ്യക്തമാണ്. തെക്കന്‍ മേഖലയില്‍ ക്രിസ്ത്യന്‍ സമുദായ മേഖലകളിലും ഇതേ പാറ്റേണ്‍ ആവര്‍ത്തിച്ചു എന്നതാണ് യാഥാര്‍ഥ്യം.

അതേസമയം സി പി എം പുറത്തുപറയാന്‍ സാധ്യതയിലാത്ത മറ്റൊരു മത ധ്രുവീകരണം നടന്നിട്ടുണ്ട്. അത് കേരളത്തില്‍ ഇതുവരെ ആര് പരാമര്‍ശിക്കാത്ത എന്നാല്‍ ബിജെപി വളര്‍ത്തിക്കൊണ്ടുവരുന്ന ‘ഹിന്ദു വോട്ട് ബാങ്കാ’ണ്. ശബരിമല വിഷയത്തില്‍ അത് ബിജെപിക്കനുകൂലമായി വലിയ രീതിയില്‍ മാറി എന്നാണ് ബിജെപിക്ക് ലഭിച്ച വോട്ടിന്റെ കണക്ക് സൂചിപ്പിക്കുന്നത്. 2014ല്‍ 19,44,204 ആയിരുന്ന ബിജെപി വോട്ട് ഇത്തവണ 31,34,113 ആയി മാറി. അതായത് 11 ലക്ഷത്തില്‍ മേല്‍ വര്‍ധന. ഇതില്‍ 3 ലക്ഷത്തില്‍ മുകളില്‍ വോട്ട് നേടിയ ഒരു മണ്ഡലവും 2 ലക്ഷത്തില്‍ കൂടുതല്‍ വോട്ട് നേടിയ 3 മണ്ഡലവും 1 ലക്ഷത്തില്‍ കൂടുതല്‍ വോട്ട് നേടിയ 9 മണ്ഡലങ്ങളും ഉണ്ട് എന്ന കാര്യം ശ്രദ്ധിയ്ക്കുക. പത്തനംതിട്ട, ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ മികച്ച മുന്നേറ്റമാണ് ബിജെപി നടത്തിയത്. ശബരിമല വിഷയം ഏറ്റവും ശക്തമായി ക്യാമ്പയിന്‍ വിഷയമായി ബിജെപി അവതരിപ്പിച്ച മണ്ഡലങ്ങളാണ് ഇവ. അയ്യപ്പന്റെ പേര്‍ പരാമര്‍ശിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് തിരഞ്ഞെതൂപ്പ് കമ്മീഷന്‍ സുരേഷ് ഗോപിയോട് വിശദീകരണം ചോദിക്കുക വരെ ചെയ്യുകയുണ്ടായി. ഇടതു സ്ഥാനര്‍ത്തികളുടെ പരാജയം ഉറപ്പിക്കുന്നതിലും ചിലയിടങ്ങളില്‍ കനത്ത പരാജയം ആക്കുന്നതിലും ഈ വോട്ട് ചോര്‍ച്ച കാരണമായി.

സിപിഎമ്മിന്റെ പരമ്പരാഗാത വോട്ട് ബാങ്കില്‍ ബിജെപി കൈ വെക്കുകയും വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ മിക്കപ്പോഴും യു ഡി എഫിനും ചിലപ്പോഴൊക്കെ എല്‍ ഡി എഫിനും വോട്ട് ചെയ്ത വലിയൊരു വിഭാഗം ഇത്തവണ യു ഡി എഫിന് വോട്ട് ചെയ്യുകയും ചെയ്തതാണ് ഇടതിന് കനത്ത തിരിച്ചടീയായത്. അത് മുന്‍കൂട്ടി മനസിലാക്കാനോ ഇനി അതിനെ യാഥാര്‍ഥ്യ ബോധത്തോടെ വിലയിരുത്താനോ അവര്‍ക്ക് കഴിയുന്നില്ല എന്നതാണ് ഇടതുപക്ഷം നേരിടുന്ന വെല്ലുവിളിയും ദുരന്തവും. അതുകൊണ്ടുതന്നെ ഈ ലോകസഭാ തിരഞ്ഞെടുപ്പിലെ പരാജയം ഇടതിനെ ദീര്‍ഘകാലത്തേക്ക് ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍