UPDATES

പൂനൂര്‍ പുഴ വീണ്ടുമൊഴുകും; കോഴിക്കോട്ടുകാര്‍ അത് തീരുമാനിച്ചു കഴിഞ്ഞു

14 പഞ്ചായത്തുകള്‍, കൊടുവള്ളി മുനിസിപ്പാലിറ്റി, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവയുടെ പരിധിയിലൂടെ 58.5 കിലോമീറ്റര്‍ ഒഴുകുന്ന ജില്ലയിലെ ഒരു പ്രധാന ശുദ്ധജല സ്രോതസ്സായ പൂനൂര്‍ പുഴയില്‍ 45 ല്‍ അധികം കുടിവെള്ള പദ്ധതികളുണ്ട്

കോഴിക്കോടിന്റെ ചരിത്രത്തിലും കഥകളിലും നിറഞ്ഞൊഴുകുന്നൊരു പൂനൂര്‍ പുഴയുണ്ട്. പിന്നീട് കേരളത്തിലെ ഓരോ പുഴയ്ക്കും സംഭവിച്ച അതേ ദുര്‍ഗതി പൂനൂര്‍ പുഴയ്ക്കും വന്നു ചേര്‍ന്നു. മനുഷ്യര്‍ ആ പുഴയ്ക്കും അകാല മൃത്യു വിധിച്ചു. ഒരിക്കല്‍ പൂനൂര്‍ പുഴയുടെ നിലയില്ലാ കയങ്ങളെ കുറിച്ച് ഭയത്തോടെ പറഞ്ഞിരുന്നവര്‍ പിന്നെയതിന്റെ മൃതാവസ്ഥ കണ്ട് കണ്ണു പൊത്തി.

പണ്ട് ഇവിടെയൊരു പുഴയൊഴുകിയിരുന്നുവെന്ന് പറയേണ്ടി വരുന്നൊരു കാലം പൂനൂര്‍ പുഴയെ സംബന്ധിച്ച് ഏറെയടുത്ത് എത്തി നില്‍ക്കുമ്പോഴാണ് മണ്ണും വെള്ളവും സംരക്ഷിക്കേണ്ടതിന്റെ ബോധ്യം തിരിച്ചറിഞ്ഞ ചിലര്‍ പൂനൂര്‍ പുഴയുടെ രക്ഷയ്‌ക്കെത്തുന്നത്. അവരുടെ വാക്കുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും തിരിച്ചറിവ് കൊണ്ട് ജനങ്ങളും കൈകോര്‍ക്കുമ്പോള്‍ പൂനൂര്‍ പുഴ വീണ്ടും നിറഞ്ഞൊഴുകാന്‍ തുടങ്ങുകയാണ്; ഒരു പുതിയ പുഴയായി.

പൂനൂര്‍ പുഴ സംരക്ഷണ ഫോറം, ഹരിതകേരളം മിഷന്‍, ജില്ലാ ഭരണകൂടം, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ്, ശുചിത്വ മിഷന്‍, മണ്ണ് ജല സംരക്ഷണ വകുപ്പ്, ജലവിഭവ വകുപ്പ്, മറ്റ് വിവിധ വകുപ്പുകള്‍, നിറവ് വേങ്ങരി, ശാസ്ത്ര സാഹിത്യ പരിക്ഷത്ത്, പുഴ സംരക്ഷണ സമിതികള്‍ എന്നിവ ചേര്‍ന്ന് നടപ്പിലാക്കി വരുന്ന പൂനൂര്‍ പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായാണ് പൂനൂര്‍ പുഴയെ പുതിയൊരു പുഴയായി ഒഴുക്കാനുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും നടന്നു വരുന്നത്. തങ്ങളുടെ ലക്ഷ്യത്തിലേക്ക് അടുക്കുന്ന ഇവര്‍ താത്കാലികമായി പുഴയിലെ മാലിന്യങ്ങള്‍ കളഞ്ഞ് ഒഴുക്ക് കൊണ്ടു വരികയല്ല, ദീര്‍ഘകാലത്തേക്ക് ഈ പുഴ, കോഴിക്കോടിന്റെ പ്രധാന ജലസ്രോതസ്സായി നിലനിര്‍ത്താനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.

ഹരിത കേരളം മിഷന്‍ കോഴിക്കോട് ജില്ല കോര്‍ഡിനേറ്റര്‍ പ്രകാശ് പി പറയുന്നു; “പൂനൂര്‍ പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനു മുന്നേ നടന്നു വരുന്നതാണ്. കഴിഞ്ഞ വര്‍ഷം  ജില്ല ഭരണകൂടം, ജില്ല പഞ്ചായത്ത്, ശാസ്ത്ര സാഹിത്യപരിഷത്, സേവ് പുനൂര്‍ പുഴ, തദ്ദേശ ഭരണസ്ഥാപനങ്ങള്‍, നിറവ് വേങ്ങേരി, തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുഴ സംരക്ഷണ നടപടികള്‍ ആരംഭിച്ചിരുന്നു. കളക്ടര്‍ യു വി ജോസ് ഉള്‍പ്പെടെ പൂനൂര്‍ പുഴ ഉത്ഭവിക്കുന്ന കട്ടിപ്പാറയില്‍ നേരിട്ടിറങ്ങി മാലിന്യനിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതുമാണ്. എന്നാല്‍ പുഴ വീണ്ടും മലിനമാകുന്ന സാഹചര്യമാണ് ഉണ്ടായത്. മാലിന്യം മാത്രമല്ല, കയ്യേറ്റം, പുഴ സംരക്ഷണത്തിനു വേണ്ടി നട്ടുപിടിപ്പിച്ച മരങ്ങള്‍ പുഴയിലേക്കു തന്നെ വീണ് ഒഴുക്ക് തടസപ്പെടുന്ന അവസ്ഥ, വള്ളിപ്പടര്‍പ്പും മരക്കഷ്ണങ്ങളുമൊക്കെയായി ചെറിയ ചെറിയ തുരുത്തുകളായി പുഴ വേര്‍പ്പെട്ടു പോയ സ്ഥിതി അങ്ങനെ പലതരം തിരിച്ചടികളായിരുന്നു പൂനൂര്‍ പുഴയ്ക്ക് നേരിടേണ്ടി വന്നത്. പൂനൂര്‍ പുഴയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിരിക്കുന്ന കുടിവെള്ള പദ്ധതികള്‍വരെ അപകടത്തിലായ അവസ്ഥ.

പുഴ മലിനീകരണത്തിലും മറ്റും പലപ്പോഴും ഉദ്യോഗസ്ഥരേയും ഭരണസംവിധാനങ്ങളേയുമാണ് എല്ലാവരും കുറ്റപ്പെടുത്തുക. എന്നാല്‍ ഒരു പുഴയെ അല്ലെങ്കില്‍ ജലസ്രോതസ്സിനെ മലിനമാക്കുന്നതില്‍ ജനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. ബോട്ടിലുകള്‍, പഴകിയ വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, കോഴികളുടേയും മറ്റ് മാലിന്യഭാഗങ്ങള്‍ തുടങ്ങി എന്തും പുഴയിലേക്കും കുളത്തിലേക്കും വലിച്ചെറിയുന്ന സ്വഭാവം നമുക്ക് ഉണ്ട്. ഇത്തരം നിരുത്തരവാദപരമായ പ്രവര്‍ത്തികളിലൂടെയാണ് നമുക്ക് നമ്മുടെ ജലസ്രോതസുകളെ നഷ്ടപെടുന്നത്. ഇക്കാര്യങ്ങളില്‍ തിരിച്ചറിവ് നല്‍കി ജില്ലയില്‍ മൊത്തത്തില്‍ ഒരു ശുചിത്വബോധവത്കരണം നല്‍കി വരുന്നുണ്ടായിരുന്നു. ഹരിത കര്‍മസേന തന്നെ കോഴിക്കോടിനായി രൂപീകരിച്ചു പ്രവര്‍ത്തനം നടത്തുന്നു. ഇത്തരത്തില്‍ ജനങ്ങളില്‍ ഉണ്ടായ ശുചിത്വബോധത്തില്‍ നിന്നാണ് പൂനൂര്‍ പുഴയുടെ വീണ്ടെടുക്കലും സാധ്യമാകുന്നത്.

പൂനൂര്‍ പുഴ സംരക്ഷണ ഫോറം പൂനൂര്‍ പുഴയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ല കളക്ടറെ കാണാന്‍ വന്നവരെ കളക്ടര്‍, ഹരിത കോരളം മിഷന്‍ ജില്ല കോര്‍ഡിനേറ്ററായ എന്റെയരികിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പിന്നീട് ഞങ്ങള്‍ ഈ ആവശ്യവുമായി മണ്ണ് ജലസംരക്ഷണ വകുപ്പിനെ സമീപിക്കുന്നു. അവര്‍ ഒരു പദ്ധതിയേറ്റെടുത്ത് ചെയ്യാന്‍ ഇരിക്കുകയായിരുന്നു ഞങ്ങളുടെ ആവിശ്യം വന്നപ്പോള്‍ പൂനൂര്‍ പുഴ സംരക്ഷണം തന്നെ അവരുടെ പദ്ധതിയാക്കി മാറ്റി. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ആന്റ് മാനേജ്‌മെന്റ് കോഴിക്കോട് (സിഡബ്ല്യുആര്‍ഡിഎം) പൂനൂര്‍ പുഴയുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തിയിരുന്നു. അവരുടേയും സഹകരണത്തോടെ ലോക ജലദിനമാായ മാര്‍ച്ച് 22 നും 23 നും രണ്ട് സെമിനാറുകള്‍ ഞങ്ങള്‍ പൂനൂരും കോഴിക്കോടുമായി സംഘടിപ്പിച്ചു. പുഴയൊഴുകുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ സംഘടനകളും സമിതികളുടെയും പ്രതിനിധികള്‍ തുടങ്ങിയവരെയൊക്കെ വിളിച്ചു ചേര്‍ത്തായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. അന്ന് കളക്ടര്‍ എല്ലാവരോടും പറഞ്ഞത് ഒരു വര്‍ഷത്തെ സമയം കൊണ്ട് പൂനൂര്‍ പുഴ നമുക്ക് പുതിയൊരു പുഴയാക്കി മാറ്റാം എന്നായിരുന്നു. അതിനായി സമയബന്ധിതമായും ദീര്‍ഘകാലാടിസ്ഥാനത്തിലും ആ പ്രവര്‍ത്തികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

"</p

പൂനൂര്‍ പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട്‌  പുഴയുടെ സ്ഥലമേത്, നാട്ടുകാരുടെ സ്ഥലമേത് എന്ന് തിരിച്ചറിയേണ്ടതുണ്ട്‌. കാരണം, അത്രമേല്‍ കയ്യേറ്റം നടന്നിരുന്നു. പുഴയരികുകള്‍ കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നു. ഇതെല്ലാം ഒഴിപ്പിച്ച് പുഴയുടെ സ്ഥലം എല്ലാം തിരികെ പിടിക്കണം. ഇത് റവന്യു വകുപ്പിന്റെ സഹായത്തോടെ നിര്‍വഹിക്കും.

തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ സര്‍വേ സര്‍വേ നടത്തി റവന്യു വകുപ്പ് അതിന് മേല്‍നോട്ടം വഹിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.  വലിയ തര്‍ക്കങ്ങളും എതിര്‍പ്പുകളൊന്നും കൂടാതെ തന്നെ കയ്യേറ്റങ്ങളെല്ലാം നീക്കം ചെയ്യാന്‍ സാധിക്കുമെന്നാണ് വിശ്വാസം. അതിനൊരു പ്രധാനകാരണം, ഇവിടെ നിലവിലുള്ള പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട ജനകീയ കൂട്ടായ്മകളുടെ പിന്തുണയാണ്. ജനപ്രതിനിധികള്‍ അടക്കം മുന്‍കൈയെടുത്ത് പ്രവര്‍ത്തനം നടത്തുന്ന ഇത്തരം ജനകീയ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂനൂര്‍ പുഴ സംരക്ഷണത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഹരിത കേരളം മിഷന്‍ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒറ്റയ്‌ക്കെടുത്ത് നടത്തുകയല്ല, മറ്റുള്ളവരെ കൊണ്ട് അത് ചെയ്യിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുകയാണ്. അങ്ങനെ, കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ശേഷം ജണ്ടയിട്ട് തിരിക്കുകയാണ് ലക്ഷ്യം.

പിന്നീട് പുഴ ശുചീകരണം. ശുചിയാക്കിയ പുഴയിലേക്ക് വീണ്ടും മാലിന്യങ്ങള്‍ എത്താതിരിക്കുക എന്നതാണ് ഏറെ പ്രധാനം. പലപ്പോഴും ഇതിന് കഴിയാതെ വരുമ്പോഴാണ് ഒരിക്കല്‍ ശുചിയായ പുഴ വീണ്ടും മലിനമാകുന്നത്. ഇതിനായി വലിയ കാമ്പയിന്‍ തന്നെ സംഘടിപ്പിക്കും. പാലങ്ങളില്‍ നിന്നാണ് പലരും മാലിന്യങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയുന്നത്. ഇത് തടയാന്‍ വേണ്ടി ആളുകള്‍ക്ക് പുഴയിലേക്ക് മാലിന്യങ്ങള്‍ എറിയാന്‍ കഴിയാത്ത വിധം ഇരുവശങ്ങളിലും നെറ്റ് കെട്ടി സംരക്ഷിക്കും. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. പുഴ മലിനമാക്കുന്നതിനെതിരേ നിയമങ്ങള്‍ കര്‍ശനമാക്കും.  ശുചിത്വ ബോധവത്കരണം നടത്തും. ശുചിത്വ സാക്ഷരത നടപ്പിലാക്കും. ജില്ലയിലെ ഓരോ വീടുകളില്‍ നിന്നും പത്തുവയസിനു മേലുള്ള ഒരു കുട്ടിയെ ഗ്രീന്‍ അംബാസിഡറാക്കി. അവര്‍ക്ക് മാലിന്യസംസ്‌കരണം, ശുചിത്വം എന്നിവയില്‍ ബോധവത്കരണ ക്ലാസുകള്‍ നല്‍കി. ഓരോ വീടുകളിലും എങ്ങനെ ശുചിത്വബോധ്യം നിലനിര്‍ത്തണം, അലക്ഷ്യമായോ അനുവദനീയമല്ലാത്തിടത്ത് മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് വീട്ടുകാര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ഈ കുട്ടികളെ നിയോഗിച്ചു. അങ്ങനെ ഓരോ വീടുകളില്‍ നിന്നു തന്നെ ശുചിത്വബോധം വളര്‍ത്തി കൊണ്ടുവരുന്നുണ്ട്..

ഇതിനോടൊപ്പം പുഴയുടെ വൃഷ്ടി പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മണ്ണ് ജലസംരക്ഷണ വകുപ്പിന് ഉള്‍പ്പെടെ ഉത്തരവാദിത്വം നല്‍കും. വെള്ളം ഭൂമിയില്‍ കിനിഞ്ഞിറങ്ങിയാലേ പുഴയില്‍ വെള്ളം നിറയൂ. ചെറു തോടുകളും മറ്റും കൃത്യമായി ശുചിയായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എല്ലാവരും മനസിലാക്കണം.

അടിയന്തിരമായി ചെയ്യേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതുമായ പദ്ധതികളാണ് ഇവര്‍ ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നത്. മേയ് എട്ടിന് ഇതുമായി ബന്ധപ്പെട്ട് ഒരു ശില്‍പ്പശാല സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ജനപ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, റസിഡന്റസ് ആസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും. പൂനൂര്‍ പുഴയിലെ മാലിന്യനിര്‍മാര്‍ജ്ജനം, പുഴയുടെ ഒഴുക്ക് സുഗമമാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടത്തും, തുടര്‍ന്ന് അടിയന്തിരമായും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതുമായ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കര്‍മപരിപാടിയുടെ കരട് രേഖകള്‍ എല്ലാവര്‍ക്കും നല്‍കും. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഓരോരുത്തരും ചെയ്യേണ്ടത്. പുഴയില്‍ ഓരോയിടത്തായി കടവുകള്‍ സ്ഥാപിക്കുക, പുഴയോട് ചേര്‍ന്ന് വിശ്രമ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുക, പുഴ സഞ്ചാരയോഗ്യമാക്കുക, കുടിവെള്ള സ്രോതസ്സുകള്‍ വിപുലമാക്കുക, നീന്തല്‍സൗകര്യങ്ങള്‍ ഒരുക്കുക, തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഉപയോഗിച്ച് പുഴയുടെ അരികുകളില്‍ മുള, ഇല്ലി എന്നിവ വച്ചിപിടിപ്പിക്കുക തുടങ്ങിയവയാണ് ദീര്‍ഘകാല പദ്ധതികളായി ആവിഷ്‌കരിച്ചിരിക്കുന്നത്. ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനമാണ്. അന്നേ ദിവസം പൂനൂര്‍ പുഴ പഴയ പ്രൗഡിയോടെ ഒരു പുതിയ പുഴയാക്കി മാറ്റിയിരിക്കും എന്നതാണ് ലക്ഷ്യം. ദിവസക്കൂലിക്കാരായ ആളുകള്‍ പോലും ജോലി കളഞ്ഞ് ഈ സംരംഭത്തിനായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ പൂനൂര്‍ പുഴയുടെ വീണ്ടെടുപ്പ് വിഭാവനം ചെയ്തപോലെ തന്നെ സംഭവ്യമാകുമെന്നതില്‍ യാതൊരു സംശയവുമില്ല.

നിലവില്‍ പുഴയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങള്‍, ഹോസ്പിറ്റല്‍ മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യുകയും ഒഴുക്കിനെ തടസ്സപ്പെടുത്തികൊണ്ട് പുഴയില്‍ വീണു കിടക്കുന്ന മരച്ചില്ലകള്‍ നീക്കം ചെയ്ത് ഒഴുക്ക് സുഖമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. നിറവ് വേങ്ങേരിയുടെ നേതൃത്വത്തില്‍ പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു വരികയാണ്. ജനപ്രതിനിധികളും നാട്ടുകാരും കുട്ടികളുമടങ്ങിയവര്‍ പുഴയിലിറങ്ങി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു വരികയാണ്. പ്രയാസമേറിയ ഭാഗങ്ങളില്‍ തോണി ഉപയോഗിച്ച് പുഴയില്‍ തങ്ങിനില്‍ക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു. പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തി മാലിന്യങ്ങള്‍ വന്ന് അടിയാന്‍ കാരണമാകുന്ന മരച്ചില്ലകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും നടത്തി. ഹോസ്പിറ്റല്‍ മാലിന്യങ്ങള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ഉപയോഗശൂന്യമായ ചെരിപ്പ്, കളിപ്പാട്ടങ്ങള്‍, തെര്‍മോക്കോള്‍ എന്നിവ വന്നടിഞ്ഞ് ചെറു ദ്വീപുകളായ നിലയിലാണ് ചില ഭാഗങ്ങളില്‍ മാലിന്യങ്ങളുള്ളത്. ഇവ നീക്കം ചെയ്യുന്നതിന് ഭഗീരഥ പ്രവര്‍ത്തനം തന്നെ ആവശ്യമാണ്. ജൈവ മാലിന്യങ്ങള്‍ കരയില്‍ കുഴിച്ചുമൂടുകയും അജൈവ മാലിന്യങ്ങള്‍ ചാക്കിലാക്കി സൂക്ഷിച്ച് നീക്കം ചെയ്യുക എന്നതുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.മണ്ണ് സംരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ വാട്ടര്‍ഷെഡ് ഡവലപ്‌മെന്റ് പദ്ധതി രൂപീകരണം സാധ്യമാക്കുകയാണ്.

ജില്ലാ തലത്തില്‍ ഹരിതകേരളം മിഷന്‍ ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് നടപ്പിലാക്കുകയാണ്. മിഷന്‍ ചെയര്‍പേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, മിഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാകലക്ടര്‍ യു.വി ജോസ് ഐ.എ.എസ് എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കിവരുന്നു. ഇതിന്റെ ഭാഗമായി നിരവധി യോഗങ്ങള്‍, ശുചീകരണ യജ്ഞങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുകയും പുഴയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് ഡോക്യുമെന്റേഷന്‍ നടത്തുകയും ചെയ്തിരുന്നു. കുന്നമംഗലം സി.ഡബ്ലു.ആര്‍.ഡി.എം പൂനൂര്‍ പുഴ സംബന്ധിച്ച് ഒരു പഠനം നടത്തികൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ വിവിധ സ്ഥാപനങ്ങള്‍ സംഘടനകള്‍, വകുപ്പുകള്‍, മിഷനുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, ജനകീയ മുന്നേറ്റങ്ങള്‍ എന്നിവയെ കൂട്ടിയിണക്കി ഒരു സമഗ്ര പദ്ധതി രൂപീകരണമാണ് ഹരിതകേരള മിഷന്‍ ലക്ഷ്യമിടുന്നത്. പുഴയുടെ സര്‍വ്വേ, അതിരുകളുടെ ജണ്ടയിടീല്‍, കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍, ബോധവത്കരണം, വിപുലമായ ക്യാമ്പയിന്‍, മലിനീകരണം നടത്തുന്ന ഉറവിടങ്ങളുടെ നിര്‍ണ്ണയം, വൃഷ്ടിപ്രദേശത്തെ നീര്‍ത്തട അടിസ്ഥാനത്തിലുള്ള മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കോര്‍ത്തിണക്കി ജനങ്ങള്‍ കുളിക്കാനും നീന്താനും എത്തുന്ന മാലിന്യ രഹിതമായി ഒഴുകുന്ന പുഴയായി പൂനൂര്‍ പുഴയെ മാറ്റാവുന്ന സമഗ്രപദ്ധതിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

"</p

14 പഞ്ചായത്തുകള്‍, കൊടുവള്ളി മുനിസിപ്പാലിറ്റി, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവയുടെ പരിധിയിലൂടെ 58.5 കിലോമീറ്റര്‍ ഒഴുകുന്ന ജില്ലയിലെ ഒരു പ്രധാന ശുദ്ധജല സ്രോതസ്സായ പൂനൂര്‍ പുഴയുടെ വീണ്ടെടുപ്പ് ഒരു നാടിന്റെ മൊത്തം ആവശ്യമാണ്. 45ല്‍ അധികം ശുദ്ധജല പദ്ധതികള്‍ പൂനൂര്‍ പുഴയില്‍ ഉണ്ട്. അതിനാല്‍ ഈ പുഴയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് ഹരിതകേരളം മിഷന്‍, ജില്ലാ ഭരണകൂടവും ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരെ ഒരുമിപ്പിച്ച് ഒരു പദ്ധതിക്ക് രൂപംകൊടുക്കാനുദ്ദേശിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 1.30 വരെ പൂനൂര്‍ പുഴ ശുചീകരണ യജ്ജത്തിന് രണ്ടിടത്തായി നേതൃത്വം നല്‍കിയിരുന്നു. വലിയ ഒരു പദ്ധതിയാണ് രൂപപ്പെട്ടു കൊണ്ടു വരുന്നത്. കുറെയേറെ പുഴ സംരക്ഷണ യോഗങ്ങളില്‍ പങ്കെടുത്തു, ഞായറാഴ്ച്ചകളില്‍ വിവിധ സ്ഥലങ്ങളിലായി നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ അവരോടൊപ്പം പങ്കെടുത്തു, അങ്ങനെ ഈ യജ്ഞത്തിന് കളമൊരുക്കുന്നതിന് സഹായിച്ചു. ഈ യാത്രകള്‍ പുഴയുടെ വിവിധ മേഖലയിലുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാര മാര്‍ഗ്ഗങ്ങള്‍ക്ക് കര്‍മ്മ പരിപാടിക്ക് മനസ്സില്‍ രൂപം കൊടുക്കാനും സഹായിച്ചു. മെയ് 8 ന് സംഘടിപ്പിച്ചിരിക്കുന്ന ശില്പശാലയില്‍ പൂനൂര്‍ പുഴ സംരക്ഷണ ഫോറം ചെയര്‍മാന്‍ പി എച്ച് താഹ, ചീഫ് കോര്‍ഡിനേറ്റര്‍ അഡ്വ. പുഷ്പാംഗദന്‍, സെക്രട്ടറി സി പ്രതീഷ് കുമാര്‍, നിറവ് വേങ്ങേരി പ്രസിഡന്റ ബാബു പറമ്പത്ത്, സിഡബ്ല്യുആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞരായ ഡോ. വി പി ദിനേശന്‍, ഡോ.ഇ അബ്ദുള്‍ ഹമീദ്, ജില്ല ശുചിത്വ മിഷന്‍, ജലവിഭവ വകുപ്പ്, ജില്ല സോയ്ല്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ ടി പി ഐഷ തുടങ്ങിയവര്‍ പങ്കെടുക്കും. പുഴയുടെ സര്‍വ്വേ, ജണ്ടയിടീല്‍, കയ്യേറ്റം ഒഴിപ്പിക്കല്‍, ശുചീകരണം, ബോധവല്‍ക്കരണം, കാമ്പയിന്‍, മലിനീകരണം നടത്തുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തല്‍, പുഴയും അനുബന്ധ കൈത്തോടുകളും കടന്നു പോകുന്ന 14 പഞ്ചായത്തുകള്‍, കൊടുവള്ളി മുനിസിപ്പാലിറ്റി, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവരെ കൂട്ടിയിണക്കി, വൃഷ്ടി പ്രദേശത്തെ നീര്‍ത്തട അടിസ്ഥാനത്തിലുള്ള മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തികള്‍, വശങ്ങളിലെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, സൗന്ദര്യവല്‍ക്കരണം, പാര്‍ക്കുകള്‍, കടവുകള്‍, കുളിക്കാനും നീന്താനും ജനങ്ങള്‍ വീണ്ടും എത്താവുന്ന നിലയില്‍ ഈ പുഴയെ മാറ്റുന്ന ഒരു സമഗ്ര പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇത്രയും തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ, 58.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, 45 ല്‍ അധികം കുടിവെള്ള പദ്ധതികളുള്ള ഒരു സുപ്രധാന കുടിവെള്ള സ്രോതസ്സാണിത്. എന്നാല്‍ ഇപ്പോള്‍ പലയിടത്തും, പ്ലാസ്റ്റിക് അറവ്മാലിന്യമുള്‍പ്പെടെയുള്ള മാലിന്യം നിറഞ്ഞ്, ഒഴുക്ക് നിലച്ച നിലയിലാണ്. ഈ പുഴയെ എല്ലാവരെയും പങ്കാളികളാക്കി പുന:ജീവിപ്പിക്കുക എന്ന ഹരിതദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്”, പ്രകാശ് ആത്മവിശ്വാസത്തോടെ പറയുന്നു.

40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടൊരു നദിയുണ്ടായിരുന്നു; വരട്ടാറിനെ ജനങ്ങള്‍ തിരിച്ചു പിടിച്ചതിങ്ങനെയാണ്

ഒരു പുഴ എല്ലാവരും കൂടി വീതിച്ചെടുത്തു; ബാക്കിയുള്ളത് സ്വകാര്യ ആശുപത്രിക്ക് വേണ്ടി വഴിതിരിച്ചു വിടാനും നീക്കം

കുട്ടമ്പേരൂരില്‍ ഒരാറുണ്ടായിരുന്നു; എന്നാല്‍ വരട്ടാറില്‍ ഇല്ലാതായ ഒരാറിനെ വീണ്ടെടുക്കാനുള്ള ശ്രമമാണ്

ഒരു കാടുണ്ടായിരുന്നു, ഒരു പുഴയുണ്ടായിരുന്നു; ഒരു ക്വാറി ഉണ്ട് – ചിത്രങ്ങളിലൂടെ

പെരിയാര്‍ ഇങ്ങനെ ഒഴുകാതിരിക്കുന്നതാണ് നല്ലത്; ഏലൂരിന് പിന്നാലെ നേര്യമംഗലത്തും രൂക്ഷ മലിനീകരണം

കേരളത്തിലെ രണ്ട് പുഴകള്‍ കൂടി ഇല്ലാതായി; കാരണമായത് തമിഴ്‌നാടിന്റെ തിരുമൂര്‍ത്തി ഡാം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍