UPDATES

ഇലക്ട്രോണിക് കുപ്പയായി പൂവാര്‍ കടല്‍ത്തീരം; താളം തെറ്റുന്ന ഗ്രാമീണ മാലിന്യ സംസ്കരണ പദ്ധതികള്‍

ഇത് കടലില്‍ ന്യൂട്രിയന്‍സ് പൊല്യൂഷന്‍ ഉണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

ഗോപിക

ഗോപിക

ഇലക്ട്രിക് വയറുകള്‍, ബാറ്ററികള്‍, മൊബൈല്‍ അവശിഷ്ടങ്ങള്‍, സി ഡികള്‍… തിരുവനന്തപുരം ജില്ലയിലെ പ്രധാന മത്സ്യ ബന്ധന-വിനോദ സഞ്ചാര കേന്ദ്രമായ പൂവാര്‍ തീരം ഇലക്ട്രോണിക് മാലിന്യ കുപ്പയായി മാറിയിരിക്കുന്നു. പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങള്‍ എന്നിവയോടൊപ്പമാണ് ഇലക്ട്രോണിക് മാലിന്യങ്ങളും കൊണ്ടുതള്ളുകയാണ് ഇവിടെ. മണ്ണില്‍ ലയിക്കാത്ത ഇത്തരം മാലിന്യങ്ങള്‍ ചാക്കുകളില്‍ കെട്ടിയാണ് ഇവിടെ വലിച്ചെറിയുന്നത്.

പൂവാര്‍ പൊഴിക്കര മുതല്‍ അടിമലത്തുറ വരെയുള്ള കടല്‍ത്തീര ഭാഗങ്ങളിലാണ് പ്രധാനമായും ഇത്തരം മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്. രാത്രി കാലങ്ങളില്‍ തീരത്തേക്ക് എത്തുന്നവര്‍ ഈ മാലിന്യങ്ങള്‍ കടലിലേക്കാണ് തള്ളുന്നത്. ഇത് പിന്നീട് തിരയടിച്ച് തീരത്തേക്ക് എത്തുകയാണ്. ഇപ്പോള്‍ പൊഴിക്കരയുടെ പലഭാഗത്തും ഇലക്ട്രോണിക് മാലിന്യങ്ങള്‍ കൂടിക്കിടക്കുന്ന നിലയിലാണ്.

ചാക്കില്‍ക്കെട്ടി നിക്ഷേപിക്കുന്നതില്‍ ഭക്ഷണാവശിഷ്ടങ്ങളും കോഴി വേസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവയുമുണ്ട്. ഇത് പക്ഷികള്‍ കൊത്തിവലിച്ച് തീരത്തെ ജനവാസ മേഖലകളില്‍ വരെ കൊണ്ടിടുന്നു. അതുമാത്രമല്ല ഇത് തീരത്ത് തെരുവ് നായശല്യം വര്‍ധിപ്പിക്കുകയും വിനോദ സഞ്ചാരത്തെ തന്നെ ബാധിക്കുകയും ചെയ്യുന്നുവെന്നാണ് പ്രദേശവാസിയായ ലെനു പറയുന്നത്.

നിരവധി വ്യാപാര സ്ഥാപനങ്ങള് ഹോട്ടലുകള്‍ എന്നിവയുള്‍പ്പെടുന്ന തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നു കൂടിയാണ് പൂവാര്‍ കടല്‍ത്തീരവും അനുബന്ധ ഭാഗങ്ങളും. ഇവിടുത്തെ ഹോട്ടലിലേയും മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് ഇവിടെ കൂടുതലായും വലിച്ചെറിയുന്നത്. ഇറച്ചി വെട്ടുന്ന കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ വരെ ഈ കൂട്ടത്തിലുണ്ട്.

രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യങ്ങള്‍ തീരത്തെ ആളൊഴിഞ്ഞ സ്ഥലം നോക്കി, കടലിലേക്ക് വലിച്ചെറിയുകയാണ്. കൂടാതെ കൃത്യമായ മാലിന്യ ശേഖരണം ഇവിടെ നടക്കാത്തതിനാല്‍ തീരദേശവാസികളില്‍ പലരും മാലിന്യങ്ങള്‍ തീരത്തിന്റെ ഒരു ഭാഗത്ത് നിക്ഷേപിച്ചിരിക്കുകയാണ്. ഇതിനു പുറമേ തീരദേശത്തെ മുഴുവന് അഴുക്കുചാലുകള്‍ തുറന്ന് വിട്ടിരിക്കുന്നത് കടലിലേക്കാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും അതോടൊപ്പം തന്നെ പരിസ്ഥിതി ആഘാതങ്ങള്‍ സൃഷ്ടിക്കാനും വഴിയൊരുക്കുന്നു.

ഇലക്ട്രോണിക് മാലിന്യങ്ങള്‍ ജീര്‍ണ്ണിക്കാതെ തീരത്ത് അടിഞ്ഞ് കുമ്പാരമായി തന്നെ കിടക്കുന്നുണ്ട്. ഇത്രയും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുകയും വിനോദ സഞ്ചാരത്തെ നശിപ്പിക്കുകയും ചെയ്യുന്ന തീരത്തെ മാലിന്യപ്രശ്‌നത്തെ പരിഹരിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിരിക്കുകയാണ്.

‘പൊഴിമുഖങ്ങള്‍ വഴിയാണ് കടലില്‍ ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ എത്തുന്നത്. അതേസമയം കടലിന് ആവശ്യമായ ന്യൂട്രിയന്‍സ് പൊഴികളില്‍ക്കൂടിയാണ് ലഭിക്കുന്നത്. എന്നാല്‍ മെഡിക്കല്‍ വേസ്റ്റും, ഇ വേസ്റ്റുമുള്‍പ്പടെയുള്ളവയും മൈക്രോ പ്ലാസ്റ്റിക്കും കടലില്‍ എത്തുന്നത് ഗുരുതര ആരോഗ്യ- സാമ്പത്തിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.’ പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍സണ്‍ ജാമത് പറയുന്നു.

ഇവയെല്ലാം തീരദേശത്ത് ന്യൂട്രിയന്‍സ് പൊലൂഷന് ഉണ്ടാക്കും. അതായത് നദിയും കടലും മലിനപ്പെടുന്നതനുസരിച്ച് അതിനുള്ളിലുള്ള ന്യൂട്രിയന്‍സും മലിനപ്പെടും. ഇതിന്റെ ഭാഗമായി കടലില്‍ ആല്‍ഗ എന്ന സൂഷ്മ ജീവികള്‍ പെരുകും. ഇതുമൂലം വെള്ളത്തിലെ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയുന്നു. ഓക്‌സിജന് അളവ് കുറയുന്നത് കടലിലെ ജീവജാലങ്ങളുടെ നാശത്തിന് കാരണമാകുന്നുണ്ടെന്നും ജോണ്‍സണ്‍ പറയുന്നു.

‘കടലിലെ മത്സ്യസമ്പത്ത് ക്രമാതീതമായി കുറയുന്നതു കുടാതെ കടലിലേക്ക് പൊഴിയിലൂടെയും നദികളിലൂടെയും എത്തുന്ന വ്യത്യസ്ത മത്സ്യങ്ങളുടെ വരവ് കുറയ്ക്കുകയും ചെയ്യുന്നു. തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയാണ് ഇത് തകിടം മറിക്കുന്നത്. ഒരേസമയം പരിസ്ഥിതി ആഘാതങ്ങളും, ആരോഗ്യപ്രശ്‌നങ്ങളും, സാമ്പത്തിക തകര്‍ച്ചയുമാണ് ഇത്തരം മാലിന്യങ്ങളുടെ വലിച്ചെറിയലിലൂടെ സംഭവിക്കുന്നത്.’ ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

‘നിലവില്‍ ബീച്ചിന്റെ പരിസരത്ത് മാലിന്യം നിക്ഷേപിക്കാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല. ആ പരിസരത്തെ ജനങ്ങളോടും വ്യാപാര ഉടമകളോടും മാലിന്യം ഇത്തരത്തില്‍ വലിച്ചെറിയരുതെന്നും കൃത്യമായി വീടുകളില്‍ തന്നെ സംസ്‌കരിക്കണമെന്ന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്’ പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി പറഞ്ഞു.

‘ജൈവ, അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പഞ്ചായത്ത് പുതിയ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. എന്നാല്‍ ചില വിഭാഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ പദ്ധതി നടപ്പാക്കുന്നതില്‍ തടസ്സം നില്‍ക്കുന്നവരാണ്. ആ പ്രദേശത്ത വ്യാപാര സ്ഥാപനങ്ങളുള്‍പ്പടെയുള്ളവരില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ ശേഖരണ യൂണിറ്റുകള്‍ തുടങ്ങാനാണ് പദ്ധതി.‘ അജിതകുമാരി പറഞ്ഞു.

അതിനിടയില്‍ ആണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് തടയാന്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അജിതകുമാരി പറഞ്ഞു. ഇതു സംബന്ധിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബോധവല്ക്കരണ ക്ലാസ്സുകള്‍ എടുത്തുവരികയാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായല്ല ഇത്തരത്തില്‍ മാലിന്യപ്രശ്‌നങ്ങള്‍ പൂവാര്‍ മേഖലയില്‍ നിന്നുയരുന്നത്. ഇതിനു മുമ്പ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൂവാര്‍ പഞ്ചായത്തില്‍ ഗ്രീന്‍ ക്ലീന്‍ എന്ന പദ്ധതി കൊണ്ടുവന്നത്. അരിക്കലുവിള മുതല്‍ പൂവാര്‍ വരെയുള്ള പ്രദേശത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കലായിരുന്നു പദ്ധതിയുടെ ഉദ്ദേശം. എന്നാല്‍ തുടങ്ങി ആദ്യ ഘട്ടം പൂര്‍ത്തിയായപ്പോഴെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയാണുണ്ടായത്. ഇപ്പോള്‍ മുന്നത്തേക്കാളും മാലിന്യങ്ങള്‍ ഇവിടെ വലിച്ചെറിയപ്പെടുകയാണ്.

തീരത്തെ കുടാതെ പൂവാര്‍ പാലത്തിനിരുവശത്തും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ അവസ്ഥയിലാണ്. സമീപത്തെ ഇറച്ചിവെട്ടു കടകളില്‍ നിന്ന് കുടാതെ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് വരെയുള്ള മാലിന്യങ്ങള്‍ ഇവിടെ തള്ളുന്നുണ്ട്.

മാലിന്യങ്ങള്‍ കൂമ്പാരമായതോടെ തീരത്ത് തെരുവ് നായ ശല്യം വര്‍ധിച്ചിരിക്കുകയാണ്. തീരദേശവാസികളില്‍ പലര്‍ക്കും തെരുവ് നായകളില്‍ നിന്ന് ആക്രമണം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. കൂട്ടത്തോടെയെത്തുന്ന തെരുവ് നായകളുടെ കടിയേറ്റ് പലരും മരിച്ച സംഭവങ്ങളും ഇവിടെയുണ്ടായതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്തെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് ഗ്രീന്‍ ക്ലീന്‍ പദ്ധതി. ഹരിത കേരള മിഷന്‍ പരിപാടിയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടത്.

മണ്ണില്‍ ലയിക്കാത്ത അജൈവ മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ ശേഖരിച്ച് സംസ്‌കരിക്കുകയോ റീസൈക്‌ളിംഗ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യുന്നതാണ് ഈ പദ്ധതി. ഇതിന്റെ ഭാഗമായി മാലിന്യം ശേഖരിക്കുന്നതിനായി പ്രത്യേകം ബിന്നുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ മാലിന്യം ശേഖരിക്കുന്നതില്‍ ഈ പദ്ധതി ഫലപ്രദമായില്ല.

ഗോപിക

ഗോപിക

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍