UPDATES

ട്രെന്‍ഡിങ്ങ്

വാളയാര്‍ പോക്സോ കേസ് പ്രതിയുടെ അഭിഭാഷകന്‍ ജില്ല ശിശുക്ഷേമ സമിതി ചെയര്‍മാന്‍; സിപിഎം മുന്‍ ജനപ്രതിനിധിയായ അഡ്വ. എന്‍ രാജേഷിനെ സംരക്ഷിച്ച് സര്‍ക്കാര്‍

വാളയാര്‍ അട്ടപ്പള്ളത്തു നിന്നുള്ള സഹോദരികളായ ദളിത് പെണ്‍കുട്ടികള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന പോക്‌സോ കേസ്

ശ്രീഷ്മ

ശ്രീഷ്മ

കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളം കേട്ടുകൊണ്ടിരിക്കുകയാണ് മാതാപിതാക്കള്‍ മര്‍ദ്ദിച്ചവശരാക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുള്ള കുഞ്ഞുങ്ങളുടെ കഥകള്‍. തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ ദയനീയ മരണത്തിനു മുന്‍പും ശേഷവും സമാനമായ കേസുകള്‍ പലയിടങ്ങളില്‍ നിന്നായി ധാരാളം ഉയര്‍ന്നുവരുന്നുണ്ട്. സംസ്ഥാനത്തെ ബാലാവകാശ നിയമങ്ങളും, അവ നടപ്പില്‍ വരുത്തേണ്ട ഏജന്‍സികളും പ്രതിക്കൂട്ടിലാകുന്ന തരത്തില്‍ വലിയ ചര്‍ച്ചകളും ഈ വിഷയത്തിലുണ്ടായി. തൊടുപുഴയിലെ കുഞ്ഞിന്റെ മരണവാര്‍ത്തയോടൊപ്പം പക്ഷേ, ആ ചര്‍ച്ചകളും പതിയെ അവസാനിക്കുകയും ചെയ്തു. അതിനു ശേഷം, പല തരത്തില്‍ പലയിടങ്ങളില്‍ നിന്നും ശാരീരികമായും മാനസികമായും പീഢനങ്ങള്‍ക്ക് ഇരയാകുന്ന കുഞ്ഞുങ്ങള്‍ക്ക് രക്ഷയാകേണ്ട ഏജന്‍സികളില്‍ നടക്കുന്ന ക്രമക്കേടുകളുടെ പുതിയ ചില ചിത്രങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുന്നുണ്ട്. ഏറ്റവും നിസ്സഹായരായ അവസ്ഥയിലുള്ള കുട്ടികളെ സംരക്ഷിക്കേണ്ട ചുമതലയുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെന്ന ‘ക്വാസി ജുഡീഷ്യല്‍ ബോഡി’യുടെ തലപ്പത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നടക്കുന്ന തിരിമറികളാണത്. ഇത്തരം തിരിമറികള്‍ പുറത്താകുന്നതിനുമെത്രയോ മുന്‍പുതന്നെ സി.ഡബ്ല്യു.സി എന്ന വ്യവസ്ഥയുടെ പ്രവര്‍ത്തനക്ഷമത ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത ഏറെ പ്രാധാന്യത്തോടെയാണ് ബാലാവകാശ പ്രവര്‍ത്തകര്‍ നോക്കിക്കാണുന്നത്.

പാലക്കാട് സി.ഡബ്ല്യു.സി ചെയര്‍മാനായി ചുമതലയേറ്റിട്ടുള്ള അഡ്വ. എന്‍ രാജേഷിന്റെ പശ്ചാത്തലമാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നുവന്നിട്ടുള്ള വിഷയം. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍, പ്രതിഭാഗത്തിനു വേണ്ടി കേസ് ഏറ്റെടുക്കുകയും, മേയ് 2,3 തീയതികളില്‍ കേസില്‍ വാദിക്കാനായി കോടതിയില്‍ ഹാജരാകുകയും ചെയ്തിട്ടുള്ളയാളാണ് എന്‍. രാജേഷ് എന്നാണ് മഹിളാ സമഖ്യ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. സി.ഡബ്ല്യു.സി പോലൊരു സമിതിയുടെ അധ്യക്ഷനായി ഇത്തരമൊരു വ്യക്തിയെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍, തീര്‍ച്ചയായും നിലവിലുള്ള പല കേസുകളും അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ബാലാവകാശ പ്രവര്‍ത്തകരുടെ വാദം. 2017ല്‍ നടന്ന സംഭവത്തെ ആസ്പദമാക്കി എടുത്തിട്ടുള്ള കേസില്‍ പ്രതിയായ പ്രദീപ്കുമാറിനു വേണ്ടിയാണ് രാജേഷ് ഹാജരാകുന്നതെന്നാണ് ആരോപണം. എന്നാല്‍, സി.ഡബ്ല്യു.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് താന്‍ കേസില്‍ നിന്നും ഒഴിഞ്ഞിരുന്നുവെന്നും, പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായി എന്നത് തെറ്റായ വാദമാണെന്നുമാണ് രാജേഷിന്റെ പക്ഷം. സി.ഡബ്ല്യു.സി ചെയര്‍മാന്‍ പോക്‌സോ കേസില്‍ പ്രതിക്കുവേണ്ടി ഹാജരായോ ഇല്ലയോ എന്ന വാദപ്രതിവാദം നടക്കുമ്പോള്‍, ഇത് സാധൂകരിക്കാനായി പല തെളിവുകളും മഹിളാ സമഖ്യ നിരത്തുന്നുണ്ട്.

എന്‍. രാജേഷ് പ്രദീപിന്റെ കേസ് ഏറ്റെടുത്തതിനും, രാജേഷിന്റെ ജൂനിയറായ അഭിഭാഷകയാണ് കേസ് വാദിക്കുന്നത് എന്നതിനും തെളിവുകളുണ്ടെന്ന് മഹിളാ സമഖ്യ മുന്‍ സംസ്ഥാന കോര്‍ഡിനേറ്ററും ബാലാവകാശ പ്രവര്‍ത്തകയുമായ പി. ഇ. ഉഷ പറയുന്നു. പരാതിയറിയിച്ച് സാമൂഹ്യ നീതി വകുപ്പിലേക്കടക്കം കത്തുകളെഴുതാന്‍ തുടങ്ങിയതോടെ രാജേഷില്‍ നിന്നും ഭീഷണികളുമുണ്ടായതായി ഉഷ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘കേസില്‍ നിന്നും ഒഴിഞ്ഞു എന്നാണ് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. പക്ഷേ, ഇയാളുടെ ജൂനിയറാണ് കേസ് വാദിക്കുന്നത്. അതിനു തെളിവുകളുമുണ്ട്. ഇനി അയാള്‍ അവകാശപ്പെടുന്നതുപോലെ വക്കാലത്ത് ഒഴിഞ്ഞിട്ടുണ്ടെങ്കില്‍പ്പോലും അതില്‍ വലിയ പ്രശ്‌നമുണ്ട്. സി.ഡബ്ല്യു.സി ചെയര്‍മാനായിരിക്കുന്നയാളിന്റെ ജൂനിയറാണ് കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരാകുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അയാള്‍ക്ക് കിട്ടില്ലേ. കുട്ടികളുടെ ഭാഗത്തുനിന്നും വാദിക്കേണ്ടയാളാണ് ചെയര്‍മാന്‍ എന്നോര്‍ക്കണം. ഇരുപത്തിയഞ്ചോളം പോക്‌സോ കേസുകള്‍ ഇയാള്‍ നേരിട്ടു വാദിച്ചിട്ടുണ്ട്. ആ പ്രദേശത്തെ വലിയൊരു ഗുണ്ടയാണെന്ന് പറഞ്ഞാലും തെറ്റില്ല. പാര്‍ട്ടി ബന്ധങ്ങളും ശക്തമായുണ്ട്. സി.പി.എമ്മിന്റെ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗമൊക്കെയാണ്. ഇത്തരം വിവരങ്ങള്‍ ഇയാളെക്കുറിച്ച് കിട്ടിയപ്പോള്‍, ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് ഞങ്ങള്‍ സാമൂഹ്യ നീതി വകുപ്പിന് കത്തയച്ചിരുന്നതാണ്. ഇയാളെയാണോ ചെയര്‍മാനായി തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് ഞാന്‍ സെക്രട്ടറിയോട് ചോദിച്ചിരുന്നു. ഞങ്ങളുടെ ശ്രദ്ധ ഇയാളിലേക്ക് തിരിഞ്ഞിട്ടുണ്ട് എന്ന് അറിഞ്ഞതിനു ശേഷം ഹോമില്‍ വന്നു ഭീഷണിപ്പെടുത്തുക വരെ ചെയ്തു. ഇലക്ഷന്‍ കഴിയട്ടെ, വച്ചിട്ടുണ്ട് എന്നായിരുന്നു സ്റ്റാഫിനോടുള്ള ഭീഷണി. ഞങ്ങളുടെ പല കുട്ടികളുടെ കേസിലും പ്രതിഭാഗം വക്കീല്‍ ഇയാളാണ്. അങ്ങിനെയുള്ള ഒരാളെ എങ്ങനെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാന്‍ കഴിയും? നിലവില്‍ കോടതിയില്‍ നിന്നും അവധിയില്‍ പോയിരിക്കുകയാണെന്നാണ് അറിവ്. സി.ഡബ്ല്യു.സിയുടെ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ കോടതിയിലെത്താന്‍ സാധിക്കില്ലെന്നായിരുന്നു വിശദീകരണം.’

എന്താണ് വാളയാര്‍ പോക്‌സോ കേസ്?

വാളയാര്‍ അട്ടപ്പള്ളത്തു നിന്നുള്ള സഹോദരികളായ ദളിത് പെണ്‍കുട്ടികള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന പോക്‌സോ കേസ്. 2017 ജനുവരി 13ന് പതിമൂന്നു വയസ്സുകാരിയായ മൂത്ത സഹോദരി വീടിന്റെ ഉത്തരത്തില്‍ തൂങ്ങി മരിച്ചത്. പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഢനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായിരുന്നങ്കിലും, പോക്‌സോ പ്രകാരം കേസെടുക്കാനോ, ഇളയ സഹോദരിക്ക് വേണ്ട കൗണ്‍സലിംഗുകള്‍ കൊടുക്കാനോ അന്വേഷണസംഘത്തിന് സാധിച്ചില്ലെന്ന ആരോപണം അന്നുയര്‍ന്നിരുന്നു. ദിവസങ്ങള്‍ക്കു ശേഷം മാര്‍ച്ച് നാലിന് ഇളയ സഹോദരിയെയും അതേ സ്ഥാനത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു സഹോദരിമാരുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സാമ്യത പരിശോധിച്ചാണ് ഇരുവരും ശാരീരിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തുന്നത്. തുടര്‍ന്ന് പോക്‌സോ, ആത്മഹത്യാ പ്രേരണ, എസ്.സി/എസ്.ടി ആക്ട് എന്നിവ പ്രകാരം കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസിയെയുമടക്കം നാലു പേരെ അറസ്റ്റു ചെയ്യുകയായിരുന്നു. കുട്ടികളുടെ അമ്മയുടെ ബന്ധുക്കളായ എം.മധു, വി.മധു, അച്ഛന്റെ സുഹൃത്ത് ഇടുക്കി സ്വദേശി ഷിബു, അയല്‍വാസിയും ട്യൂഷന്‍ അധ്യാപകനുമായ പ്രദീപ് എന്നിവരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. കേസ് അട്ടിമറിച്ച് സി.പി.എം ബന്ധമുള്ള പ്രതികളെ രക്ഷപ്പെടുത്താനാണ് സി.ഡബ്ല്യു.സി ചെയര്‍മാന്റെ ശ്രമം എന്നാണ് മഹിള സമഖ്യ ഉയര്‍ത്തുന്ന പ്രധാന ആരോപണം.

വാളയാര്‍ പോക്‌സോ കേസിനെക്കുറിച്ച് തങ്ങള്‍ക്കുള്ള സംശയങ്ങളും ബാലാവകാശ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നുണ്ട്. രണ്ടു പെണ്‍കുട്ടികളുടെയും ആത്മഹത്യ ഒന്നിച്ച് പരിഗണിക്കപ്പെട്ടത് സഹോദരിമാരായതുകൊണ്ടാണെന്നും, അട്ടപ്പള്ളത്ത് അക്കാലയളവില്‍ ആത്മഹത്യ ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുള്ള മൂന്നോ നാലോ കുട്ടികള്‍ വേറെയുമുണ്ടെന്നും പി.ഇ. ഉഷ ചൂണ്ടിക്കാട്ടുന്നു. ഈ മരണങ്ങള്‍ക്കെല്ലാം പരസ്പര ബന്ധമുണ്ടാകാനുള്ള സാധ്യത വളരെയേറെയാണെന്നാണ് ഉഷയുടെ നിരീക്ഷണം. ‘വാളയാര്‍ കേസില്‍ ആത്മഹത്യ ചെയ്ത കുട്ടികളുടെ രണ്ടു കൂട്ടുകാരികള്‍ നിര്‍ഭയ ഹോമില്‍ വന്നിരുന്നതാണ്, വിക്ടിംസ് ആയിട്ടു തന്നെ. അവരെയെല്ലാം വളരെ ദുരൂഹമായ സാഹചര്യത്തില്‍ അവിടെനിന്നും ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടുപോകുകയാണുണ്ടായത്. വാളയാര്‍ കേസില്‍ ഇപ്പോള്‍ പിടിയിലായവര്‍ മാത്രമാണ് പ്രതികളെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. അട്ടപ്പള്ളത്ത് വേറെയും കുട്ടികള്‍ മരിച്ചിട്ടുണ്ട്. അതൊന്നും ആരും കണക്കിലെടുത്തു കണ്ടില്ല. ഇനിയും പുറത്തുവരാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. കുട്ടികളെ ഉപയോഗിച്ച് നടക്കുന്ന റാക്കറ്റു തന്നെ അവിടെയുണ്ടെന്നും അഭ്യൂഹമുണ്ട്. ഇതേ വാളയാര്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇതിനു മുന്‍പും സി.ഡബ്ല്യു.സി ശ്രമിച്ചിട്ടുണ്ട്. ഇവിടത്തെ ദളിതരുടെ കാര്യത്തില്‍ ആരും ഇടപെടാറില്ലല്ലോ. തമിഴ്‌നാട്ടിലും മറ്റും പോയി ജോലിചെയ്ത് ജീവിക്കുന്ന ഇവരുടെ പ്രശ്‌നങ്ങളില്‍ ആരിടപെടാനാണ്.’

അന്വേഷണ കമ്മീഷന്‍ എവിടെ?

ജുഡീഷ്യല്‍ അധികാരങ്ങളുള്ള സി.ഡബ്യു.സി പോലൊരു സമിതിയെ, സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ വരുന്നതാണെങ്കിലും, നിയന്ത്രിക്കാനോ തീരുമാനങ്ങളില്‍ ഇടപെടാനോ മറ്റ് ഏജന്‍സികള്‍ക്ക് അനുവാദമില്ലെന്ന് അവകാശപ്രവര്‍ത്തക അഡ്വ. സന്ധ്യ വിശദീകരിക്കുന്നുണ്ട്. സി.ഡബ്ല്യൂ.സികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നന്വേഷിക്കാനും ഉപേക്ഷയുണ്ടായാല്‍ നടപടിയെടുക്കാനും പോന്ന മറ്റൊരു സ്ഥാപനമില്ലെന്നര്‍ത്ഥം. എങ്കിലും, എന്‍. രാജേഷിന്റെ പോക്‌സോ കേസിലെ പ്രതിഭാഗം വക്കാലത്തിന്റെ വിവരമറിഞ്ഞപ്പോള്‍, കൃത്യമായ നടപടി ഉടനെയുണ്ടാകുമെന്ന് മന്ത്രി കെ.കെ. ശൈലജ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജിനെ അന്വേഷണത്തിന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ച നടപടിയും ഉടന്‍ തന്നെ ഉണ്ടായിരുന്നു. സാമൂഹ്യ നീതി വകുപ്പിന്റെ ഇടപെടലുണ്ടാകുമെന്ന് മന്ത്രി വാഗ്ദാനം നല്‍കിയിരുന്നെങ്കിലും, ഇതുവരെ യാതൊരു തരത്തിലുള്ള നടപടികളും ഉണ്ടാകാത്തതില്‍ പാലക്കാട്ടെയും സംസ്ഥാനത്തൊട്ടാകെയുമുള്ള ബാലാവകാശ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്.

‘ഇത്തരം കേസുകളില്‍ ഉടനടി ചെയര്‍മാനെ മാറ്റുക എന്നതല്ലാതെ മറ്റു വഴികള്‍ക്കായി ആലോചിച്ചു കാത്തിരിക്കേണ്ടതുണ്ടോ? അന്വേഷണ കമ്മീഷനെ വച്ചു എന്നു പറഞ്ഞു, പക്ഷേ ആരും അവിടേക്ക് എത്തിക്കണ്ടില്ല. സി.ഡബ്ല്യു.സിയെ പരിശോധിക്കാനാകില്ലെങ്കിലും, പോക്‌സോ മോണിറ്ററിംഗിന്റെ ഉത്തരവാദിത്തം സംസ്ഥാന ബാലാവകാശ കമ്മീഷനുണ്ട്. അവരും മിണ്ടുന്നില്ലല്ലോ. ഇയാളോട് ഉടന്‍ തന്നെ രാജിവയ്ക്കാന്‍ പറയുകയല്ലേ വേണ്ടത്. പോക്‌സോ കേസുകളില്‍ നാല്‍പ്പത്തിയഞ്ചു ശതമാനത്തിലും കുട്ടികളാണ് വാദികള്‍. ഇപ്പോള്‍ത്തന്നെ കുട്ടികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത് എന്നാണ് അതിനര്‍ത്ഥം. എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ. പ്രതികള്‍ക്ക് കുട്ടികളെ ഒറ്റുകൊടുക്കാനുള്ള സ്ഥലമായി മാറുകയാണ് സി.ഡബ്ല്യു.സികള്‍. ഇതൊരു ജുഡീഷ്യല്‍ ബോഡിയാണെന്നോര്‍ക്കണം. ഇതൊക്കെ യഥാര്‍ത്ഥത്തില്‍ മേധാവിത്വത്തിന്റെ പ്രശ്‌നങ്ങളാണ്. ഒരാളേ പോക്‌സോ കേസില്‍ നിന്നും ഊരിക്കൊടുത്തു എന്നു പറയുന്നതെല്ലാം വലിയ ക്രെഡിറ്റാണ്. ഇയാളായിരിക്കും ഇനി അവിടുത്തെ ആളൂര്‍.’

എന്തുകൊണ്ട് നിയമനങ്ങളില്‍ ക്രമക്കേട്?

കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ കര്‍ശനമായ ഇടപെടലുകള്‍ നടത്താന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള സി.ഡബ്ല്യു.സിയുടെ ജില്ലാ കമ്മറ്റികളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നാണ് ഇതിനു തുടര്‍ച്ചയായി ഉയര്‍ന്നുവരുന്ന ആക്ഷേപം. പാലക്കാട് സി.ഡബ്ല്യു.സിയുടെ ചെയര്‍മാനെ തെരഞ്ഞെടുത്ത നടപടിയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതെങ്കിലും, കാസര്‍കോട് അടക്കം മറ്റു പല ജില്ലാ കമ്മറ്റികളിലേക്കും ഇത്തരത്തില്‍ പല താല്‍പര്യങ്ങളുമുള്ളവരെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് പരാതിയുണ്ട്. കാസര്‍കോട് സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന വ്യക്തിയാണെന്നും, ബാലാവകാശ കമ്മീഷനിലേക്കുള്ള ഇവരുടെ നിയമനം ഹൈക്കോടതി ഇടപെട്ട് തടഞ്ഞിട്ടുള്ളതാണെന്നും പി.ഇ. ഉഷ പറയുന്നു. കാസര്‍കോട് ജില്ലാ കമ്മറ്റിയിലേക്ക് നടപടികളനുസരിച്ച് അപേക്ഷ അയച്ചവരെ പരിഗണിക്കുകയോ അഭിമുഖത്തിൻ്റെ വിവരങ്ങൾ അറിയിക്കുകയോ ചെയ്യാതെ, നിയമനം അട്ടിമറിച്ചാണ് നിലവിലുള്ള അംഗങ്ങളെ തെരഞ്ഞെടുത്തതെന്നും നേരത്തേ പരാതികളുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു തൊട്ടുമുന്‍പ് ധൃതിപ്പെട്ട് നിയമനം നടത്തിയതാണ് ബാലാവകാശപ്രവര്‍ത്തകര്‍ക്കിടയില്‍ സംശയമുണ്ടാക്കിയത്.

ബാലാവകാശവുമായി ബന്ധപ്പെട്ട മേഖലകളില്‍ ചുരുങ്ങിയത് ഏഴു വര്‍ഷത്തെ പ്രവൃത്തി പരിചയം അപേക്ഷകര്‍ക്ക് ആവശ്യമാണെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും, നിലവിലെ ജില്ലാ കമ്മറ്റികളില്‍ എത്ര പേര്‍ ഈ മാനദണ്ഡമനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി അഡ്വ. സന്ധ്യയും വിശദീകരിക്കുന്നു.‘കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമങ്ങള്‍ വേണമെന്നാണല്ലോ നമ്മള്‍ എപ്പോഴും പറയാറുള്ളത്. എത്ര നിയമങ്ങളുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകാത്തതിന്റെ ഒരു പ്രധാനകാരണം ഇത്തരം ക്രമക്കേടുകളാണ്. കമ്മറ്റികളും കമ്മീഷനുകളും ഉണ്ടാക്കുമ്പോള്‍ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്ന പരിപാടി ഒട്ടും പുതിയതല്ല. നിയമത്തില്‍ പറഞ്ഞിരിക്കുന്ന യോഗ്യതകളെല്ലാം കാറ്റില്‍പ്പറത്തുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. സി.ഡബ്ല്യു.സി ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ പ്രത്യേകം സെലക്ഷന്‍ കമ്മറ്റിയൊക്കെയുണ്ട്. പക്ഷേ ആ കമ്മറ്റിക്ക് ഒരു പ്രവര്‍ത്തന സ്വാതന്ത്ര്യം കൊടുക്കാറില്ലെന്നു മാത്രം. സര്‍ക്കാരുകള്‍ മാറി വരുന്നതിനനുസരിച്ച് അവരവരുടെ ആളുകളെ സഹകരണസ്ഥാപനങ്ങളിലും മറ്റും ഡയറക്ടര്‍ ബോര്‍ഡിലെല്ലാം കയറ്റുന്നത് സ്ഥിരമായി നടക്കാറുള്ളതും നമുക്കെല്ലാം അറിയാവുന്നതുമാണ്. പക്ഷേ, അതേ ലാഘവത്തോടെ സി.ഡബ്ല്യു.സി പോലുള്ളിടങ്ങളിലേക്ക് നിയമനം നടത്തുന്നത് അംഗീകരിക്കാനാകില്ല. കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള ആളുകളെ തെരഞ്ഞെടുക്കുമ്പോള്‍ മറ്റു പല കാര്യങ്ങളും നോക്കേണ്ടതുണ്ട്.’

നിലവില്‍ മിക്ക ജില്ലാ കമ്മറ്റികളിലും പ്രധാന സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് സി.പി.എം അനുഭാവികളാണെന്നും, ഇവര്‍ക്ക് സ്ഥാനം ലഭിക്കാനായി മാനദണ്ഡങ്ങളില്‍ വരെ മാറ്റം കൊണ്ടുവന്നുവെന്നുമാണ് പരാതി. രാഷ്ട്രീയമായും സാമ്പത്തികമായും ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് സി.ഡബ്ല്യു.സി അടക്കമുള്ള ഇത്തരം സമിതികളിലേക്ക് കടന്നുകൂടാന്‍ ശ്രമിക്കുന്നവരെക്കുറിച്ച് ഇതിനു മുന്‍പും അവകാശപ്രവര്‍ത്തകര്‍ നിരന്തരം പരാതിപ്പെട്ടിട്ടുണ്ട്. എന്‍. രാജേഷ് ഉള്‍പ്പെട്ട സംഭവം അതീവ ഗുരുതര സ്വഭാവമുള്ളതും എത്രയും പെട്ടന്ന് പരിശോധിക്കേണ്ടതുമാണെന്നിരിക്കേ, സമാനമായ നിയമനങ്ങള്‍ നേരത്തേയും നടന്നിട്ടുണ്ട് എന്നതും നിഷേധിക്കാനാകില്ലെന്നാണ് ഇവരുടെ പക്ഷം.

‘എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തില്‍ സി.ഡബ്ല്യു.സിയില്‍ പുതിയ ആളുകള്‍ വന്നപ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് ഞങ്ങളെല്ലാം നോക്കിക്കണ്ടത്. പക്ഷേ പിന്നീട് വന്ന വാര്‍ത്തകളെല്ലാം ഞെട്ടിക്കുന്നതാണ്. വാര്‍ത്ത പുറത്തുവന്ന് ഇത്ര ദിവസമായിട്ടും ഇതിലിടപെടാന്‍ സര്‍ക്കാര്‍ പോലും തയ്യാറായിട്ടില്ലെന്നു പറയുമ്പോള്‍ അതിന്റെ പ്രശ്‌നം മനസ്സിലാക്കാമല്ലോ. ഞാനും കമ്മീഷനിലുണ്ടായിരുന്നതാണ്. പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ പലയിടത്തു നിന്നുമുണ്ടായിട്ടുണ്ട്. രാഷ്ട്രീയ താല്‍പര്യമുള്ളവര്‍ക്ക് പലപ്പോഴും ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടിവരും. വനിതാ കമ്മീഷനടക്കമുള്ള ഏജന്‍സികള്‍ എന്തുകൊണ്ടാണ് പരാജയപ്പെടുന്നത് എന്നുകൂടി ഇതിന്റെ പശ്ചാത്തലത്തില്‍ ചിന്തിക്കണം.’ അഡ്വ. സന്ധ്യ പറയുന്നു.

പോക്‌സോ കേസില്‍ പ്രതിഭാഗം വാദിക്കുന്നയാള്‍ സി.ഡബ്ല്യു.സി ചെയര്‍മാനായി ഇരിക്കരുതെന്ന് നിയമം മൂലം അനുശാസിക്കുന്നില്ലെന്നത് ശരിതന്നെ. എന്നാല്‍, ബാലാവകാശ സംരക്ഷകര്‍ക്കും സാമൂഹ്യ നീതി വകുപ്പിനും പോക്‌സോ മോണിറ്ററിംഗ് അതോറിറ്റികള്‍ക്കും ഈ വിഷയത്തിന്റെ ധാര്‍മികതയില്‍ നിന്നും ഒളിച്ചോടാനാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വാളയാര്‍ പോക്‌സോ കേസ് അട്ടിമറിയ്ക്കാനുള്ള ശ്രമമാണോ നടക്കുന്നത് എന്ന ചോദ്യത്തിനൊപ്പം, കേരളത്തില്‍ ബാലാവകാശം സംരക്ഷിക്കേണ്ട ഏജന്‍സികള്‍ ഹൈജാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നതു കൂടി പരിശോധിക്കേണ്ടതുണ്ട്.

Read More: സംഘടനയില്ല, നേതാക്കളും; പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബംഗാളിനെ ലക്ഷ്യമിട്ട ആര്‍എസ്എസിന് സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാനായത് ഇങ്ങനെ

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍