UPDATES

പട്ടിണിയാണ്, ദയാവധം അനുവദിക്കണം; മൂന്നാംലിംഗ വ്യക്തി കളക്ടര്‍ക്ക് അപേക്ഷ നല്‍കി; ഇതും കേരളത്തിലാണ്

ആദ്യമായി വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ് ലഭിച്ച, വോട്ട് ചെയ്ത മൂന്നാംലിംഗക്കാരനാണ് സുജി

‘പട്ടിണി കിടന്ന് മരിക്കുമെന്നായാല്‍ പിന്നെ എന്തു ചെയ്യാനാണ്. ഇപ്പോള്‍ അനുഭവിക്കുന്ന പട്ടിണിയേക്കാളും ഒറ്റപ്പെടലിനേക്കാളും ഭേദം മരണം തന്നെയാണ്’ മൂന്നാംലിംഗ വ്യക്തിത്വത്തിനുടമയായ സുജി ഇന്നലെ കളക്ടര്‍ക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കി. അത് നല്‍കാനിടയാക്കിയ സാഹചര്യമാണ് സുജി വെളിപ്പെടുത്തിയത്. ‘എനിക്ക് ഒരു ജോലി വേണം. അല്ലാതെ അരിവാങ്ങുന്നതെങ്ങനെയാണ്. ഭക്ഷണം കഴിക്കാതെ എത്രനാള്‍ ജീവിക്കും? എനിക്ക് സുഹൃത്തുക്കള്‍ പോലുമില്ല. കടം തരാനും ആരുമില്ല. ഇങ്ങനെ ജീവിക്കാനാവില്ല. മരണമാണ് ഞാന്‍ തിരഞ്ഞെടുക്കുന്ന വഴി. അതിനെങ്കിലും അധികൃതര്‍ കനിഞ്ഞാല്‍ മതി’ സുജി തുടര്‍ന്നു.

തൃശൂര്‍ എടമുട്ടം സ്വദേശി സുജി എന്ന സുജിത് കുമാറിന് 51 വയസ്സ്. 1989 സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ നിന്ന് ബി എസ് സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ സുജി ഒരു ജോലിക്കായി മുട്ടാത്ത വാതിലുകളില്ല. നഴ്‌സിങ് പഠനം കഴിഞ്ഞിറങ്ങി സുജി നേരെ പോയത് സൗദിയിലേക്കാണ്. അവിടെ ഒരു ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി നോക്കി. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സുജിയുടെ ലിംഗത്തെച്ചൊല്ലിയുള്ള സംശയങ്ങളും തര്‍ക്കങ്ങളും ഉടലെടുത്തു. ഇതോടെ പരിശോധനക്ക് വിധേയമാവണം എന്ന ഒരു വ്യവസ്ഥ സൗദിയിലെ ആശുപത്രി അധികൃതര്‍ വച്ചു. പക്ഷെ അതിന് കാത്ത് നില്‍ക്കാതെ, ഗത്യന്തരമില്ലാതെ സുജി തിരികെ നാട്ടിലേക്ക് തിരിച്ചു.

തനിക്ക് അക്കാലമത്രയും താങ്ങായി നിന്നിരുന്ന അച്ഛന്റെ മരണം സംഭവിക്കുന്നതും അതേ കാലയളവിലാണ്. അതോടെ വീട്ടുകാരില്‍ നിന്നും സുജി ഒറ്റപ്പെട്ടു. സൗദിയില്‍ ജോലിയെടുത്ത് സമ്പാദിച്ച തുച്ഛമായ പണം കൊണ്ട് ഒരു വീട് വച്ചു. അകവും പുറവും തേച്ച് മിനുക്കാതെ, പണി എങ്ങുമെത്താതെ ആ വീട് ഇപ്പോഴും അവശേഷിക്കുന്നു. എന്നാല്‍ സൗകര്യങ്ങളില്ലെങ്കിലും, വീട് പണി തീര്‍ന്നില്ലെങ്കിലും സുരക്ഷിതമായി ഉറങ്ങാന്‍ ഒരിടം ഉണ്ടെന്ന ആശ്വാസം മാത്രമാണ് തനിക്കിപ്പോള്‍ ഉള്ളതെന്ന് സുജി പറയുന്നു.

ഇക്കാലത്തിനിടയില്‍ സുജി തൃശൂരിലും സമീപ പ്രദേശത്തുമുള്ള സ്വകാര്യ ആശുപത്രികളിലെല്ലാം ജോലിക്ക് അപേക്ഷിച്ചു. എന്നാല്‍ ലിംഗം അവിടെയെല്ലായിടത്തും തടസ്സമായി. ആരും ജോലി നല്‍കിയില്ല. തനിക്ക് നഴ്‌സ് ആയിത്തന്നെ ജോലി ലഭിക്കണമെന്നില്ലെന്നും മാസവരുമാനം ലഭിക്കുന്ന എന്ത് ജോലി ചെയ്യാനും താന്‍ തയ്യാറാണെന്നും, അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് മൂന്ന് തവണ നിവേദനം നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ നടപടികളൊന്നുമുണ്ടാവാതായതോടെ ജോലി ചെയ്ത് ജീവിക്കാന്‍ സാഹചര്യമില്ലാത്തപ്പോള്‍ തന്നെ മരിക്കാന്‍ അനുവദിക്കണമെന്നാണ് സുജി കളക്ടറോട് ആവശ്യപ്പെട്ടു.

സുജി പറയുന്നു ‘ഞാന്‍ ഒരു മൂന്നാംലിംഗക്കാരനാണ്. ട്രാന്‍സ്ജന്‍ഡറല്ല. ജന്മനാ മൂന്നാംലിംഗ വ്യക്തിത്വമുള്ളയാളാണ്. അങ്ങനെയുള്ളവരെ മൂന്നാംലിഗക്കാര്‍ എന്ന് തന്നെ കണക്കാക്കണമെന്ന് സുപ്രീംകോടതി വിധിയുള്ളതാണ്. മൂന്നാംലിംഗക്കാരനായ എന്നെ വീട്ടുകാരും, നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഒറ്റപ്പെടുത്തി. സ്‌കൂളില്‍ പോവുമ്പോള്‍ പൊട്ടുകമ്മലെല്ലാം ഇട്ടിരുന്നതായി എനിക്ക് ഓര്‍മ്മയുണ്ട്. എനിക്ക് ശാരീരികമായി മാറ്റമുണ്ടെന്ന് വീട്ടുകാര്‍ക്കും സ്‌കൂളിലെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമെല്ലാം അറിയാമായിരുന്നു. അച്ഛന്‍ എനിക്ക് സര്‍വ പിന്തുണയും തന്നു. പക്ഷെ അമ്മയും മൂന്ന് സഹോദരന്‍മാരും എന്നോട് അകല്‍ച്ച കാണിച്ചു. പക്ഷെ സ്‌കൂളില്‍ ഒരിക്കല്‍ പോലും ഞാന്‍ അപമാനിതനായിട്ടില്ല. പഠിക്കുന്ന കുട്ടി എന്ന പരിഗണന നല്‍കി അധ്യാപകരും, കുട്ടികളുമെല്ലാം എന്നെ സഹായിക്കുകയും പരമാവധി ചേര്‍ന്ന് നില്‍ക്കുകയും ചെയ്തു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ കോഴിക്കോട് ഗവ.നഴ്‌സസ് കോളേജിലായിരുന്നു എന്റെ പഠനം. അവിടത്തെ പഠനകാലവും സഹകരണങ്ങളുടേയും സന്തോഷങ്ങളുടേയുമായിരുന്നു. പക്ഷെ പഠനം കഴിഞ്ഞിട്ടും എനിക്ക് കേരളത്തില്‍ ജോലി കിട്ടിയില്ല. അങ്ങനെയാണ് സൗദിയിലേക്ക് പോവുന്നത്. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ പെണ്ണാണോയെന്ന സംശയം പലര്‍ക്കുമുണ്ടായി. പിന്നീട് അവിടെ നില്‍ക്കാന്‍ പറ്റുന്ന സാഹചര്യമല്ലായിരുന്നതിനാല്‍ നാട്ടിലേക്ക് തിരികെപ്പോന്നു. നാട്ടിലെത്തിയതിന് ശേഷം ഇവിടെ പല സ്വകാര്യ ആശുപത്രികളിലും ജോലിക്കായി ഇരന്നു. പക്ഷെ ആണുംപെണ്ണും അല്ലാത്തയാള്‍ക്ക് ജോലി നല്‍കാനാവില്ലെന്ന് തന്നെ പലരും പറഞ്ഞു.

12 വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചു. അതോടെ വീട്ടില്‍ കൂടുതല്‍ ഒറ്റപ്പെട്ടു. സഹോദരന്‍മാരെല്ലാം വീട്ടിലും വീടിന് തൊട്ടടുത്തുമായി ജീവിതം തുടര്‍ന്നപ്പോള്‍ അവര്‍ക്കിടയില്‍ ഒറ്റപ്പെട്ട ഞാന്‍ എടമുട്ടത്ത് തന്നെ മറ്റൊരു സ്ഥലത്ത് വീട് വച്ചു. സൗദിയില്‍ പോയി സമ്പാദിച്ച കാശെല്ലാം എടുത്ത് വച്ച വീടാണ്. എന്നെ സംബന്ധിച്ച് സുരക്ഷിതയിടമാണിത്. എനിക്ക് കൂട്ടായി കുറേ പൂച്ചകളും പട്ടികളും മാത്രമാണുള്ളത്. അവര്‍ എനിക്ക് മക്കളെപ്പോലെയാണ്. ഞാന്‍ പട്ടിണി കിടന്നാലും അവരെ എങ്ങനേയും തീറ്റിപ്പോറ്റും.

മാസവരുമാനമുള്ള ജോലിയാണ് എന്നെപ്പോലൊരു വ്യക്തിക്ക് ആവശ്യം. ജോലികിട്ടിയാല്‍ അറിയും പച്ചക്കറികളുമെങ്കിലും വാങ്ങിക്കാമായിരുന്നു. കയ്യില്‍ കാശില്ലാതെ ഞാനെങ്ങനെ അരിവാങ്ങും? ജീവിക്കാനായി വേശ്യാവൃത്തി ചെയ്യാം. പക്ഷെ അധ്യാപകരായ അച്ഛനും അമ്മയും എനിക്ക് തന്ന മൂല്യബോധം അതല്ല. വേശ്യാവൃത്തി ചെയ്ത് ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്. ഇപ്പോള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ നിവൃത്തിയില്ലാതെ വരുന്നയാളുകള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്. മുന്നോട്ട് പോവാന്‍ എനിക്ക് ഒരു നിവൃത്തിയുമില്ല.’

ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പാരാ ലീഗല്‍ വോളന്റിയറാണ് സുജി. എന്നാല്‍ ഒരു മാസം എട്ടു ദിവസങ്ങളാണ് ആകെ ജോലിയുണ്ടാവുക. ഒരു ദിവസത്തേക്ക് 750 രൂപയാണ് നല്‍കുന്നത്. ഒരു മാസം ആറായിരം രൂപ കണക്ക് പ്രകാരം ലഭിക്കുമെങ്കിലും അത് ആറ് മാസം കൂടുമ്പോള്‍ ഒന്നിച്ചാണ് നല്‍കുന്നത്. അങ്ങനെ കിട്ടുന്ന പണം കൊണ്ടാണ് സുജി ഇപ്പോള്‍ കഷ്ടിച്ച് ജീവിച്ച് പോവുന്നത്.

2016ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ സുജി പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആദ്യമായി വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ് ലഭിച്ച, വോട്ട് ചെയ്ത മൂന്നാംലിംഗക്കാരന്‍ സുജി ആയിരുന്നു. പഠനത്തില്‍ ഏറെ മുന്നിലായിരുന്നിട്ടും തനിക്ക് ജോലി നിഷേധിക്കപ്പെടുന്നതിന് എന്ത് ന്യായീകരണമാണുള്ളതെന്നാണ് സുജി ചോദിക്കുന്നത്. ‘പട്ടിണികൊണ്ട് ജീവിക്കാന്‍ വയ്യ. പട്ടിണമാറ്റാന്‍ വഴിയുമില്ല. ആത്മഹത്യ ചെയ്യാന്‍ താത്പര്യമില്ല. അതിനാല്‍ രാജ്യത്തെ നിയമം അനുശാസിക്കുന്ന ദയാവധം എനിക്ക് അനുവദിക്കണം. ഇത് ഒരു അപേക്ഷയാണ്.’ സുജി പറഞ്ഞുനിര്‍ത്തി.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍