UPDATES

സ്ഥാനാര്‍ത്ഥിയെ അറിയാം

വയനാട്ടില്‍ മറ്റൊരു അത്ഭുതക്കുട്ടിയാകുമോ പി പി സുനീര്‍?

സംഘടനാ നേതൃത്വമാണ് സുനീറിലെ രാഷ്ട്രീയക്കാരന്റെ ഏറ്റവും വലിയ കഴിവ്

കെഎന്‍എ ഖാദര്‍, അഡ്വ. എം റഹ്മത്തുള്ള എന്നീ കരുത്തര്‍ പാര്‍ട്ടി വിട്ടതോടെ മലബാറില്‍ ശക്തി കുറഞ്ഞുപോയ സിപിഐ ഇന്നു കാണുന്ന തരത്തില്‍ നില മെച്ചപ്പെടുത്തി കൊണ്ടു വന്നതില്‍ പ്രധാന പങ്കു വഹിച്ച നേതാവാണ് പി പി സുനീര്‍. അതുകൊണ്ട് തന്നെ വയനാട് ആര് സ്ഥാനാര്‍ത്ഥിയാകുമെന്ന ചര്‍ച്ചയില്‍ സുനീറിനെ കടന്ന് മറ്റൊരു പേരും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു മുന്നില്‍ വന്നിരുന്നില്ല. സിപിഐക്ക് മാത്രമല്ല, സിപിഎമ്മിനും സമ്മതനാണ് മലപ്പുറം എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍ ആയ പി പി സുനീര്‍.

സുനീറിനെ കുറിച്ച് പറയുന്നവര്‍ മലപ്പുറം ജില്ലയിലെ സിപിഐയുടെ വളര്‍ച്ചയെയാണ് ആദ്യം ചൂണ്ടിക്കാണിക്കുന്നത്. സുനീര്‍ ചുമതലയേല്‍ക്കുമ്പോള്‍ ജില്ലയിലെ പല പഞ്ചായത്തുകളിലും സിപിഐക്ക് ഘടകങ്ങള്‍ പോലുമില്ലായിരുന്ന അവസ്ഥയാണ്. ഇന്നിപ്പോള്‍ അതല്ല അവസ്ഥ. പാര്‍ട്ടി മെംബര്‍ഷിപ്പില്‍ ഉണ്ടായ അഭൂതപൂര്‍വമായ വര്‍ദ്ധനവിനും സിപിഐ കടപ്പെട്ടിരിക്കുന്നത് സുനീറിന്റെ പ്രവര്‍ത്തനങ്ങളോടാണ്. ഈ നേതാവിലുള്ള വിശ്വാസം തന്നെയാണ് യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലം പിടിച്ചെടുക്കാന്‍ അദ്ദേഹത്തെ നിയോഗിച്ചതിനു പിന്നിലും.

പൊന്നാനി താലൂക്കിലെ മാറഞ്ചേരിയില്‍ കമ്യൂണിസറ്റ് കുടുംബത്തില്‍ ജനിച്ച സുനീര്‍ സ്‌കൂള്‍ പഠനകാലത്ത് എ ഐ എസ് എഫ് പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുരംഗത്ത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തൃശൂര്‍ കേരളവര്‍മ കോളേജിലെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നിലെ രാഷ്ട്രീയക്കാരനെ കൂടുതല്‍ വളര്‍ത്തിയെടുത്തു. കേരള വര്‍മയില്‍ നിന്നാണ് സുനീര്‍ തന്റെ ബിരുദാനന്തരബിരുദം സ്വന്തമാക്കുന്നത്. വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളില്‍ നിന്നുകൊണ്ട് തന്നിലെ രാഷ്ട്രീയക്കാരന്റെ മികവ് തെളിയിച്ച സുനീര്‍ രണ്ടു തവണ കാലിക്കട്ട് യൂണിവേഴ്‌സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

നിലവില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റയിംഗം, സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് അംഗം, എല്‍ഡിഎഫ് മലപ്പുറം കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. 2011 മുതല്‍ 2018 വരെ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു.

സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറിയാകുന്നതോടെയാണ് വിദ്യാര്‍ഥി-യുവജന സംഘടനാ നേതൃത്വത്തില്‍നിന്നും മുഴുവന്‍ സമയ പ്രവര്‍ത്തകനായി സുനീര്‍ മാറുന്നത്. തുടര്‍ന്ന് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും എട്ടു വര്‍ഷം ജില്ലാ സെക്രട്ടറിയുമായി. മലപ്പുറത്ത് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായത്.

സംഘടനാ നേതൃത്വമാണ് സുനീറിലെ രാഷ്ട്രീയക്കാരന്റെ ഏറ്റവും വലിയ കഴിവ്. അതേസമയം തന്നെ തെരഞ്ഞെടുപ്പ് പോരാട്ടത്തിലും അദ്ദേഹം ശക്തനാണ്. താന്‍ ആദ്യമായി ഒരു മത്സരത്തിന് നില്‍ക്കുന്നത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എ ഐ എസ് എഫുകാരനായി ക്ലാസ് ലീഡര്‍ സ്ഥാനത്തേക്കാണെന്നു സുനീര്‍ പറയുന്നുണ്ട്. അന്നത്തെ അതേ പോരാട്ട വീര്യമാണ് ഇപ്പോല്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുമ്പോഴും മനസിലെന്നാണ് സുനീര്‍ പറയുന്നത്. സുനീറിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലൂടെയാണ്. മാറഞ്ചേരി ഡിവിഷനില്‍ നിന്നും വിജയിച്ച് മലപ്പുറം ജില്ല പഞ്ചായത്ത് മെംബറായി.

രണ്ടു വര്‍ഷമായി കോണ്‍ഗ്രസിന്റെ കൈയിലിരിക്കുന്ന വയനാട് മണ്ഡലം പിടിച്ചെടുക്കാന്‍ നിയോഗിക്കുമ്പോള്‍ ഇടതുമുന്നണി സുനീറില്‍ നിന്നും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍