UPDATES

അതേ, കേരളത്തിലാണ്; പ്രസവവേദനയില്‍ പുളയുന്ന ആദിവാസി യുവതിയെ കമ്പില്‍ ചുറ്റിയുണ്ടാക്കിയ മഞ്ചലില്‍ ചുമന്നത് ഏഴര കിലോമീറ്റര്‍

ആരോഗ്യ രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിക്കുകയും വികസന കാര്യത്തില്‍ വലിയ ചുവടുകള്‍ വച്ചു എന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് തന്നെയാണ് പ്രസവത്തിനായി മണിയെ ചുമന്ന് കൊണ്ടുപോവേണ്ടി വരുന്ന ആദിവാസികളുമുള്ളത്

അട്ടപ്പാടിയില്‍ പ്രസവ വേദനയില്‍ പുളഞ്ഞ മണി എന്ന ആദിവാസി യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ നടന്നത് ഏഴര കിലോമീറ്റര്‍. അതിനാല്‍ മാത്രം മണി ആശുപത്രിയില്‍ പ്രസവിച്ചത് കേവലം പത്ത് മിനിറ്റ് വ്യത്യാസത്തില്‍. സാരികള്‍ കൂട്ടിക്കെട്ടി കമ്പില്‍ ചുറ്റിയുണ്ടാക്കിയ ആ മഞ്ചലില്‍ അവര്‍ പ്രസവിച്ചിരുന്നെങ്കിലോ? അമ്മയ്ക്കും കുഞ്ഞിനും ആപത്ത് സംഭവിച്ചിരുന്നെങ്കിലോ?

എങ്കിലും അട്ടപ്പാടിയില്‍ പുതുതായൊന്നും സംഭവിക്കില്ല. കാരണം അട്ടപ്പാടി അതാണ്. അവിടത്തെ ആദിവാസി ജീവിതം അതാണ്. ഇത് വായിക്കുന്ന നമ്മള്‍ക്ക് അത് മറ്റൊരു വിഷയം ഉണ്ടാവുന്നത് വരെ രോഷം കൊള്ളാനുള്ള ഒരു പതിവ് സംഭവം മാത്രമാണ്. അതിനാല്‍ മാത്രം അവിടെ വീണ്ടും മണിമാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.

മഴ ഉറച്ച് പെയ്ത് തുടങ്ങിയാല്‍ പിന്നെ അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ എടവാണി കുംബ ഊരിലേക്ക് എത്തിപ്പെടണമെങ്കില്‍ മൂന്ന് വട്ടം പുഴ കടന്ന് പോണം. എടവാണിയിലേക്ക് പോവുന്ന വഴി അരുളിക്കോണം വരെയാണ് യാത്രാ സൗകര്യമുള്ളത്. തുടര്‍ന്നും റോഡ് ഉണ്ട്. പക്ഷെ അത് വേനല്‍ക്കാലത്ത് മാത്രം കാണാന്‍ കഴിയുന്ന പൊട്ടിപ്പൊളിഞ്ഞ ഒരു റോഡാണ്. ജീപ്പ് മാത്രം ഊരിലേക്കെത്തും. പക്ഷെ മഴ പെയ്ത് വഴിയെല്ലാം മുങ്ങിയാല്‍ വെള്ളം നീന്തിക്കടന്ന് ഒരു ജീപ്പും അവിടേക്കെത്താറുമില്ല.

മണി എടവാണി കുംബ ഊരിലെ പണലിയുടെ ഭാര്യയാണ്. കഴിഞ്ഞയാഴ്ച പരിശോധിച്ച ഡോക്ടര്‍ ആറാം തീയതി പ്രസവത്തിനായി എത്തണമെന്ന് പറഞ്ഞാണ് മണിയെ മടക്കിയത്. വാടകക്ക് ജീപ്പി വിളിച്ച് ആറാം തീയതി പുലര്‍ച്ചെ പോവാനിരിക്കെയാണ് അതിനും ഒരു ദിവസം മുന്നേ പ്രസവ വേദന തുടങ്ങുന്നത്. പുലര്‍ച്ചെ അഞ്ചരയോടെ പ്രസവ വേദന തുടങ്ങിയ മണിയെ ആശുപത്രിയിലെത്തിക്കാനായി വീട്ടുംകാരും നാട്ടുകാരും പലവഴി നോക്കി. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ് മണിയെ എത്തിക്കേണ്ടിയിരുന്നത്. അംഗനവാടി അധ്യാപികയായ വനജ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് വിളിച്ച് എത്രയും വേഗം മണിയെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ‘വരാം’ എന്ന മറുപടിയാണ് വനജക്ക് ലഭിച്ചത്. സര്‍ക്കാര്‍ ആംബുലന്‍സോ, മെഡിക്കല്‍ സംഘത്തിന്റെ ജീപ്പോ എങ്കിലും വരുമെന്ന് പ്രതീക്ഷിച്ച് മണിയും പണലിയും മണിക്കൂറുകള്‍ തള്ളി നീക്കി. എന്നാല്‍ ആശുപത്രിയില്‍ നിന്ന് അതിനുള്ള സൗകര്യം ലഭിച്ചില്ല.

പിന്നീട് പണലി എന്‍ആര്‍എല്‍എം കോര്‍ഡിനേറ്ററെ വിളിച്ചു. അവര്‍ ഒരു ജീപ്പ് വാടകക്ക് വിളിച്ചു നല്‍കി. എന്നാല്‍ ഊരിലേക്ക് ജീപ്പ് എത്തിക്കാന്‍ നിര്‍വാഹമില്ലായിരുന്നു. മണി വരുന്നതും കാത്ത് ജീപ്പ് അരുളിക്കോണത്ത് തന്നെ കിടന്നു. കഠിനമായ വേദനയാല്‍ പുളയുന്ന മണിയെ കിലോമീറ്ററുകള്‍ അപ്പുറമുള്ള അരുളിക്കോണത്ത് എങ്ങനെ എത്തിക്കും? ഒടുവില്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് കിട്ടിയ സാരികളെല്ലാം ഒരു കമ്പിയോട് ചേര്‍ത്തുകെട്ടി അതിനുള്ളില്‍ മണിയെ കിടത്തി നടന്നു. ഏഴരകിലോമീറ്റര്‍ യാത്രക്കിടെ പല തവണ പുഴ മുറിച്ചുകടന്നു. അരുളിക്കോണത്ത് എത്തി മണിയെ ജീപ്പില്‍ കയറ്റുമ്പോള്‍ സമയം പത്ത് മണിയോടടുത്തിരുന്നു. പിന്നീട് ദ്രുതവേഗതയില്‍ മണിയെ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചു. പത്ത് മിനിറ്റ് വ്യത്യാസത്തില്‍ മണി പെണ്‍കുഞ്ഞിനെ പ്രസവിച്ചു.

മണിയുടെ ഭര്‍ത്താവ് പണലി പറയുന്നു, ‘മൂന്ന് മണിക്കൂറോളം കാത്തിരുന്നതിന് ശേഷമാണ് ഞങ്ങള്‍ തുണിയില്‍ തൂക്കി അവരെ എത്തിച്ചത്. ആശുപത്രിയിലെ വണ്ടിക്കായി കാത്തിരുന്നെങ്കില്‍ അവര്‍ വഴിയില്‍ പ്രസവിക്കുമായിരുന്നു. ആംബുലന്‍സ് ഊരിലേക്കെത്തില്ല. മഴയായതിനാല്‍ റോഡെല്ലാം പൊളിഞ്ഞ് കിടക്കുകയാണ്. പക്ഷെ ഞങ്ങള്‍ മണിയെയും ചുമന്ന് അരുളിക്കോണത്ത് എത്തിയപ്പോ പോലും ആംബുലന്‍സോ ആശുപത്രിയുടെ ജീപ്പോ അവിടെ എത്തിയിരുന്നില്ല. ആദിവാസി സ്ത്രീയുടെ പ്രസവം സര്‍ക്കാര്‍ സൗജന്യമായി ഏറ്റെടുക്കുമെന്നാണ്. ഇവിടെ വാടകക്കെടുത്ത് ജീപ്പിന് കാശ് കൊടുത്തിട്ടാണ് ആശുപത്രിയിലെത്താന്‍ പറ്റിയത്. സര്‍ക്കാര്‍ വാഹനം കിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ പ്രദേശത്തുള്ള ടാക്‌സിക്കാരെയെല്ലാം വിളിച്ചെങ്കിലും ആരെയും കിട്ടിയതുമില്ല. പിന്നെയാണ് എന്‍ആര്‍എല്‍എം കോര്‍ഡിനേറ്ററെ വിളിക്കുന്നത്. അതുകൊണ്ട് ഒരു വണ്ടി കിട്ടി. അല്ലായിരുന്നെങ്കില്‍ മണിയും കുഞ്ഞും ജീവനോടെ ഉണ്ടാവുമായിരുന്നോ എന്ന് തന്നെ സംശയമാണ്. നടക്കാന്‍ പോലും കഴിയാത്ത വഴിയിലൂടെയാണ് അവരെ കമ്പിയില്‍ കെട്ടി ചുമന്നെത്തിച്ചത്. ഇടക്കെങ്ങാനും പ്രസവം നടക്കുമോ എന്ന പേടിയുണ്ടായിരുന്നു. എന്തായാലും നല്ല രീതിയില്‍ എല്ലാം നടന്നു. അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നു.’

എന്നാല്‍ തങ്ങള്‍ക്ക് എട്ട് മണിക്ക് ശേഷം മാത്രമാണ് വിവരം ലഭിക്കുന്നതെന്നും വിവരമറിഞ്ഞയുടന്‍ മെഡിക്കല്‍ സംഘമുപയോഗിക്കുന്ന ജീപ്പ് അരുളിക്കോണത്തേക്കെത്തിച്ചെന്നുമാണ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോ.മാത്യു പറയുന്നത്, ‘എട്ടേകാല്‍ ആയപ്പോഴാണ് ആശുപത്രിയിലേക്ക് ഫോണ്‍ വരുന്നത്. എടവാണിയിലേക്കുള്ള വഴിയില്‍ ജീപ്പ് മാത്രമേ പോവുകയുള്ളൂ. മണിയെ ആശുപത്രിയിലേക്കെത്തിക്കാന്‍ മൊബൈല്‍ മെഡിക്കല്‍ ക്യാമ്പിന് ഉപയോഗിക്കുന്ന ജീപ്പ് ഉടനെ തന്നെ ഏര്‍പ്പെടുത്തുകയും ചെയ്തു. പക്ഷെ അരുളിക്കോണത്ത് ചെന്നപ്പോള്‍ എന്‍ആര്‍എല്‍എമ്മുകാര്‍ ഏര്‍പ്പെടുത്തിയ ഒരു വാഹനം അവിടെ വഴിയില്‍ കിടക്കുന്നുണ്ടായിരുന്നു. ഒരു വണ്ടി പോവാനുള്ള സൗകര്യമേ ആ വഴിക്കുള്ളൂ. മുന്നില്‍ കിടക്കുന്ന ജീപ്പ് മാറ്റാതെ ആശുപത്രിയില്‍ നിന്നയച്ച ജീപ്പിന് അവരുടെ ഊരിലേക്ക് പോവാനും കഴിയില്ലായിരുന്നു. പക്ഷെ കോട്ടത്തറ ആശുപത്രിയിലേക്ക് അവരെ എത്തിക്കുമ്പോള്‍ ഞങ്ങളുടെ വാഹനവും അവരോടൊപ്പമുണ്ടായിരുന്നു. ആറ് മണിക്ക് ആശുപത്രിയിലേക്ക് വിളിച്ചെന്നാണ് മണിയുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് അതേക്കുറിച്ച് ഒരു അറിവുമില്ല. ആംബുലന്‍സ് ഊരിലേക്കെത്താത്തത് കൊണ്ടാണ് ജീപ്പ് അയച്ചത്. റോഡ് ഇല്ലാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ വാഹനം ഊരിലെത്തിയേനെ. റോഡ് ഇല്ലാത്തത് അട്ടപ്പാടിയിലെ ഊരുകളിലെ വലിയ വിഷയമാണ്. ആനവായ പ്രദേശത്തെ തുടുക്കി ഗെലസി ഊരിലും ഇതേ പ്രശ്‌നങ്ങള്‍ തന്നെയാണ്. മെഡിക്കല്‍ സംഘം അവിടെയെത്തുന്നത് അഞ്ച് കിലോമീറ്റര്‍ നടന്നിട്ടാണ്.’

ആശുപത്രി അധികൃതരില്‍ നിന്നുണ്ടായ വീഴ്ചകളെ പഴിക്കുമ്പോഴും അതിനേക്കാള്‍ പ്രാധാന്യത്തോടെ എടവാണി ഊരുകാര്‍ പറയുന്നത് കോടികള്‍ അനുവദിച്ചിട്ടും നടപ്പിലാക്കാത്ത റോഡ് നിര്‍മ്മാണത്തെക്കുറിച്ചാണ്. 2013ല്‍ ശിശുമരണങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത സമയത്താണ് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന ജയറാം രമേശ് അട്ടപ്പാടി സന്ദര്‍ശിച്ചത്. ഊരുകളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം ഊരുകളിലേക്ക് റോഡ് സൗകര്യം ഉണ്ടാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. അട്ടപ്പാടിയിലെ ഊരുകളിലേക്കുള്ള 16 റോഡുകളുടെ നിര്‍മ്മാണത്തിനായി കേന്ദ്രത്തില്‍ നിന്ന് ഫണ്ട് അനുവദിക്കുകയും ചെയ്തു. സ്വര്‍ണ്ണഗദ്ദ മുതല്‍ എടവാണി വരെയുള്ള റോഡിന് ഒമ്പതേമുക്കാല്‍ കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇതേവരെ നിര്‍മ്മാണമാരംഭിക്കാനുള്ള നടപടികള്‍ പോലും പൂര്‍ത്തീകരിച്ചിട്ടില്ല. 38 കുടുംബങ്ങളിലായി മുന്നൂറോളം പേരാണ് ഊരില്‍ താമസിക്കുന്നത്.

ഊര് നിവാസി മുരുകന്‍ പറയുന്നു, ‘റോഡുകള്‍ നിര്‍മ്മിക്കാന്‍ ഫണ്ടുണ്ട്. കരാറുകാരന്‍ പണി ഏറ്റെടുത്തിട്ടുമുണ്ട്. പക്ഷെ ഐടിഡിപി ഉദ്യോഗസ്ഥരും പ്രോഗ്രാം ഓഫീസറും ഊരുകൂട്ടം വിളിച്ച് പദ്ധതി അവതരിപ്പിച്ച മിനിട്‌സ് നല്‍കിയാല്‍ മാത്രമേ പണി തുടങ്ങാന്‍ കഴിയൂ. അത് വലിയ പാടുള്ള കാര്യമല്ല. ഈ അഞ്ച് വര്‍ഷമായിട്ടും അവര്‍ ഊരുകൂട്ടം വിളിക്കാതിരിക്കുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല. ഒരിക്കല്‍ അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ മാര്‍ച്ചില്‍ പണി തുടങ്ങുമെന്നാണ് പറഞ്ഞത്. പിന്നെ തിരക്കിയപ്പോള്‍ ഊരുകൂട്ടം വിളിക്കാത്തത് കൊണ്ട് പണി തുടങ്ങാനാവില്ല, ഉടന്‍ നടപ്പാവും എന്ന മറുപടിയാണ് ലഭിച്ചത്. ഇതൊക്കെ ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന വലിയ അഴിമതികളാണ്. റോഡിന്റെ കാര്യം ഒന്ന് മാത്രം. ഇവിടെ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ പോവുന്ന ബാലവാടിയുണ്ട്. തൊഴുത്ത് പോലൊരു സ്ഥലത്താണ് കുട്ടികളെ വിളിച്ചിരുത്തുകയും അവര്‍ക്ക് ഭക്ഷണം കൊടുക്കുകയും ചെയ്യുന്നത്. അത് പുതുക്കി പണിയാനും പത്ത് ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ട്. പക്ഷെ കരാറുകാരനെ കിട്ടുന്നില്ലെന്നാണ് ന്യായം. ആളെ കിട്ടുന്നില്ലെങ്കില്‍ ഊരിലെ ആളുകള്‍ തന്നെ അത് ഏറ്റെടുക്കാന്‍ തയ്യാറാണ്. പക്ഷെ അത് പറയുമ്പോള്‍ ഉദ്യോഗസ്ഥരാരും മിണ്ടുന്നില്ല. 32 കുടുംബങ്ങള്‍ക്കും 10 ആട് വീതം എന്ന് പറഞ്ഞൊരു പദ്ധതി നടപ്പാക്കി. ആരായിരം രൂപയുടെ ആട് എന്ന് പറഞ്ഞ് തമിഴ്‌നാട്ടില്‍ നിന്നോ മറ്റോ കൊണ്ടുവന്ന അറുന്നൂറ് രൂപ പോലും വരാത്ത ആടുകളെ വിതരണം ചെയ്തു. മേടിച്ച് വീ്ട്ടില്‍ ചെന്ന പാടെ പകുതിയോളം ചത്തുപോയി. അങ്ങനെ ഊരുകളില്‍ നടപ്പാക്കാനാണെന്ന് പറഞ്ഞുകൊണ്ട് വരുന്ന പദ്ധതികള്‍ ഏതാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് പരിശോധിച്ചാല്‍ സത്യാവസ്ഥ മനസ്സിലാവും.’

റോഡില്ലാത്തതിനാല്‍ എടവാണി ഊരുകാര്‍ക്ക് മഴക്കാലത്ത് പുറംലോകവുമായി ബന്ധം ഇല്ലാതാവും. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരി പോലും കിലോമീറ്ററുകള്‍ ചുമന്ന്, വെള്ളം നീന്തി, ഊരുകളിലെത്തിക്കേണ്ടതിനാല്‍ ഊര് നിവാസികള്‍ അതിന് പോലും മടിക്കുന്നു.

ആരോഗ്യ രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിക്കുകയും വികസന കാര്യത്തില്‍ വലിയ ചുവടുകള്‍ വച്ചു എന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് തന്നെയാണ് പ്രസവത്തിനായി മണിയെ ചുമന്ന് കൊണ്ടുപോവേണ്ടി വരുന്ന ആദിവാസികളുമുള്ളത്. അവര്‍ ആവശ്യപ്പെടുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ്. അതുകൊടുക്കാതെ കോടികളുടെ കണക്കും പദ്ധതികളുമായി വരുന്ന സര്‍ക്കാരിനോടാണ ചോദ്യം. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും രണ്ട് നേരം ചോറും പരിപ്പും വേവിച്ച് നല്‍കിയാല്‍ തീരുന്നതാണോ അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍? സര്‍ക്കാരിന്റെ ‘വിശപ്പകറ്റല്‍ യജ്ഞം’ മാത്രമാണോ അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ആവശ്യം?

മധുവിന്റെ കൊലപാതകത്തിന് പിന്നാലെ കള്ളക്കണ്ണീരും ആദിവാസികളുടെ വിശപ്പകറ്റാന്‍ ചോറും പതിനാറ് കൂട്ടം കറികളും പായസവുമായി എത്തിയവര്‍ പിന്നെയും അട്ടപ്പാടിയിലേക്ക് ഒഴുകും. ആദിവാസികളുടെ ദുരവസ്ഥ പറഞ്ഞ് അട്ടപ്പാടിയില്‍ കൂണ്‍പോലെ മുളച്ചുപൊന്തിയിട്ടുള്ള എന്‍ജിഒകള്‍ വിലപിക്കും. ആദിവാസികള്‍ക്ക് നേരത്തിന് ഭക്ഷണവും ജോലിയും അടിസ്ഥാന സൗകര്യങ്ങളും നല്‍കുമെന്ന് ആവര്‍ത്തിച്ച് സര്‍ക്കാരും എത്തും. ഇതില്‍ കൂടുതലെന്തെങ്കിലും അട്ടപ്പാടി ഊരുകളിലെ ആദിവാസികള്‍ പ്രതീക്ഷിക്കുന്നുണ്ടോ? ഇല്ല എന്ന് തന്നെയാണ് അട്ടപ്പാടിക്കാര്‍ പറയുന്നത്. മുമ്പും നിരവധി മണിമാര്‍ ഉണ്ടായി, ഇനിയും ഉണ്ടാവുമെന്നും കൂടി ഇവര്‍ പറയുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അട്ടപ്പാടിയില്‍ അവസാന ആദിവാസിയും മരിച്ചു വീഴുന്ന ഒരു കാലത്തിനായാണോ നമ്മള്‍ കാത്തിരിക്കുന്നത്?

പട്ടിണിയിലൂടെ തുടരുന്ന വംശഹത്യകള്‍; ഉത്തരവാദികള്‍ ഇവിടെത്തന്നെയുണ്ട്

ഞങ്ങള്‍ ആത്മാഭിമാനമുള്ളൊരു ജനതയാണ് സാറേ.. കാമം തീര്‍ക്കാന്‍ ആണുങ്ങളെത്തേടി നടക്കുന്നോരല്ല ഞങ്ങളുടെ കുട്ടികള്‍

അട്ടപ്പാടിയുടെ പ്രഭു ഡോക്ടറാണ്; ഒരു ഡോക്ടര്‍ നാടിനെ രക്ഷിക്കുന്ന കഥ

‘നാട്ടുകാര്‍ക്ക് അവരുടെ വിള നശിപ്പിക്കാനെത്തുന്ന മറ്റൊരു കാട്ടാനയോ കാട്ടുപന്നിയോ മാത്രമാണ് മധു’

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍