UPDATES

മന:സാക്ഷി മരിച്ച സമൂഹമാണ് നമ്മുടേത്; നാഷിദയുടെ വിധി ആര്‍ക്കും വരാം

തലയാട്-കാഞ്ഞിരപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന വാഴയില്‍ ബസില്‍ കയറിയ നാഷിദയ്ക്ക് ഗര്‍ഭിണികള്‍ക്ക് അനുവദിച്ചിട്ടുളള സീറ്റ് പോലും ലഭിച്ചില്ല.

എട്ടുമാസം ഗര്‍ഭിണിയായ നാഷിദ, സര്‍ക്കാര്‍ നല്‍കുന്ന പ്രസവാനുകൂല്യത്തിന്റെ കാര്യമറിയാനാണ് തീക്കോയി പഞ്ചായത്ത് പടിയിലെ അക്ഷയ കേന്ദ്രത്തിലേക്ക് പോയത്. അക്ഷയ കേന്ദ്രത്തിലെ നടപടികളെല്ലാം പൂര്‍ത്തിയാക്കി ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് മടങ്ങാനായി ഒരു ബസില്‍ കയറി. എന്നാല്‍ നാഷിദ തിരികെ വീട്ടിലെത്തിയത് അഞ്ച് ദിവസങ്ങള്‍ കഴിഞ്ഞാണ്- മരവിച്ച് മൃതദേഹമായി. വീട്ടിലേക്കുള്ള ആ ബസ് യാത്ര 34കാരി നാഷിദയുടെ അന്ത്യയാത്രയായിരുന്നു. യാത്രക്കിടെ ബസില്‍ നിന്ന് തെറിച്ച് വീണ അവര്‍ അഞ്ച് ദിവസത്തെ വെന്റിലേറ്റര്‍ ജീവിതത്തിനൊടുവില്‍ കഴിഞ്ഞ ബുധനാഴ്ച മരണത്തിന് കീഴടങ്ങി. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാഷിദയുടെ വയറ്റില്‍ വളര്‍ന്നിരുന്ന എട്ട് മാസം പ്രായമായ കുഞ്ഞിനെ അപകടങ്ങളില്ലാതെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ക്കായി.

തലയാട്-കാഞ്ഞിരപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന വാഴയില്‍ ബസില്‍ കയറിയ നാഷിദയ്ക്ക് ഗര്‍ഭിണികള്‍ക്ക് അനുവദിച്ചിട്ടുളള സീറ്റ് പോലും ലഭിച്ചില്ല. പൂര്‍ണ ഗര്‍ഭിണിയായ അവര്‍ക്ക് ആരും സീറ്റ് ഒഴിഞ്ഞ് നല്‍കിയതുമില്ല. ബസ് ഡോറില്‍ നിന്ന് അല്‍പ്പം മുന്നോട്ട് മാറി നിന്ന നാഷിദ, ബസ് വളവ് തിരിയുന്നതിനിടെ ബാലന്‍സ് തെറ്റി ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവമുണ്ടായയുടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നാഷിദ അഞ്ച് ദിവസം ജീവിച്ചത്. അക്ഷയ കേന്ദ്രത്തിലേക്ക് നാഷിദ പോയത് തനിച്ചായിരുന്നില്ല. നാലര വയസ്സുള്ള ഇളയമകളും സഹോദരി ഷാനിതയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒപ്പമുണ്ടായിട്ടുകൂടി നാഷിദ കണ്‍മുന്നില്‍ അപകടപ്പെടുന്നത് നോക്കിനില്‍ക്കേണ്ടി വന്ന ഷാനിതയ്ക്കും ഇപ്പോഴും അതേക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ഒരക്ഷരം പോലും മിണ്ടാനാവാതെ നാക്കുതളരും.

നിലയ്ക്കാത്ത കരച്ചിലിനൊടുവിലും ഷാനിത പറഞ്ഞതിങ്ങനെയാണ്; ‘രാവിലെ പോയതാണ് അക്ഷയ കേന്ദ്രത്തിലേക്ക്. ഞാനും അവളുടെ കുഞ്ഞും കൂടെയുണ്ടായിരുന്നു. അരമണിക്കൂറില്‍ കൂടുതല്‍ തീക്കോയി പഞ്ചായത്തുപടിയില്‍ ബസ് കാത്ത് ഞങ്ങള്‍ നിന്നു. അതിനിടയില്‍ ഒരു ബസ് പോലും വന്നില്ല. അപ്പോഴാണ് വാഴയില്‍ ബസ് വരുന്നത്. ബസില്‍ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ഇത്രയും തിരക്കുള്ള ബസില്‍ പോവണ്ട, അടുത്തത് വരാന്‍ കാത്തിരിക്കാന്‍ ഞാന്‍ അവളോട് പറഞ്ഞതാണ്. എനിക്ക് നിന്നു മടുത്തു. എത്ര നേരായി. എനിക്ക് വയ്യ. നീ വാ എന്ന് പറഞ്ഞ് എന്നേയും കൂടി ആ ബസിലേക്ക് അവളാണ് കയറ്റിയത്. പിന്നെ ഞാനോര്‍ത്തപ്പോ, മൂന്നോ നാലോ സ്‌റ്റോപ്പ് കഴിഞ്ഞാല്‍ ഞങ്ങടെ സ്ഥലമെത്തും. അങ്ങനെ ഞങ്ങള്‍ മൂന്ന് പേരും ആ ബസില്‍ കയറി. ഞാനും കൊച്ചും കൂടി ഒരു സ്ഥലത്ത് നിന്നു. സീറ്റൊന്നും കിട്ടാത്തതുകൊണ്ട് നാഷിദയും നില്‍ക്കുകയായിരുന്നു. ഡോറിനടുത്തൊന്നുമല്ല നിന്നത്. കുറേക്കൂടി മുന്നോട്ട് പോയി പിടിച്ചു നില്‍ക്കാനുള്ള സൗകര്യത്തിന് നില്‍ക്കുവായിരുന്നു. അപ്പോഴാണ് ബസ് പെട്ടെന്ന് അത് വരെ ഓടിക്കൊണ്ടിരുന്ന അതേ വേഗതയില്‍ തന്നെ വളവ് തിരിയുന്നത്. ആ വീശിയെടുപ്പിലും, ബ്രേക്ക് പിടുത്തത്തിലും ബസില്‍ നിന്നവരെല്ലാം പുറകോട്ട് വീണു. ഞാനും കൊച്ചും ബസിനകത്തേക്കാണ് വീണത്. അപ്പഴാണ് നാഷിദയുടെ പിടിവിട്ട് പുറകോട്ടു വന്ന് ഡോറിലൂടെ പുറത്തേക്ക് പോവുന്നത് കണ്ടത്. അവള് വീണ് കഴിഞ്ഞപ്പോ, ബസിലെ യാത്രക്കാരെല്ലാം ബഹളം വച്ച് ബസ് നിര്‍ത്തിച്ചു. നോക്കുമ്പോ അവള് റോഡില്‍ കിടക്കുവായിരുന്നു. ഞാന്‍ ഓടിച്ചെന്ന് നോക്കിയപ്പോ വായിക്കൂടെയൊക്കെ ചോര വരുന്നുണ്ടായിരുന്നു. അവള്‍ക്ക് ബോധവും ഉണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിക്കുന്ന കാര്യം ആലോചിക്കുമ്പോഴാണ് കൊച്ച് ബസിനകത്താണെന്ന് ഓര്‍ത്തത്. കൊച്ചിനേയും എടുത്തോണ്ട് തിരിച്ച് വന്നപ്പോ, അവിടെയുണ്ടായിരുന്ന ലോഡിങ് തൊഴിലാളികളാണ് ഒരു കാറ് നിര്‍ത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത്. ഞാനും കൊച്ചും മാത്രമേ അവളുടെ കൂടെയുണ്ടാരുന്നുള്ളൂ. വേറാരും ഞങ്ങക്കൊപ്പം വന്നതുമില്ല. പോയത് ഞങ്ങക്കാണ്. അതിന്റെ വേദന തീരണമെങ്കില്‍ ഞങ്ങളില്ലാതാവണം. ഇതെല്ലാം കണ്ടുനിന്ന കൊച്ചിന്റെ വിഷമം ആര്‍ക്കെങ്കിലും അറിയാമോ. അത് ഇതേവരെ കരച്ചില്‍ നിര്‍ത്തിയിട്ടില്ല. പക്ഷെ അവളുടെ വിചാരം അവളുടെ ഉമ്മ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ്. ഉമ്മ കുഞ്ഞുവാവയുമായി തിരിച്ചുവരുമെന്നാണ് അവള്‍ കരുതുന്നത്.

ബസുകാരുടെ കുഴപ്പം തന്നെയാണ് അവളുടെ ജീവനെടുത്തത്. വളവ് തിരിയുമ്പോ വേഗതയെങ്കിലും അവര് കുറക്കണ്ടേ? അമിത വേഗതയില്‍ തന്നെ വളവ് തിരിഞ്ഞപ്പോഴാണ് അപകടം സംഭവിച്ചത്. ബസിന് ഡോര്‍ ഉണ്ടായിരുന്നില്ല. അതുണ്ടായിരുന്നെങ്കില്‍ ബസിനകത്തേക്ക് വീണാലും ചെറിയ പരിക്കുകളോടെയെങ്കിലും അവള്‍ രക്ഷപെട്ടേനെ.

നാഷിദ മരിക്കുന്നതിന് മുമ്പ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് ഇപ്പോഴും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. തന്റെ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് അമ്മയില്ലാതാക്കിയത് സ്വകാര്യ ബസുകാരുടെ വാശിയും മത്സരയോട്ടവും അശ്രദ്ധയുമാണെ് നാഷിദയുടെ ഭര്‍ത്താവ് താഹ പറയുന്നു. ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് സീറ്റ് ഒഴിഞ്ഞുനല്‍കാന്‍ ആരെങ്കിലും തയ്യാറായിരുന്നെങ്കില്‍ ഇന്നും നാഷിദ തങ്ങള്‍ക്കൊപ്പമുണ്ടായേനെ എന്നും അദ്ദേഹം പറഞ്ഞു. “ബസില്‍ ആദ്യമായി യാത്ര ചെയ്യുന്നയാളല്ല നാഷിദ. പക്ഷെ ആശുപത്രിയിലും മറ്റ് സ്ഥലങ്ങളിലും പോവുമ്പോള്‍ പരമാവധി സീറ്റുള്ള ബസുകള്‍ നോക്കിയേ ഞങ്ങള്‍ യാത്ര ചെയ്യാറുള്ളൂ. ഇത് അത്രയും നേരം നിന്നു മടുത്തിട്ട് എത്രയും വേഗം വീടെത്താമെന്ന പ്രതീക്ഷയിലായിരിക്കും അവള്‍ ആ ബസില്‍ കയറിയത്. ബസുകാര്‍ ഒരല്‍പ്പം ശ്രദ്ധ കാണിച്ചിരുന്നുവെങ്കില്‍ ഈ അപകടം ഉണ്ടാവില്ലായിരുന്നു. ഹൈഡ്രോളിക് ഡോര്‍ ഉള്ള ബസ് ആണ് ഇവിടെ ഓടുന്നതെല്ലാം. എന്നാല്‍ ദീര്‍ഘദൂര ബസുകളല്ലാതെ മറ്റ് ബസുകാരാരും വാതില്‍ അടക്കാറില്ല. എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തുമ്പോള്‍ വാതില്‍ തുറക്കേണ്ട പാട് ഓര്‍ത്ത് ഡ്രൈവര്‍മാര്‍ ഇത് തുറന്നിട്ടാണ് ഓടിക്കാറ്. എന്നാല്‍ ഹൈഡ്രോളിക് ഡോര്‍ വന്നപ്പോള്‍ ക്ലീനര്‍മാരെ ബസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ക്ലീനര്‍ ഡോറില്‍ ഉണ്ടെങ്കില്‍ ഒരാള്‍ പുറത്തേക്ക് തെറിച്ചുവീഴുന്നത് തടയാനെങ്കിലും പറ്റിയിരുന്നേനെ.

പിന്നെ, ഒരു ബസില്‍ ഒരു ഗര്‍ഭിണി കയറിയാല്‍ അവര്‍ക്ക് സീറ്റ് ഒഴിഞ്ഞു നല്‍കുക എന്ന സാമാന്യ മര്യാദയെങ്കിലും ഇവിടുത്തെയാളുകള്‍ പഠിക്കേണ്ടതാണ്. ഒരു സീറ്റ് മാറിക്കൊടുക്കാന്‍ ഒരാള്‍ക്കും തോന്നിയില്ല. ഗര്‍ഭിണിയായ സ്ത്രീക്ക് സീറ്റ് കൊടുക്കാന്‍ കണ്ടക്ടര്‍മാര്‍ ഒരുത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. എന്നാല്‍ അതും ഉണ്ടായില്ല. ഞങ്ങള്‍ക്ക് പോവാനുള്ളത് പോയി. പക്ഷെ ഇനിയെങ്കിലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമൂഹം തയ്യാറാവണം. അത് മാത്രമേ എനിക്ക് പറയാനുള്ളൂ. നാഷിദ അഞ്ച് ദിവസം ആശുപത്രിയില്‍ കിടന്നു, കുഞ്ഞ് ഇപ്പോഴും ആശുപത്രിയിലാണ്. ബസില്‍ നിന്നു വീണ് ഒരാള്‍ക്ക് പരിക്കേറ്റു, അവര്‍ മരിച്ചു-എന്നാല്‍ ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും ബസ് ഉടമകളുടെയോ തൊഴിലാളികളുടേയോ അസോസിയേഷന്‍ പ്രതിനിധികള്‍ ഒന്ന് വന്ന് കാണാന്‍ പോലും കൂട്ടാക്കിയില്ല. മരിച്ച സമയത്ത് ദു:ഖമറിയിക്കാന്‍ പോലും ആരും എത്തിനോക്കിയില്ല. റോഡരികില്‍ കച്ചവടം ചെയ്യുന്ന ഞാന്‍ നാട്ടുകാരുടേയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ആശുപത്രി ചെലവുകള്‍ വഹിച്ചത്. ഇപ്പോഴും ആശുപത്രിയില്‍ ആയിരങ്ങള്‍ ചെലവാണ്. അതെല്ലാം ഓരോരുത്തര്‍ സഹായിക്കുന്നതാണ്. പൂര്‍ണമായും ബസുകാരുടെ കുറ്റം കൊണ്ട് സംഭവിച്ച അപകടമായിട്ടുകൂടി ബസ് അസോസിയേഷനുകളുടെ ഭാഗത്തു നിന്ന് ഇതേവരെ ഒരനക്കവുമുണ്ടായിട്ടില്ല.”

നിറവേറ്റപ്പെടാതെ പോവുന്ന സാമൂഹിക ഉത്തരവാദിത്തം

സ്വാഭാവിക മരണങ്ങളോ പ്രകൃതി ദുരന്തം പോലുള്ളവ മൂലമുള്ള അസ്വാഭാവിക മരണങ്ങളും സംഭവിച്ചേക്കാം. എന്നാല്‍ അശ്രദ്ധ മൂലമുണ്ടാകുന്ന നാഷിദയുടേത് പോലുള്ള മരണങ്ങള്‍ക്ക് സമൂഹം തന്നെയാണ് ഉത്തരവാദികള്‍. മനുഷ്യാവകാശ കമ്മീഷന്‍ 2016 ല്‍ നടത്തിയ ഇടപെടലോടെ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളില്‍ ഗര്‍ഭിണികള്‍ക്കുള്ള സീറ്റ് ഉറപ്പാക്കിയിരിക്കണം എന്ന് മോട്ടോര്‍ വാഹന വകുപ്പ് നിയമഭേദഗതി കൊണ്ടുവന്നു. എന്നാല്‍ ഇത് ഇതേവരെ നടപ്പിലാക്കിയിട്ടില്ല. മൂന്ന് വര്‍ഷം മുമ്പാണ് ‘അമ്മയും കുഞ്ഞും’ സീറ്റ് കെഎസ്ആര്‍ടിസി ഉറപ്പാക്കുന്നത്. എന്നാല്‍ സീറ്റിന് മുകളില്‍ ‘അമ്മയും കുഞ്ഞും’ എന്ന് എഴുതി വച്ചതല്ലാതെ കൈക്കുഞ്ഞുമായി എത്തുന്ന അമ്മമാര്‍ക്ക് ഈ സീറ്റ് നല്‍കുന്നതിന് ബസ് കണ്ടക്ടര്‍മാര്‍ പോലും താത്പര്യമെടുക്കാത്ത കാഴ്ചയാണുള്ളത്. ഇതിനെതിരെ നിരവധി അമ്മമാര്‍ കെഎസ്ആര്‍ടിസിയിലും മോട്ടോര്‍വാഹന വകുപ്പിലും പരാതി നല്‍കിയിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ മനോജ് പറയുന്നു.

“നാഷിദയ്ക്ക് സംഭവിച്ചത് ആര്‍ക്കും ഏത് സമയത്തും സംഭവിക്കാവുന്ന കാര്യങ്ങളാണ്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹത്തിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളാണ് പ്രധാനമായും വേണ്ടത്. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തങ്ങളാലാവും വിധം പരിശോധനകളും ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. എന്നാല്‍ എത്ര ബോധവല്‍ക്കരിച്ചാലും മാറാത്ത സമൂഹമന:സ്ഥിതിയാണ്. അവിടെ സര്‍ക്കാരും ഉദ്യോഗസ്ഥരും പരാജയപ്പെട്ടുപോവുകയാണ്. ഗര്‍ഭിണിക്ക് ബസില്‍ സീറ്റ് നല്‍കണമെന്ന് നിയമമുണ്ട്. ബസുകാര്‍ക്ക് ഇത് സംബന്ധിച്ച അറിവുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ എന്താണ് നടുന്നുകൊണ്ടിരിക്കുന്നത്? കേരളത്തിലോടുന്ന എല്ലാ ബസുകളിലും പരിശോധന നടത്തി നിയമം നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാവില്ല. അപ്പോള്‍ അത് ഉത്തരവാദിത്തത്തോടെ നടപ്പാക്കേണ്ടത് ബസിലെ ജീവനക്കാരാണ്. അത് പലപ്പോഴും ഉണ്ടാവുന്നില്ല.

മുമ്പ് കെഎസ്ആര്‍ടിസി ബസില്‍ നടപ്പാക്കിയ അമ്മയും കുഞ്ഞും സീറ്റിന്റെയും അവസ്ഥയും ഇതുതന്നെയാണ്. നൂറ് കണക്കിന് പരാതികളാണ് കെഎസ്ആര്‍ടിസിയിലും മോട്ടോര്‍വാഹന വകുപ്പിലും ഇത് സംബന്ധിച്ച് ലഭിച്ചിട്ടുള്ളത്. കുഞ്ഞുമായി എത്തുന്ന അമ്മമാര്‍ക്കും, ഗര്‍ഭിണികള്‍ക്കുമായി സീറ്റ് ഒഴിഞ്ഞു കൊടുക്കാനുള്ള ഉത്തരവാദിത്തവും മന:സാക്ഷിയും പൊതുജനവും കാണിക്കണം. പൊതുജനത്തിന്റെ മാനസികാവസ്ഥ അവര്‍ തന്നെയാണ് മാറ്റേണ്ടത്. അല്ലാതെ അതില്‍ ആര്‍ക്കും ഒരുത്തരവാദിത്തവും ഏറ്റെടുക്കാനാവില്ല. മന:സാക്ഷി മരിച്ച സമൂഹമാണ് നമ്മുടേതെന്ന് തെളിയിക്കുന്നതാണ് നാഷിദയുടെ മരണം.

മറ്റൊരുകാര്യം സ്വകാര്യ ബസുകാരുടെ ഉത്തരവാദിത്തമില്ലായ്മയാണ്. പരിശോധനയ്ക്ക് വരുമ്പോള്‍ ഡോര്‍ എല്ലാം ഫിറ്റ് ചെയ്ത് കൊണ്ടുവരും. പരിശോധന കഴിഞ്ഞാല്‍ പല ബസിലും ഡോര്‍ ഉണ്ടാവില്ല. ഉണ്ടെങ്കില്‍ തന്നെ അടയ്ക്കാറുമില്ല. പറയാവുന്നിടത്തോളം ഉദ്യോഗസ്ഥര്‍ ബസുകാരോട് പറയാറുണ്ട്. പിഴയീടാക്കാറുണ്ട്. ശിക്ഷ നല്‍കാറുണ്ട്. പക്ഷെ ഒന്നിലും ഒരു മാറ്റവുമില്ല. ഇതിനെതിരെയും പൊതുജനം തന്നെ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ഉദ്യോഗസ്ഥര്‍ അതിന് വേണ്ട എന്ത് സഹായവും നല്‍കാം. അതേ ഇനി ഞങ്ങള്‍ക്ക് ചെയ്യാനാവൂ.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍