“കിടക്കയുടെ എണ്ണത്തിന് ആനുപാതികമായാണ് വേതനം നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ, സ്വകാര്യ അശുപത്രികളെല്ലാം ഉത്തരവു വന്നതോടെ കിടക്കകളുടെ എണ്ണം കുറയ്ക്കുകയാണ് ചെയ്തത്.”
‘സ്വകാര്യ മേഖലയിലെ നേഴ്‌സുമാരുടെ ശമ്പളം ഇരട്ടിയിലധികമായെന്നും സര്‍ക്കാര്‍ നേഴ്‌സുമാരുടെ അതേ ശമ്പളമാണിപ്പോള്‍ ലഭിക്കുന്നതെന്നും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത് തൊഴില്‍ വകുപ്പിലെ ഒരു ഉന്നത് ഉദ്യോഗസ്ഥനാണ്. അഞ്ചു മിനുട്ട് സമയമെടുത്ത് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ മാത്രമാണ്, സാധാരണ ശമ്പള പരിഷ്‌കരണ ഉത്തരവിനു തുല്യമാണിതെന്ന് അദ്ദേഹത്തിനു പോലും തിരിച്ചറിയാനായത്. മുതിര്‍ന്ന ഒരു ഓഫീസറുടെ മനസ്സിലെ കണക്കുകൂട്ടല്‍ പോലും ഇതാണ്. ഇവിടെ ഒന്നും മാറിയിട്ടില്ലെന്ന് പൊതുജനങ്ങളെയും മാധ്യമങ്ങളെയും പറഞ്ഞു മനസ്സിലാക്കാന്‍ ധാരാളം സമയമെടുക്കും.’ ‘വിജയിച്ച’ നഴ്‌സ് സമരത്തെക്കുറിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്.
നേഴ്‌സ് സമരത്തില്‍ നേടിയെന്നു പറയപ്പെടുന്ന അവകാശങ്ങളെല്ലാം ഇവര്‍ക്ക് ഇപ്പോഴും കിട്ടാക്കനിയാണ്. സുപ്രീം കോടതി നിര്‍ദ്ദേശങ്ങളെ അട്ടിമറിച്ചിറങ്ങിയ സര്‍ക്കാര്‍ ഉത്തരവു പോലും പൂര്‍ണമായും നടപ്പില്‍ വരുത്താനായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവകാശസമരവുമായി വീണ്ടു തെരിവിലറങ്ങാന്‍ നിര്‍ബന്ധിതരാകുകയാണിവര്‍. സംസ്ഥാനവ്യാപകമായി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള സമരം പ്രാദേശിക തലത്തില്‍ തിരുവനന്തപുരം അല്‍ ആരിഫ് ആശുപത്രിയിലെ നഴ്‌സുമാര്‍ ആരംഭിച്ചു കഴിഞ്ഞു.
മിനിമം വേതനം വര്‍ദ്ധിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള നഴ്‌സുമാരുടെ ചരിത്രപരമായ സമരത്തിനൊടുവില്‍, അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയായി നിശ്ചയിക്കണമെന്നും, ഇരുപതില്‍ത്താഴെ കിടക്കകളുള്ള ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ തുക നിജപ്പെടുത്തണമെന്നുമായിരുന്നു ഉത്തരവിറങ്ങിയത്. ഇരുപതു മുതല്‍ അന്‍പതു വരെ കിടക്കകളുള്ള ആശുപത്രികളില്‍ പത്തു ശതമാനം, അന്‍പതു മുതല്‍ നൂറുവരെ ഇരുപതു ശതമാനം എന്നിങ്ങനെ അലവന്‍സ് നല്‍കാനും, നൂറു കിടക്കകള്‍ക്കു മേലെയുള്ള ആശുപത്രികളിലെ നേഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ മേഖലയിലെ ശമ്പളം ഉറപ്പുവരുത്തണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശം. സര്‍ക്കാര്‍ ഉത്തരവില്‍ അത് നൂറു കിടക്കകള്‍ക്കു വരെ ഇരുപതിനായിരവും, നൂറിനും മുന്നൂറിനുമിടയില്‍ കിടക്കകളുള്ളിടങ്ങളില്‍ ഇരുപതു ശതമാനം അലവന്‍സും എന്നാക്കി മാറ്റിയിരുന്നു.
ഈ നഷ്ടം മാറ്റിനിര്‍ത്താന്‍ നഴ്‌സുമാര്‍ തയ്യാറാണ്. പക്ഷേ, സ്വകാര്യ ആശുപത്രികളെല്ലാം തന്നെ സര്‍ക്കാര്‍ ഉത്തരവ് നടപ്പില്‍ വരുത്തണമെന്ന ന്യായമായ ആവശ്യമാണ് അവര്‍ പകരം മുന്നോട്ടു വയ്ക്കുന്നത്. എട്ടുമാസത്തിലധികം സമയം ലഭിച്ചിട്ടും, മിക്ക ആശുപത്രികളിലും ഇപ്പോഴും മിനിമം വേതനം കൃത്യമായി നിജപ്പെടുത്തിയിട്ടില്ല. ശമ്പള കുടിശ്ശിക കിട്ടാന്‍ ബാക്കിയുള്ളവരും ഒട്ടനേകമുണ്ട്. ട്രെയിനികള്‍ക്കു നിശ്ചയിച്ചിരിക്കുന്ന വേതനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിലും സ്വകാര്യ മേഖലയിലെ നേഴ്‌സുമാര്‍ക്ക് അമര്‍ഷമുണ്ട്. വന്‍ വിജയമെന്നു പ്രഖ്യാപിക്കപ്പെട്ട നഴ്‌സ് സമരത്തിനു ശേഷവും സ്വകാര്യ ആശുപത്രികളുടെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്നും, സര്‍ക്കാര്‍ നിര്‍ണയിച്ച ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ തങ്ങള്‍ക്കായിട്ടില്ലെന്നും പറയുകയാണിവര്‍. അവകാശങ്ങള്‍ക്കായി വീണ്ടും കേരളത്തിലെ സ്വകാര്യ മേഖലയിലെ നേഴ്‌സുമാര്‍ സമരത്തിനൊരുങ്ങുകയാണ്.
‘ഒക്ടോബര്‍ മുതല്‍ക്കുള്ള ശമ്പളം മുന്‍കാല പ്രാബല്യത്തോടെ കൊടുക്കണമെന്നു പറഞ്ഞിരുന്നു. അതുണ്ടായില്ല. കിടക്കയുടെ എണ്ണത്തിന് ആനുപാതികമായാണ് വേതനം നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ, സ്വകാര്യ അശുപത്രികളെല്ലാം ഉത്തരവു വന്നതോടെ കിടക്കകളുടെ എണ്ണം കുറയ്ക്കുകയാണ് ചെയ്തത്. കോടതി വിധിയെ യഥാര്‍ത്ഥത്തില്‍ അട്ടിമറിക്കുകയാണ്. കിടക്കകളുടെ എണ്ണം കുറയ്ക്കുമ്പോഴും, രോഗികളുടെ എണ്ണത്തിലോ തിരക്കിന്റെ കാര്യത്തിലോ കുറവുണ്ടാകുന്നില്ല. എങ്കിലും, രേഖകളില്‍ കിടക്കകളുടെ എണ്ണം കുറഞ്ഞതോടെ സ്‌കെയിലില്‍ വ്യത്യാസം വരികയും ശമ്പളത്തില്‍ വര്‍ദ്ധനവില്ലാതെ പോകുകയുമാണ്. അതിനു പുറമേയാണ് കുടിശ്ശിക തന്നു തീര്‍ക്കാതിരിക്കുന്നതും. ഈ പ്രശ്‌നങ്ങളെല്ലാം സംസ്ഥാന വ്യാപകമായി ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലുമുണ്ടെങ്കിലും തിരുവനന്തപുരത്തെ അല്‍ ആരിഫ് ആശുപത്രിയിലെ നേഴ്‌സുമാരാണ് നിലവില്‍ പ്രാദേശിക സമരവുമായി മുന്നോട്ടു വന്നിരിക്കുന്നത്. 29ന് നടക്കാനിരിക്കുന്ന യോഗത്തില്‍ സംഘടന ഈ വിഷയം ചര്‍ച്ച ചെയ്ത് വ്യക്തമായ തീരുമാനമെടുക്കും’ സംഘനയുടെ വൈസ് പ്രസിഡണ്ട് സുനീഷ് പറയുന്നു.
‘2017 ജൂണിലാണ് ഇതിന്റെ പേരില്‍ സമരങ്ങളാരംഭിക്കുന്നത്, സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍. ആ സമരത്തിന്റെ സമയത്തു തന്നെ ഈ സ്വകാര്യ ആശുപത്രികളെല്ലാം ചികിത്സാച്ചെലവുകള്‍ ഇരട്ടിയോളമാക്കിയിരുന്നു. വേതനം വര്‍ദ്ധിപ്പിക്കേണ്ടിവരും എന്ന് മുന്‍കൂട്ടിക്കണ്ടുകൊണ്ട് ചെയ്തതു തന്നെയാണത്. വിഷയം സംബന്ധിച്ച കരട് ഉത്തരവ് വരുന്നതാകട്ടെ, ആ വര്‍ഷം നവംബറിലും. സുപ്രീം കോടതി നിര്‍ദ്ദേശം അതേപടി അംഗീകരിക്കുന്ന രീതിയില്‍ കരട് ഉത്തരവ് വന്നതോടെ ഇവര്‍ വീണ്ടും ചാര്‍ജില്‍ വര്‍ദ്ധനവു വരുത്തി. ഈ കരട് അഡ്വൈസറി ബോര്‍ഡ് ചര്‍ച്ചയ്ക്കു വച്ച ശേഷം അതില്‍ ധാരാളം മാറ്റങ്ങള്‍ വന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കരടിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള തുകയില്‍ നൂറ്റിപ്പത്തു ശതമാനം വരെ വെട്ടിത്തിരുത്തലുണ്ടായിട്ടുണ്ട്.’ സിബി മുകേഷ് വിശദീകരിച്ചു.
മാധ്യമങ്ങളും മറ്റും പ്രചരിപ്പിച്ചതു പോലെ കുത്തനെയുള്ള വര്‍ദ്ധനവൊന്നും മിനിമം വേതനത്തില്‍ ഇക്കാരണത്താല്‍ ഉണ്ടായില്ലെന്നും, സാധാരണ ഗതിയില്‍ ഉണ്ടാകുന്നത്ര മാത്രമേ തുകയില്‍ വ്യത്യാസം വന്നിട്ടുള്ളൂ എന്നും അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ക്കുള്ള വേതനം മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നെങ്കിലും, ഇതുവരെ സംസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രി അധികൃതരും അതു നടപ്പില്‍ വരുത്തിയിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇരൂന്നൂറു ശതമാനം വരെ ചികിത്സാച്ചിലവു കൂട്ടിയ ആശുപത്രികളുണ്ടെന്നും, എന്നാല്‍ ഇത്തരത്തില്‍ ശമ്പള വര്‍ദ്ധനവിന് വകയിരുത്താന്‍ തുക കണ്ടെത്തിയ ആശുപത്രിയധികൃതര്‍ക്ക് പക്ഷേ അത്രയും തുക ശമ്പളയിനത്തില്‍ നല്‍കേണ്ടി വരുന്നില്ലെന്നും പരാതിയുണ്ട്. ഫലത്തില്‍, രോഗികളുടെ കൈയില്‍ നിന്നും തുക നഷ്ടമാകുകയും, എന്നാലത് ജീവനക്കാരുടെ കൈകളില്‍ എത്താതിരിക്കുകയുമാണ്.
‘തിരുവനന്തപുരം ജില്ല മാത്രമെടുത്താല്‍, സര്‍ക്കാര്‍ ഉത്തരവ് കൃത്യമായി നടപ്പാക്കിയ രണ്ടോ മൂന്നോ ആശുപത്രികള്‍ മാത്രമേയുള്ളൂ. ബാക്കിയെല്ലായിടത്തും അലവന്‍സ് വെട്ടിക്കുറച്ചാണ് തുക കണ്ടെത്തിയിരിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങിനെയായ സ്ഥിതിക്ക് വരും ദിവസങ്ങളില്‍ പ്രക്ഷോഭത്തിലേക്കു നീങ്ങുകയല്ലാതെ ഞങ്ങള്‍ക്കു വേറെ മാര്‍ഗ്ഗമില്ല. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍വരുത്താനുള്ള ശ്രമങ്ങള്‍ തൊഴില്‍ വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് മൂന്നു മാസം മുന്നേ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രിയുടമകള്‍ കേസില്‍ സ്റ്റേ ആവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഇത്തരമൊരു നീക്കമുണ്ടായത്. അത് ഇന്നേവരെ സര്‍ക്കാര്‍ ചലഞ്ച് ചെയ്തിട്ടില്ല. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ്. അതിനെതിരെ സര്‍ക്കാരിന് വേണമെങ്കില്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാവുന്നതേയുള്ളൂ. അതുണ്ടായിട്ടില്ല.’
ജോലി ചെയ്യുന്ന ആദ്യവര്‍ഷക്കാലം, അതായത് ട്രെയിനിയായിരിക്കുമ്പോള്‍, ആറായിരം രൂപയാണ് ഇപ്പോഴും ശമ്പളം. അതു വര്‍ദ്ധിപ്പിച്ച് കുറഞ്ഞത് പതിനായിരമാക്കണമെന്ന് വിദഗ്ധ കമ്മറ്റി സര്‍ക്കാരിന് ഒരു വര്‍ഷം മുന്നേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെങ്കിലും, ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഉത്തരവിട്ടിട്ടില്ല എന്നതും നേഴ്‌സുമാര്‍ ഉന്നയിക്കുന്ന ഗുരുതര പ്രശ്‌നങ്ങളിലൊന്നാണ്. ട്രെയിനി സിസ്റ്റം പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെങ്കിലും, ഏറ്റവും ചുരുങ്ങിയത് ട്രെയിനികളുടെ ശമ്പളം മാറ്റി നിര്‍ണയിക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഇവര്‍ പറയുന്നു.
സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളില്‍ ഇതേ സാഹചര്യമാണ് തുടര്‍ന്നു വരുന്നതെങ്കിലും, തിരുവനന്തപുരം അല്‍ ആരിഫ് ആശുപത്രിയിലെ സ്ഥിതി കുറേക്കൂടി ശോചനീയമാണ്. ഒരുതരത്തിലും ശമ്പളവര്‍ദ്ധനവുമായി ബന്ധപ്പെട്ട ഒരു നടപടിയുമെടുക്കാത്ത തിരുവനന്തപുരത്തെ ഏക ആശുപത്രി അല്‍ ആരിഫ് ആണെന്ന് നേഴ്‌സുമാര്‍ പറയുന്നു. പണിമുടക്കാതെയുള്ള സമരം ഇപ്പോള്‍ ആശുപത്രിക്കു മുന്‍പില്‍ നടക്കുന്നുണ്ട്. ശനിയാഴ്ച മുതല്‍ സമരമുറകള്‍ കടുപ്പിക്കാനും, ഉപവാസ സമരത്തിലേക്ക് നീങ്ങാനും തീരുമാനിച്ചിരിക്കുകയാണിവര്‍. ‘ഇരുപതിനായിരം രൂപ അടിസ്ഥാന ശമ്പളം എന്ന തീരുമാനം ഇവിടെ ഇതുവരെയും ഉണ്ടായിട്ടില്ല. എട്ടും പത്തും കൊല്ലമായി ഇവിടെ ജോലിനോക്കുന്നവരുണ്ട്. അവര്‍ക്കു പോലും ഇവിടെ വര്‍ദ്ധനവില്ല. ശമ്പളം കൂട്ടാന്‍ പറ്റില്ല, ആശുപത്രി തന്നെ അടച്ചു പൂട്ടാന്‍ പോകുന്നു എന്നെല്ലാമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുറച്ചു നേഴ്‌സുമാരുടെ സമരം കാരണം ആശുപത്രി അടച്ചു പൂട്ടേണ്ട അവസ്ഥ വന്നിരിക്കുകയാണ്, ഞങ്ങള്‍ കുറച്ചു പേര്‍ കാരണം ബാക്കിയുള്ള തൊഴിലാളികളുടെ ജീവിതം കൂടി നശിക്കുന്നു എന്നെല്ലാം ഇവിടെ ഫ്‌ളക്‌സ് അടിച്ചു വച്ചിട്ടുണ്ട്.‘ അല്‍ ആരിഫിലെ നഴ്‌സുമാരിലൊരാള്‍ പറഞ്ഞതിങ്ങനെ. മാനേജ്‌മെന്റ് പറഞ്ഞു മനസ്സുമാറ്റിയ ചിലരൊഴിച്ചാല്‍ ബാക്കിയെല്ലാവരും തങ്ങളോടൊപ്പമുണ്ടെന്നും ഇവര്‍ പറയുന്നു.
അതേസമയം, ഹൈക്കോടതിയില്‍ സ്‌റ്റേ നിലവിലുള്ളതിനാല്‍ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്താനും നടപടികളെടുക്കാനും തങ്ങള്‍ക്കാവില്ലെന്നാണ് ലേബര്‍ കമ്മീഷണര്‍ അലക്‌സാണ്ടര്‍ ഐ.എ.എസിന്റെ പക്ഷം. ‘ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കര്‍ശനമായ നടപടികളിലേക്കു പോകരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ആ വിലക്കു നീങ്ങിയാലേ ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനാകൂ. മിക്കയിടങ്ങളിലും കൃത്യം വേതനം കൊടുക്കുന്നുണ്ടെന്നും, ചിലയിടങ്ങളില്‍ അങ്ങിനെയല്ലെന്നുമാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. നിയമതടസ്സം നീങ്ങുന്ന മുറയ്ക്ക് അത്തരം വിഷയങ്ങളില്‍ ഇടപെടും. സമരത്തിനു പോകേണ്ട ഒരു സാഹചര്യം നിലവിലില്ലെന്നാണ് തോന്നുന്നത്. ശമ്പളം പലരും കൊടുന്നുണ്ടെന്നു തന്നെയാണ് അറിഞ്ഞത്. അല്ലാത്തയിടങ്ങളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ നിര്‍ദ്ദേശിക്കും. എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിലവലുണ്ടെങ്കില്‍ ഇരുകൂട്ടരെയും വിളിച്ചിരുത്തി പരിഹാരം കാണാന്‍ ഞങ്ങള്‍ തയ്യാറുമാണ്.’
സമരം ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നും, പരാതികളുമായി അടുത്ത കാലത്ത് തന്നെയാരും സമീപിച്ചിട്ടില്ലെന്നും കമ്മീഷണര്‍ പറയുന്നുണ്ടെങ്കിലും, സര്‍ക്കാര്‍ അധികൃതരെ പല തവണ കണ്ട് സംസാരിച്ച കഥകള്‍ പറയാനുണ്ട് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്. കേരളമൊട്ടാകെ വിജയമെന്നു വിധിയെഴുതിയ ഒരു സമരത്തിന്റെ തുടര്‍ച്ചയുമായി നേഴ്‌സുമാര്‍ക്ക് വീണ്ടും തെരുവിലിറങ്ങേണ്ടി വന്നാല്‍, അത് വലിയൊരു അവകാശലംഘനത്തിന്റെയും ചരിത്രപരമായ വഞ്ചനയുടെയും രേഖപ്പെടുത്തലായിരിക്കും.
ഇവരെ ഇനിയും തെരുവില്‍ നിര്‍ത്തരുത്; സമരം ചെയ്യേണ്ടവരല്ല ഭൂമിയിലെ മാലാഖമാര്‍