UPDATES

ട്രെന്‍ഡിങ്ങ്

നിയമങ്ങള്‍ കാറ്റില്‍ പറത്തി വട്ടിപ്പന ക്വാറി; ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് ഈ ഗ്രാമം

“സ്വന്തം വീട്ടിൽ രണ്ടുപേർ സംസാരിച്ചാൽ പരസ്പരം കേൾക്കാൻ പോലും വയ്യാത്ത അവസ്ഥയാണ് മോളെ..എപ്പോഴും പൊട്ടലും ചീറ്റലും കുലുക്കവും തന്നെ. അധ്വാനിച്ച് വിയർപ്പൊഴുക്കി കെട്ടിപ്പടുത്ത ഈ വീട്ടിൽ നിന്നും ഇത്തിരി ശാന്തത കിട്ടാൻ ഞങ്ങൾ ഇനി എങ്ങോട്ടാണ് പോകേണ്ടത്..?”

ദീഷ്‌ണ സി.

ദീഷ്‌ണ സി.

“സ്വന്തം വീട്ടിൽ രണ്ടുപേർ സംസാരിച്ചാൽ പരസ്പരം കേൾക്കാൻ പോലും വയ്യാത്ത അവസ്ഥയാണ് മോളെ..എപ്പോഴും പൊട്ടലും ചീറ്റലും കുലുക്കവും തന്നെ. അധ്വാനിച്ച് വിയർപ്പൊഴുക്കി കെട്ടിപ്പടുത്ത ഈ വീട്ടിൽ നിന്നും ഇത്തിരി ശാന്തത കിട്ടാൻ ഞങ്ങൾ ഇനി എങ്ങോട്ടാണ് പോകേണ്ടത്..?”

കേരളത്തിലെ ഒരു ചെറു ഗ്രാമത്തിലെ ക്വാറിയ്ക്ക് സമീപം താമസിക്കുന്ന വീട്ടുടമസ്ഥന്റേതാണ് നിസഹായമായ ഈ ചോദ്യം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയ്ക്ക് സമീപമുള്ള കാവിലുംപാറ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയാണ് ജനജീവിതത്തിനും പ്രകൃതി സമ്പത്തിനും ഭീഷണിയായി മാറിയിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കിഴക്കൻ മലയോര മേഖലയായ വട്ടിപ്പനയിലാണ് കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്.

വനപ്രദേശത്തോട് ചേർന്ന് കിടക്കുന്ന പഞ്ചായത്താണ് കാവിലുംപാറ. ഒട്ടേറെ തവണ ഉരുൾപൊട്ടലും മലവെള്ള പാച്ചിലും ഉണ്ടായ ഇവിടെ പ്രകൃതി ദുരന്തങ്ങളിൽ നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. വീണ്ടും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുമോയെന്ന ഭയവും ജീവന് മാത്രമല്ല പ്രകൃതിയ്ക്കും വരും തലമുറയ്ക്കും വിപത്ത് സൃഷ്ടിയ്ക്കുമോയെന്ന ആശങ്കയുമാണ് ജനങ്ങളെ കരിങ്കൽ ക്വാറിക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചിരിക്കുന്നത്. നിരവധി തവണ ജനകീയ സമരങ്ങളും പരാതികളും കേസുകളുമായി ജനങ്ങൾ തങ്ങളുടെ പ്രതിഷേധം അധികാരികളെയും മുതലാളിമാരെയും അറിയിച്ചു കഴിഞ്ഞു. എന്നാല്‍ പണമെറിഞ്ഞ് എന്തിനെയും സ്വാധീനിക്കാൻ കഴിവുള്ള മുതലാളിമാരാണ് ക്വാറിക്ക് പിന്നില്‍ എന്നത് എല്ലാം വിഫലമാക്കി.

എറണാകുളം സ്വദേശി സുൽഫിക്കറിന്റെ ഉടമസ്ഥതയിലുള്ളതാണ് വട്ടിപ്പന കരിങ്കൽ ക്വാറി. നൂറ് ഏക്കറോളം ഭൂമി നിലവിൽ ഉള്ള വിലയുടെ നാലിരട്ടി പണം കൊടുത്താണ് ഉടമസ്ഥരിൽ നിന്ന് ഇദ്ദേഹം വിലയ്ക്ക് വാങ്ങിയത് എന്നു നാട്ടുകാര്‍ പറയുന്നു. പ്രവർത്തനങ്ങളിൽ അപാകതകൾ കാണാതിരുന്നതുകൊണ്ട് 2011 ൽ ആദ്യമായി ക്വാറിയ്ക്ക് പഞ്ചായത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചു. എന്നാൽ, തുടരെ തുടരെയുള്ള പാറ പൊട്ടിക്കലിന്റെയും മറ്റു പ്രവർത്തനങ്ങളുടെയും പ്രത്യാഘാതങ്ങളും ജന ജീവിതത്തിനും പരിസ്ഥിതിയ്ക്കും ഉയർന്നുവരുന്ന ഭീഷണിയും കണക്കിലെടുത്ത് പിന്നീട് ലൈസൻസ് പുതുക്കി നൽകരുതെന്ന തീരുമാനം പഞ്ചായത്ത് സ്വീകരിക്കുകയായിരുന്നു.

ക്വാറിയുടെ റജിസ്ട്രേഷനും മറ്റ് അനുബന്ധ ഘടകങ്ങളുടെയും തുടക്കം എറണാകുളം ആയതിനാൽ ലൈസൻസ് പുതുക്കി നൽകരുതെന്ന പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ ക്വാറി ഉടമ ഹൈക്കോടതിയിലാണ് കേസ് നല്‍കിയത്. മതിയായ രേഖകളും തെളിവുകളും ഹാജരാക്കുന്ന പക്ഷം ക്വാറിയ്ക്ക് ലൈസൻസ് പുതുക്കി നൽകാമെന്ന് പഞ്ചായത്ത് കോടതിയ്ക്ക് മുൻപാകെ ബോധിപ്പിക്കുകയായിരുന്നു. ഒടുവില്‍ വ്യക്തമായ തെളിവുകൾ ഹാജരാക്കിയിട്ടും പഞ്ചായത്ത് പുതുക്കിയ ലൈസൻസ് അനുവദിക്കാത്തതിനാൽ ഭരണ സമിതിയ്ക്കും സെക്രട്ടറിക്കുമെതിരെ കോടതിയലക്ഷ്യത്തിന് കേസ് വന്നു. തുടര്‍ന്ന് ക്വാറിയില്‍ വീണ്ടും പാറകൾ പൊട്ടിത്തുടങ്ങി.

സാം കുട്ടി മാത്രമല്ല, ഉള്ളില്‍ തീയുമായി നടക്കുന്ന ഒരു നടരാജനുമുണ്ടിവിടെ

പ്രദേശത്തെ താമസക്കാരനും വട്ടിപ്പന ക്വാറിക്കെതിരയുള്ള സമരങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന റെനീഷ് പറയുന്നു; “ക്വാറിയ്ക്കെതിരെയുള്ള പ്രതിഷേധം ഒരു ജനകീയ സമരമായി മാറിയപ്പോൾ, ഒരു സംഘം ആളുകൾ നാട്ടുകാരിൽ നിന്നും ക്വാറിക്കെതിരായുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കടലാസുകളിൽ ഒപ്പുവെച്ചു വാങ്ങിയിരുന്നു. എന്നാൽ, അതൊരു ചതിയായിരുന്നു. അവർ ഉടമകൾ തന്നെ പറഞ്ഞയച്ച ആളുകളായിരുന്നു. ആളുകളുടെ ഒപ്പുകൾ ലഭിച്ച ശേഷം, അവർ ‘ക്വാറിയ്ക്കെതിരെ’ എന്ന കടലാസുകൾ മാറ്റുകയും, പകരം ക്വാറിയുടെ പ്രവർത്തനത്തിന് ജനങ്ങളുടെ പൂർണ്ണ അനുമതി എന്നു പറയുന്ന പേപ്പറുകൾ പകരം ചേർക്കുകയുമാണുണ്ടായത്. മറ്റൊരു കാര്യം, ഒപ്പുവെച്ചവർ ഉൾപ്പെടെ നാട്ടുകാരിൽ ഒരു വലിയ ശതമാനം ആളുകളെയും ക്വാറി ഉടമകൾ വിലയ്ക്ക് വാങ്ങിയിരുന്നു എന്നുള്ളതാണ്. വലിയ തുക പണമെറിഞ്ഞ് ഓരോരുത്തരെയും തങ്ങളുടെ പക്ഷത്തേക്ക് ചേർത്ത് നിർത്തിയിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ്, സ്ത്രീകൾ മാത്രം നേതൃത്വം വഹിച്ചു കൊണ്ടുള്ള ഒരു സമരം ആസൂത്രണം ചെയ്തപ്പോൾ, പതിനഞ്ചോളാം സ്ത്രീകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുന്നോട്ടുവന്ന സമരത്തിന് പ്രതിഷേധമറിയിച്ച ദിവസം കാണാൻ കഴിഞ്ഞത് വെറും അഞ്ചു സ്ത്രീകളുടെ സാന്നിധ്യം മാത്രമാണ്. ബാക്കിയുള്ളവരെ അവർ വിലയ്ക്കെടുത്തിരുന്നു. തങ്ങൾക്കെതിരെ ആരു നീങ്ങിയാലും അതിനെതിരെ പണമെറിഞ്ഞുള്ള സ്വാധീനമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്.

പോത്തുപാറയിലെ ടിപ്പര്‍ മുതലാളിമാര്‍ അഥവാ നിശബ്ദതയുടെ രാഷ്ട്രീയം

മതിയായ തെളിവുകൾ ഹാജരാക്കാത്ത പക്ഷം ലൈസൻസ് പുതുക്കി നൽകില്ലെന്ന പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ ഉടമകൾ കേസ് കൊടുക്കുകയും കേസിൽ അവർ ജയിക്കുകയും ചെയ്തു. അങ്ങനെയാണ് ഇപ്പോൾ വീണ്ടും ക്വാറി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. മൂന്ന് ആഴ്ചയായി വീണ്ടും പാറകൾ പൊട്ടി തുടങ്ങിയിരിക്കുന്നു. ഒരു കരിങ്കൽ ക്വാറിയുടെ പ്രവർത്താനാനുമതിയ്ക്ക് ജിയോളജി വകുപ്പിന്റെ പെർമിറ്റ് അടക്കം മതിയായ ഒൻപതോളം രേഖകൾ ആവശ്യമാണ്. ഇതെല്ലാം അവർ നേരായ വഴിയിലൂടെയോ കൃത്യമായ കണക്കുകൾ ഹാജരാക്കിയോ സമ്പാദിച്ചതല്ല. അങ്ങനെയായിരുന്നെങ്കിൽ ഇപ്പോൾ പ്രതിഷേധ സമരം ഉയരേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നു.

പാറ ഉണ്ടായിരുന്നു എന്നതും കരിങ്കൽ ക്വാറിയ്ക്ക് സാധ്യതയുണ്ട് എന്നതും ക്വാറി ഉടമകൾക്ക് ഭൂമി വിൽക്കുമ്പോൾ ജനങ്ങൾക്ക് അറിയില്ലായിരുന്നു. ആ അറിവില്ലായ്മ പോലും ചൂഷണം ചെയ്യപ്പെടുകയാണുണ്ടായത്. ഏറ്റവും അപകടകരമായ കാര്യം, ബാണാസുര അണക്കെട്ട് വട്ടിപ്പന മലയുടെ തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത് എന്നുള്ളതാണ്. ഇത്രയും വലിയൊരു ക്വാറി വർഷങ്ങളോളം തുടരെ പൊട്ടിച്ചുകൊണ്ടിരുന്നാൽ അത് അണക്കെട്ടിന്റെ നിലനില്‍പ്പിനെ ബാധിക്കും. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സമീപ പ്രദേശങ്ങളിൽ എത്ര വലിയ ദുരന്തങ്ങൾക്ക് അത് വഴിയൊരുക്കുമെന്നുള്ളത് പ്രവചിക്കാൻ പോലും സാധിക്കില്ല.
ഒരുപാട് വർഷങ്ങളിൽ മലവെള്ളപ്പാച്ചിലുണ്ടായിരുന്ന പശുക്കടവ് സ്ഥിതി ചെയ്യുന്നതും വട്ടിപ്പന മലയുടെ തൊട്ടരികിലുള്ള പടിഞ്ഞാറത്തറ ഫോറസ്റ്റിന് സമീപമാണ്. 2016 സെപ്‌തംബറിൽ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ പുഴയിൽ കുളിച്ചുകൊണ്ടിരുന്ന ആറു പേരാണ് മരണപ്പെട്ടിരുന്നത്. രക്ഷാപ്രവർത്തനത്തിനിറങ്ങിയിരുന്ന എനിക്കും പരിക്കുകൾ ഉണ്ടായിരുന്നു. കാലിനേറ്റ പരിക്കുകൾ മൂലം ഒരു വർഷത്തോളം ജോലിയ്ക്ക് പോകുവാൻ പോലും സാധിച്ചിരുന്നില്ല. ഒരുപാട് വർഷങ്ങളിൽ ഉണ്ടായ ഉരുൾപ്പൊട്ടലിനൊപ്പം ഇത്രയും വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്ന പ്രകൃതി ദുരന്തങ്ങൾ കൂടെ സംഭവിച്ച കാവിലുംപാറ പഞ്ചായത്തിലാണ് ഇപ്പോൾ ഈ ക്വാറി സ്ഥിതി ചെയ്യുന്നത്. ഉണ്ടാകാൻ പോകുന്ന വലിയ വിപത്തിനെ തങ്ങളാലാവുന്ന രീതിയിൽ ഇവിടുത്തുകാർ പ്രതിരോധിക്കുന്നുണ്ട്. പക്ഷെ, മുതലാളിമാരുടെ പണക്കൊഴുപ്പിന് മുൻപിൽ ജനങ്ങൾക്ക് നിസ്സഹായരായി നിൽക്കേണ്ടി വരുകയാണ്.

പത്തനംതിട്ട കലഞ്ഞൂരിലെ നടരാജന്‍ എന്ന ഭൂപ്രഭുവിന്‍റെ കഥ

ഇവിടുത്തുകാർ വികസന വിരോധികളല്ല. നിരവധി ചെറുക്വാറികൾ ഈ പ്രദേശത്തുതന്നെയുണ്ട്. അവയൊന്നും ജനങ്ങളുടെയും പരിസ്ഥിതിയുടെയും സ്വാഭാവിക നിലനിൽപ്പിന് കോട്ടം വരുത്തുന്നതല്ല. ഇത്തരം വൻകിട ക്വാറികളിലേക്കുള്ള കടന്നുകയറ്റമാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമൊരുക്കാൻ പോകുന്നത്.

കാവിലുംപാറ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പരിധിയിൽപ്പെടുന്നതാണ്. റിപ്പോർട്ട് നടപ്പാക്കിയ കാലഘട്ടങ്ങളിൽ അതിനെതിരെ ഒരുപാട് സമരങ്ങൾ ഇവിടെ നടന്നിരുന്നു. ക്വാറിയുടെ തുടരെത്തുടരെയുള്ള സ്ഫോടനത്തിനെതിരെ, നിയമപരമായും സമരം ചെയ്തും മുന്നോട്ട് പോവുക എന്നുതന്നെയാണ് ജനങ്ങളുടെ തീരുമാനം. ഇരുപത് മീറ്റർ ചുറ്റളവിൽ പോലും വീടുകൾ സ്ഥിതി ചെയ്യുന്ന ഈ കരിങ്കൽ ക്വാറി എത്രത്തോളം വിപത്തുകളെ ക്ഷണിച്ചുവരുത്തുമെന്നുള്ളത് അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരണം. നിയമ വശങ്ങളിലൂടെ മാത്രം അനുകൂല നടപടികൾ ലഭിച്ചുകൊള്ളണമെന്നില്ല. ജനകീയ സമരങ്ങളിലൂടെ തലപ്പത്തുള്ളവരെ സമ്മര്‍ദത്തില്‍ ആക്കിയാലേ ജനങ്ങൾക്കനുകൂലമായ ഒരു റിസൾട്ട് ഉണ്ടാവുകയുള്ളൂ. ഇതിനായി ജനകീയ കമ്മറ്റി രൂപീകരിക്കാനും പന്തൽ കെട്ടി സമരങ്ങൾ നടത്താനുമാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ക്വാറിയുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്കും പ്രകൃതിയ്ക്കും ഭീഷണിയാണെന്ന് കോടതിയെ ബോധിപ്പിക്കാൻ മതിയായ തെളിവുകളും ഇതിനൊപ്പം ശേഖരിക്കാനുള്ള ശ്രമത്തിലാണ്.”

ഇല്ലാതാകുന്നത് ഒരു മല മാത്രമല്ല; മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന തട്ടുപാറ സമരം ഓര്‍മിപ്പിക്കുന്നത്

വട്ടിപ്പന കരിങ്കൽ ക്വാറിയ്ക്ക് സമീപമായിപ്പോയി എന്നൊരു കാരണം കൊണ്ട് സ്വന്തം വീട്, വീടല്ലാതായിപ്പോയെന്ന വിഷമവും അമർഷവും ആശങ്കയുമെല്ലാം ഫൈൻ ജോസ് പങ്കുവെയ്ക്കുന്നു.ക്വാറിയുടെ 75 മീറ്റർ ചുറ്റളവിലാണ് ഇദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത്. സ്ഫോടനങ്ങളുടെയും പൊട്ടിക്കലിന്റെയും ആഘാതത്തിൽ എത്ര നാൾ തന്റെ വീടും കുടുംബവും നിലനിക്കുമെന്ന ഭയം ഫൈൻ ജോസിന്റെ വാക്കുകളിൽ നിഴലിക്കുന്നു.

“രാവിലെ ആറുമണി മുതൽ വൈകീട്ട് ആറു മണി വരെയാണ് ക്വാറിയുടെ പ്രവർത്തന സമയം. വീട്ടിനകത്തുള്ളവർക്ക് പരസ്പരം സംസാരിക്കാൻ കഴിയുന്നില്ല, ഒരു ഫോൺ കോൾ വന്നാൽ അറിയില്ല, അറിഞ്ഞാലും അറ്റൻഡ് ചെയ്യാൻ സാധിക്കില്ല. കാരണം ഒന്നും കേൾക്കില്ല. ഏറ്റവും അരക്ഷിതമായ സാഹചര്യത്തിലൂടെയാണ് ദിവസങ്ങൾ കഴിഞ്ഞു പോകുന്നത്. പാറ പൊട്ടിക്കുമ്പോഴുള്ള കുലുക്കം കാരണം വീടിന്റെ പല ഭാഗങ്ങളിലും വിള്ളൽ വീണു കഴിഞ്ഞു. ഒരു വീടെന്ന അടച്ചുറപ്പും സുരക്ഷിതത്വവും ഇല്ലാതായി എന്നു പറയാം. ഇത്തരം ക്വാറികളുടെ സമീപത്തുള്ള വീടും കുടുംബവും പാടേ ഇല്ലാതായിപ്പോയ അനുഭവങ്ങൾ മുന്നിലുണ്ട്. അതെല്ലാം ഓർക്കുമ്പോൾ ഉള്ളിൽ പേടിയുണ്ട്.”

ഒരു കാടുണ്ടായിരുന്നു, ഒരു പുഴയുണ്ടായിരുന്നു; ഒരു ക്വാറി ഉണ്ട് – ചിത്രങ്ങളിലൂടെ

കേരളത്തിലെ കരിങ്കൽ ക്വാറികളുടെ അനുമതിയെയും വ്യാപ്തിയെയും കുറച്ചുള്ള നിയമ വശങ്ങളെയും കുറിച്ച് പരിസ്ഥിതി പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ഷാജി സമത പറയുന്നു;

“എറ്റവും ദുർബലമായ നിയമ വശങ്ങളാണ് ഖനന വ്യവസായത്തെ സംബന്ധിച്ച് നിലവിൽ ഉള്ളത്. ക്വാറിയുമായി ബന്ധപ്പെട്ട്, 1960 ലെ ചട്ടമനുസരിച്ച് നൂറു മീറ്റർ ചുറ്റളവിൽ വീടുകളോ ആൾപ്പാർപ്പുള്ള കെട്ടിടങ്ങളോ ഉണ്ടാകാൻ പാടില്ല എന്നാണ് നിയമം. അക്കാലങ്ങളിൽ സാങ്കേതിക വിദ്യ കാര്യമായ രീതിയിൽ ശക്തിയാർജിച്ചിരുന്നില്ല എന്നതിനാൽ പാറ പൊട്ടിക്കൽ അടക്കമുള്ള പ്രവർത്തനങ്ങൾ കൂടുതൽ പ്രകമ്പനമുണ്ടാക്കിയിരുന്നില്ല. എന്നാൽ, തൊണ്ണൂറുകളുടെ അവസാനകാലത്ത്, സാങ്കേതിക വിദ്യയിലുണ്ടായ മാറ്റങ്ങൾ പാറ പൊട്ടിക്കലിനെ ഒരു ചെറിയ ഭൂചലനത്തിന്റെ ആഘാതം കണക്കെ പരിസ്ഥിതിയിലും മനുഷ്യർക്കിടയിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കിതുടങ്ങി. ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നു എന്നതിനൊപ്പം മനുഷ്യ ജീവിതത്തിനും ഭീഷണിയായി. സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായ തെറ്റ് എന്നുപറയുന്നത് മുൻപ് വീടുകൾക്ക് മാനദണ്ഡം നിർണയിച്ചിരുന്ന 100 മീറ്റർ ചുറ്റളവ് ഇപ്പോൾ 50 മീറ്റർ ആക്കി ചുരുക്കി എന്നുള്ളതാണ്. 2016ൽ ഉമ്മൻചാണ്ടി സർക്കാർ ഭരണത്തിലിരിക്കുമ്പോൾ വന്ന ഭേദഗതിയായിരുന്നു ഇത്. 1960ന് ശേഷം ഖനന വ്യവസായത്തിലെ സുപ്രധാന ഭേദഗതി എന്നും പറഞ്ഞു വന്ന ഈ നിയമം ഒരു ഗുരുതര വീഴ്ചയായിരുന്നു.

ക്വാറി നടത്തുന്ന കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയെങ്ങനെ ക്വാറിവിരുദ്ധരെ സംരക്ഷിക്കും? ഈ ജീവിതങ്ങള്‍ അറിയൂ

2015ൽ സി.പി മുഹമ്മദ് എം.എൽ.എ ചെയർമാനായുള്ള നിയമസഭാ പരിസ്ഥിതി കമ്മിറ്റി കേരളത്തിലുടനീളമുള്ള ക്വാറികളെക്കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൗതുകകരവും, അതേസമയം ഞെട്ടിപ്പിക്കുന്നതുമായ സത്യങ്ങളാണ് ആ റിപ്പോർട്ടിലൂടെ പുറത്തുവന്നത്. കേരളത്തിലെ ക്വാറികളുടെ എണ്ണം, അനിയന്ത്രിതമായി പ്രവർത്തിക്കുന്നവ, പ്രവർത്തനാനുമതി ലഭിച്ചവ, ലഭിക്കാത്തവ, ക്വാറി വ്യവസായം വഴി സർക്കാരിന് ലഭിക്കുന്ന ലാഭം, ഈടാക്കുന്ന നികുതി, ക്വാറികളുടെ പ്രവർത്തനത്തിന് മേലുള്ള സർക്കാരിന്റെ നിയന്ത്രണം തുടങ്ങി ഒരു കാര്യത്തിന്റെയും സ്ഥിതിവിവരക്കണക്കുകൾ സർക്കാരിന്റെ പക്കലില്ലെന്ന് ആ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു. അനധികൃത ക്വാറി നടത്തിപ്പുകാർക്കെതിരെയുള്ള ദുർബല ശിക്ഷാ നടപടികൾ ഉൾപ്പെടെ ഈ വ്യവസായത്തിന് പിന്നിലെ എല്ലാ രഹസ്യാത്മകതയും ആ റിപ്പോർട്ട് പൊളിച്ചെഴുതി. എന്നാൽ വലിയ ശുഭപ്രതീക്ഷകൾ നൽകി പുറത്തുവന്ന ആ റിപ്പോർട്ടിനുമേൽ ഇതുവരെ ഒരു നടപടിയും മാറിവന്ന സർക്കാർ നടപ്പിലാക്കിയിട്ടില്ല എന്നതാണ് ഖേദകരം.

ഖനന വിഭാഗത്തിന്റെയോ ജിയോളജി ഡിപ്പാർട്മെന്റിന്റെയോ അനുമതി ഉണ്ടെങ്കിൽ പോലും, ഒരു തദ്ദേശ സ്വയംഭരണ പ്രദേശത്ത് വിപത്ത് സൃഷ്‌ടിക്കുന്ന ഏതൊരു വ്യവസായത്തിന്റെയും ലൈസൻസ് റദ്ദാക്കാന്‍ പ്രാദേശിക ഗവണ്‍മെന്‍റിന് അധികാരമുണ്ട്. എന്നാൽ ഈ നിയമം പാസ്സായ ഉടൻ തന്നെ കേരളാ വ്യവസായ ഏകോപനസമിതി നേതാവ് ടി.നസറുദ്ദീൻ, ഈ ആക്ട് നടപ്പിലാകുന്ന പക്ഷം കേരളത്തിലെ വ്യവസായ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് കാണിച്ചുള്ള കത്ത് സർക്കാരിന് കൈമാറുകയും, അസംബ്ലി പാസാക്കിയ പ്രസ്തുത നിയമത്തെ ആറു മാസത്തേക്ക് മരവിപ്പിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ, പറഞ്ഞ കാലവധിയ്ക്ക് ശേഷം ഉത്തരവ് വീണ്ടും പുതുക്കി പ്രസ്താവിക്കുകയും, പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും ഉത്തരവിന്മേൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിനാൽ, നിയമത്തിലെ ആ സാധ്യത ഇന്നും മരവിച്ച് തന്നെ നിൽക്കുകയാണ്.

ഖനന വ്യവസായ ലോബികൾക്കുള്ള രാഷ്ട്രീയ പിൻബലം തന്നെയാണ് കേരളത്തിലെ കരിങ്കൽ ക്വാറി വ്യവസായത്തെ ഇത്ര അപകടം പിടിച്ച അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. വാസ്തവത്തിൽ രാഷ്ട്രീയ നേതൃത്തം ബിനാമിയായിക്കൊണ്ട് നടത്തുന്ന ഒരു വ്യവസായമാണിത്. വീട്ടിലെ ഏറ്റവും സ്നേഹമുളള കുട്ടിയോട് കാണിക്കുന്ന മമതയും വിട്ടുവീഴ്ച്ചയും അനുകമ്പയും രാഷ്ട്രീയ പാർട്ടികൾ ക്വാറി ഉടമകളോട് കാണിക്കുന്നു. 1990 മുതൽ 2012 വരെയുള്ള ഉത്തരവുകളിൽ നിന്നും ഈ സൗഹൃദ ബന്ധം വ്യക്തം.”

സൂക്ഷ്മ കാലാവസ്ഥ അട്ടിമറിക്കപ്പെടുമ്പോള്‍; കൂമ്പളേരിയുടെ ഒരു ക്വാറി അനുഭവം

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍