UPDATES

കുടിവെളളം മുട്ടിച്ച് മെഗാഫുഡ് പാര്‍ക്ക് വേണ്ടെന്ന് ജനം; ഉപേക്ഷിക്കില്ലെന്ന് സര്‍ക്കാര്‍

കിന്‍ഫ്ര പദ്ധതി അതീവ രഹസ്യമായി നടപ്പിലാക്കാനുളള ശ്രമമാണിപ്പോള്‍ നടക്കുന്നുതെന്നാണ് സമരസമിതി തെളിവുകള്‍ നിരത്തി പറയുന്നത്

വേനല്‍ തുടങ്ങുന്നേയുളളു, ഇപ്പോള്‍ തന്നെ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ പാടത്തും പറമ്പിലും കണ്ടുതുടങ്ങി. മലമ്പുഴ ഡാമിന് തൊട്ടരികിലെ ആദിവാസി ജനത കുഴികള്‍ കുത്തി വെളളം ശേഖരിച്ച് തുടങ്ങി. പാലക്കാട് നഗരസഭയിലും സമീപപ്രദേശങ്ങളിലെ 6 പഞ്ചായത്തുകളിലെ ജനങ്ങള്‍ കുടിവെളളത്തിനും 18 പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 11,000 ഹെക്ടര്‍ കൃഷിക്കും മലമ്പുഴ അണക്കെട്ടിലെ വെളളമാണ് ആശ്രയിക്കുന്നത്. അതിനിടയിലാണ് ഡാമില്‍ നിന്നും ജലമൂറ്റാനുളള കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കിന്റെ ശ്രമം. പദ്ധതി പൂര്‍ണ്ണമായും അവസാനിപ്പിക്കണം എന്നാവിശ്യപ്പെട്ട് പ്രദേശവാസികള്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ സമരത്തിലാണ്. പദ്ധതിക്കുവേണ്ടി പൈപ്പുകള്‍ ഇറക്കുന്നത് സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് പൈപ്പിടല്‍ പണികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ പദ്ധതി നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഫുഡ് പാര്‍ക്കിനുവേണ്ടി ഡാമില്‍ നിന്നും വന്‍തോതില്‍ ജലമൂറ്റുന്നതോടെ മേഖല പൂര്‍ണ്ണമായും വരള്‍ച്ച നേരിടേണ്ടിവരുമെന്നാണ് സമരസമിതി പ്രവര്‍ത്തകരുടെ ആശങ്ക. ജനങ്ങളുടെ ഭയം അകറ്റുന്നതിന് സര്‍ക്കാരോ ബന്ധപ്പെട്ട വകുപ്പോ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

“പദ്ധതി ഇവിടെ ആരംഭിക്കുമെന്ന് അറിഞ്ഞ അന്ന് തന്നെ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൈപ്പിറക്കല്‍ നിര്‍ത്തിയെങ്കിലും പദ്ധതി സംബന്ധിച്ച് ഒരുറപ്പും ഇതുവരെ ആരും പറയുന്നില്ല. പദ്ധതി ആരംഭിച്ചത് ഒക്ടോബറിലാണ്. നവംബര്‍ രണ്ടിന് നിയമസഭയില്‍ മണ്ഡലം എംഎല്‍എ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ സബ്മിഷനില്‍ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നല്‍കിയ മറുപടിയില്‍ പറഞ്ഞത്. കുടിവെളളത്തിനും കാര്‍ഷിക ആവശ്യത്തിനും പരിഗണിച്ചതിനുശേഷം മാത്രമേ വ്യാവസായിക ആവശ്യത്തിന് ജലം നല്‍കുകയുളളൂവെന്നായിരുന്നു. പക്ഷെ, ജലസേചന വകുപ്പ് പറയുന്നത് ഇങ്ങനെയാണ്. ‘2015 മുതല്‍ ഡാം പൂര്‍ണ്ണമായും സംഭരണം ശേഷി കൈവരിച്ചിട്ടില്ല. രണ്ടാമതായി 2014 മുതല്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ ഭാരതപുഴയിലേക്ക് അധിക ജലം ഒഴുക്കി വിടേണ്ടി വരുന്നുണ്ട്. മൂന്നു മാസത്തോളമാണ് ഇങ്ങനെ ജലം ഒഴുക്കി വിടേണ്ടി വരുന്നത്. ഇതിനു പുറമെ 28 എംഎം ക്യൂബിക്ക് ചളി അണക്കെട്ടില്‍ അടിഞ്ഞുകിടക്കുന്നുണ്ട്. ഈ മുന്ന് കാരണങ്ങള്‍ കൊണ്ട് കിന്‍ഫ്രയ്ക്ക് വെളളം കൊടുക്കാന്‍ പറ്റില്ലെന്ന് ജലസേചന വകുപ്പ് വ്യക്തമാക്കിയതാണ്.’ ഇക്കാര്യം ഇറിഗേഷന്‍ വകുപ്പ് ഞങ്ങള്‍ക്ക് രേഖാമൂലം തന്നിട്ടുളള കാര്യമാണ്. കിന്‍ഫ്രയ്ക്ക് ഡാമില്‍ നിന്നും ജലം കൊടുക്കാനില്ലെന്ന് ആ രേഖയില്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല 10 വര്‍ഷം മുമ്പ് 102/105 ദിവസം തുടര്‍ച്ചയായി ഡാമില്‍ നിന്നും കനാല്‍ മാര്‍ഗം വെളളം തുറന്നുവിട്ടിരുന്നു. 2016 ഓടെ അത് അവസാനിപ്പിച്ചു. കഴിഞ്ഞ വര്‍ഷം കനാല്‍ വഴി ജലസേചനം നടത്തിയത് വെറും 22 ദിവസം മാത്രമാണ്. ഇതല്ലാം സൂചിപ്പിക്കുന്നത് പ്രദേശത്ത് ആവശ്യത്തിനുളള ജല ലഭ്യത ഇല്ല എന്നാണ്. എന്നിട്ടും പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറാവാതെ സര്‍ക്കാര്‍ ഉരുണ്ട് കളിക്കുകയാണ്,” സമരസമിതി കണ്‍വീനര്‍ ബോബന്‍ അഴിമുഖത്തോട് പറഞ്ഞു.

ജലസേചന വകുപ്പ് സമര സമിതിക്ക് നല്‍കിയ രേഖ

അതെസമയം, ഇന്ത്യയിലെ ഏക മെഗാഫുഡ് പാര്‍ക്കാണിതെന്നാണ് അധികാരികളുടെ വിശദീകരണം. എന്നാല്‍ ജല ലഭ്യത ഉറപ്പ് വരുത്താതെയാണ് ഈ പദ്ധതി ഇവിടെ ആരംഭിക്കാന്‍ ശ്രമിക്കുന്നതെന്നാണ് സമരസമിതി പ്രവര്‍ത്തകരുടെ വാദം. ധൃതിപിടിച്ച് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടി കമ്മീഷന്‍ പറ്റി വലിയ പദ്ധതികള്‍ കൊണ്ട് വരുന്നുവെന്നതിനപ്പുറം മറ്റൊന്നും പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചില്ലെന്നും സമരക്കാര്‍ ആരോപിക്കുന്നു. “പാലക്കാട് നഗരസഭയിലും ചുറ്റുവട്ടത്തെ ആറ് പഞ്ചായത്തുകള്‍ക്കും വെളളം നല്‍കുന്നത് മലമ്പുഴ ഡാമില്‍ നിന്നാണ്. ഇതിനു പുറമെ 18 പഞ്ചായത്തുകളിലായി പരന്ന് കിടക്കുന്ന 11,000 ഹെക്ടര്‍ കൃഷിഭൂമിയിലേക്ക് കാര്‍ഷിക ആവശ്യത്തിനും മലമ്പുഴയില്‍ നിന്ന് തന്നെയാണ് വെളളം. ഇപ്പോള്‍ ജല ലഭ്യത കുറഞ്ഞ് വരുന്ന സാഹചര്യമാണുളളത്. മാത്രമല്ല, പാലക്കാട് നഗരത്തില്‍ ഒരു ഗ്ലാസ് വെളളം ലഭിക്കണമെങ്കില്‍ അത് മലമ്പുഴ അണക്കെട്ടില്‍ നിന്ന് തന്നെ ലഭിക്കണമെന്ന് നാട്ടുകാര്‍ക്ക് അറിയാം. അതുകൊണ്ടാണ് പദ്ധതികളെ ജനങ്ങള്‍ എതിര്‍ക്കുന്നത്.” ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥന്‍ അഴിമുഖത്തോട് പറഞ്ഞു.

അണക്കെട്ടുകളില്‍ നിന്ന് വെള്ളം വിട്ടു നല്‍കില്ല; പാലക്കാടന്‍ നെല്‍ കര്‍ഷകര്‍ ദുരിതത്തിലേക്ക്?

കിന്‍ഫ്ര പദ്ധതി അതീവ രഹസ്യമായി നടപ്പിലാക്കാനുളള ശ്രമമാണിപ്പോള്‍ നടക്കുന്നുതെന്നാണ് സമരസമിതി തെളിവുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നത്. സമരസമിതി കണ്‍വീനര്‍ ബോബന്‍ വിശദീകരിക്കുന്നത് ഇങ്ങനെ, “കിന്‍ഫ്ര ജലമാവശ്യപ്പെട്ട് ഇറിഗേഷന്‍ വകുപ്പിന് നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് ലഭ്യമാണ്. ജലം അനുവദിച്ചുള്ള ഉത്തരവ് ലഭ്യമല്ല. വിവരാവകാശ നിയമപ്രകാരം ഞാന്‍ നല്‍കിയ അപേക്ഷക്കാണ് മലമ്പുഴ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ വിചിത്ര മറുപടി നല്‍കിയത്. കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന സമരസമിതിയുടെ ആരോപണം ശരിവയ്ക്കുന്നതാണ് ഇറിഗേഷന്റെ മറുപടി. ജനുവരി 10 വരെ കിന്‍ഫ്ര വിവരങ്ങള്‍ പങ്കുവെക്കുന്ന വിഷയത്തില്‍ സുതാര്യത നിലനിര്‍ത്തിയിരുന്ന വകുപ്പ്, മന്ത്രി തലത്തിലുള്ള ഇടപെടലുകളെ തുടര്‍ന്നാണ് നിലപാട് മാറ്റിയത്. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് (Rt) 805/09/WRD 25/07/2009 ആണ് ഇറിഗേഷന്‍ വകുപ്പ് മറച്ചുവെയ്ക്കുന്നത്. കിന്‍ഫ്ര പാര്‍ക്കിലേക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ കര്‍ശനമായ നിബന്ധനയോടെ ജലം നല്‍കാനുളള അനുമതി 2009 ല്‍ വി.എസിന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറാണ് നല്‍കിയത്. ഗാര്‍ഹിക ഉപയോഗാനന്തരം വാട്ടര്‍ അതോറിറ്റിക്ക് ബാക്കി വരുന്ന 35 MLD ജലത്തില്‍ നിന്ന് 10 MLD വിട്ടു നല്‍കാനാണ് ഉത്തരവില്‍ പറയുന്നത്. ഇറിഗേഷന്റെ ഉടമസ്ഥതയിലുള്ള മലമ്പുഴ ഡാമില്‍ നിന്ന് ഗാര്‍ഹികാവശ്യത്തിന് വാട്ടര്‍ അതോറിറ്റിക്കു പ്രതിദിനം നല്‍കുന്നത് 96 MLD ജലമാണ്. ഈ ഉത്തരവ് മറച്ചുവെച്ചാണ് ഇപ്പോള്‍ വന്‍തോതില്‍ ജലം ഊറ്റാന്‍ ശ്രമിക്കുന്നത്.”

കിന്‍ഫ്രക്ക് ജലം നല്കാനാവില്ലെന്ന് വ്യക്തമാക്കി ഇറിഗേഷന്‍ സര്‍ക്കാറിന് നല്‍കിയ കത്തിനെ തള്ളിയാണ് വാട്ടര്‍ അതോറിറ്റി പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. നിര്‍ദ്ദിഷ്ട പൈപ്പ് ലൈന്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത് ഇറിഗേഷന്‍, റെയില്‍വേ, നാഷണല്‍ ഹൈവേ അതോറിറ്റിയുടെയും സ്ഥലത്തിലൂടെയാണെങ്കിലും നാളിതുവരെ നിരാക്ഷേപപത്രം (NOC) ലഭ്യമായിട്ടില്ലെന്നും സമരസമിതി വാദിക്കുന്നു.

സര്‍ക്കാര്‍ ഒപ്പം നിന്നു; കൊക്ക കോളയുമായുള്ള കേസ് നടത്തിപ്പിന് പെരുമാട്ടി പഞ്ചായത്തിന് രണ്ടു ലക്ഷം രൂപ ഉപയോഗിക്കാം

ജലലഭ്യത ഉറപ്പു വരുത്താതെയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയും പദ്ധതിയുമായി മുന്നോട്ടു പോവുകയും കോടികളുടെ പൈപ്പിറക്കാന്‍ കരാറുകാരന് ഒത്താശ ചെയ്യുകയും ചെയ്ത വാട്ടര്‍ അതോറിറ്റി സൂപ്രണ്ട് എഞ്ചിനിയറുടെയും പ്രോജക്റ്റ് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയറുടെയും അമിത താത്പര്യം സംബന്ധിച്ച് അന്വേഷണം വേണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.
അന്വേഷണപരിധിയില്‍ ഈ ഉദ്യോഗസ്ഥരുടെ സാമ്പത്തിക സ്രോതസ്സ് ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാറിനുണ്ടായ സാമ്പത്തിക നഷ്ടം ശമ്പളത്തില്‍ നിന്ന് ഈടാക്കേണ്ടതുമാണ്. ജലവിനിയോഗവും ജലവിതരണവും നിയന്ത്രിക്കുന്ന രണ്ട് വകുപ്പുകളാണ് ഇറിഗേഷനും വാട്ടര്‍ അതോറിറ്റിയും. കുറച്ചു വര്‍ഷമായി തങ്ങളുടെ ഉത്തരവാദിത്വം പോലും മറന്നാണ് ഇരു വകുപ്പുകളുടെയും പ്രവര്‍ത്തനമെന്നും സമിതി ആരോപിക്കുന്നു.

57775 ഗാര്‍ഹിക ജലവിതരണ കണക്ഷനുകള്‍ വഴി പാലക്കാട് നഗരസഭയും കണ്ണാടി, പുതുശ്ശേരി, മരുത റോഡ്, പിരായിരി, പുതുപരിയാരം, പറളി ഉള്‍പ്പടെ ആറ് പഞ്ചായത്തുകളും ദാഹമകറ്റുന്നത് മലമ്പുഴയിലെ വെള്ളം കുടിച്ചാണ്. പാലക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം,ചിറ്റൂര്‍, തൃശ്ശൂര്‍ ജില്ലയിലെ തലപ്പാടി താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന 21165 ഹെക്ടര്‍ നെല്‍കൃഷിയുടെ നിലനില്പും മലമ്പുഴ അണക്കെട്ടിലെ വെള്ളം കണ്ടാണ്.

കാര്‍ഷിക ജലസേചനത്തിനു വേണ്ടി 1956 ല്‍ മദിരാശി സര്‍ക്കാറാണ് അണക്കെട്ട് യാഥാര്‍ത്ഥ്യമാക്കിയത്. ആരംഭ കാലത്ത് ഡാമിന്റെ സംഭരണ ശേഷി 226 എംഎം ക്യൂബും വൃഷ്ടി പ്രദേശം 147.63 കിമി സ്‌ക്വയറും ജല വ്യാപന മേഖല 22 കിമി സ്‌ക്വയറുമായിരുന്നു. പതിറ്റാണ്ടുകളായി ഒഴുകിയെത്തിയ ചളിയും മണ്ണും മണലും മൂലം ഡാമിന്‍റെ സംഭരണ ശേഷിയില്‍ 28.26 എം.എം.ക്യൂബിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് പീച്ചിയിലെ കേരള എഞ്ചിനയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 2015ല്‍ നടത്തിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഞ്ചിക്കോട് നൂറ് കണക്കിന് ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന വ്യവസായ മേഖലയാണ് കിന്‍ഫ്ര പാര്‍ക്ക്. ജലം, വൈദ്യുതി, റോഡ് തുടങ്ങി അടിസ്ഥാന സൗകര്യങ്ങളും പാട്ടത്തിന് സ്ഥലവും നല്കി സ്വകാര്യ സംരംഭകര്‍ക്ക് യൂണിറ്റ് തുടങ്ങാനുള്ള സൗകര്യമാണിവിടെ ഒരുക്കുന്നത്. കിന്‍ഫ്രയുടെ ഒന്നാം ഘട്ട വികസനത്തിന് പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ ജലം നല്കാന്‍ 2009 ജൂലായ് 25 ന് ഇടതു സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ജലം ഇല്ലാത്ത സ്ഥലത്ത് കോടികള്‍ മുടക്കി വ്യവസായം തുടങ്ങാന്‍ സര്‍ക്കാറിനെ തെറ്റിധരിപ്പിക്കുന്നത് ഉദ്യോഗസ്ഥര്‍ ആണെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. വരള്‍ച്ച ബാധിത ജില്ലയായ പാലക്കാട്ടെ അതീവ വരള്‍ച്ചാ മേഖലയാണ് കഞ്ചിക്കോട്.

കോളകമ്പനി മാത്രമല്ല ജലം ഊറ്റാന്‍ സര്‍ക്കാര്‍ അനുമതിയോടെ മദ്യകമ്പനികളും

കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ധാന്യ നാണ്യവിളകള്‍ മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റാമെന്ന പ്രഖ്യാപനവുമായി രാജ്യത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് ആരംഭിച്ചതോടെയാണ് കിന്‍ഫ്രക്ക് 10 ദശലക്ഷം ലിറ്റര്‍ അധികജലം ആവശ്യമായി വന്നത്. 2017 ജൂണ്‍ 10ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായവകുപ്പ് മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലും സംയുക്തമായാണ് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്. പുതുശ്ശേരി, എലപ്പുള്ളി വില്ലേജുകളിലായി 79 ഏക്കര്‍ സ്ഥലത്ത് 120 കോടി രൂപ മുതല്‍ മുടക്കില്‍ 50 യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യമാണ് ഫുഡ് പാര്‍ക്ക് ഉറപ്പു നല്കുന്നത്.

ഞങ്ങളുടെ ദാഹത്തേക്കാള്‍ വലുതാണോ സര്‍ക്കാരിന് തമിഴ്നാട്? ചിറ്റൂര്‍ ഉണങ്ങുകയാണ്; പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘിച്ചിട്ടും നടപടിയില്ല

ഒഴലപ്പതി, കൊഴിഞ്ഞാമ്പാറ, മേനോന്‍ പാറ, കഞ്ചിക്കോട് എന്നീ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് ഈ പദ്ധതിയെന്നാണ് കിന്‍ഫ്രയുടെ വാദം. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ മലമ്പുഴ അണക്കെട്ടില്‍ നിന്ന് കുടിവെളളം ടാങ്കര്‍ ലോറിയില്‍ എത്തിക്കേണ്ട സാഹചര്യം ഇതോടെ ഇല്ലാതാകുമെന്നാണ് കിന്‍ഫ്രയുടെ പക്ഷം. എന്നാല്‍ പദ്ധതി ജനങ്ങള്‍ക്ക് പ്രയോജനമാകുന്നതെങ്ങനെയെന്ന് കിന്‍ഫ്ര ഫലപ്രദമായി ആശയവിനിമയം നടത്തിയില്ലെന്നാണ് പ്രദേശവാസികളുമായി സംസാരിക്കുമ്പോള്‍ വ്യക്തമാകുന്നത്. വരള്‍ച്ച ബാധിച്ച മേഖലയില്‍ വെളളമെത്തിക്കുമെന്ന് വാഗ്ദാനം കിന്‍ഫ്ര നടത്തുന്നുണ്ടെങ്കിലും പ്രദേശവാസികള്‍ക്ക് അത് വിശ്വസിക്കാന്‍ ആവുന്നില്ലെന്ന് അവര് ഒന്നടങ്കം പറയുന്നു. അതെസമയം, ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തിരുമാനമെന്ന് വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

വ്യവസായ പാര്‍ക്കിന് വെള്ളം വേണം, കൃഷി നിര്‍ത്തിക്കോളാന്‍ സര്‍ക്കാര്‍; കുടിവെള്ളമെങ്കിലും തന്നിട്ടു പോരെയെന്ന് ജനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍