UPDATES

ട്രെന്‍ഡിങ്ങ്

മാനേജ്മെന്റിന്റെ കടുംപിടുത്തം, സമരം; അവസാനവര്‍ഷ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതെ കോഴിക്കോട് കെ.എം.സി.ടി ആയുര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥികള്‍

ദിവസങ്ങളായി തുടര്‍ന്നു പോരുന്ന അധ്യാപക സമരവും കഴിഞ്ഞ ദിവസമാരംഭിച്ച വിദ്യാര്‍ത്ഥി സമരവും കോളേജില്‍ നടക്കുന്നുണ്ട്. ഏറെ വൈകാതെ തന്നെ രക്ഷിതാക്കളുടെ സമരവും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ശ്രീഷ്മ

ശ്രീഷ്മ

അവസാന വര്‍ഷ ബി.എ.എം.എസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ആയുര്‍വേദ മെഡിക്കല്‍ കോളജുകളിലും ഇന്നലെ കായ ചികിത്സയുടെയും ദ്രവ്യത്തിന്റെയും പ്രായോഗിക പരീക്ഷകള്‍ നടന്നു കഴിഞ്ഞു. ഇന്നും പരീക്ഷകള്‍ നടക്കാനിരിക്കുന്നു. എന്നാല്‍, രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച അവസാനവര്‍ഷ പരീക്ഷയില്‍ പങ്കെടുക്കാന്‍ കോഴിക്കോട് കെ.എം.സി.ടി ആയുര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കു മാത്രം സാധിച്ചിട്ടില്ല. സര്‍വകലാശാലയിലെ മറ്റു വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുമ്പോഴും, നിസ്സഹായരായി നില്‍ക്കേണ്ട അവസ്ഥയിലാണ് കെ.എം.സി.ടിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍. പരീക്ഷയ്ക്കു പകരം കോളേജില്‍ അരങ്ങേറുന്നതാകട്ടെ സമരങ്ങളും. ദിവസങ്ങളായി തുടര്‍ന്നു പോരുന്ന അധ്യാപക സമരവും കഴിഞ്ഞ ദിവസമാരംഭിച്ച വിദ്യാര്‍ത്ഥി സമരവും കോളേജില്‍ നടക്കുന്നുണ്ട്. ഏറെ വൈകാതെ തന്നെ രക്ഷിതാക്കളുടെ സമരവും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടിസ്ഥാന വേതന വ്യവസ്ഥകള്‍ നടപ്പില്‍ വരുത്തണമെന്നാവശ്യപ്പെട്ട് മാസങ്ങള്‍ക്കു മുന്നേ കോളേജിലെ അധ്യാപകര്‍ എഴുതിയ കത്താണ് വിദ്യാര്‍ത്ഥികളുടെ ഭാവി പോലും തുലാസ്സിലാക്കുന്ന നടപടികളില്‍ എത്തി നില്‍ക്കുന്നത്. കേരളത്തിലെ മറ്റേത് ആയുര്‍വേദ കോളേജിനെക്കാളും പതിനായിരം കുറച്ചു മാത്രം അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്ന കെ.എം.സി.ടി ആയുര്‍വേദ കോളേജ് പ്രതിനിധികളോട്, അടിസ്ഥാന വേതനം നിജപ്പെടുത്തി മറ്റു കോളേജുകളുടേതിനോട് സമാനമാക്കി നിശ്ചയിക്കാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നു. മാനേജ്‌മെന്റ് ആവശ്യം നിരാകരിക്കുക മാത്രമല്ല, അധ്യാപകരില്‍ ചിലരെ അകാരണമായി പിരിച്ചുവിടുക കൂടി ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രശ്‌നം രൂക്ഷമായതോടെ, പഠന സാഹചര്യങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് കെ.എം.സി.ടി ആയുര്‍വേദ കോളേജ്. പ്രതിസന്ധിയുടെ കാഠിന്യം വ്യക്തമായിട്ടുപോലും നടപടിയെടുക്കാന്‍ മടിക്കുന്ന കെ.എം.സി.ടി അധികൃതരെ ചോദ്യം ചെയ്യുകയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും.

സംഭവങ്ങള്‍ തുടങ്ങിയത് എങ്ങനെയാണെന്നതിനെക്കുറിച്ച് കെ.എം.സി.ടിയിലെ അധ്യാപകനും ആയുര്‍വേദ ഡോക്ടറുമായ ഡോ.സുദേവ് പറയുന്നതിങ്ങനെ: ‘അധ്യാപകരുടെ ശമ്പളം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് 2018 നവംബര്‍ 28 മുതല്‍ക്ക് മാനേജ്‌മെന്റിന് ഞങ്ങള്‍ കത്തയയ്ക്കുന്നുണ്ട്. സംസ്ഥാനത്തു തന്നെ ഏറ്റവും കുറവ് ശമ്പളം നല്‍കുന്ന ആയുര്‍വേദ മെഡിക്കല്‍ കോളേജ് കെ.എം.സി.ടിയാണെന്നതാണ് വാസ്തവം. 25,000 രൂപയൊക്കെയാണ് ഇവിടെ ജോലി ചെയ്യുന്ന അധ്യാപകരുടെ ശമ്പളം. മറ്റ് ആയുര്‍വേദ കോളേജുകളിലാകട്ടെ, പുതുതായി ജോലിയില്‍ പ്രവേശിക്കുന്നയാള്‍ക്കു പോലും 30,000വും 35,000വും ശമ്പളമുണ്ട്. വേതനത്തില്‍ കുത്തനെ വര്‍ദ്ധനവ് വേണമെന്ന അടിസ്ഥാനരഹിതമായ ആവശ്യമല്ല ഞങ്ങളുടേത്. മറ്റ് ആയുര്‍വേദ കോളേജുകളില്‍ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നതിനു തത്തുല്യമായ ശമ്പളം ഞങ്ങള്‍ക്കും ഉറപ്പാക്കണമെന്നേ ആവശ്യപ്പെടുന്നുള്ളൂ. എല്ലാ മാസവും ആവശ്യവുമായി കത്തയയ്ക്കാറുണ്ടെങ്കിലും, മാനേജ്‌മെന്റ് നിഷ്‌കരുണം തള്ളുകയാണ് പതിവ്. ആയുഷ് മന്ത്രാലയത്തിനു കീഴില്‍ വരുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിനാണ് ആയുര്‍വേദ കോളേജുകളുടെ അഫിലിയേഷന്‍ നിയന്ത്രിക്കുന്നത്. ഇവര്‍ നടത്തുന്ന ഇന്‍സ്‌പെക്ഷന്‍ കോളജുകളില്‍ ഉണ്ടാകാറുണ്ട്. ഈ വര്‍ഷത്തെ ഇന്‍സ്‌പെക്ഷന്‍ കഴിഞ്ഞാലുടന്‍ മിനിമം ശമ്പളം ഉറപ്പുവരുത്താമെന്നായിരുന്നു മാനേജ്‌മെന്റിന്റെ വാഗ്ദാനം. ആ വാക്കു വിശ്വസിച്ച് ഇന്‍പെക്ഷന്‍ സമയത്ത് ഞങ്ങള്‍ പൂര്‍ണമായി സഹകരിക്കുകയും ചെയ്തു. മാര്‍ച്ച് മാസത്തില്‍ ഈ പരിശോധന കഴിഞ്ഞ അന്നു തന്നെ ഞങ്ങള്‍ക്ക് ശമ്പളം വന്നു, യാതൊരു വര്‍ദ്ധനവുമില്ലാതെ പഴയ അതേ തുക തന്നെ. ശമ്പളം പുനര്‍നിര്‍ണയിക്കാമെന്ന വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്തു കൊടുത്തെങ്കിലും വളരെ അപ്രതീക്ഷിതമായ നടപടിയാണ് അതിനു ശേഷം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായത്.’

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് കത്തെഴുതിയതിന് മാനേജ്‌മെന്റ് പ്രതികരിച്ചത് അധ്യാപകരുടെ ഒരു ദിവസത്തെ ശമ്പളം മാസവരുമാനത്തില്‍ നിന്നും വെട്ടിക്കുറച്ചുകൊണ്ടായിരുന്നു. കത്തു കൊടുത്ത ശേഷം പ്രതികരണത്തിനായി തങ്ങള്‍ അല്പ നേരം കാത്തു നിന്നിരുന്നുവെന്നും, ആ കാത്തുനില്‍പ്പ് സമരമായി വ്യാഖ്യാനിച്ചാണ് ശമ്പളത്തില്‍ നിന്നും ഒരു ദിവസത്തെ തുക ഈടാക്കിയതെന്ന് അധ്യാപകര്‍ പറയുന്നു. അന്നേ ദിവസം അധ്യാപകര്‍ ജോലിക്കു കയറിയില്ല എന്നായിരുന്നു ആരോപണം. ‘ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന ശമ്പളം പോലും കിട്ടാത്ത അവസ്ഥ. ഇങ്ങനെ തുടരാനാണ് തീരുമാനമെങ്കില്‍ ഞങ്ങള്‍ക്ക് സമരത്തിലേക്ക് പോകേണ്ടിവരുമെന്നു കാണിച്ച് മാനേജ്‌മെന്റിന് ഞങ്ങളൊരു നോട്ടീസും കൊടുത്തു. അതിനു ശേഷമാണ് അങ്ങേയറ്റം വിചിത്രമായ ഒരു നീക്കമുണ്ടായത് – ഞങ്ങള്‍ക്കൊപ്പമുള്ള സീനിയര്‍ അധ്യാപകരില്‍ നാലു പേരെ, കാരണം പോലും വ്യക്തമാക്കാതെ മാനേജ്‌മെന്റ് പിരിച്ചുവിട്ടു. ‘നിങ്ങളിവിടെ അധിക സ്റ്റാഫാണ്, സ്ഥാപനത്തിന് സാമ്പത്തിക ബാധ്യതയാണ്’ എന്നെല്ലാം പറഞ്ഞ് നോട്ടീസ് പോലും നല്‍കാതെയാണ് അടുത്ത ദിവസം മുതല്‍ ജോലിക്ക് എത്തേണ്ടതില്ല എന്നു നിര്‍ദ്ദേശിക്കുന്നത്. ചര്‍ച്ചയ്ക്കു ഞങ്ങള്‍ ശ്രമിച്ചെങ്കിലും, നാലു പേരെയും തിരിച്ചെടുക്കാന്‍ തയ്യാറല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇരുപതോളം അധ്യാപകര്‍ രാജി സന്നദ്ധത അറിയിച്ചത്. ഇത്രയേറെ സമ്മര്‍ദ്ദം ചെലുത്തിയിട്ടും തീരുമാനം പുനഃപരിശോധിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. അതിനിടെയാണ് കേന്ദ്ര ഏജന്‍സിയുടെ റീ ഇന്‍സ്‌പെക്ഷന്‍ കോളേജില്‍ വരുന്നത്. അധ്യാപകരുടെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കണമെന്നും, അല്ലാത്ത പക്ഷം അത് അഫിലിയേഷനെ വരെ ബാധിച്ചേക്കുമെന്നും കൗണ്‍സില്‍ അനൗദ്യോഗിക മുന്നറിയിപ്പ് നല്‍കിയെങ്കിലും, അതും കണക്കിലെടുക്കാന്‍ മാനേജ്‌മെന്റ് കൂട്ടാക്കിയിട്ടില്ല. ഏപ്രില്‍ അവസാനവാരം നടന്ന റീ ഇന്‍സ്‌പെക്ഷന്‍ ടീമിലെ അംഗങ്ങള്‍ കണ്ടെത്തിയത് കോളേജില്‍ വിദ്യാര്‍ത്ഥികളെ അഡ്മിറ്റു ചെയ്യാന്‍ പരിമിതികളുണ്ട് എന്നു തന്നെയാണ്. റിപ്പോര്‍ട്ട് ഇതുവരെ വന്നിട്ടില്ല. റിപ്പോര്‍ട്ടില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുമെന്നും അറിയില്ല.’

അധ്യാപകരുമായി മാനേജ്‌മെന്റ് നടത്തുന്നതെല്ലാം അനൗദ്യോഗിക മീറ്റിംഗുകളാണെന്നും പരാതിയുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും എച്ച് ആറിലെ ഉദ്യോഗസ്ഥരുമാണ് മീറ്റിംഗില്‍ പങ്കെടുക്കാറുള്ളത്. എത്ര ചര്‍ച്ച ചെയ്താലും, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ല എന്നു തന്നെയാണ് ഇവരും ആവര്‍ത്തിക്കുന്നത്. മറ്റൊന്നും അനുവദിച്ചില്ലെങ്കിലും പിരിച്ചു വിട്ട സ്റ്റാഫിനെ തിരിച്ചെടുക്കണം എന്നാണ് തങ്ങളുടെ ആവശ്യമെന്ന് അധ്യാപകരും പറയുന്നു. അതേക്കുറിച്ചും, ശമ്പള പരിഷ്‌കരണം എത്രയും പെട്ടന്ന് നടപ്പിലാക്കുന്നതിനെക്കുറിച്ചും രേഖാമൂലം ഉറപ്പു കിട്ടിയാല്‍ അടുത്ത നിമിഷം സമരം നിര്‍ത്താന്‍ എല്ലാവരും തയ്യാറാണെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍, വിഷയം രൂക്ഷമായതോടെ വിദ്യാര്‍ത്ഥികളെ പ്രത്യക്ഷത്തില്‍ത്തന്നെ ബാധിക്കുന്ന സാഹചര്യമുണ്ടാകുകയായിരുന്നു. അധ്യാപകര്‍ സമരത്തിലേക്ക് നീങ്ങിയതോടെ, കോളേജിലെ ക്ലാസ്സുകള്‍ കൃത്യമായി നടക്കില്ല എന്ന അവസ്ഥ വന്നു. കോളേജിലെ പ്രശ്‌നങ്ങളില്‍ നിന്നും അധ്യാപക സമരത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്താനായി ക്ലാസ്സുകള്‍ പുനരാരംഭിക്കുന്ന തീയതി വരെ മാറ്റിയിരുന്നു. വിഷു-ഈസ്റ്റര്‍ അവധിയും തെരഞ്ഞെടുപ്പും കഴിഞ്ഞ ശേഷം ഏപ്രില്‍ 24ന് പുനരാരംഭിക്കാനിരുന്ന ക്ലാസ്സുകള്‍, ഹോസ്റ്റലില്‍ വെള്ളമില്ലെന്ന കാരണം കാണിച്ച് മേയ് 6 വരെ നീട്ടിയിരുന്നു. എന്നാല്‍, മേയ് 6ന് വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തുകയും, പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത സ്ഥിതിയുണ്ടാകുകയും ചെയ്തു. പുതിയ നാല് അധ്യാപകരെ മാനേജ്‌മെന്റ് നിയമിച്ചിട്ടുണ്ടെങ്കിലും, അടുത്തിടെ പിജി കോഴ്‌സ് കഴിഞ്ഞിറിങ്ങിയവരായ പുതിയ അധ്യാപകരില്‍ വിദ്യാര്‍ത്ഥികള്‍ അതൃപ്തരാണ്.

ക്ലാസ്സുകള്‍ നഷ്ടപ്പെട്ടതിനു പിന്നാലെ, അധ്യാപക സമരം കാരണം വിദ്യാര്‍ത്ഥികളുടെ പരീക്ഷകളും മുടങ്ങുന്ന ഘട്ടമാണിപ്പോള്‍. വര്‍ഷങ്ങളോളം പഠിച്ചതിനു ശേഷം പരീക്ഷയില്‍ സമയത്തിനു പങ്കെടുക്കാനായില്ലെങ്കില്‍, പിന്നെ പ്രയോജനമെന്തെന്ന് കെ.എം.സി.ടിയലെ അവസാന വര്‍ഷ ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നുണ്ടെങ്കിലും, മാനേജ്‌മെന്റിന് ഉത്തരമില്ല. എന്നാല്‍, തങ്ങളുടെ ആവശ്യം അംഗീകരിച്ച അടുത്ത നിമിഷം തന്നെ ജോലിയില്‍ തിരികെ പ്രവേശിച്ച് പരീക്ഷകള്‍ പതിവുപോലെ നടത്താന്‍ തയ്യാറാണെന്നാണ് അധ്യാപകരുടെ പക്ഷം. ‘അധ്യാപകര്‍ സമരത്തിലാണെന്നത് ഒരു വശം. മാത്രമല്ല, പിരിച്ചുവിടപ്പെടുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്തതിന്റെ പേരില്‍ ഞങ്ങളുടെ ആരുടെയും പേരുകള്‍ കൗണ്‍സിലില്‍ ഇല്ല. ആ സാഹചര്യത്തില്‍ പാനലില്‍ ഇരിക്കാനും തടസ്സങ്ങളുണ്ട്. പിരിച്ചുവിട്ടവരെ തിരിച്ചെടുത്തു കഴിഞ്ഞാല്‍ അടുത്ത ദിവസം മുതല്‍ക്കു തന്നെ പരീക്ഷകള്‍ നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. പിരിച്ചുവിടപ്പെട്ട അധ്യാപകരും പാനലിലുണ്ട്. യൂണിവേഴ്‌സിറ്റിയെപ്പോലും അറിയിക്കാതെയാണ് മാനേജ്‌മെന്റിന്റെ പിരിച്ചുവിടല്‍ നടപടി. പ്രൈവറ്റ് ആയുര്‍വേദ കോളേജ് ടീച്ചേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് കെ.എം.സി.ടിയില്‍ ഇപ്പോള്‍ സമരം നടക്കുന്നത്. പരീക്ഷ മുടങ്ങിയതിന്റെ ഉത്തരവാദിത്തം അവര്‍ അധ്യാപകരുടെ മേല്‍ കെട്ടിവയ്ക്കുകയാണ്. അതല്ല സത്യം. കുട്ടികള്‍ക്കും ഇപ്പോള്‍ കാര്യം മനസ്സിലായിട്ടുണ്ട്. വിദ്യാര്‍ത്ഥികളും സമരത്തിന് ഇറങ്ങിക്കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഇടപെട്ടതിനു ശേഷവും, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ തയ്യാറല്ല എന്ന പല്ലവി ആവര്‍ത്തിക്കുകയാണ് മാനേജ്‌മെന്റ്. ഇരുപത്തിയഞ്ച് അധ്യാപകരാണ് ഇവിടെയുള്ളത്. പിരിച്ചുവിടപ്പെട്ട നാലു പേരും, രാജിസന്നദ്ധത അറിയിച്ച മറ്റുള്ളവരുമെല്ലാം സമരത്തിലുണ്ട്. രക്ഷിതാക്കളും നമുക്കൊപ്പം ചേരുന്നുണ്ട്.’

വിദ്യാര്‍ത്ഥികളും സമരരംഗത്ത് തങ്ങള്‍ക്കൊപ്പമാണെന്ന് അധ്യാപകര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, തങ്ങളുടെ വിഷയം മറ്റു പലതുമാണെന്ന് വിദ്യാര്‍ത്ഥികളും വിശദീകരിക്കുന്നു. ആരെയും പി്ന്തുണച്ചോ എതിര്‍ത്തോ അല്ല തങ്ങളുടെ സമരമെന്നും, പരീക്ഷകള്‍ മുടങ്ങിപ്പോകരുത് എന്ന ഏറ്റവും അടിസ്ഥാനാവശ്യം മുന്‍നിര്‍ത്തിയാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്നും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍ജിത്ത് പറയുന്നു. വേതന വ്യവസ്ഥയില്‍ മാറ്റം കൊണ്ടുവരാനാണ് അധ്യാപക സമരമെങ്കില്‍, നിലവിലെ പ്രതിസന്ധി കാരണം ഭാവി ഇരുട്ടിലാകുന്നതിനെതിരെയാണ് തങ്ങളുടെ സമരമെന്ന് അരുണ്‍ജിത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടു സമരങ്ങളോടും മാനേജ്‌മെന്റ് എടുക്കുന്ന നിലപാട് സ്വാഗതാര്‍ഹമല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ഭാഷ്യം. ‘വിഷു-ഈസ്റ്റര്‍-തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞ് ഏപ്രില്‍ 24ന് ക്ലാസ്സുകളിലെത്താനിരുന്നവരാണ് ഞങ്ങള്‍. ഹോസ്റ്റലില്‍ വെള്ളമില്ലെന്ന കാരണം പറഞ്ഞ് മേയ് 6 ലേക്ക് ക്ലാസ്സുകള്‍ നീട്ടിയിട്ടുണ്ടെന്ന് പിന്നീട് ഓഫീസില്‍ നിന്നും അറിയിപ്പു കിട്ടുകയായിരുന്നു. എന്നാല്‍, ഈ പ്രശ്‌നത്തില്‍ നിന്നും കുട്ടികളെ മാറ്റിനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ നീട്ടിവയ്ക്കല്‍. മേയ് 6ന് ക്ലാസ്സുകള്‍ തുടങ്ങുമെന്നും, അപ്പോഴേക്കും പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുതിയ അധ്യാപകരെ നിയമിക്കുമെന്നുമായിരുന്നു ഞങ്ങളോട് പറഞ്ഞിരുന്നത്. പക്ഷേ, പുതിയതായി നിയമിച്ച നാല് അധ്യാപകരും ഈയടുത്ത് പിജി കഴിഞ്ഞവരാണ്. ദിവസേനയുള്ള 26 പീരിയഡും മറ്റു കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ അവരുടെ പരിചയസമ്പന്നത മതിയാകില്ല. അതിനിടയില്‍ ധാരാളം സപ്ലിമെന്ററി പരീക്ഷകളും പ്രാക്ടിക്കല്‍ പരീക്ഷകളും തടസ്സപ്പെട്ടിട്ടുണ്ട്. മാനേജ്‌മെന്റും അധ്യാപകരും സംസാരിച്ച് ഒരു തീരുമാനത്തിലെത്തിച്ചേരണമെന്നാണ് ഞങ്ങള്‍ ഉന്നയിക്കുന്ന ആവശ്യം. ക്ലാസ്സുകള്‍ പുനഃസ്ഥാപിക്കുക, മുടങ്ങിയ പരീക്ഷകള്‍ വീണ്ടും നടത്താനുള്ള നടപടി കൈക്കൊള്ളുക, ഇനി പരീക്ഷകള്‍ മുടങ്ങാതെ നോക്കുക എന്നിവയാണ് ഞങ്ങളുടെ ആവശ്യങ്ങള്‍. മാനേജ്‌മെന്റ് പിരിച്ചുവിട്ടവരും രാജി സന്നദ്ധത അറിയിച്ചിട്ടുള്ളവരും പരീക്ഷയ്ക്ക് ഇന്റേണല്‍ ഇന്‍വിജിലേറ്ററായി ഇരിക്കേണ്ടവരാണ്. ഈ പ്രശ്‌നം പെട്ടന്ന് പരിഹരിക്കപ്പെട്ടാലേ ഞങ്ങള്‍ക്ക് പെട്ടന്ന് പരീക്ഷകള്‍ നടത്താന്‍ സാധിക്കുകയുള്ളൂ. പെട്ടന്ന് നടക്കണമെങ്കില്‍ ഈ അധ്യാപകരെ തിരിച്ചെടുക്കുക തന്നെ വേണം. ഇന്നലെ പരീക്ഷയുണ്ടായിരുന്നു, ഇന്നുമുണ്ട്, നാളെയുമുണ്ട്. മറ്റ് അധ്യാപകരെ തിരഞ്ഞെടുത്ത് നിയമിച്ച് വരാന്‍ ഇനി മാസങ്ങള്‍ എടുത്തേക്കും. അതിലുമെളുപ്പം സാധിക്കുന്നത് നിലവിലെ അധ്യാപകരെ തിരിച്ചെടുക്കുക എന്നതാണ്. എങ്ങനെയെങ്കിലും പരീക്ഷകള്‍ മുടക്കമില്ലാതെ നടന്നേ തീരൂ. സ്ഥാപനത്തിന്റെ മാനേജര്‍ സ്ഥലത്തില്ലാത്തതാണ് തീരുമാനമെടുക്കാനുള്ള തടസ്സമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. രാജി സന്നദ്ധത അറിയിക്കാത്ത ഒരേയൊരു അധ്യാപകന്റെ പരീക്ഷ മാത്രമാണ് നടക്കുന്നത്. രാജി സന്നദ്ധത അറിയിക്കാത്ത അധ്യാപകരുമുണ്ട്. അവരും പക്ഷേ അധ്യാപക സമരത്തോടൊപ്പം നിന്ന് പരീക്ഷകളുമായി സഹകരിക്കാത്ത നിലപാടാണ്.’

സമരം ചെയ്യാന്‍ തങ്ങള്‍ ആഗ്രഹിച്ചതല്ലെന്നും, നിര്‍ബന്ധിച്ച് സമരം ചെയ്യുന്ന അവസ്ഥയിലെത്തിച്ചതാണെന്നുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്. സ്വകാര്യ ആശുപത്രികളിലെ ശമ്പള പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി വെളിച്ചത്തുവരുന്നതിനിടെയാണ് കെ.എം.സി.ടിയിലെ അധ്യാപക സമരവും ചര്‍ച്ചയാകുന്നത്. ആയുര്‍വേദ ഡോക്ടര്‍മാരായ അധ്യാപകര്‍ക്ക് ശമ്പള വര്‍ദ്ധനവ് മാത്രമല്ല, മറ്റ് യാതൊരു തരത്തിലുള്ള തൊഴില്‍ സുരക്ഷയും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. സ്വകാര്യ സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴില്‍ ചൂഷണവും ആനുകൂല്യങ്ങളില്ലായ്മയും തന്നെയാണ് കെ.എം.സി.ടിയിലും നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍, ഒരേ വിഷയത്തില്‍ കടുംപിടിത്തം പിടിക്കുന്നതിന്റെ പേരില്‍ കെ.എം.സി.ടി അധികൃതര്‍ പ്രതിസന്ധിയിലാക്കുന്നത് അധ്യാപകരെ മാത്രമല്ല, ഒട്ടനവധി വിദ്യാര്‍ത്ഥികളെക്കൂടിയാണ് എന്നതാണ് കണക്കിലെടുക്കേണ്ടത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചതോടെ, രക്ഷിതാക്കളും സമരത്തില്‍ പങ്കുചേരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍, അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വെവ്വേറെ വിഷയങ്ങള്‍ക്ക് മാനേജ്‌മെന്റിനെതിരായി സമരം ചെയ്യുന്ന അപൂര്‍വ സംഭവങ്ങളിലൊന്നാകും കെ.എം.സി.ടിയില്‍ അരങ്ങേറുക. ചെയര്‍മാന്‍ സ്ഥലത്തില്ല എന്ന കാരണമുന്നയിച്ച് ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും വിസമ്മതിക്കുന്ന മാനേജ്‌മെന്റ് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി നിലപാടില്‍ അയവു വരുത്തുമെന്ന പ്രതീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴുമുണ്ട്.

Read More: ആര്‍ എസ് എസില്‍ റെഡി ടു വെയിറ്റും ‘കെ പി യോഹന്നാന്‍ വിഭാഗ’വും തമ്മില്‍ യുദ്ധം; ശബരിമല യുവതിപ്രവേശനത്തില്‍ പരസ്യ പോര് വിലക്കി നേതൃത്വം

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍