UPDATES

മണിയുടെ മാപ്പ് മാത്രമല്ല പ്രശ്നം; ഇത് ഭൂമിക്ക് വേണ്ടിയും ജാതി അടിമത്തത്തിനും എതിരെയുള്ള സമരം

പൊമ്പുളൈ ഒരുമൈ സമരത്തിനെതിരെ സിപിഎം കുപ്രചരണം നടത്തുന്നു

മൂന്നാര്‍ മാര്‍ക്കറ്റ് റോഡില്‍ ഗാന്ധി സ്‌ക്വയറിനടുത്തു താത്ക്കാലികമായി ഒരുക്കിയ ചെറിയ കൂടാരത്തിനുള്ളില്‍ നടന്നു വരുന്ന പൊമ്പുളൈ ഒരുമൈ സമരത്തിന് പല രീതിയിലുള്ള വ്യാഖ്യാനമാണ് പ്രചരിക്കപ്പെടുന്നത്. വൈദ്യുതിവകുപ്പ് മന്ത്രിയും ഇടുക്കിയിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ എംഎം മണി പൊമ്പുളൈ ഒരുമൈ പ്രവര്‍ത്തകരായ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ നടത്തിയ പ്രസ്താവനയില്‍ മന്ത്രി നേരിട്ടെത്തി മാപ്പ് പറയണമെന്നതാണ് സമരത്തിന്റെ ആവശ്യമെന്ന് മാധ്യമങ്ങള്‍ പറയുന്നു. യഥാര്‍ത്ഥ പൊമ്പുളൈ ഒരുമൈക്കാര്‍ അല്ല, പ്രസ്ഥാനത്തില്‍ ഇല്ലാത്ത മൂന്നു സ്ത്രീകള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നടത്തുന്ന സമരമാണിതെന്നും മറ്റൊരു പ്രചരണം. ഈ രണ്ടു പ്രചാരണങ്ങള്‍ക്കും ഇടയില്‍ തങ്ങളുടെ സമരത്തെ കുറിച്ച് പൊമ്പുളളൈ ഒരുമൈ നേതാവായ ഗോമതിക്കും വൈസ് പ്രസിഡന്റ് കൗസ്യലയ്ക്കും ജനറല്‍ സെക്രട്ടറി രാജേശ്വരിയ്ക്കും പറയാനുള്ള മറ്റു ചിലകാര്യങ്ങളുണ്ട്. മാധ്യമങ്ങളടക്കം ചര്‍ച്ച ചെയ്യേണ്ട വിഷയം അതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുകയാണ്.

സമരത്തിന്റെ യഥാര്‍ത്ഥ കാരണം

ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ യഥാര്‍ത്ഥകാരണം പറയുമ്പോള്‍ അതിനു മുന്നോടിയായി മൂന്നാറിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടി പറഞ്ഞുവേണം തുടങ്ങാന്‍ എന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. അതു മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജീവിതാവസ്ഥകളും അവര്‍ നേരിടുന്ന സാമൂഹികാവസ്ഥകളുമാണ്. ഇന്നും ജാതീയമായും തൊഴില്‍പരമായും നിലനില്‍ക്കുന്ന അടിമത്ത വ്യവസ്ഥ മൂന്നാറിലെ തോട്ടം മേഖലയിലുണ്ട്. അതിന്റെ ഇരകളാണ് തോട്ടം തൊഴിലാളികള്‍. 2015ല്‍ നടന്ന പൊമ്പുളൈ ഒരുമൈ സമരം കൂലിയും ബോണസും വര്‍ദ്ധിപ്പിക്കാനായിരുന്നെങ്കിലും അതിന്റെ മൂലകാരണം ഈ അടിമത്തവ്യവസ്ഥ അവസാനിപ്പിക്കുക എന്നതായിരുന്നു. മൂന്നാറിലെ കയ്യേറ്റങ്ങളുടെ കഥകള്‍ക്കിടയില്‍ സ്വന്തമായി മണ്ണോ വീടോ ഇല്ലാത്ത തോട്ടംതൊഴിലാളികളുടെ അവസ്ഥകള്‍ മനഃപൂര്‍വമെന്നവണ്ണം മറന്നുകളയുകയാണ്. ഒപ്പം അവരുടെ ജീവിതവും.

ദളിത് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ജനതയാണ് തോട്ടംമേഖലയില്‍ പണിയെടുക്കുന്നവര്‍. അവര്‍ ടാറ്റയുടെ തോട്ടങ്ങളില്‍ തലമുറകളായ ജോലി ചെയ്തുപോരുന്നു. തൊഴിലാളികള്‍ക്കുള്ള ലയങ്ങളില്‍ ജീവിച്ചുപോകുന്നു. അതിനു പുറത്തുള്ള ലോകം ഇന്നും അവരില്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനം പേര്‍ക്കും അന്യമാണ്. പുറത്തു വന്നാല്‍ ജീവിക്കാന്‍ അവര്‍ക്കു വഴിയില്ല. മണ്ണില്ല, വീടില്ല. മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ലാത്തവരാകുമ്പോള്‍ അതേ ലയയങ്ങളില്‍ അവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നു. ജോലിയില്‍ നിന്നു പിരിഞ്ഞാല്‍ ലയങ്ങളില്‍ നിന്നും ഒഴിഞ്ഞു കൊടുക്കണം. അങ്ങനെയൊരു ദുര്‍വിധി വരാതിരിക്കാനായി തനിക്കുശേഷം തന്റെ മക്കളെ അവര്‍ അതേ ജോലിയില്‍ ചേര്‍ക്കുന്നു. അങ്ങനെ പരമ്പരകളായി അവര്‍ തോട്ടങ്ങളിലെ പണിക്കാരാകുന്നു. തുടരുന്ന അടിമത്തം.

“2015 ല്‍ ഞങ്ങള്‍ സമരം നടത്തിയത് കൂലി വര്‍ദ്ധനവിനും ബോണസ് കൂട്ടിക്കിട്ടുന്നതിനുമായിരുന്നു. ആ സമരത്തിന്റെ ഫലമായി 300 രൂപ കൂലിയാക്കി. പക്ഷേ അത്രയും കൂലി കിട്ടണമെങ്കില്‍ 80 കിലോ കൊളുന്ത് ഞങ്ങള്‍ നുള്ളണം. ഇനി കൂലി അഞ്ഞൂറോ അറുന്നൂറോ കൂട്ടി കിട്ടട്ടേ. അതുകൊണ്ടു തോട്ടം തൊഴിലാളികളുടെ പ്രശ്‌നം തീരുമോ? ഇല്ല. ലയങ്ങള്‍ക്കപ്പുറം ഞങ്ങള്‍ക്ക് എന്തുണ്ട്? സ്വന്തമായി ഒരു തുണ്ട് ഭൂമിയുണ്ടോ? ഒരു വീടുണ്ടോ? ഒരു സാധാരണ മനുഷ്യനു വേണ്ട പ്രാഥമിക ആവശ്യങ്ങളാണല്ലോ ഭൂമി വീടും. അതുരണ്ടും ഞങ്ങള്‍ക്കില്ല”; ഗോമതിയും കൂട്ടരും പറയുന്നു.

“നാല്‍പ്പതുകളിലും അമ്പതുകളിലും കേരളത്തില്‍ നിന്നിരുന്ന അതേ സാമൂഹ്യവ്യസ്ഥയാണ് ഇന്നും തോട്ടം മേഖലയില്‍ നിലനില്‍ക്കുന്നത്. അടിമ പണിയായിട്ടാണല്ലോ തോട്ടം മേഖലയില്‍ തൊഴിലാളികളെ കൊണ്ടുവരുന്നത്. അതേ അടിമത്തം തന്നെയാണ് ഇന്നും ഈ തൊഴിലാളികള്‍ അനുഭവിക്കുന്നത്. 58 വയസില്‍ റിട്ടയര്‍ ചെയ്തു കഴിഞ്ഞാല്‍ അവര്‍ക്ക് എവിടെ പോകണമെന്ന് അറിയില്ല. വിരമിച്ചവരെ ലയത്തില്‍ നിന്നും ഒഴിപ്പിക്കാന്‍ ടാറ്റ ശ്രമിച്ചിട്ട്, അതിനെതിരേ തൊഴിലാളികള്‍ കേസു കൊടുത്ത പത്തുമുപ്പതോളം സംഭവങ്ങള്‍ ഉണ്ട്. ജാതി തൊഴില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഒരേയൊരു മേഖല ഒരുപക്ഷേ മൂന്നാറിലെ തോട്ടം മേഖലയിലാകാം. കൂലി കൂട്ടന്നതും ബോണസ് വര്‍ദ്ധിപ്പിക്കുന്നതിനുമെല്ലാം അപ്പുറം അവര്‍ മാറണമെന്നു ആവശ്യപ്പെടുന്നത് ഈ ജീവിതാവസ്ഥകളാണ്”; സമരവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സന്തോഷ് താന്‍ മനസിലാക്കിയ വിവരം പങ്കുവയ്ക്കുന്നു.

പൊതുസമൂഹത്തിലെ നിയമങ്ങള്‍ പലതും ഇവിടെ പ്രാവര്‍ത്തികമല്ല എന്നതാണു മറ്റൊരു വശം. ചെയ്യുന്ന ജോലിക്ക് അനുസൃതമല്ലാതെ വളരെ ചെറിയൊരു തുകയാണ് ഇവരുടെ പ്രൊവിഡന്‍സ് ഫണ്ടിനായി മാറ്റി വയ്ക്കുന്നത്. ദിവസവും 80 കിലോയ്ക്കുമേല്‍ കൊളുന്തു നുള്ളുന്ന പാര്‍വതി എന്ന സ്ത്രീ പറയുന്നത് അവര്‍ കൂലി കിട്ടുന്നതു സകല പിടുത്തവും കഴിഞ്ഞിട്ട് വെറും നാലായിരത്തി എണ്‍പത്തിയൊന്നു രൂപമാത്രമാണെന്നാണ്. ഇതേ അവസ്ഥ തനിക്കു മാത്രമല്ലെന്നും പാര്‍വതി പറയുന്നുണ്ട്. ഇനി മറ്റൊരു യാഥാര്‍ത്ഥ്യത്തിന്റെ ഉദാഹരണം പറയാം. മുപ്പതുവര്‍ഷം മുമ്പ് തോട്ടത്തില്‍ പണിക്കു കയറിയതാണു സെന്തില്‍. 15 വര്‍ഷം കഴിയുമ്പോള്‍ നോണ്‍ സ്റ്റാഫ് ആവുകയും 30 വര്‍ഷം കഴിയുമ്പോള്‍ കമ്പനി സ്റ്റാഫാവുകയും വേണ്ടതാണ്. കമ്പനി സ്റ്റാഫ് ആയാല്‍ അതനുസരിച്ചുള്ള ശമ്പളവും ആനുകൂല്യങ്ങളും കിട്ടണം. എന്നാല്‍ 2013 ല്‍ സെന്തില്‍ റിട്ടയര്‍ ചെയ്യുന്നത് 30 വര്‍ഷം മുമ്പ് ജോലിക്കു കയറിയ അതേ പോസറ്റില്‍ തന്നെ. ക്ലീനിങ്ങ് പണിയായിട്ടാണു ഞാന്‍ കേറുന്നത്. ഇറങ്ങുന്നതും അതേ തൊഴിലില്‍ തന്നെ. “ഞാനവരോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ചക്ലി സമുദായക്കാരനല്ലേ പിന്നെന്താ ആ പണി ചെയ്യുന്നതുകൊണ്ട് കുഴപ്പം എന്നായിരുന്നു മറുപടി.” സെന്തില്‍ പറയുന്നു. മുപ്പതുവര്‍ഷം പണിയെടുത്തു പിരിയുമ്പോഴും സെന്തില്‍ അവസാനകാലത്തും വാങ്ങിയ കൂലി വെറും 5,900 രൂപ മാത്രമായിരുന്നു എന്നു കൂടി അറിയുക.

രണ്ടാം പൊമ്പുളൈ ഒരുമൈ സമരം

ഈ വിഷയങ്ങള്‍ മുന്‍നിര്‍ത്തി വീണ്ടും സമരത്തിന് തയ്യാറെടുക്കുകയായിരുന്നു പൊമ്പുളൈ ഒരുമൈ കൂട്ടം. തൊഴിലാളി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി എന്നതായിരുന്നു ആവശ്യം. 1877 ല്‍ ജോണ്‍ ഡാനിയേല്‍ മണ്‍ട്രോ എന്ന ബ്രിട്ടീഷ് റസിഡന്റും തിരുവിതാംകൂറിന്റെ സാമന്തരായിരുന്ന പൂഞ്ഞാര്‍ രാജകുടുംബവും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരം ഒരുലക്ഷത്തി മുപ്പത്തിയാറായിരം ഏക്കര്‍ ഭൂമി മൂന്നാറില്‍ ഏറ്റെടുക്കുന്നു. അതില്‍ ഒരുലക്ഷത്തില്‍ ഇരുപത്തിയേഴായിരം ഏക്കറാണു ടാറ്റായുടെ കൈയില്‍ എത്തിയത്. ആ ഭൂമിയുടെ മേല്‍ 1972 ല്‍ കോടതിവിധി വരുന്നു. ലാന്‍ഡ് റിഫോംസ് ആക്ടിലെ കൈവശ കൃഷി ഭൂമി എന്ന നോമ്‌സില്‍ 57,000 ഏക്കര്‍ ഭൂമി ടാറ്റയ്ക്ക് കൃഷിക്കു നല്‍കി ബാക്കി 80,000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായവര്‍ക്കുള്‍പ്പെടെ വിതരണം ചെയ്യണമെന്നും സാമൂഹികാവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതുവരെ ഈ വിധി നടപ്പിലാക്കിയോ എന്നാണു ഗോമതിയും കൂട്ടരും ചോദിക്കുന്നത്.

“വി എസ് സര്‍ക്കാരിന്റെ കാലത്ത് 11,000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് എന്നു പറയുന്നു. പേപ്പറില്‍ ഉണ്ടായിരിക്കാം. പക്ഷേ അത്രയും ഭൂമി പോലും ഇപ്പോഴും സര്‍ക്കാരിന്റെ വരുതിയില്‍ വന്നിട്ടില്ലെന്നാണു സമരക്കാര്‍ പറയുന്നത്. ഭൂമി ഇപ്പോഴും ഉപയോഗിക്കുന്നത് ടാറ്റയാണ്. നിയമ വിരുദ്ധമായി കൈയടക്കി വച്ചിരിക്കുന്ന ഈ ഭൂമി ഉള്‍പ്പെടെ ഇവിടുത്തെ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ കൈയ്യടക്കി വച്ചിരിക്കുന്ന ഭൂമി ഏറ്റെടുത്ത് തൊഴിലാളി കുടുംബത്തിന് വിതരണം ചെയ്യണം. ലയം അല്ല ഞങ്ങള്‍ക്കാവശ്യം വീടാണ്. തോട്ടം മേഖലയിലെ നിയമവ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, മിനിമം കൂലി 600 രൂപ, ബോണസ് 20 ശതമാനം വര്‍ദ്ധനവ്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് വീണ്ടും സമരം ചെയ്യാന്‍ പൊമ്പുളൈ ഒരുമൈ കഴിഞ്ഞ മാസം തീരുമാനിച്ചു. അതിന്റെ പ്രഖ്യാപനം ഏപ്രില്‍ 22 നു നടത്തി. ഭൂമിയും കൂലിയും വ്യവസ്ഥകളുടെ മാറ്റവും എന്നീ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു സമരപ്രഖ്യാപനം. എന്നാല്‍ സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചു. മൂന്നു ദിവസം ഞങ്ങള്‍ സമരവേദിക്കായി മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി. തന്നില്ല, മൈക്ക് ഉപയോഗിക്കാന്‍ അനുമതി തന്നില്ല. അനുമതി തരാത്തതിനു കാരണവും പറയുന്നില്ല. പകരം എസ് ഐ ഞങ്ങളെ ജാതി പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു. അയാള്‍ക്കെതിരേ കേസ് കൊടുക്കും. അനുമതി തരാത്തതിനെതിരേ ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു. ഞങ്ങള്‍ക്കെതിരേ അവര്‍ കേസും എടുത്തു.

ഞങ്ങളുടെ സമരം ടാറ്റയെ മാത്രമല്ല, അവര്‍ക്ക് പ്രത്യക്ഷത്തില്‍ സഹായം ചെയ്യുന്ന അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാരെയും ബുദ്ധിമുട്ടിക്കുമെന്നതിനു തെളിവാണ് 22 നു ഞങ്ങള്‍ സമരം പ്രഖ്യാപാനം നടത്തി തൊട്ടടുത്ത ദിവം 23 നു എം എം മണി നടത്തിയ പ്രസംഗം. സുരേഷ് കുമാറിനെയും ശ്രീറാം വെങ്കിട്ടരാമനെയും മാധ്യമപ്രവര്‍ത്തകരെയും പൊലീസിനെയുമെല്ലാം ചീത്ത പറഞ്ഞ മണിയുടെ പ്രസംഗത്തില്‍ പൊമ്പുളൈ ഒരുമൈ സമരം കടന്നുവന്നത് യാദൃശ്ചികമല്ല, അതു ബോധപൂര്‍വമാണ്. മണിയുടെ പ്രസംഗം കൈയ്യേറ്റമൊഴിപ്പിക്കലിനെതിരേയായിരുന്നു. കൈയേറ്റമൊഴിപ്പിക്കലിനെ കുറിച്ചു പറയുമ്പോള്‍ അവിടെ പൊമ്പുളൈ ഒരുമൈയെ കൊണ്ടുവരുന്നത് എന്തിനാ? ഞങ്ങളുടെ സമരം അവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുമെന്ന് അറിയാം. രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ പറ്റാത്തപ്പോള്‍ സിപിഎം പലപ്പോഴും ചെയ്യാാറുള്ളത് അതിനെ സദാചാരവിരുദ്ധതയുമായി കൂട്ടിക്കെട്ടുകയെന്നതാണ്. മണി ചെയ്തതും അതാണ്. രാഷ്ട്രീയപരമായി ഞങ്ങളെ ഇല്ലാതാക്കുക എന്നതാണു സിപിഎം ശ്രമിക്കുന്നത്. അതുവഴി ഞങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കണം.

മണി ഞങ്ങളെ ചീത്തവിളിക്കാനുള്ള യഥാര്‍ത്ഥ കാരണം ഞങ്ങള്‍ ഉയര്‍ത്തുന്ന ഭൂമി പ്രശ്‌നം തന്നെയാണ്. ഇപ്പോള്‍ നടന്നുവരുന്ന സമരത്തിന്റെ പ്രധാന ആവശ്യവും ഭൂമി തന്നെയാണ്. അതിനൊപ്പമാണ് മണി മാപ്പ് പറയണമെന്നുള്ള ആവശ്യവും. പക്ഷേ ആ പ്രശ്‌നത്തിന്റെ ഇടയില്‍ ഞങ്ങളുടെ യഥാര്‍ത്ഥ ആവശ്യം മൂടപ്പെട്ടു പോകരുത്. ഞങ്ങള്‍ ഭൂമി സമരവുമായി ഇറങ്ങിയാല്‍ അത് ഏറ്റവുമധികം ബാധിക്കുന്നത് സിപിഎമ്മിനെയാണ്. അതവര്‍ക്ക് പൊളിക്കണം.ഇപ്പോഴും ഞങ്ങള്‍ പറയുന്നത്, ഈ സമരം മണിയെ കൊണ്ട് മാപ്പ് പറയിക്കണം എന്നതിനും വേണ്ടിയാണെങ്കിലും ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന യഥാര്‍ത്ഥ ആവശ്യം 80,000 ഓളം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച് തൊഴിലാളി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യണം എന്നതു തന്നെയാണ്. അതു മറഞ്ഞു പോകരുത്.” പൊമ്പുളൈ ഒരുമൈ സമരപ്രവര്‍ത്തകര്‍ പറയുന്നു.

പൊമ്പുളൈ ഒരുമൈ വേര്‍പിരിഞ്ഞിട്ടില്ല

“ഈ സമരം പൊളിക്കാന്‍ നടത്തുന്ന കുപ്രചരണങ്ങളില്‍ ഒന്ന് ഞങ്ങള്‍ യഥാര്‍ത്ഥ പൊമ്പുളൈ ഒരുമൈ പ്രവര്‍ത്തകരല്ല എന്നതാണ്. ഇവിടെ ഒരു പൊമ്പുളൈ ഒരുമൈ സംഘടനയെയുള്ളൂ. അവരാണ് ഈ സമരം നടത്തുന്നത്. ഇതില്‍ നിന്നും പുറത്തുപോയ ഒന്നോ രണ്ടോ പേര്‍ പറയുന്നതല്ല സത്യം. പൊമ്പുളൈ ഒരുമൈ രൂപീകരിച്ചപ്പോള്‍ അതിന്റെ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും ഉണ്ടായിരുന്നവരാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. മൂന്നു സ്ത്രീകള്‍ മാത്രമാണോ പൊമ്പുളൈ ഒരുമൈ എന്നു കളിയാക്കുന്നുണ്ട്. പെരുമഴ പെയ്യുമ്പോള്‍ മറ്റൊരിടത്തേക്ക് മാറിനില്‍ക്കേണ്ട അവസ്ഥ വരും. ആ സമയത്ത് ഒഴിഞ്ഞ സമര പന്തലിന്റെ ഫോട്ടോയെടുത്ത് സമരത്തിന് ആരുമില്ലെന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന തന്ത്രവും നടക്കുന്നുണ്ട്. പക്ഷേ യാഥാര്‍ത്ഥ്യം അതൊന്നുമല്ല. പൊമ്പുളൈ ഒരുമൈ സമരത്തിന് അതിന്റെ പ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണയുണ്ട്. ആളില്ല എന്നു പറയുമ്പോള്‍ ചില വസ്തുതകള്‍ കൂടി പറയാം. ഏപ്രില്‍-മേയ് മാസങ്ങളിലാണ് തോട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ പണി നടക്കുന്നത്. ഈ സമയത്ത് കിട്ടുന്ന കൂലി വരുന്ന ഒരു വര്‍ഷത്തേക്കുള്ള ഞങ്ങളുടെ സമ്പാദ്യം കൂടിയാണ്. മക്കളെ സ്‌കൂളില്‍ ചേര്‍ക്കാന്‍, അവര്‍ക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാനൊക്കെ പണം വേണം. ആ പണം ഈ മാസങ്ങളില്‍ ഞങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്. ഈ സമയത്ത് ജോലിയില്‍ നിന്നും മാറി നിന്നാല്‍ ജീവിതം തകരും. അതുകൊണ്ടാണ് എല്ലാവരുടെയും പങ്കാളിത്തം സമരത്തിന് ഇല്ലാതെ പോവുന്നത്. ആരും മനഃപൂര്‍വം മാറിനില്‍ക്കുന്നതല്ല. അവരുടെ സാഹചര്യം അങ്ങനെയാണ്. പക്ഷേ എല്ലാ ദിവസം ഓരോരുത്തരായെങ്കിലും തൊഴിലാളി സ്ത്രീകള്‍ ഇവിടെ വരും. ഞങ്ങളെ കാണും. കൂടെയിരിക്കാന്‍ പറ്റാത്തതിന്റെ സങ്കടം പറയും. ഒപ്പമുണ്ടെന്ന് ആശ്വസിപ്പിക്കും. പക്ഷേ ഞങ്ങള്‍ക്കൊപ്പം ഇരിക്കാന്‍ പോലും അവര്‍ക്കാകുന്നില്ല. അതിന്റെ കാരണം എന്താണന്നോ, കമ്പനിയുടെ ഭീഷണി. സമരത്തില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ കമ്പനി തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയാണ്. ഒരു ദിവസം അവധിയെടുത്താല്‍ ജോലിയില്‍ നിന്നും പറഞ്ഞുവിടുമെന്നാണു കമ്പനിയുടെ ഭീഷണി. ഈ കാര്യങ്ങളൊക്കെ ഇവിടുത്തെ ട്രേഡ് യൂണിയനുകള്‍ക്കും അറിയാം. അവര്‍ ആരുടെ കൂടെയാണെന്നും അറിയാല്ലോ. അവരെല്ലാവരും കൂടി ചേര്‍ന്ന് ഞങ്ങളുടെ സമരം പൊളിക്കാന്‍ നോക്കുകയാണ്. പക്ഷേ ഞങ്ങളെ എന്നന്നേക്കുമായി തോല്‍പ്പിക്കാന്‍ കഴിയില്ല. അതവര്‍ക്ക് മനസിലാകും. ഞങ്ങള്‍ തൊഴിലാളികള്‍ക്കും സ്വന്തമായുള്ള ഭൂമിയില്‍ ഒരു വീടുവച്ചു ജീവിക്കണം. അതു ഞങ്ങള്‍ നേടിയെടുത്തിരിക്കും,” ഗോമതിയും കൗസല്യയും രാജേശ്വരിയുമെല്ലാം ഉറച്ചവാക്കുകളോടെ നിലപാട് വ്യക്തമാക്കുകയാണ്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍