UPDATES

ട്രെന്‍ഡിങ്ങ്

വൈറ്റില മേല്‍പ്പാലവുമായി ബന്ധപ്പെട്ട വസ്തുതകള്‍ എല്ലാം പുറത്തു വരണം, ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം എഞ്ചിനീയറുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം-പി ടി തോമസ് എംഎല്‍എ

നാളെയെങ്കിലും അപാകതകളില്ലാത്ത പാലങ്ങള്‍ നിര്‍മിക്കാന്‍ കഴിയണമെങ്കില്‍ ചമ്രവട്ടം പാലം, പാലാരിവട്ടം, വൈറ്റില മേല്‍പ്പാലങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം

വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അപാകത ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തില്‍ സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നു പി ടി തോമസ് എംഎല്‍എ. പാലം നിര്‍മാണത്തില്‍ ഇ.ശ്രീധരനെ പോലെയുള്ള വിദഗ്ദരെ കൊണ്ടുവന്നു പരിശോധന നടത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്നു സ്ഥലം എംഎല്‍എ കൂടിയായ പി ടി തോമസ് അഴിമുഖത്തോട് പ്രതികരിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരേ ഈ സംഭവത്തിന്റെ പേരില്‍ യാതൊരുവിധ ആരോപണത്തിനും ഈ ഘട്ടത്തില്‍ ഞാന്‍ തയ്യാറല്ല. എന്നാല്‍ വൈറ്റില മേല്‍പ്പാലവുമായി ബന്ധപ്പെട്ട വസ്തുതകള്‍ എല്ലാം പുറത്തു വരണം. ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം എഞ്ചിനീയറുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം. അല്ലെങ്കില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംശയം ദുരീകരിക്കാന്‍ സാധിക്കില്ല. അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അത് പൊതുജനം അറിയണം, അല്ലാതെ വകുപ്പും മേലുദ്യോഗസ്ഥരും മാത്രം അറിഞ്ഞാല്‍ പോരാ. മേല്‍പ്പാല നിര്‍മാണത്തില്‍ വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥ ചൂണ്ടിക്കാണിച്ചാല്‍ അവര്‍ക്കെതിരേ നടപടിയെടുത്തുകൊണ്ടല്ല സര്‍ക്കാര്‍ മറുപടി നല്‍കേണ്ടത്. ഉദ്യോഗസ്ഥ എന്ന നിലയില്‍ എന്തെങ്കിലും വീഴ്ച്ച വരുത്തിയിട്ടുണ്ടെങ്കില്‍ വകുപ്പ് തല നടപടിയെടുത്തോട്ടെ, പക്ഷേ, ഇവിടെ അവരൊരു ഗൗരവമേറിയ വിഷയം ചൂണ്ടിക്കാണിച്ചിരിക്കുന്നു. ക്വാളിറ്റി കണ്‍ട്രോളര്‍ ആയ ഒരു എഞ്ചിനീയര്‍ പാലത്തിന്റെ കോണ്‍ക്രീറ്റിംഗുമായി ബന്ധപ്പെട്ട് സംശയം ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. ആ റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെങ്കിലും മനസിലാക്കാന്‍ കഴിഞ്ഞതില്‍വച്ച് ചില ഗുരുതരമായ വീഴ്ച്ചകള്‍ നിര്‍മാണത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് അതില്‍ പറഞ്ഞിട്ടുണ്ട്. സ്ലാബുകളുടെയും ഗര്‍ഡറുകളുടെയും നിര്‍മാണത്തില്‍ അപാകതയുണ്ട്. അവശ്യമായ അനുപാതത്തില്‍ അല്ല കോണ്‍ക്രീറ്റ് പാകപ്പെടുത്തി ഉപയോഗിച്ചിരിക്കുന്നതെന്നൊക്കെയുള്ള വിവരങ്ങളാണ് ആ റിപ്പോര്‍ട്ടില്‍ ഉള്ളതായി അറിയാന്‍ കഴിഞ്ഞത്. പൊതുമരാമത്ത് വകുപ്പ് കോതമംഗലം എംഎം എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ദരെ ഉപയോഗിച്ച് ഒരു പഠനം നടത്തിയെന്നും ആ റിപ്പോര്‍ട്ടില്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിലെ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന അപാകതകള്‍ കണ്ടെത്തിയിട്ടില്ലെന്നുമാണ് പറയുന്നത്. ഇവിടെ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം ഈ രണ്ടു റിപ്പോര്‍ട്ടുകളും പരസ്യപ്പെടുത്തുകയെന്നതാണ്; പി ടി തോമസ് പറയുന്നു.

ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം എഞ്ചിനീയറുടെ റിപ്പോര്‍ട്ടും കോതമംഗലം കോളേജിലെ വിദഗ്ദര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും പരസ്യപ്പെടുത്തിയ ശേഷം ഇക്കാര്യങ്ങളില്‍ ഇ. ശ്രീധരനെ പോലുള്ള വിദഗ്ദരെ ഉള്‍പ്പെടുത്തിക്കൊണ്ട് പരിഹാരം തേടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും പി ടി തോമസ് പറയുന്നു. പാലാരിവട്ടം പാലത്തില്‍ തകര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി പരിശോധനകള്‍ നടത്തിയിരുന്നു. മദ്രാസ് ഐഐടിയില്‍ നിന്നും വിദഗ്ദരെ കൊണ്ടുവന്നും പരിശോധന നടത്തി. ഇ. ശ്രീധരനെ കൊണ്ടുവരികയും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ തേടുകയും ചെയ്തു. അതു തന്നെയാണ് വൈറ്റില പാലത്തിന്റെ കാര്യത്തിലും ചെയ്യേണ്ടതും. അല്ലാതെ പാലാരിവട്ടം പലത്തിന്റെ കാര്യത്തില്‍ ഒരു നയം വൈറ്റില മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ മറ്റൊരു നയം എന്നാകരുത് സര്‍ക്കാര്‍ നിലപാട്. രണ്ടും ഒരേ രീതിയില്‍ കാണണം എന്നും പി ടി തോമസ് അഴിമുഖത്തോട് പറഞ്ഞു.

നിയമസഭയില്‍ എന്റെ ചോദ്യത്തിനുള്ള മറുപടി പറഞ്ഞുകൊണ്ടായിരുന്നു പാലാരിവട്ടം പാലം നിര്‍മാണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞത്. അന്നു ഞാന്‍ മുഖ്യമന്ത്രിയോട് ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും ഒരു ക്രമക്കേടോ അഴിമതിയോ കണ്ടെത്തുമ്പോള്‍ അത് യുഡിഎഫ് എല്‍ഡിഎഫ് എന്ന തരത്തില്‍ വിലയിരുത്താതെ ക്രമക്കേടും അഴിമതിയും ആരു നടത്തിയാലും അതിനെതിരേ നടപടി വേണം എന്നായിരുന്നു. ഇപ്പോള്‍ വൈറ്റില മേല്‍പ്പാലത്തിന്റെ കാര്യത്തിലും എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്.

യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഏറ്റവും വലിയ അഴിമതി നടന്ന പാലം നിര്‍മാണം പാലക്കാട്ടെ ചമ്രവട്ടം റഗുലേറ്ററി കം ബ്രിഡ്ജ് ആണ്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ആ നിര്‍മാണം നടക്കുന്നത്. പാലൊളി മുഹമ്മദ് കുട്ടിയാണ് സ്ഥലം എംഎല്‍എ. 124 കോടി രൂപ മുടക്കിയാണ് ചമ്രവട്ടം റഗുലേറ്ററി കം ബ്രിഡ്ജ് നിര്‍മിക്കുന്നത്. ഒരു കിലോമീറ്റര്‍ നീളമുള്ളതാണ് പാലം. ഇതിന്റെ 70 ഓളം ഷട്ടറുകളില്‍ ഉള്ളതില്‍ ഒരെണ്ണംപോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കേരളം സര്‍ക്കാര്‍ ചൈനീസ് കമ്പനിക്ക് കരാര്‍ നല്‍കി കൊണ്ട് പണിതതാണ് ചമ്രവട്ടം റെഗുലേറ്ററി കം ബ്രിഡ്ജ്. വ്യാപകമായ അഴിമതിയാണ് അതിന്റെ നിര്‍മാണത്തില്‍ നടന്നിരിക്കുന്നത്. പാലാരിവട്ടം പാലം നിര്‍മാണത്തെക്കുറിച്ച് രാഷ്ടീയവത്കരിച്ച് നടത്തുന്ന അന്വേഷണത്തിന് പകരം കേരളത്തിലെ പാലങ്ങള്‍ നാളേയെങ്കിലും ആരെങ്കിലും നല്ല നിലയില്‍ പണിയണമെങ്കില്‍ ചമ്രവട്ടം റെഗുലേറ്ററി കം ബ്രിഡ്ജിനെ പറ്റിയും പാലാരിവട്ടം പാലത്തിനെ പറ്റിയും വൈറ്റില പാലത്തിനെ പറ്റിയും ഒക്കെ സമഗ്രമായ അന്വേഷണം നടത്തി, നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കാനുള്ള ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടത്; പി ടി തോമസ് എംഎല്‍എ പറയുന്നു.

Read More: വൈറ്റില മേല്‍പ്പാലത്തിന് പാലാരിവട്ടത്തിന് സമാനമായ ഗുരുതര തകരാറോ? ഇ ശ്രീധരനെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍