UPDATES

സര്‍ക്കാര്‍ വാക്കു മാറ്റി, പുതുവൈപ്പിനില്‍ സമരം വീണ്ടും ശക്തം; തല്ലിയൊതുക്കാന്‍ പൊലീസ്‌

കൊച്ചി പുതുവൈപ്പിനില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വാതക പ്ലാന്റിനെതിരായ ജനകീയ സമരം കൂടുതല്‍ ശക്തമാകുന്നു. പ്ലാന്റ് നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കാമെന്നും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കുമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ  നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണു പുതുവയ്പ്പിനിലെ നാട്ടുകാര്‍ ശക്തമായ സമരവുമായി വീണ്ടും രംഗത്തെത്തിയത്. എന്നാല്‍ സമരക്കാരെ തല്ലിയൊതുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി കൊണ്ടിരിക്കുന്നു. പൊലീസ് അതിക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

കൊച്ചി മെട്രൊയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുഖ്യമന്ത്രി എത്തുന്നേരം ചര്‍ച്ച നടത്താമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജിന്റെ തുടര്‍ച്ചയാണ് ഇന്നും തങ്ങള്‍ക്കുനേരെ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇന്നലെ ചര്‍ച്ച നടന്നിരുന്നില്ല. പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ എസ് ശര്‍മ തന്നെ രംഗത്തെത്തിയിരുന്നു.

കൂടാതെ ചര്‍ച്ച നടക്കുന്നത് വരെ പുതുവൈപ്പിനില്‍ നിന്നും പൊലീസിനെ പിന്‍വലിക്കുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചിരുന്നു. ഇത്തരം ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജംക്ഷനില്‍ നടന്നിരുന്ന സമരവും പുതവൈപ്പിനിലെ പ്രക്ഷോഭപരിപാടികളും ഇന്നലെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ പുതുവൈപ്പില്‍ ഐഒസി അധികൃതരും തൊഴിലാളികളും എത്തുകയും പൊലീസ് സംരക്ഷണത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതും സമരം ശക്തമാക്കുമെന്ന് അറിയിച്ചതും.

യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് തങ്ങളെ അടിച്ചോടിക്കുകയായിരുന്നുവെന്നു സമരസമിതി നേതാവ് സബീന പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുട്ടികളെ ഇന്നത്തെ ഉപരോധത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും സമരനേതാവ്‌ സബീന അഴിമുഖത്തോട് പറഞ്ഞു. പൊലീസ് നടപടി തല്‍ക്കാലത്തേക്ക് നിരത്തിവച്ചതിനെ തുടര്‍ന്ന് കൂടുതല്‍ സമരക്കാര്‍ പ്രദേശത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് സമരസമിതി അംഗം റൂബിന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍