UPDATES

കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിച്ചുകൊടുക്കും; കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് രാഹുല്‍

ആവേശകരമായ സ്വീകരണവുമാണ് കല്ല്യോട്ട് രാഹുലിന് ലഭിച്ചത്

കാസര്‍കോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ രാഹുല്‍, കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് മട്ടന്നൂരില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഐബിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് ഹെലികോപ്റ്ററില്‍ പെരിയയിലെത്തിയത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുന്നതിന്റെ ഭാഗമായെത്തിയ രാഹുല്‍ ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടക്കുന്ന ജനമഹാറാലി ഉദ്ഘാടനം ചെയ്ത ശേഷമാണ് രാഹുല്‍ ഡല്‍ഹിക്കു തിരിക്കുക.

പെരിയ കേന്ദ്ര സര്‍വലാശാലയില്‍ ഹെലികോപ്റ്ററിറങ്ങിയ രാഹുല്‍ ആദ്യം സന്ദര്‍ശിച്ചത് കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ വീടാണ്. കൃപേഷിനായി ഹൈബി ഈഡന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണിയുന്ന പുതിയ വീടും സന്ദര്‍ശിച്ച് വിലയിരുത്തിയ രാഹുല്‍ പതിനഞ്ച് മിനുട്ടോളം കൃപേഷിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിച്ചു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കം ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ് രാഹുലിനൊപ്പം കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളെ കണ്ടത്. കൃപേഷിന്റെ മാതാപിതാക്കളോട് സംസാരിച്ച ശേഷം പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ട ശേഷമാണ് രാഹുല്‍ തൊട്ടടുത്തുള്ള ശരത്‌ലാലിന്റെ വീട്ടിലേക്കു തിരിച്ചത്. ഏകദേശം പതിനഞ്ചു മിനുട്ടോളം ശരത്‌ലാലിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പവും രാഹുല്‍ സമയം ചിലവഴിച്ചു.

കൃപേഷിനും ശരത്‌ലാലിനും നീതി ലഭിക്കുമെന്നും, കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്നുമായിരുന്നു മാധ്യമങ്ങളോട് രാഹുലിന്റെ പ്രതികരണം. വലിയ ജനക്കൂട്ടവും ആവേശകരമായ സ്വീകരണവുമാണ് കല്ല്യോട്ട് രാഹുലിന് ലഭിച്ചത്. സി.ബി.ഐ അന്വേഷണം ഏര്‍പ്പെടുത്താന്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് രാഹുല്‍ ഗാന്ധി തനിക്ക് വാക്കുനല്‍കിയതായും, മകളുടെ വിദ്യാഭ്യാസമടക്കം എല്ലാ ആവശ്യങ്ങള്‍ക്കും സഹായം നല്‍കാമെന്ന് പറഞ്ഞതായും കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ മാധ്യമങ്ങളെ അറിയിച്ചു. പെരിയയുടെ പരിസരപ്രദേശങ്ങളിലെത്തിയിട്ടു പോലും മുഖ്യമന്ത്രി തന്നേയോ കുടുംബത്തെയോ സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും, എന്നാല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ തങ്ങളെ സന്ദര്‍ശിച്ചുവെന്നും കൃഷ്ണന്‍ പറയുന്നു. കേരളത്തിലെ എല്ലാവരുടെയും മുഖ്യമന്ത്രി പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായി പെരുമാറരുതായിരുന്നു എന്നായിരുന്നു രാഹുലിന്റെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൃഷ്ണന്റെ പ്രതികരണം.

നേരത്തേ, കൃപേഷ് കൊല്ലപ്പെട്ടതിനടുത്ത ദിവസങ്ങളില്‍ കൃഷ്ണനെയും ശരത്‌ലാലിന്റെ പിതാവ് സത്യനെയും ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചിരുന്ന രാഹുല്‍, അടുത്ത തവണ കേരളത്തിലെത്തുമ്പോള്‍ തീര്‍ച്ചയായും കല്ല്യോട്ട് ഇരുവരെയും സന്ദര്‍ശിക്കുമെന്ന് വാക്കുനല്‍കിയിരുന്നു. പിന്നീട്, കോണ്‍ഗ്രസിന്റെ പ്രചരണം ആരംഭിക്കുന്നതിനായി കേരളത്തിലെത്തിയപ്പോള്‍ പെരിയയിലും സന്ദര്‍ശനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പെരിയയില്‍ നിന്നും മടങ്ങുന്ന രാഹുല്‍ വൈകീട്ട് കോഴിക്കോട്ട് കടപ്പുറത്ത് പ്രസംഗിക്കും. തൃപ്രയാറില്‍ ദേശീയ മത്സ്യത്തൊഴിലാളി പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത ശേഷമാണ് രാഹുല്‍ കാസര്‍കോട്ടേക്ക് തിരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍