കുമാറിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന ആവശ്യത്തിനൊപ്പം തന്നെ പ്രധാന്യമുള്ളതാണ് ഹരിത ഫിനാന്‍സിനു പിന്നില്‍ ഉള്ളവര്‍ ആരെല്ലാമാണെന്നു കണ്ടെത്തേണ്ടതുമെന്ന് കുമാറിന്റെ കുടുംബവും ബന്ധുക്കളും ആവശ്യപ്പെടുന്നു
കോലാഹലമേട്ടിലെ പ്രധാന ടാര്‍ റോഡില്‍ നിന്നും ചെങ്കല്‍കുത്തിലൂടെ മുകളിലേക്ക് കയറിയെത്തുന്നിടത്താണ് പുള്ളിക്കാനം എസ്റ്റേറ്റ് ലയങ്ങള്‍. ഒരേ നിരയിലായി ജീര്‍ണാവസ്ഥയിലുള്ള രണ്ടു കെട്ടിടങ്ങള്‍. ഒരു ചെറു വരാന്ത, അത് കടന്നെത്തുന്ന ഒറ്റ മുറി, അടുക്കള. നൂറു വോള്‍ട്ട് ബള്‍ബ് പ്രകാശിച്ചാലും ബാക്കി നില്‍ക്കുന്ന ഇരുട്ട്. തോട്ടം തൊഴിലാളികള്‍ അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെ പഴകിയ സ്മാരകങ്ങളാണ് ഈ ലയങ്ങള്‍. അതില്‍ തന്നെ ഏറ്റവും മോശമായ, കിടക്കാന്‍ ഉറപ്പുള്ളൊരു കട്ടില്‍ പോലുമില്ലാത്ത, ഒരു വീട്ടിലായിരുന്നു നാലു മാസങ്ങള്‍ക്കു മുമ്പ് ദൂരുഹത ബാക്കിയാക്കി ഇറങ്ങിപ്പോകുന്നതുവരെ രാജ് കുമാര്‍ എന്ന 49-കാരന്‍ ഭാര്യയും മൂന്നുമക്കളുമായി താമസിച്ചിരുന്നത്. ആഴ്ച്ചകള്‍ക്കു മുമ്പൊരു അര്‍ദ്ധരാത്രിയില്‍ ഒരിക്കല്‍ കൂടി അയാളിങ്ങോട്ട് വന്നിരുന്നു. പിന്നീട് രാജ് കുമാര്‍ ഈ ലയത്തിലേക്ക് വരുന്നത് വാഗമണ്‍ പള്ളി സെമിത്തേരിയിലേക്കുള്ള യാത്രയുടെ ചെറിയ ഇടവേളയിലായിരുന്നു.
ആരായിരുന്നു രാജ് കുമാര്‍?
ഏലപ്പാറയ്ക്കടുത്ത് ബോണാമീയിലായിരുന്നു രാജ് കുമാര്‍ എന്ന കുമാറിന്റെ സ്വദേശം. രാജ് കുമാറിന്റെ സഹപാഠികളായിരുന്ന ചിലര്‍ക്ക് ഇപ്പോഴും അയാള്‍ ഓര്‍മയിലുണ്ട്. പഠനത്തില്‍ വളരെ പിന്നാക്കമായിരുന്നു കുമാര്‍. മറ്റ് കുട്ടികളുടെ പേപ്പര്‍ നോക്കിയെഴുതിയാല്‍ പോലും തെറ്റു വരുത്തുന്ന, പരീക്ഷകളിലെല്ലാം തന്നെ തോറ്റുപോകുന്നൊരാള്‍. ഏഴാം ക്ലാസ് കൊണ്ട് പഠനം നിര്‍ത്തിയതിന്റെ കാരണവും മറ്റൊന്നല്ല. വിദ്യാഭ്യാസം ഉപേക്ഷിച്ചശേഷം പണിക്കിറങ്ങി. കഠിനമായി അദ്ധ്വാനിക്കുമായിരുന്നു. തോട്ടങ്ങളിലെ ജോലിയും മറ്റു കൂലിപ്പണികളുമെടുത്തായിരുന്നു ജീവിതം. ഒരിക്കല്‍ തോട്ടത്തിലെ കള പറിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയില്‍ പിന്നില്‍ നിന്നിരുന്ന മറ്റൊരു തൊഴിലാളിയുടെ വാക്കത്തി ലക്ഷ്യം തെറ്റി കൊണ്ടത് കുമാറിന്റെ കുതുകാല്‍ ഭാഗത്തായിരുന്നു. ഞരമ്പിനേറ്റ മുറിവ് കാലിന്റെ സ്വാധീനം കുറച്ചു. നടക്കുമ്പോഴുള്ള ഏന്തിവലിവ് അതിനുശേഷമായിരുന്നു. വേഗത്തില്‍ നടക്കുന്നതിനു പോലും ബുദ്ധിമുട്ടായതോടെ കൂടുതല്‍ അദ്ധ്വാനമുള്ള ജോലികള്‍ക്ക് കഴിയാതെയായി.
പത്തു കൊല്ലങ്ങള്‍ക്കു മുമ്പാണ് ബോണാമീയില്‍ നിന്നും കോലഹാലമേട്ടിലേക്ക് കുമാര്‍ എത്തുന്നത്. അപ്പോഴയാള്‍ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായിരുന്നു. ഭാര്യ വിജയ തേയില തോട്ടത്തില്‍ കൊളുന്ത് നുള്ളാന്‍ പോയും കുമാര്‍ തോട്ടത്തിലുള്‍പ്പെടെ ചെറിയ ചെറിയ ജോലികള്‍ ചെയ്തുമാണ് കുടുംബം നോക്കിയത്. ഇരുവരുടെയും വരുമാനം കൊണ്ട് ആ കുടുംബത്തിന്റെ ദാരിദ്ര്യവും പട്ടിണിയും മാറിയിരുന്നില്ല. കുമാറിന്റെ അമ്മ കസ്തൂരി പ്രായാധിക്യം മറന്നും ദൂരദേശങ്ങളില്‍ വീട്ടുജോലികള്‍ക്ക് പോകുന്നതും അതുകൊണ്ടാണ്. മക്കളുടെ വിദ്യഭ്യാസത്തിനു പോലും വഴി കാണാതെ ബുദ്ധിമുട്ടിയ കുമാറിന് ഒരു വര്‍ഷം മുമ്പ് വാടക വീട് ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. അയാള്‍ക്ക് സ്വന്തമായി ഭൂമിയോ വീടോ ഒന്നും ഉണ്ടായിരുന്നില്ല. വാടക വീടും നഷ്ടപ്പെട്ട അവസരത്തില്‍ സഹായമായത് വിജയയുടെ തോട്ടം പണിയായിരുന്നു. അങ്ങനെയാണ് ഇപ്പോഴുള്ള ലയം കിട്ടുന്നത്.
ജോലിക്കായി വാഗമണ്ണിനു പുറത്തേക്കു പോകുമായിരുന്നുവെങ്കിലും എത്ര രാത്രിയായാലും തിരികെ അയാള്‍ വീട്ടില്‍ എത്തുമായിരുന്നു. ആരുമായി വഴക്കിനോ ശത്രുതയ്‌ക്കോ പോകാതെ, സമാധാനപരമായി കഴിഞ്ഞുപോന്നിരുന്ന ഒരാളായിരുന്നു ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കുമെല്ലാം കുമാര്‍. അങ്ങനെയുള്ള കുമാറിനെ നാലു മാസങ്ങള്‍ക്കു മുമ്പ് പെട്ടെന്നൊരു ദിവസം കാണാതാവുകയായിരുന്നു.
കുമാര്‍ എവിടെ പോയി?
ജോലിക്ക് പോകുന്നുവെന്നായിരുന്നു വിജയയോട് കുമാര്‍ പറഞ്ഞത്. പുറത്തു പണിക്കു പോകാറുള്ളത് കൊണ്ട് മറ്റൊന്നും സംശയിക്കേണ്ട സാഹചര്യവും വിജയയ്ക്ക് ഇല്ലായിരുന്നു. എവിടെപോയാലും രാത്രിയില്‍ തിരിച്ചെത്താറുമുണ്ട്. പക്ഷേ, അത്തവണ കുമാര്‍ പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരികെ വന്നില്ല. ഫോണിലും ബന്ധപ്പെടാന്‍ സാധിച്ചില്ല. യാതൊരു വിവരവും ഇല്ലാതായതോടെ വാഗമണ്‍ പൊലീസ് സ്റ്റേഷനില്‍ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് വിജയ പരാതി നല്‍കി. പരാതി സ്വീകരിച്ചെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നില്ല. കുമാര്‍ അജ്ഞാതനായി തന്നെ തുടര്‍ന്നു.
നാളുകള്‍ക്ക് ശേഷമാണ് കുമാറിനെ കുറിച്ചുള്ള വിവരം കുടുംബത്തിനും ബന്ധുക്കള്‍ക്കും കിട്ടുന്നത്. അതത്ര സന്തോഷമുള്ളതുമായിരുന്നില്ല. നാട്ടുകാരില്‍ ചിലര്‍ നെടുങ്കണ്ടത്തുവച്ച് ഒരു സ്ത്രീക്കൊപ്പം കുമാറിനെ കണ്ടു. അതോടെ പല പല സംശയങ്ങളുമായി ആളുകളെത്തി. അവരില്‍ ചിലര്‍ പറഞ്ഞത്, നാട്ടില്‍ നിന്നും കുമാറിനെ ഒരു സ്ത്രീ വന്നു കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നായിരുന്നു. ഏത് സ്ത്രീ, എന്തിന്? എന്നതിനൊന്നും ഉത്തരമില്ലായിരുന്നു. ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് വേറൊരു സ്ത്രീയുടെ കൂടെ കുമാര്‍ പോയതാണെന്ന് എല്ലാവരും ഉറപ്പിച്ചു. അതുവരെ എല്ലാവര്‍ക്കും കുമാറിനോടുണ്ടായിരുന്ന ഇഷ്ടം ദേഷ്യമായി. 20 വയസുള്ള ഒരു മകളുള്ള, ഭാര്യയും പ്രായമായ അമ്മയുമുള്ള കുമാര്‍ അവരെയെല്ലാം ഉപേക്ഷിച്ചാണ് ഏതോ ഒരു സ്ത്രീക്കൊപ്പം പോയതെന്നതാണ് എല്ലാവരിലും അമര്‍ഷം ഉണ്ടാക്കിയത്. കുമാറിനെക്കുറിച്ചുള്ള അന്വേഷണം വിജയയും നിര്‍ത്തി. സ്വന്തം മകന്‍ കാണിച്ച തെറ്റിന് മാപ്പ് കൊടുക്കാന്‍ കസ്തൂരിക്കും കഴിഞ്ഞില്ല. വീട്ടുജോലി ചെയ്തായാലും താന്‍ നോക്കിക്കോളാം നിങ്ങളെ എന്നായിരുന്നു എഴുപത്തിയഞ്ചിനടുത്ത് പ്രായമുള്ള ആ സ്ത്രീ മരുമകളോടും കൊച്ചു മക്കളോടും പറഞ്ഞത്. വിജയയ്ക്ക് പണിയുള്ള ദിവസങ്ങളില്‍ കിട്ടുന്നത് ആകെ മുന്നൂറു രൂപയാണ്. അതുകൊണ്ട് വീട്ടു ചെലവുകളും കുട്ടികളുടെ പഠനവുമെല്ലാം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ലായിരുന്നു. കസ്തൂരിയായിരുന്നു പിന്നെയുള്ള ആശ്വാസം. ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടിലായിരുന്നു അവര്‍ ജോലിക്ക് നിന്നിരുന്നത്. കിട്ടുന്ന ശമ്പളവുമായി കസ്തൂരി വീട്ടിലെത്തും. കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും പഠനോപകരണങ്ങളുമെല്ലാം വാങ്ങുന്നത് ആ പണം കൊണ്ടായിരുന്നു. ഇതിനിടയില്‍ വിജയയുടെ അമ്മ നല്‍കിയ അഞ്ചു സെന്റില്‍ ഒരു വീട് വയ്ക്കാനുള്ള സര്‍ക്കാര്‍ സഹായവും ശരിയായി. ഒരു ചെറിയ വീടും വച്ച് മക്കളുമായി അങ്ങോട്ടു മാറാം എന്ന കണക്കുക്കൂട്ടലില്‍ കഴിയുകയായിരുന്നു വിജയയും കസ്തൂരിയും.
ജൂണ്‍ 12, മഴയുള്ള ആ രാത്രി
2019, ജൂണ്‍ 12. വാഗമണ്ണിലാകെ അന്നു പെരുമഴയായിരുന്നു. രാവിലെ എട്ടു മണിക്ക് തോട്ടത്തിലെ പണിക്കു കയറുന്നവരാണ് തൊഴിലാളികള്‍. ജോലി കഴിഞ്ഞു തളര്‍ന്നു ക്ഷീണിച്ചു വരുന്നവര്‍ രാത്രിയില്‍ നേരത്തെ തന്നെ ഉറങ്ങാനും കിടക്കും. കനത്ത മഴയും കൂടി ഉണ്ടായിരുന്നതിനാല്‍ അന്നേ ദിവസം പതിവിലും നേരത്തെ ലയത്തിലുള്ളവരെല്ലാം കിടന്നിരുന്നു. അര്‍ദ്ധരാത്രിയോടടുത്ത് വാതിലില്‍ മുട്ട് കേട്ടാണ് ലൈസാമ എഴുന്നേല്‍ക്കുന്നത്. കുമാറിന്റെ ബന്ധു രാജേന്ദ്രന്റെ ഭാര്യയാണ് ലൈസാമ. വാതില്‍ തുറന്ന ലൈസാമ കണ്ടത് പോലീസുകാരെയാണ്. ഉറക്കത്തിലായിരുന്ന രാജേന്ദ്രനെ വേഗം വിളച്ചുണര്‍ത്തി. പാതിരാത്രിയില്‍ തങ്ങളുടെ വീടു തേടി പോലീസ് വന്നത് എന്തിനാണെന്ന ഭയത്തില്‍ നില്‍ക്കുന്നവരോട് പോലീസുകാര്‍ ചോദിച്ചത് കുമാറിന്റെ വീടായിരുന്നു. രാജേന്ദ്രന്‍ തൊട്ടടുത്ത് വാതിലിലേക്ക് വിരല്‍ ചൂണ്ടി. മുറ്റത്ത് ജീപ്പ് കിടക്കുന്നുണ്ടായിരുന്നു. അതില്‍ നിന്നും ഒന്നുരണ്ടു പോലീസുകാര്‍ കൂടി ഇറങ്ങി വന്നു. വിജയയും മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുമാര്‍ എവിടെയാണെന്നായിരുന്നു പോലീസ് ആദ്യം ചോദിച്ചത്. കുറെ നാളായി കാണാതായിട്ടെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിജയ പറഞ്ഞു. അതോടെ അടുത്ത ചോദ്യം; കുമാര്‍ ഇവിടെ പണം ഒളിപ്പിച്ചു വച്ചിട്ടുണ്ടോ? പോലീസ് എന്താണ് ചോദിക്കുന്നതെന്നു വിജയയ്ക്ക് മനസിലായില്ല. മറുപടിക്കൊന്നും കാത്തു നില്‍ക്കാതെ അവര്‍ അകത്തു കയറി പരിശോധന തുടങ്ങി. അലമാര തുറന്ന് തുണികളെല്ലാം വാരിയിട്ടു. നാല്‍പ്പതിനായിരം രൂപ കുമാര്‍ ഈ വീട്ടില്‍ കൊണ്ടുവന്നു വച്ചിട്ടുണ്ടായിരുന്നുവെന്നായിരുന്നു പോലീസ് പറഞ്ഞത്. ആ പണത്തിനു വേണ്ടിയവിടെയാകെ പരിശോധിച്ചശേഷമാണ് ജീപ്പില്‍ നിന്നും കൈവിലങ്ങുവച്ചുകൊണ്ട് കുമാറിനെ ഇറക്കിക്കൊണ്ടു വരുന്നത്. മാസങ്ങള്‍ക്കു ശേഷം വിജയയും മക്കളും കുമാറിനെ കാണുന്ന സമയം. പക്ഷേ, അവരെ ഏറ്റവും വേദനിപ്പിച്ച കാര്യങ്ങളായിരുന്നു അവിടെ നടന്നത്. ഭാര്യക്കും മക്കള്‍ക്കും മുന്നിലിട്ട് ക്രൂരമായാണ് പോലീസുകാര്‍ കുമാറിനെ മര്‍ദ്ദിച്ചത്. പണം എവിടെ ഒളിപ്പിച്ചെന്നു ചോദിച്ചുകൊണ്ടവര്‍ നീളന്‍ വടികൊണ്ട് അയാളുടെ കാലില്‍ തല്ലിക്കൊണ്ടേയിരുന്നു. കുമാറിന്റെ നിലവിളി മഴയുടെ മുഴക്കത്തില്‍ അധികം ദൂരേയ്ക്ക് പോയില്ല. എന്താണ് സംഭവിക്കുന്നതെന്നു വിജയയ്‌ക്കോ മക്കള്‍ക്കോ രാജേന്ദ്രനോ ലൈസാമയ്‌ക്കോ ആര്‍ക്കും മനസിലാകുന്നുണ്ടായിരുന്നില്ല. എല്ലാവരും ഭയന്നു വിറച്ചു നില്‍ക്കുകയായിരുന്നു. മര്‍ദ്ദനം തുടര്‍ന്നുകൊണ്ടേയിരുന്നു. രാജേന്ദ്രന്‍ പോലീസുകാരോട് കുമാറിനെ തല്ലരുതെന്ന് അപേക്ഷിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ല. ഇവന്‍ വലിയ തട്ടിപ്പ് നടത്തിയവനാണെന്നു പറഞ്ഞായിരുന്നു പോലീസിന്റെ മര്‍ദ്ദനം. കൂടുതല്‍ ഒന്നും വീട്ടുകാരെ അറിയിക്കാന്‍ നില്‍ക്കാതെ പോലീസ് കുമാറുമായി മടങ്ങി.
പിന്നാലെയെത്തിയ മരണ വാര്‍ത്ത
അപ്രതീക്ഷിതമായി നടന്ന ആ സംഭവങ്ങള്‍ക്ക് പിന്നാലെ പോകാന്‍ പക്ഷേ വിജയയോ ബന്ധുക്കളോ തയ്യാറായില്ല. കുമാറിനെ ഏതോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതാണെന്നും കോടതിയില്‍ ഹാജരാക്കുമ്പോള്‍ പോകാമെന്നുമായിരുന്നു അവര്‍ കരുതിയത്. എന്നാല്‍ അങ്ങനെയൊരു അവസരം കിട്ടിയില്ല. കുമാറിനെ കുറിച്ച് പിന്നീട് കേള്‍ക്കുന്നത് അയാള്‍ മരിച്ചുവെന്നായിരുന്നു. അതേക്കുറിച്ച് കുമാറിന്റെ ഭാര്യയുടെ സഹോദരനായ ആന്റണി പറയുന്നു; ഏലപ്പാറയില്‍ നിന്നും ആരോ വാഗമണില്ലേക്ക് വിളിച്ചു പറഞ്ഞിട്ട് അവിടെ നിന്നാണ് ഞങ്ങള്‍ വിവരം അറിയുന്നത്. പീരുമേട് താലൂക്ക് ആശുപത്രിയില്‍ വച്ച് മരിച്ചുവെന്നായിരുന്നു കിട്ടിയ വിവരം. ഞാനും എന്റെ അച്ഛന്റെ അനിയന്റെ മകന്റെ മകനായ ജേക്കബും കൂടിയാണ് കുമാറിന്റെ മൃതശരീരം കാണാന്‍ പോയത്. പീരുമേട് താലൂക്ക് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോസ്‌റ്റ്മോര്‍ട്ടത്തിനായി കൊണ്ടു പോയിരുന്നു. അവിടെ ചെന്ന് കുമാറിന്റെ ശരീരം കണ്ടപ്പോള്‍ എനിക്ക് സംശയമായി. കയ്യും കാലുമെല്ലാം തല്ലിയൊടിച്ചപോലെയായിരുന്നു. കാലിന്റെ വെള്ള നീലച്ചു കിടക്കുകയായിരുന്നു. ശരീരത്തില്‍ തൊടുമ്പോള്‍ തൊട്ടഭാഗത്തേക്ക് വിരല്‍ കുഴിഞ്ഞുപോവുന്നപോലെയായിരുന്നു. സാധാരണ മരണമല്ല കുമാറിന്റേതെന്ന് ഞങ്ങള്‍ മനസിലായി. പക്ഷേ കൂടെയുണ്ടായിരുന്നവര്‍ ഒന്നും സമ്മതിച്ചു തരുന്നില്ലായിരുന്നു.
ആരായിരുന്നു കൂടെയുണ്ടായിരുന്നവര്‍?
ആന്റണിയുടെയും അനിയന്‍ മോഹന്റെയും ആരോപണങ്ങള്‍ സിപിഎമ്മിനെതിരെയാണ്. “സിപിഎമ്മുകാരാണ് കുമാറിന്റെ മരണ വിവരം അറിഞ്ഞ് ആദ്യമവിടെ എത്തിയിരുന്നത്. ഇവിടെ നിന്നും പോയത് എന്റെ ചേട്ടന്‍ ആന്റണിയും ബന്ധുവായ ജേക്കബുമാണ്. അവര്‍ക്ക് പല സംശയങ്ങളും തോന്നി. എന്നെ വിളിച്ചു പറയുകയും ചെയ്തു. അങ്ങനെയെന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ മൃതദേഹം ഏറ്റു വാങ്ങരുതെന്നും പോലീസിനെ കൊണ്ട് സമാധാനം പറയിപ്പിക്കണമെന്നുമാണ് ഞാന്‍ പറഞ്ഞത്. പക്ഷേ, കൂടെയുണ്ടായിരുന്ന സിപിഎമ്മുകാര്‍ ആന്റണിയുടെയോ ജേക്കബിന്റെയോ വാദങ്ങള്‍ അംഗീകരിച്ചില്ല. അവര്‍ പോലീസിനെ സപ്പോര്‍ട്ട് ചെയ്താണ് സംസാരിച്ചത്. ആന്റണിയോടും ജേക്കബിനോടും തട്ടിക്കയറുകയും ചെയ്തു. അങ്ങനെയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടു വരുന്നത്. ഇവിടെ കൊണ്ടുവരുമ്പോള്‍ കുമാറിന്റെ ശരീരം വല്ലാതെ ചീര്‍ത്തിരുന്നു. മരണത്തില്‍ ഞങ്ങളുടെ സംശയം പിന്നെയും കൂടി. പക്ഷേ കൂടുതല്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയും മുന്നേ കുമാറിനെ സംസ്‌കരിച്ചു”, മോഹനന്‍ പറയുന്നു.
സംശയങ്ങള്‍ ബലപ്പെടുന്നു
മോഹനന്‍ തുടരുന്നു; കുമാര്‍ മരിച്ച വിവരം അറിഞ്ഞപ്പോള്‍ വിജയയോട് ആശുപത്രിയിലേക്ക് വരാന്‍ പറഞ്ഞു വിളിച്ചപ്പോള്‍ മകനാണ് ഫോണ്‍ എടുത്തത്. അമ്മ മരുന്നു വാങ്ങാന്‍ ഏലപ്പാറയില്‍ പോയെന്നാണ് അവന്‍ പറഞ്ഞത്. ഏലപ്പാറയില്‍ തിരക്കിയപ്പോള്‍ വാഗമണിലേക്ക് പോയെന്നു പറഞ്ഞു. വാഗമണിലെത്തിയ വിജയ പാര്‍ട്ടി ഓഫിസിലേക്കു പോയെന്നും കേട്ടു. മരണത്തില്‍ സംശയം ഉണ്ടായപ്പോഴും വിജയയോ മക്കളോ കൂടതലൊന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. അതിന്റെ കാരണം പാര്‍ട്ടിയുടെ ഇടപെടലാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. അവര്‍ പാര്‍ട്ടി അനുഭാവികളുമാണ്. കേസുമായി മുന്നോട്ടു പോയാല്‍ കാശു ചെലവാകുമെന്നും മാത്രമല്ല, കുമാര്‍ തട്ടിച്ചെന്നു പറയുന്ന കോടിക്കണക്കിനു രൂപ നിങ്ങള്‍ കൊടുക്കേണ്ടി വരുമെന്നും പാര്‍ട്ടിക്കാര്‍ വിജയയോട് പറഞ്ഞതായാണ് മനസിലായത്. ഭാര്യയും മക്കളും മിണ്ടാതിരുന്നെങ്കിലും ഞങ്ങള്‍ക്ക് വെറുതെയിരിക്കാന്‍ പറ്റിയില്ല. അങ്ങനെയാണ് മാധ്യമങ്ങളെ വിളിക്കുന്നത്. സമുദായ സംഘടന (വിഎസ്ഡിപി) ഒപ്പം ഉണ്ടെന്നും എല്ലാക്കാര്യങ്ങളും നോക്കുമെന്നുമൊക്കെ പറഞ്ഞതിനു പിന്നാലെയാണ് വിജയയ്ക്ക് കുറച്ച് ധൈര്യമൊക്കെ വന്നത്. അതിനു മുമ്പ് വരെ അവരെ ഓരോന്നു പറഞ്ഞ് പേടിപ്പിക്കുകയായിരുന്നു. ഇപ്പോഴാണവര്‍ പലതും പറയാന്‍ തുടങ്ങിയത്. പോലീസുകാര്‍ 12-ആം തീയതി കുമാറുമായി വന്നപ്പോള്‍, വിജയയോടും മക്കളോടും ചോദിച്ചത് കുമാറിന് അറ്റായ്ക്ക് വന്നിട്ടുണ്ടോയെന്നായിരുന്നു. ഉണ്ടെന്നു പറഞ്ഞില്ലെങ്കില്‍ ഇനിയും തല്ലുമെന്ന് പറഞ്ഞു പേടിപ്പിച്ചപ്പോള്‍ അങ്ങനെ പറയേണ്ടി വന്നുവെന്നും വിജയ കഴിഞ്ഞ ദിവസമാണ് ഞങ്ങളോട് പറഞ്ഞത്. ഞങ്ങളുടെയാരുടെയും അറിവില്‍ കുമാറിന് അറ്റായ്ക്ക് വന്നിട്ടില്ല. പോലീസുകാര്‍ അങ്ങനെ ചോദിച്ചെങ്കില്‍ അവരെന്തോ കണക്കുകൂട്ടിയായിരുന്നു. കുമാറിനെ കൊല്ലാന്‍ തന്നെ അവര്‍ തീരുമാനിച്ചിരുന്നിരിക്കാം. പിന്നീടത് അറ്റായ്ക്ക് ആണെന്നു വരുത്തി തീര്‍ക്കാനായിരിക്കും ഭാര്യയെ കൊണ്ട് മുന്‍പ് അറ്റായ്ക്ക് വന്നിട്ടുള്ളയാളാണെന്നു പറയിപ്പിച്ചത്.
അതെല്ലാം വെറും ആരോപണങ്ങളോ?
തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ സിപിഎം നിഷേധിക്കുന്നുണ്ട്. തങ്ങള്‍ ആദ്യ ദിവസം മുതല്‍ കുമാറിന്റെ വീട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നവരാണെന്നും ഒരു തരത്തിലും അവര്‍ക്കെതിരേ എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് പ്രദേശിക സിപിഎം നേതാക്കള്‍ പറയുന്നത്. എന്നാല്‍ കസ്റ്റഡി മരണത്തെ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച്ചയായാണ് സിപിഎം നേതാക്കള്‍ പറയുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. പണം നഷ്ടപ്പെട്ടവര്‍ കുമാറിനെ മര്‍ദ്ദിച്ചിരുന്നുവെന്നും കസ്റ്റഡിയില്‍ എടുത്ത സമയത്ത് പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കേണ്ടതായിരുന്നുവെന്നും അത് ചെയ്യാതിരുന്നതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമെന്നുമാണ് അവര്‍ പറയുന്നത്. കുമാറിന് ന്യുമോണിയ ബാധിച്ചിരുന്നുവെന്നും മരണത്തിന് അതുമൊരു കാരണമായും ഇവര്‍ പറയുന്നുണ്ട്. അതേസമയം കുമാറിന്റെ ഭാര്യ വിജയയെ ഭയപ്പെടുത്തുകയോ കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും സിപിഎം പറയുന്നു. വിജയയെയും കൊണ്ട് ആ ആരോപണങ്ങള്‍ അവര്‍ തിരുത്തിക്കുന്നുണ്ട്. സിപിഎം തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വിജയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുറ്റവാളികളായവര്‍ക്ക് തക്ക ശിക്ഷ കിട്ടണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഇപ്പോള്‍ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും വിജയ പറഞ്ഞിരുന്നു.
കുമാറിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച് കൊന്നതാണെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുമ്പോഴും ഈ കേസില്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോ? കുമാറിന്റെ കസ്റ്റഡി മരണം പോലും ആസൂത്രിതമായി സംഭവിച്ചതാണെന്നു കരുതാന്‍ തക്ക ചില കാര്യങ്ങള്‍? ഒരു കസ്റ്റഡി മരണക്കേസിന് അപ്പുറം അന്വേഷിക്കേണ്ട മറ്റു ചിലതും കുമാറുമായി ബന്ധപ്പെട്ടുണ്ട്.
എന്താണ് കുമാറിനെതിരേയുള്ള കുറ്റം
നെടുങ്കണ്ടത്ത് ഹരിത ഫിനാന്‍സ് എന്ന പണമിടപാട് സ്ഥാനം നടത്തിവന്ന രാജ് കുമാര്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കുറ്റം. വനിത സ്വാശ്രയ സംഘങ്ങളെ കേന്ദ്രീകരിച്ച് അവരില്‍ നിന്നും വായ്പ ശരിയാക്കി നല്‍കാം എന്ന വാദഗ്ദാനത്തോടെ പണം നിക്ഷേപം നടത്തി ആ തുക തട്ടിപ്പ് നടത്തിയെന്ന് പരാതിയിലാണ് പോലീസ് രാജ് കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. ആയിരം രൂപയടച്ചാല്‍ ഒരു ലക്ഷം രൂപ, പതിനായിരം അടച്ചാല്‍ പത്തുലക്ഷം എന്നിങ്ങനെ വായ്പ നല്‍കുമെന്നായിരുന്നുവത്രേ ഹരിത ഫിനാന്‍സിലൂടെ രാജ് കുമാര്‍ വാഗ്ദാനം ചെയ്തിരുന്നത്. സ്ത്രീ ജീവനക്കാരെ ഉപയോഗിച്ചായിരുന്നു നിക്ഷേപകരെ ചേര്‍ത്തിരുന്നത്. ചെക്ക് ലീഫ് ഉള്‍പ്പെടെയുള്ള രേഖകളും നിക്ഷേപകരില്‍ നിന്നും വാങ്ങിയിരുന്നു. ഏതാനും പേര്‍ക്ക് ഇത്തരത്തില്‍ പണം നല്‍കിയിരുന്നുവെന്നും പറയുന്നു. ബാക്കിയുള്ളവര്‍ നിക്ഷേപിച്ച പണമാണ് രാജ് കുമാര്‍ തട്ടിച്ചെടുത്തത് എന്നാണ് പരാതിയില്‍ ഉള്ളത്. ഇത് ഏകദേശം രണ്ടരക്കോടിയോളം രൂപ ഉണ്ടെന്നും പറയുന്നു.
പണം കണ്ടെത്താനായോ?
കുമാര്‍ തട്ടിപ്പ് നടത്തിയെന്നു പറയുന്ന തുക കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. നിക്ഷേപകരുടെ പണം ബാങ്ക് അകൗണ്ടുകളില്‍ ഉണ്ടെന്നായിരുന്നു പരാതിയുമായി വന്നവരോട് ആദ്യം പറഞ്ഞത്. ഇതനുസരിച്ച് കുട്ടിക്കാനം ഐസിഡിബി ബാങ്കില്‍ പരാതിക്കാരില്‍ ചിലരുമായി കുമാര്‍ പോയിരുന്നുവെന്നും പറയുന്നു. കൂടെയുള്ളവരെ പുറത്തു നിര്‍ത്തിയശേഷം കുമാര്‍ ഒറ്റയ്ക്ക് ബാങ്കിനകത്തേക്ക് പോവുകയും തിരിച്ചു വന്നശേഷം പണം എല്ലാവരുടെയും അകൗണ്ടുകളിലേക്ക് ഇട്ടിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ കിട്ടുമെന്നും ധരിപ്പിച്ചു. ഇതില്‍ സംശയം തോന്നിയ ചിലര്‍ ബാങ്ക് മാനേജരെ കണ്ട് സംസാരിച്ചു. അപ്പോഴാണ് കുമാറിന്റെ പേരില്‍ ഇവിടെ പണമൊന്നും ഇല്ലെന്നു മനസിലായത്. കുമാര്‍ തങ്ങളെ പറ്റിക്കുകയാണെന്നു മനസിലാക്കിയവര്‍ പോലീസിനെ വിളിക്കുകയായിരുന്നു (ഇതിനിടയില്‍ പരാതിക്കാരില്‍ ചിലര്‍ കുമാറിനെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ മര്‍ദ്ദനമാണ് കുമാറിന്റെ മരണകാരണമെന്നും പോലീസ് സ്ഥാപിക്കാന്‍ നോക്കിയിരുന്നു. എന്നാല്‍ പരാതിക്കാര്‍ ഈ ആരോപണം തള്ളിക്കളയുകയാണ്). സ്ഥലം വിറ്റ വകയില്‍ തനിക്ക് കിട്ടയ നാലു കോടിയോളം രൂപ നിക്ഷേപിക്കാന്‍ വേണ്ടിയാണെന്നു പറഞ്ഞാണ് കുമാര്‍ കുട്ടിക്കാനം ബാങ്കില്‍ അകൗണ്ട് തുടങ്ങുന്നത്. എന്നാല്‍ ഈ അകൗണ്ടില്‍ പണമൊന്നും കുമാര്‍ നിക്ഷേപിച്ചിരുന്നില്ലെന്നു പോലീസിന് മനസിലായി. തട്ടിച്ചെന്ന് പറയുന്ന പണം പിന്നെ എവിടെ പോയി?
പണം കണ്ടെത്താനായിരുന്നോ ക്രൂര മര്‍ദ്ദനം?
തട്ടിയെടുത്തുവെന്നു പറയുന്ന പണം എവിടെയാണുള്ളതെന്നറിയാനായിരുന്നു കുമാറിനെ പോലീസ് മര്‍ദ്ദിച്ചതെന്നു പറയുന്നു. ഹരിത ഫിനാന്‍സിന്റെ ഓഫിസില്‍ നിന്നും ഒന്നരലക്ഷത്തോളം രൂപ കണ്ടെത്തിയതായി പറയുന്നുണ്ട്. പിന്നീട് കുമാര്‍ പറഞ്ഞ ബാങ്ക് അകൗണ്ടുകളെല്ലാം പരിശോധിച്ചെങ്കിലും അവയിലൊന്നും പണം കണ്ടെത്താനായില്ല. വീട്ടില്‍ നിന്നും കണ്ടെത്തിയില്ല. ഇപ്പോഴും കടുത്ത ദാരിദ്ര്യത്തിലാണ് വിജയയും മക്കളും കഴിയുന്നത്. നാളുകളായി ഇവര്‍ കുമാറുമായി ബന്ധമില്ലാതെയുമാണ് ജീവിക്കുന്നതും. തട്ടിപ്പ് നടത്തിയ പണം ഏതെങ്കിലും തരത്തില്‍ വീട്ടുകാര്‍ക്ക് ഉപകാരപ്പെട്ടിട്ടില്ല. അങ്ങനെയെങ്കില്‍ കുമാര്‍ തട്ടിച്ചെന്നു പറയുന്ന കോടികള്‍ എവിടെ പോയി? നാലു ദിവസത്തോളം ക്രൂരമായ മര്‍ദ്ദനം ഏറ്റിട്ടും കുമാര്‍ പണം എവിടെയാണുള്ളതെന്നും പറഞ്ഞില്ല. അവിടെയാണ് മറ്റൊരു സംശയം ഉയരുന്നത്.
തട്ടിപ്പ് നടത്തിയത് കുമാര്‍ മാത്രമോ?
ഒരു പണമിടപാട് സ്ഥാപനം നടത്താന്‍ മാത്രം കഴിവ് തങ്ങള്‍ക്ക് അറിയാവുന്ന കുമാറിന് ഇല്ലെന്നാണ് ഭാര്യയും അമ്മയും ബന്ധുക്കളുമെല്ലാം പറയുന്നത്. ഏഴാം ക്ലാസ് വരെ മാത്രമാണ് പഠിച്ചിരിക്കുന്നത്. മലയാളം എഴുതാനോ വായിക്കാനോ പറയാനോ അറിയില്ല. ഇംഗ്ലീഷ് അത്രപോലും അറിയില്ല. ഏഴാം ക്ലാസ് വരെ പഠിച്ചത് തന്നെ തമിഴ് മീഡിയത്തിലാണ്. തമിഴാണ് ആകെ അറിയാവുന്ന ഭാഷ. അങ്ങനെയുള്ളൊരാള്‍ ഒരു ഫിനാന്‍സ് സ്ഥാപനം നടത്തിയെന്നു പറഞ്ഞാല്‍ വിശ്വാസിക്കാന്‍ കഴിയുന്നതെങ്ങനെയാണെന്നാണ് രാജേന്ദ്രന്‍ ചോദിക്കുന്നത്. ഒരു സ്ഥാപനം നടത്തിയാല്‍ തന്നെ ഇത്രയും പേരെ പറ്റിച്ച് ഇത്ര വലിയ തുക തട്ടിപ്പ് നടത്താന്‍ കുമാറിനെ പോലൊരാള്‍ക്ക് കഴിയില്ലെന്നു മോഹനനും പറയുന്നു. വിജയയുടെ സഹോദരന്‍ വിന്‍സെന്റ് പറയുന്നത് ഒരു സ്മാര്‍ട്ട് ഫോണ്‍ പോലും ഉപയോഗിക്കാന്‍ അറിയാത്ത ആളായിരുന്നു കുമാര്‍ എന്നാണ്. ഇവിടെയുള്ള ഒരാളും കുമാര്‍ ഒറ്റയ്ക്ക് ഇങ്ങനെയൊരു സ്ഥാപനം നടത്തിയെന്നു കരുതാന്‍ കഴിയില്ലെന്നാണ് ആവര്‍ത്തിച്ചു പറയുന്നത്.
കുമാറിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ?
കോലാഹലമേട്ടില്‍ നിന്നും കുമാര്‍ നെടുങ്കണ്ടത്തേക്ക് ജോലിക്കെന്നു പറഞ്ഞു പോകുന്നിടത്തു തൊട്ട് ദുരൂഹത തുടങ്ങുന്നുവെന്നാണ് ആന്റണി പറയുന്നത്. ഒരു പെണ്ണാണ് ഇവിടെ നിന്നും കുമാറിനെ കൊണ്ടു പോയതെന്നു പറയുന്നുണ്ട്. പോയശേഷം ഫോണില്‍ പോലും വീട്ടുകാരുമായോ ഞങ്ങള്‍ ബന്ധുക്കളുമായോ ബന്ധപ്പെടാന്‍ കുമാര്‍ ശ്രമിച്ചിട്ടില്ല. “ഞങ്ങളുടെ അറിവില്‍ കുമാറിന് നെടുങ്കണ്ടത്ത് പരിചയക്കാരാരും ഇല്ല. മുന്‍പ് അവിടെ പോയി തങ്ങിയതായും അറിവില്ല. കുമാറിനെ ഇവിടെ നിന്നും കൊണ്ടു പോയതായി പറയുന്ന പെണ്ണാണോ ഇതേ കേസില്‍ അറസ്റ്റിലായതെന്ന കാര്യവും അറിയില്ല. കുമാര്‍ ഏതായാലും ഒറ്റയ്ക്കാവില്ല ആ സ്ഥാപനം നടത്തിയിരുന്നത്. മറ്റാരെങ്കിലും കുമാറിനെ മുന്നില്‍ നിര്‍ത്തി കളിച്ചതാവും”, ബന്ധുക്കള്‍ പറയുന്നു
എന്തുകൊണ്ട് കുമാര്‍?
ഏതെങ്കിലും ഒരു സംഘമാണ് ഹരിത ഫിനാന്‍സ് എന്ന സ്ഥാപനത്തിനു പിന്നില്‍ എങ്കില്‍ അവര്‍ എന്തുകൊണ്ട് കുമാറിനെ മുന്നില്‍ നിര്‍ത്തിയെന്നൊരു ചോദ്യമുണ്ട്. വിദ്യാഭ്യാസമില്ലാത്ത, തേയിലത്തോട്ടങ്ങളില്‍ ചെറിയ ചെറിയ പണികള്‍ എടുത്തു ജീവിച്ചിരുന്ന, ഒരു സാമ്പത്തിക ഇടപാട് സ്ഥാപനത്തിന്റെ നടത്തിപ്പിനെ കുറിച്ച് സാമാന്യവിവരം പോലും ഉണ്ടാകാന്‍ സാധ്യതയില്ലാത്ത, ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുമാറിനെ പോലെരാളെ കണ്ടെത്തി ഒരു ഫിനാന്‍സ് സ്ഥാപനത്തിന്റെ മുഖമായി നിര്‍ത്തുന്നതിനു പിന്നിലെ ഉദ്ദേശം എന്തായിരിക്കുമെന്ന് ആര്‍ക്കും വ്യക്തമല്ല.
ഹരിത ഫിനാന്‍സിന് പിന്നില്‍ ആരൊക്കെ?
നെടുങ്കണ്ടം പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹരിത ഫിനാന്‍സ് തികച്ചും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചൊരു സ്വകാര്യ പണമിടപാട് സ്ഥാപനമായിരുന്നു. ഒരു സ്ഥാപനം പ്രവര്‍ത്തിക്കാന്‍ വേണ്ടി പഞ്ചായത്തില്‍ നിന്നോ ധനകാര്യ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ആദായ നികുതി വകുപ്പിന്റെ ലൈസന്‍സോ ഹരിത ഫിനാന്‍സിന് ഇല്ലായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു അനധികൃത സ്ഥാപനം ഒരു വര്‍ഷത്തോളം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ആരും അറിഞ്ഞിരുന്നില്ലേ എന്നു ചോദിക്കുമ്പോള്‍ ജനപ്രതിനിധികള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. കൂടാതെ അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഒരു മാസമേ ആയിട്ടുള്ളൂ ഒരു സ്ഥാപനമായി ഹരിത ഫിനാന്‍സ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടെന്നാണ് നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ് പറയുന്നത്. ഈ സ്ഥാപനം പഞ്ചായത്തിന്റെയോ ആദായ നികുതി വകുപ്പിന്റെയോ അംഗീകരമില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും വൈസ് പ്രസിഡന്റ് സമ്മതിക്കുന്നുണ്ട്. “ഓഫീസ് അവര്‍ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞതെയുള്ളുവെന്നാണ് തോന്നുന്നത്. പക്ഷേ അതിനു മുമ്പ് തന്നെ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് പഞ്ചായത്തിന് അറിവൊന്നും ഇല്ലായിരുന്നു”; വൈസ് പ്രസിഡന്റ് റാണി തോമസ് പറയുന്നതിങ്ങനെയാണ്.
ഹരിത ഫിനാന്‍സിനെ കുറിച്ച് പഞ്ചായത്തിന് അറിയില്ലായിരുന്നുവെന്നു വൈസ് പ്രസിഡന്റ് പറയുമ്പോള്‍, ആ വാദം തെറ്റാണെന്ന പ്രതികരണമാണ് സ്വതന്ത്ര ജനപ്രതിനിധിയായ ആലീസ് തോമസ് പറയുന്നത്. സ്ഥാപനം ആരംഭിക്കുന്നതിന് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് കിട്ടാന്‍ വേണ്ടി കുമാര്‍ എത്തിയിരുന്നുവെന്നു ആലീസ് പറയുന്നുണ്ട്. ലൈസന്‍സ് നല്‍കാനോ സ്ഥാപനം നടത്താനോ അനുവദിക്കില്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടിയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ലൈസന്‍സിന് വേണ്ടി കുമാറിനൊപ്പം സെക്രട്ടറിയെ കാണാന്‍ കോണ്‍ഗ്രസ് പ്രതിനിധിയും ഡിസിസി അംഗവുമായ സുകുമാരന്‍ നായരും ഉണ്ടായിരുന്നുവെന്ന ഗുരുതരമായ ആക്ഷേപവും ആലീസ് തോമസ് ഉന്നയിക്കുന്നുണ്ട്. അനധികൃതമായി ഒരു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്നു പറയുന്ന ഒരു സ്ഥാപനത്തിനു ലൈസന്‍സ് കിട്ടാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് പ്രതിനിധിയായ പഞ്ചായത്ത് അംഗം കൂടെ വന്നതെന്നാണ് മറ്റൊരു അംഗം പറയുന്നത്. സുകുമാരന്‍ നായര്‍ ഈ ആരോപണം നിഷേധിക്കുകയും ആലീസ് തോമസിനെതിരേ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. താനൊരിക്കലും കുമാറിനൊപ്പം ലൈസന്‍സിനു വേണ്ടി സെക്രട്ടറിയെ കാണാന്‍ പോയിട്ടില്ലെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. ഒരു സ്വകാര്യ ബാങ്ക് പ്രവര്‍ത്തിക്കാന്‍ പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും കെട്ടിടത്തിനു മാത്രമാണ് പഞ്ചായത്ത് ലൈസന്‍സ് നല്‍കേണ്ടതെന്നും അത് ഉടമ വഴി നേടിയെടുക്കാവുന്നതെ ഉള്ളൂവെന്നതിനാല്‍ താന്‍ എന്തിന് ഇടപെടണമെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്. ഹരിത ഫിനാന്‍സ് എന്നതൊരു തട്ടിപ്പ് സ്ഥാപനമാണെന്നു തനിക്ക് തുടക്കത്തിലെ മനസിലായതാണെന്നും ആ സ്ഥാപനത്തില്‍ ജോലിക്കാരായിരുന്നവരെല്ലാം സിപിഎമ്മുകാര്‍ ആയിരുന്നുവെന്ന ആരോപണം കൂടി സുകുമാരന്‍ നായര്‍ ഉന്നയിക്കുന്നുണ്ട്.
ഹരിത ഫിനാന്‍സ് രാജ് കുമാര്‍ എന്ന വ്യക്തിയുടെ മാത്രം സ്ഥാപനമായിരുന്നില്ലെന്ന സൂചന കൂടി ആലീസ് നല്‍കുന്നുണ്ട്. രാജ് കുമാര്‍ ഒരാളല്ല ഹരിത ഫിനാന്‍സ് എന്ന സ്ഥാപനത്തിനു പിന്നില്‍. അങ്ങനെ മാത്രം നോക്കുമ്പോഴാണ്, ഏഴാം ക്ലാസുകാരന്‍ മാത്രമായ, മലയാളം അറിയാത്ത ഒരാള്‍ എങ്ങനെയൊരു പണമിടപാട് സ്ഥാപനം നടത്തിയെന്ന സംശയത്തിനു കാരണമാകുന്നത്. ഹരിത ഫിനാന്‍സ് ഒരു സ്വകാര്യ ബാങ്ക് ആയി തുടങ്ങിയതാണ്. അവിടെ പല വിഭാഗത്തിലുള്ള ജോലിക്കാരുണ്ടായിരുന്നു. കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നവരുണ്ടായിരുന്നു. മാനേജര്‍മാര്‍ ഉണ്ടായിരുന്നു. കുമാര്‍ എന്നു പറയുന്നയാള്‍ക്ക് പി എ ഉണ്ടായിരുന്നു. സ്ഥാപനത്തിന് സ്വന്തമായി വാഹനം ഉണ്ടായിരുന്നു. ഡ്രൈവര്‍ ഉണ്ടായിരുന്നു. ഇതൊക്കെ കുമാറിന് ഒറ്റയ്ക്ക് കഴിയില്ല. അയാള്‍ക്ക് ഒരു നടത്തിപ്പുകാരന്റെ വേഷം മാത്രമായിരുന്നിരിക്കാം. പിന്നില്‍ വേറെ ആളുകള്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്.
രാഷ്ട്രീയക്കാരെയും പറ്റിച്ചോ? അതോ അവര്‍ തട്ടിപ്പിന് കൂട്ടു നിന്നോ?
ഹരിത ഫിനാന്‍സില്‍ ജനപ്രതിനിധികളുടെയും നിക്ഷേപം ഉണ്ടായിരുന്നുവെന്നതാണ് മറ്റൊരു കാര്യം. താന്‍ ഉള്‍പ്പെടെയുള്ളവര്‍ പണം നിക്ഷേപിച്ചിരുന്നുവെന്നു ആലീസ് തോമസ് സമ്മതിക്കുന്നുണ്ട്. പണം നിക്ഷേപിക്കുമ്പോള്‍ തങ്ങളോട് പല രേഖകളും വാങ്ങിക്കുമായിരുന്നുമെങ്കിലും പകരം എന്തെങ്കിലും രേഖകളോ ഉറപ്പുകളോ പണം നല്‍കിയവര്‍ക്ക് തന്നിരുന്നില്ലെന്നു കൂടി ആലീസ് പറയുന്നുണ്ട്. യാതൊരു ലൈസന്‍സുമില്ലാതെ പ്രവര്‍ത്തിച്ചു വന്നിരുന്നൊരു സ്ഥാപനത്തിലാണ് തിരികെ ഉറപ്പുകളൊന്നും കിട്ടാതെ വെറും വാഗ്ദാനത്തിന്റെ പുറത്ത് മാത്രം ജനപ്രതിനിധികളായവര്‍ പോലും പണം നിക്ഷേപിച്ചത് എന്നതാണ് ആലീസിനെ പോലുള്ളവരുടെ വാക്കുകളില്‍ നിന്നും മനസിലാകുന്നത്. എന്തുകൊണ്ട് അതിന്റെ പിന്നിലെ തട്ടിപ്പ് തിരിച്ചറിഞ്ഞിരുന്നില്ല എന്നു ചോദിച്ചാല്‍ അവര്‍ വ്യക്തമായ മറുപടിയും നല്‍കുന്നില്ല.
കുടുംബശ്രീയുടെ ജെഎല്‍ജി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്)കളെ കേന്ദ്രീകരിച്ചായിരുന്നു ഹരിത ഫിനാന്‍സ് നിക്ഷേപകരെ കണ്ടെത്തിയിരുന്നത്. അഞ്ചും പത്തും പേര്‍ കൂടുന്ന ജെഎല്‍ ഗ്രൂപ്പുകള്‍ക്ക് വായ്പ ലഭ്യമാക്കി കൊടുക്കാമെന്നായിരുന്നു പ്രധാന വാഗ്ദാനം. ആയിരം രൂപയ്ക്ക് ഒരു ലക്ഷം, പതിനായിരം രൂപയ്ക്ക് പത്തുലക്ഷം തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു ജെഎല്‍ ഗ്രൂപ്പുകള്‍ക്ക് നല്‍കിയിരുന്നത്. ഇത്തരത്തില്‍ പണം നിക്ഷേപിച്ച ജെഎല്‍ജിയിലെ വനിതകള്‍ക്കാണ് പ്രധാനമായും പണം നഷ്ടമായിരിക്കുന്നത്. വീടുകള്‍ കയറിയിറങ്ങിയും കുടുംബശ്രീകളെ ബന്ധപ്പെട്ടുമൊക്കെയായിരുന്നു നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. തദ്ദേശീയരായ സ്ത്രീ ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചിരുന്നതെന്നും പറയുന്നു. ഇവിടെ മറ്റൊരു സംശയവും ഉയരുന്നുണ്ട്. ജെഎല്‍ ഗ്രൂപ്പുകളിലെ സ്ത്രീകളെ പണം നിക്ഷേപിക്കുന്നതിലേക്ക് സ്വാധീനിക്കാന്‍ പഞ്ചായത്ത് തലത്തില്‍ നിന്നോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നോ സഹായം കുമാറിന് കിട്ടിയിരുന്നോ? അതോ ഹരിത ഫിനാന്‍സിനു പിന്നിലുള്ളവര്‍ ഇത്തരത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരാണോ? ഇതിനുള്ള ഉത്തരം കൂടി ക്രൈം ബ്രാഞ്ച് കണ്ടെത്തണമെന്നാണ് കുമാറിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്ന കാര്യം.
കുമാര്‍ ഒരു കരുവായിരുന്നോ?
കുമാറിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന ആവശ്യത്തിനൊപ്പം തന്നെ പ്രധാന്യമുള്ളതാണ് ഹരിത ഫിനാന്‍സിനു പിന്നില്‍ ഉള്ളവര്‍ ആരെല്ലാമാണെന്നു കണ്ടെത്തേണ്ടതുമെന്ന് കുമാറിന്റെ കുടുംബവും ബന്ധുക്കളും ആവശ്യപ്പെടുന്നുണ്ട്. കുമാറിനെ ആരൊക്കെയോ ചേര്‍ന്ന് കരുവാക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. തട്ടിച്ച് എടുത്തുവെന്നു പറയുന്ന പണം എവിടെ പോയെന്നു കണ്ടെത്തുകയാണെങ്കില്‍ കുമാറിന്റെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടുവരാന്‍ കഴിയുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ആ പണം മറ്റാരുടെയോ കൈകളില്‍ എത്തിയിട്ടുണ്ടാകുമെന്ന ആരോപണവും ബന്ധുക്കള്‍ക്കുണ്ട്. ഇടുക്കി ജില്ലയിലെ തന്നെ ഒരു സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടത്തിയ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും ഈ ബാങ്ക് ഭരണപക്ഷത്തുള്ള ഒരു പ്രമുഖ പാര്‍ട്ടിയുടെ കീഴില്‍ ഉള്ളതാണെന്ന ആരോപണം ഈ കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്. കുമാറിന്റെ മരണത്തോടെ ഇത്തരം ആരോപണങ്ങളിലേക്ക് എത്താനുള്ള വഴികള്‍ അടഞ്ഞിരിക്കുകയുമാണ്. ശക്തരായ ആരൊക്കെയോ ആണ് കുമാറിനെ മുന്നില്‍ നിര്‍ത്തി കളിച്ചിരിക്കുന്നതെന്നും കുമാറിനെ ഇല്ലാതാക്കിയത് ഇവരുടെ കൂടി അറിവോടെ ആയിരിക്കാമെന്നുള്ള സംശയവും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുണ്ട്. നാലു ദിവസത്തോളം പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത് തട്ടിപ്പ് നടത്തിയ പണം എവിടെയെന്നു പറയിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെങ്കില്‍ എന്തുകൊണ്ട് അത്രയും വേദന സഹിക്കേണ്ടി വന്നിട്ടും കുമാര്‍ ഒന്നും മിണ്ടാതിരുന്നു? ഒന്നും പറയാതിരിക്കാനുള്ള ഭീഷണി അയാള്‍ക്കെതിരേ ഉണ്ടായിരുന്നോ? അതോ കുമാര്‍ ആര്‍ക്കെതിരേയും ഒന്നും പറയാതിരിക്കാന്‍ വേണ്ടി പോലീസ് ഏറ്റെടുത്ത് നടത്തിയ ക്വട്ടേഷനായിരുന്നോ ആ കസ്റ്റഡി മരണം? ഈ കേസില്‍ ഉത്തരം കിട്ടേണ്ട പ്രധാന ചോദ്യങ്ങള്‍ ഇവയാണ്.
(തുടരും)