UPDATES

ന്യൂസ് അപ്ഡേറ്റ്സ്

8 ജില്ലകളില്‍ റെഡ് അലെര്‍ട്ട്; ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു; രണ്ടു ദിവസങ്ങളിലായി 28 മരണം

ദേശീയ ദുരന്ത പ്രതികരണ സേനയുടെ കൂടുതല്‍ സംഘങ്ങളെ വിവിധ ജില്ലകളില്‍ വിന്യസിച്ചു; മുഖ്യമന്ത്രി ഇന്നു പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറിൽ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ 8 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട് ജില്ലയില്‍ ഓഗസ്റ്റ് 14 വരെയും ഇടുക്കിയില്‍ ഓഗസ്റ്റ് 13 വരെയും മറ്റ് ജില്ലകളില്‍ ഓഗസ്റ്റ് 11 വരെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ തുടങ്ങിയതോടെ ഇടുക്കി ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ഷട്ടർ തുറന്നതിനു ശേഷം ഇതാദ്യമായാണ് ജലനിരപ്പ് താഴുന്നത്. ഷട്ടറുകളെല്ലാം ഉയര്‍ത്തിയതോടെ പെരിയാറിലൂടെയുള്ള ജലമെഴുക്ക് ശക്തമായി. ഇരു കരകളിലും നാശം വിതച്ചും കരകവിഞ്ഞുമാണ് പെരിയാര്‍ കുതിച്ചൊഴുകുന്നത്. ചെറുതോണി പാലം വെള്ളത്തിനടിയിലാകുകയും ടൌണിലേക്ക് വെള്ളം കയറുകയും ചെയ്തു. നദിയോരത്തെ മരങ്ങള്‍ കടപുഴകി വീണു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാലവര്‍ഷക്കെടുതിയില്‍ 28 പേര്‍ സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തെ കണക്കനുസരിച്ച് ക്യാമ്പുകളിൽ 53,500 പേരുണ്ട്. എറണാകുളത്ത് ഇതിനകം മൂവായിരത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.

മുഹമ്മദ് ഹനീഷ്, രാജമാണിക്യം എന്നീ ഉദ്യോഗസ്ഥരെയാണ് എറണാകുളം ജില്ലയിലെ രക്ഷാപ്രവർത്തനവും പുനരധിവാസവും ഏകോപിപ്പിക്കാൻ നിയോഗിച്ചിട്ടുള്ളത്. ലാന്‍റ് റവന്യൂ കമ്മീഷണര്‍ എ.ടി. ജെയിംസിനെ വയനാട് ജില്ലയിലേക്ക് നിയോഗിക്കാനും തീരുമാനിച്ചു. ഇവിടേക്കും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിക്കുന്നുണ്ട്.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ കൂടുതല്‍ സംഘങ്ങളെ വിവിധ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ട വയനാട്ടിലേക്ക് 15 അംഗ സംഘത്തെ കൂടി ഹെലികോപ്റ്റർ മുഖേന എത്തിച്ചു. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ വയനാട്ടിലെത്തിയിരുന്നു. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും പ്രവർത്തനം ആരംഭിച്ചു. 48 പേരടങ്ങുന്ന സംഘത്തെ ഇടുക്കിയിലേക്കും ഒരു സംഘത്തെ പാലക്കാടേക്കും അയച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഇന്ന് ഹെലികോപ്ടറില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മേഖലകളിലാണ് സന്ദര്‍ശനം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക് നാഥ് ബെഹ്റ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച്. കുര്യന്‍ എന്നിവര്‍ കൂടെയുണ്ടാകും.

അഞ്ചു ഷട്ടറുകളും തുറന്നു; ചെറുതോണി പാലം മുങ്ങി, ആലുവയില്‍ കനത്ത ജാഗ്രത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍