UPDATES

ട്രെന്‍ഡിങ്ങ്

സിഎംആര്‍എലിനെതിരെ പറഞ്ഞാല്‍ നാവടപ്പിക്കും; ഏലൂരില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ തുടര്‍ച്ചയായി കള്ളക്കേസില്‍ കുടുക്കുന്നു

വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖ കെട്ടിച്ചമച്ചത് എന്നാരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

എറണാകുളം ഏലൂരില്‍ സിഎംആര്‍എലിനെതിരെ ശബ്ദിച്ചാല്‍ നാവടപ്പിക്കും. അത് കേരളത്തിന്റെയാകെ ഭുപ്രകൃതിയെ ബാധിക്കുന്ന പെരിയാര്‍ മലിനീകരണത്തിനെതിരെ പ്രതികരിക്കുന്നവരാണെങ്കില്‍ പിന്നെ പറയണോ? അതിക്രമിച്ചു കയറി, തീവ്രവാദ ബന്ധം, സിമി ബന്ധം, മവോയിസ്റ്റ് എന്നു വേണ്ട ഇപ്പോ ഇതാ വ്യാജരേഖ ചമക്കലും.

“ഞങ്ങളെ ഇവര്‍ കൊന്നുകളഞ്ഞില്ലെങ്കില്‍ പെരിയാറിന്റെ സംശുദ്ധി വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ഇനിയും ഉണ്ടാകും. മുപ്പതു ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ കുടിവെള്ള സ്രോതസ് മലിനപ്പെടുത്തുന്നവര്‍ക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. ഒരു സംഘടനയ്‌ക്കെതിരെയോ കമ്പനിക്കെതിരെയോ സമരം ചെയ്യുകയല്ല. കേരളത്തിന്റെ പരിസ്ഥിതിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടുകയാണ് ലക്ഷ്യം. പെരിയാറിനെ സംരക്ഷിക്കാന്‍ വേണ്ടി ജീവന്‍ ബലികൊടുത്തും പോരാടും, പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കും, നീതീ കിട്ടും വരെ ഇതിനായി പോരാടും”, പെരിയാര്‍ മലീനീകരണ വിരുദ്ധസമിതി നേതാവ് പുരുഷന്‍ ഏലൂര്‍ അഴിമുഖത്തോട് പറഞ്ഞു.

കരിമണലില്‍ നിന്ന് സിന്തറ്റിക് റൂടൈല്‍ ഉല്‍പാദിപ്പിക്കുന്ന സിഎംആര്‍എല്‍ കമ്പനിക്കെതിരെ വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും പെരിയാര്‍ മലിനീകരണ വിരുദ്ധസമിതി നേതാക്കളുമായ പുരുഷന്‍ ഏലൂര്‍, ഷിബു മാനുവേല്‍ എന്നിവര്‍ക്കെതിരെയാണ് വരാപ്പുഴ പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇതിനു മുമ്പും സിഎംആര്‍എല്‍ കമ്പനിക്കെതിരെ പ്രതിഷേധിച്ചതിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും, ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ വാര്‍ത്ത കൊടുക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ദുരനുഭവങ്ങള്‍ നേരിട്ടുണ്ട്.

“2011 മുതല്‍ സിഎംആര്‍എലിനെതിരെ പ്രതിഷേധിക്കുന്നവരെ കേസുകളില്‍ കുടുക്കുന്നു. ഒരു വ്യവസായവും പൂട്ടണമെന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ നിലവിലുള്ള മലിനീകരണ നിയന്ത്രണ നിയമം, പരിസ്ഥിതി സംരക്ഷണമ നിയമം എന്നിവ ലംഘിച്ചുകൊണ്ട് മനുഷ്യന് ഭീഷണി ഉയര്‍ത്തി വ്യവസായങ്ങള്‍ നടത്തുന്നതിനെതിരെ പ്രതികരിക്കുക തന്നെ ചെയ്യും. അതേസമയം മലിനീകരണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന തന്നെ പോലെയുള്ളവരെ ആസൂത്രിതമായി വളഞ്ഞാക്രമിക്കുകയാണ് ചെയ്യുന്നത്. പെരിയാറിനെ ചുവപ്പിക്കുന്ന ഈ കമ്പനികളാണ് പ്രദേശത്തിന്റെ പരിസ്ഥിതിയെ വെല്ലുവിളിക്കുന്നത്. ഞങ്ങള്‍ ബൃഹത്തായ പോരാട്ടത്തിലാണ്. വര്‍ഷങ്ങളായി പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഞങ്ങള്‍ സാമൂഹ്യപ്രവര്‍ത്തനമാണ് ചെയ്യുന്നത്. മാധ്യമങ്ങളെ വരെ ഇവര്‍ വിലയ്‌ക്കെടുക്കുന്നു. സിഎംആര്‍എല്‍ സപോണ്‍സേര്‍ഡ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാണ് പ്രദേശത്ത് നടക്കുന്നത്. എന്നാല്‍ അവര്‍ പുറത്ത് സിഎംആര്‍എലിന് എതിരാണ്. പെരിയാര്‍ മലിനീകരണ സമിതിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം, തീവ്രവാദ പ്രവര്‍ത്തനം അന്വേഷിക്കണം, വിദേശ പണം അന്വേഷിക്കണം, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 2011ല്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു. ഇതിന്റെ പേരില്‍ പോലീസ് വേട്ടയാടുകയായിരുന്നു. സിമി ബന്ധം, മാവോയിസ്റ്റ് ബന്ധം എന്നിവ ആരോപിച്ച് കൊടുത്ത പരാതിയില്‍ പോലീസിന്റെ പല വിഭാഗങ്ങള്‍ ഞങ്ങളെ വേട്ടയാടി. പെരിയാറിലെ വെള്ളമാണ് ഞാനും സംഘടനയിലുള്ളവരും കുടിക്കുന്നത്. ഇത് ശുദ്ധമായിരിക്കണമെന്നും നിര്‍ബന്ധമുണ്ട്. കുടിവെള്ളത്തിന് ബദലില്ല. മുറ്റത്ത് കിണറുകുത്തിയാല്‍ കിട്ടുന്ന ജലത്തിന് ഡിഡിറ്റിയുടെ ചുവയാണ്. ഞങ്ങളുടെ മനശക്തിയെ കെടുത്താന്‍ ഒരു കേസിനും സാധിക്കില്ല. അതിശക്തമായി തന്നെ മുന്നോട്ട് പോകും.” പുരുഷന്‍ ഏലൂര്‍ പറഞ്ഞു.

ഏലൂര്‍ എന്ന രാസബോംബ്

ഇത് കെട്ടിച്ചമച്ച രേഖയല്ല, വിവരവകാശം പ്രകാരം ലഭ്യമായത്

“വ്യാജ രേഖ ചമച്ചു എന്നാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പരാതി. തിരുവന്തപുരത്തെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓഫീസില്‍ ഇരിക്കുന്ന രേഖ തിരുത്താന്‍ ഞങ്ങള്‍ക്ക് കഴിയുമോ? ഏലൂര്‍ പൊതു സമ്മേളനത്തില്‍ വെച്ച് മലീനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ.സജീവന്റെ നിര്‍ദ്ദേശപ്രകാരം ലഭിച്ച രേഖയാണിത്. ഇതേ രേഖ എന്‍വയോണ്‍മെന്റല്‍ ഓഫീസില്‍ നിന്ന് ശേഖരിച്ചിരുന്നു. ഈ രേഖയാണ് വ്യാജരേഖയെന്ന് പറഞ്ഞ് ഞങ്ങള്‍ക്കെതിരെ കേസെടുത്തത്.”, പുരുഷന്‍ ഏലൂര്‍ പറഞ്ഞു.

വിവരവകാശ പ്രകാരം നല്‍കിയിട്ടുള്ള ഈ രേഖ പുരുഷന്‍ ഏലൂരും ഷിബു മാനുവലും ചേര്‍ന്ന് വ്യാജമായി നിര്‍മ്മിച്ചതെന്ന് കാണിച്ചാണ് വരാപ്പുഴ പോലീസ് കേസെടുത്തിയിരിക്കുന്നത്. ഐപിസി 120ബി, 193,196, 468,469, 471, 34 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അതേസമയം സിഎംആര്‍എല്‍ കമ്പനിക്ക് സര്‍ക്കാരിലും പോലീസ് വകുപ്പിലുമുള്ള സ്വാധീനം ഉപയോഗിച്ചാണ് കേസ് കെട്ടിച്ചമച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

പെരിയാറിലെ മാലിന്യം: നടപടിയെടുത്ത ഒരുദ്യോഗസ്ഥനെ മാധ്യമങ്ങളടക്കം വേട്ടയാടുമ്പോള്‍

പിസിബി ചെയര്‍മാന്‍ സിഎംആര്‍എല്‍ സ്‌പോണ്‍സേര്‍ഡ് ചെയര്‍മാനെന്ന് ആരോപണം

2010 ലാണ് മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (പിസിബി) ചെയര്‍മാനായി കെ.സജീവിനെ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിക്കുന്നത്. സ്വാഭാവികമായും എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിക്കുന്ന ഏതൊരു ഉദ്യോഗസ്ഥനെയും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മാറ്റും. കെ.സജീവനെന്ന ചെയര്‍മാന്‍ ഒരു മാറ്റമില്ലാതെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും തുടര്‍ന്നു. വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോഴും കാലവധി കഴിഞ്ഞിട്ടും കെ.സജീവന്‍ തുടര്‍ന്നു. മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ സാധാരണ നിലയില്‍ ഒരു ചെയര്‍മാനും ഇരിക്കില്ലെന്നും സമരസമിതി നേതാക്കള്‍ പറയുന്നു. എല്ലാ നിയമങ്ങളും മറികടന്ന് എല്‍ഡിഎഫിനും യുഡിഎഫിനും ഇഷ്ടക്കാരനായി ഒരാള്‍ തുടരണമെങ്കില്‍ ഇതിനു പിന്നില്‍ പല ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും വേണം കരുതാന്‍ അല്ലെങ്കില്‍ ഇയാള്‍ മഹാനായ ശാസ്ത്രജ്ഞനായിരിക്കണമെന്നും പെരിയാര്‍ മലീനീകരണ വിരുദ്ധസമിതി പ്രവര്‍ത്തകര്‍ പറയുന്നു.

(പ്രതികരണത്തിനായി പിസിബി ചെയര്‍മാന്‍ കെ സജീവനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല)

ചിലതു നാം കാണാറേയില്ല; ഒരു പുഴയ്ക്കുവേണ്ടി ജീവന്‍ കളയാന്‍ തയ്യാറായവരുടെ സമരം

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍