ദേശീയ പുഷ്പത്തിന്റെ ചിഹ്നം മാത്രമല്ല, ദേശീയ മൃഗം, വൃക്ഷം എന്നിവയും റാലിയില്‍ കുട്ടികള്‍ പ്ലക്കാര്‍ഡായി ഉപയോഗിച്ചിരുന്നു എന്ന് അധ്യാപിക
റിപ്പബ്ലിക് ദിന റാലിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ കൈയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ചിഹ്നം പ്ലക്കാര്‍ഡില്‍ പതിച്ചു നല്‍കിയതായി രക്ഷിതാക്കളുടെ പരാതി. താമരശ്ശേരി തേറ്റാമ്പുറം മലര്‍വാടി അംഗന്‍വാടിയില്‍ ഇന്നലെ നടന്ന റിപ്പബ്ലിക് ദിന റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് പ്ലക്കാര്‍ഡായി നല്‍കിയത് ബി.ജെ.പി തെരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കുന്ന കാവി നിറമുള്ള താമരയാണെന്നാണ് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ദേശീയ പുഷ്പമെന്ന പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചിഹ്നവും നിറവുമുപയോഗിച്ച് കുട്ടികളെ ഉപയോഗപ്പെടുത്തി റാലിയെ പ്രചരണജാഥയാക്കി മാറ്റുകയായിരുന്നു എന്ന ആരോപണം പ്രദേശവാസികള്‍ക്കിടയില്‍ ശക്തമാകുകയാണ്.
പതിവുരീതികളില്‍ അംഗന്‍വാടിയിലെ കുട്ടികളെ പങ്കെടുപ്പിച്ചു നടന്ന റിപ്പബ്ലിക് ദിന റാലിയുടെ ചിത്രങ്ങളും ഒപ്പം രക്ഷിതാക്കളുള്‍പ്പടെയുള്ളവരുടെ കുറിപ്പുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് റാലിയില്‍ ഉപയോഗിച്ച ചിഹ്നങ്ങളുടെ ഉദ്ദേശലക്ഷ്യം ചര്‍ച്ചയാകുന്നത്. രക്ഷിതാക്കളും കുട്ടികളും ഉള്‍പ്പടെ അമ്പതോളം പേര്‍ മാത്രം പങ്കെടുത്ത റാലിയില്‍ രാഷ്ട്രപിതാവിന്റേയും ദേശീയ മൃഗത്തിന്റേയും ഓരോ പ്ലക്കാര്‍ഡുകള്‍ മാത്രം അധികം ശ്രദ്ധിക്കാത്ത രീതിയില്‍ ഉപയോഗിക്കപ്പെട്ടപ്പോള്‍, കാവി നിറമുള്ള താമരയുടെ ചിഹ്നങ്ങള്‍ അമിത പ്രാധാന്യത്തോടെ ഉപയോഗിച്ചതില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് രക്ഷിതാക്കളില്‍ ഒരു വിഭാഗത്തിന്റെ പക്ഷം.
‘അധ്യാപിക സ്ഥലത്തില്ലാതിരുന്ന സമയത്ത് പുറത്തു നിന്നുള്ള ചിലര്‍ ചെയ്തതാണിത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ബി.ജെ.പി വളരെ കൃത്യമായി റാലിയെ പ്രചരണായുധമാക്കുകയായിരുന്നു. ദേശീയ പുഷ്പമാണ് ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചതെങ്കില്‍ പിങ്ക് നിറമുള്ള താമരയുടെ ചിത്രം ഉപയോഗിക്കണമായിരുന്നു. ദേശീയ മൃഗത്തേയും ദേശീയ പക്ഷിയേയും ഒന്നും ഇതേ പ്രാധാന്യത്തില്‍ അവതരിപ്പിക്കണ്ടേ? ആസൂത്രിതമായി നടന്ന പരിപാടിയാണെന്നു തന്നെയാണ് ഞങ്ങള്‍ വിലയിരുത്തുന്നത്. കൃത്യമായി അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം തന്നെയാണ് ഹൈലൈറ്റ് ചെയ്തിട്ടുള്ളതെന്ന് ചിത്രം കണ്ടാല്‍ത്തന്നെ വ്യക്തമാകില്ലേ?’ പ്രദേശവാസിയായ മുജീബ് പറയുന്നു. മുജീബിന്റെ മകളും ചിഹ്നമേന്തി റാലിയില്‍ പങ്കെടുത്തിട്ടുണ്ട്.
തേറ്റാമ്പുറം ബി.ജെ.പിക്ക് സ്വാധീനമുള്ള പ്രദേശമാണെന്നും, അംഗന്‍വാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലും പ്രദേശവാസികളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ ധാരാളമുണ്ടെന്നും രക്ഷിതാക്കള്‍ വിശദീകരിക്കുന്നുണ്ട്. ബി.ജെ.പി സ്വധീനമേഖലയിലുണ്ടായ ഈ സംഭവം അശ്രദ്ധ മൂലമുള്ളതല്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍. മുന്‍പില്ലാത്തതുപോലെ, ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെയാണ് അംഗന്‍വാടിയിലെ റിപ്പബ്ലിക് റാലിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ആദ്യം പ്രചരിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. കുട്ടികളെയും ചില രക്ഷിതാക്കളെയും കബളിപ്പിച്ചാണ് ഈ നീക്കമുണ്ടായതെന്ന് സാമൂഹിക പ്രവര്‍ത്തകനായ അംജാദ് പറയുന്നു.
‘ബി.ജെ.പിയുടെ ചില പ്രവര്‍ത്തകര്‍ ഒന്നുമറിയാത്തപോലെ ഈ പ്ലക്കാര്‍ഡുകള്‍ കുട്ടികളുടെ കൈയില്‍ക്കൊടുത്ത് മാറി നില്‍ക്കുകയാണുണ്ടായത്. ഫോട്ടോകളില്‍ അവര്‍ ഉള്‍പ്പെടേണ്ട എന്നു കരുതി മനഃപൂര്‍വം മാറി നിന്ന് എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതും. വാര്‍ഡ് മെംബറെപ്പോലും ക്ഷണിക്കാതെ നടന്ന പരിപാടിയാണിത്. ചെറിയ പോക്കറ്റ് റോഡില്‍ വച്ച് നടന്ന റാലിയാണിത്. അംഗന്‍വാടിയുടെ പരിസരത്തുള്ളത് കുറച്ച് ബി.ജെ.പി അനുഭാവികളുടെ വീടുകളും. അതുകൊണ്ടാകും പൊതുജനശ്രദ്ധ ഇതിലേക്ക് അപ്പോള്‍ത്തന്നെ എത്താഞ്ഞത്. പ്രദേശത്തെ ആളുകള്‍ വളരെ കാര്യമായിത്തന്നെ ഇക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അംഗന്‍വാടിയില്‍ ഇനി കുട്ടികളെ വിടുന്ന കാര്യം തന്നെ പുനപരിശോധിക്കണമെന്നാണ് ചിലര്‍ പറയുന്നത്. ഇങ്ങനെയാണെങ്കില്‍ കുട്ടികള്‍ക്ക് കാവി ഉടുപ്പു കൂടി കൊടുക്കാമായിരുന്നു എന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്.’
ഇന്നലെയും ഇന്നും പൊതു അവധി ദിവസങ്ങളായതിനാല്‍ അംഗന്‍വാടി അധ്യാപികയെയോ മറ്റ് അധികൃതരേയോ നേരിട്ട് കാണാനോ പരാതിയറിയിക്കാനോ രക്ഷിതാക്കള്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍, പതാക ഉയര്‍ത്തിയതിനു ശേഷം താന്‍ അംഗന്‍വാടിയില്‍ നിന്നും തിരികെ പോന്നുവെന്നും, താന്‍ സ്ഥലത്തില്ലാത്തപ്പോഴാണ് റാലി നടന്നതെന്നുമാണ് അധ്യാപികയുടെ പക്ഷം. ദേശീയ പുഷ്പത്തിന്റെ ചിഹ്നം മാത്രമല്ല, ദേശീയ മൃഗം, വൃക്ഷം എന്നിവയും റാലിയില്‍ കുട്ടികള്‍ പ്ലക്കാര്‍ഡായി ഉപയോഗിച്ചിരുന്നു എന്നും അധ്യാപിക വിശദീകരിക്കുന്നതായി വാര്‍ഡ് മെംബറടക്കമുള്ളവര്‍ പറയുന്നു. എന്നാല്‍, ദേശീയ പുഷ്പത്തിന്റെ നിറം എങ്ങനെ കാവിയായെന്നും മറ്റു പ്ലക്കാര്‍ഡുകളേക്കാള്‍ പ്രാധാന്യത്തോടെ എന്തുകൊണ്ട് കാവി നിറത്തിലുള്ള താമര അവതരിപ്പിക്കപ്പെട്ടുവെന്നുമുള്ള രക്ഷിതാക്കളുടെ ചോദ്യത്തിനു മാത്രം ഉത്തരമില്ല.
അതേസമയം, രക്ഷിതാക്കളുടേയോ മറ്റ് അധികൃതരുടേയോ അജ്ഞത മൂലമുണ്ടായ പിശകാണിതെന്ന് വാര്‍ഡ് മെംബര്‍ നവാസ് മാസ്റ്റര്‍ പറയുന്നു. ‘സോഷ്യല്‍ മീഡിയയില്‍ വന്നപ്പോഴാണ് ഞാനും ചിത്രങ്ങള്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ സൂക്ഷിച്ചുനോക്കിയാല്‍ താമര മാത്രമല്ല, കടുവ, ആന, തെങ്ങ് എന്നിങ്ങനെ എല്ലാ ചിഹ്നങ്ങളും കുട്ടികള്‍ പിടിച്ചിട്ടുള്ളതായി കാണാം. തെളിഞ്ഞു കാണുന്നത് താമരയാണെന്ന് മാത്രം. ടീച്ചറോട് അന്വേഷിച്ചപ്പോഴും എല്ലാ ചിഹ്നങ്ങളുമുണ്ടായിരുന്നതായാണ് പറഞ്ഞത്. ഇതിനു പിന്നില്‍ വല്ല ഗൂഢോദ്ദേശങ്ങളുമുണ്ടെങ്കില്‍ പരിശോധിക്കപ്പെടുക തന്നെ വേണം. രക്ഷിതാക്കള്‍ പരാതി കൊടുക്കുന്നുണ്ടെങ്കില്‍ അന്വേഷിക്കുക തന്നെ ചെയ്യും. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റിയും വിഷയം പരിശോധിക്കും. 18ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ജനപ്രതിനിധികള്‍ പൊതു പരിപാടികളില്‍ സംബന്ധിക്കരുതെന്ന് നിര്‍ദ്ദേശമുള്ളതിനാല്‍ ഞാന്‍ അന്ന് അവിടെ എത്തിയിരുന്നുമില്ല. രക്ഷിതാക്കളാരോ അറിയാതെ ചെയ്തതാവാനാണ് സാധ്യത.’
എന്നാല്‍, വിഷയത്തില്‍ വാര്‍ഡ് മെംബര്‍ ഇടപെടുകയോ ഗൗരവമായെടുക്കുകയോ ചെയ്യാത്തതില്‍ പ്രതിഷേധമുള്ള ഒരു വിഭാഗവുമുണ്ട്. ‘മെംബര്‍ ചിലപ്പോള്‍ ബി.ജെ.പി വോട്ടുകള്‍ കൂടി ലഭിച്ചായിരിക്കും ജയിച്ചിരിക്കുക. പക്ഷേ, ഇത് ഇത്രവലിയ ചര്‍ച്ചയായ സ്ഥിതിക്ക് ജനപ്രതിനിധിയില്‍ നിന്നും പ്രദേശവാസികള്‍ ഒരു മറുപടി പ്രതീക്ഷിക്കുന്നുണ്ട്.’ അംജദ് പറയുന്നു. നാളെ അംഗനവാടി അധ്യാപികയെയും മറ്റ് അധികൃതരേയും നേരിട്ട് കണ്ടു സംസാരിച്ച് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് രക്ഷിതാക്കള്‍. റാലിയെ രാഷ്ട്രീയപരമായി ഉപയോഗപ്പെടുത്തിയതിന് ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം.