UPDATES

ട്രെന്‍ഡിങ്ങ്

ഐ എം എ പ്ലാന്‍റ്: മാലിന്യം ചുമക്കേണ്ടത് ഗ്രാമവും കാടുമല്ല; ഓടുചുട്ടപടുക്കയിലെ ജനങ്ങള്‍ സമരം തുടങ്ങി

ഐ എം എയുടെ പാലക്കാട് പ്ലാന്‍റ് പൂട്ടണമെന്ന് വി എസ് അച്ചുതാനന്ദന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു

പശ്ചിമഘട്ടത്തിലെ അഗസ്ത്യ ബയോസ്പിയറില്‍ ഇലവുപാലം ഓടുചുട്ടപടുക്കയില്‍ വനത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ(ഇമ) ഇമേജ് എന്ന സംഘടന ബയോ മെഡിക്കല്‍ വേസ്റ്റ് പ്ലാന്റിനെതിരെ തൊട്ടടുത്തെ ജനവാസ കേന്ദ്രമായ താന്നിമൂട് ആദിവാസി സെറ്റില്‍മെന്റ് കോളനിയിലെ ജനങ്ങള്‍ കുടില്‍കെട്ടി സമരം ആരംഭിച്ചിരിക്കുകയാണ്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കളക്ടര്‍ കെ വാസുകി വിളിച്ചു ചേര്‍ത്ത പബ്ലിക് ഹിയറിംഗില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പ്ലക്കാര്‍ഡുകളുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പെരിങ്ങമല പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിച്ചു. തങ്ങളുടെയും ഭാവി തലമുറയുടെയും ആരോഗ്യത്തെ ബാധിക്കാനിടയുള്ള ഈ പദ്ധതിയെ അനുവദിക്കാനാകില്ലെന്ന് ജനങ്ങള്‍ കളക്ടര്‍ക്ക് മുന്നില്‍ വ്യക്തമാക്കി. അതിന് മുമ്പ് തന്നെ കളക്ടര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. പദ്ധതിയെക്കുറിച്ചും അത് ജനങ്ങള്‍ക്കും പ്രകൃതിയ്ക്കും സൃഷ്ടിക്കാനിടയുള്ള ദോഷങ്ങളെക്കുറിച്ചും പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കളക്ടര്‍ പബ്ലിക് ഹിയറിംഗില്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. ഈ പദ്ധതിയ്ക്ക് അനുമതി നിഷേധിച്ചുകൊണ്ട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കുകയും ചെയ്തിരിക്കുകയാണ്.

ലോകപൈതൃക സമ്പത്തിന്റെ പട്ടികയില്‍ അടയാളപ്പെടുത്തിയിരിക്കുന്ന പ്രദേശമാണ് ഈ വനമേഖല. പശ്ചിമഘട്ടത്തിന്റെയും അഗസ്ത്യാര്‍കൂടത്തിന്റെയും ഭാഗമായ ഒരു വനപ്രദേശമാണ് വീണ്ടുവിചാരമില്ലാത്ത ഒരു തീരുമാനം മൂലം നഷ്ടപ്പെടാന്‍ പോവുകയാണ്. സംരക്ഷിക്കപ്പെടേണ്ട ഈ ജൈവവൈവിധ്യ മേഖലയെക്കുറിച്ചും അവിടെ സ്ഥാപിക്കാന്‍ പോകുന്ന ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന പ്ലാന്റിനെക്കുറിച്ചും വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞു. പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഓടുചുട്ടപടുക്കയില്‍ സമീപത്തെ താന്നിമൂട് സെറ്റില്‍മെന്റ് കോളനിയിലെ താമസക്കാര്‍ സമരപ്പന്തല്‍ കെട്ടിയിരിക്കുകയാണ്. ഇത്തരമൊരു പ്ലാന്റ് ഇവിടെ സ്ഥാപിക്കപ്പെട്ടാല്‍ അത് തങ്ങളുടെ ജീവിതത്തെയും വരുന്ന തലമുറയെയും ഏറെ ബാധിക്കുമെന്ന് ഇവര്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞിരിക്കുന്നു. പാലക്കാട് സ്ഥാപിക്കപ്പെട്ട ബയോമെഡിക്കല്‍ വേസ്റ്റ് പ്ലാന്റും വിളപ്പില്‍ശാലയിലെ മാലിന്യസംസ്‌കരണശാലയും ഇവര്‍ക്ക് മുന്നില്‍ വലിയൊരു പുസ്തകമായി തുറന്നിരിക്കുന്നുണ്ട്.

ഈ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്ന ഇമയുടെ തന്നെ അംഗവും ഡോക്ടറും ചിത്രകാരനുമെല്ലാമായ ഡോ. അജിത്ത് കുമാര്‍ ഈ പ്ലാന്റിനെതിരെ രംഗത്ത് വന്നിരിക്കുന്നത് ഇത് സമീപഭാവിയില്‍ തന്നെ നമ്മുടെ ഭൂമിയ്ക്കും കുറെയേറെ മനുഷ്യര്‍ക്കും ഏത് വിധത്തില്‍ ദോഷം ചെയ്യുമെന്ന് തിരിച്ചറിഞ്ഞിട്ടാണ്. വനനശീകരണവും വനം കൈയ്യേറ്റവുമൊക്കെയായുള്ള വനപരിവര്‍ത്തനം പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിന് വന്‍ഭീഷണിയായിരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്ന് ലോകപരിസ്ഥിതി സംഘടന ജര്‍മ്മനിയിലെ ബോണില്‍ നടന്ന ലോക കാലാവസ്ഥാ മാറ്റ ഉച്ചകോടിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്(World Heritage Outlook 2017) വളരെ ഗൗരവപൂര്‍വം പരിഗണിക്കേണ്ടതുണ്ട്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് രാജ്യം ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍ കൃഷിചെയ്യാനായി അന്നത്തെ സര്‍ക്കാര്‍ (അന്ന് രാജഭരണമായിരുന്നു) പട്ടയഭൂമിയായി അനുവദിച്ചതാണ് ഈ ഭൂമി. എന്നാല്‍ കാലം മാറിയപ്പോള്‍ ഈ ഏഴര ഏക്കര്‍ സ്ഥലം ഉള്‍പ്പെടുന്ന ഈ ഭൂമിയില്‍ ഭക്ഷ്യധാന്യം കൃഷി ചെയ്യുന്നത് നിര്‍ത്തുകയും പകരം അവിടെ റബ്ബര്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. അടുത്തിടെ പാലോട് തന്നെ വിവാദമായ അക്വേഷ്യ തോട്ടങ്ങളുടെ ഒരു ഭാഗം ഇവിടെയുമുണ്ട്. അതായത് കൃഷിഭൂമിയായി അനുവദിച്ച സ്ഥലം മറ്റ് കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കപ്പെടുന്നത്. ഇവിടെയാണ് ഗുരുതരമായ ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് വരുന്നത്. അതിനാല്‍ തന്നെ പ്ലാന്റ് വരാതിരിക്കുന്നതിനൊപ്പം ഈ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നാണ് ഇവിടുത്തെ നാട്ടുകാരുടെ ആവശ്യം. അല്ലാത്ത പക്ഷം ഈ ഭൂമി വീണ്ടും ദുരപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്ക അവര്‍ക്കുണ്ട്. കൂടാതെ ജലദൗര്‍ബല്യത്തിന് കാരണമായേക്കാവുന്ന അക്വേഷ്യ, മാഞ്ചിയം മരങ്ങള്‍ നശിപ്പിക്കണമെന്ന ആവശ്യവും നാട്ടുകാര്‍ക്കുണ്ട്.

പെരിങ്ങമല പഞ്ചായത്ത് ഓഫീസില്‍ പബ്ലിക് ഹിയറിംഗിനായി ജില്ലാ കളക്ടര്‍ എത്തിയപ്പോള്‍ പരാതി പറയാന്‍ തടിച്ചുകൂടിയ നാട്ടുകാര്‍

മിരിസ്ടിക്കാ സ്വാംപ് എന്ന അപൂര്‍വ ശുദ്ധജലകണ്ടല്‍കാട് കാണാവുന്ന ലോകത്തിലെതന്നെ ഏക സ്ഥലമാണ് പശ്ചിമഘട്ട പരിസ്ഥിതിലോലപ്രദേശമായ ഇവിടം. ഇവിടെനിന്നാണ് കല്ലട, വാമനപുരം നദികളുടെ ഉത്ഭവ ഉറവകള്‍ ആരംഭിക്കുന്നത്. ലോകത്താകമാനമുള്ള എട്ട്‌ ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളില്‍ പൈതൃകപട്ടികയില്‍ ഇടം നേടുന്ന ഈ സ്ഥലത്താണ് നിര്‍ദ്ദിഷ്ട പ്ലാന്റ് സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നത്. 300 മീറ്റര്‍ അകലെയാണ് താന്നിമൂട് ആദിവാസി സെറ്റില്‍മെന്റ് കോളനി. 65 കുടുംബങ്ങളാണ് ഇവിടെ താമസം. ഇവര്‍ക്കുണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് അവരെ ആശങ്കയിലാക്കുന്നത്. തമിഴ്‌നാട്ടിലേയും തെക്കന്‍ കേരളത്തിലെയും ഉള്‍പ്പെടെ ഏഴ് ജില്ലകളിലെ ആശുപത്രികളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കപ്പെടുന്നത്. ഇതില്‍ മുറിച്ചുമാറ്റപ്പെട്ട അവയവങ്ങള്‍ മുതല്‍ ഉപയോഗശൂന്യമായ മരുന്നുകളും സിറിഞ്ചുകളും വരെ ഉള്‍പ്പെടും. ഈ മാലിന്യങ്ങള്‍ മണ്ണിലും വായുവിലും കലരുന്നത് എയ്ഡ്‌സ്, ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് വരെ കാരണമായേക്കാം.

പാലക്കാട് ഇമയുടെ കീഴിലുള്ള ഇമേജ് നടപ്പാക്കിയ പരിസ്ഥിതി സൗഹൃദ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് കാരണം ഉണ്ടായ മലിനീകരണത്തിന്റെ തിക്തഫലങ്ങള്‍ ജനങ്ങള്‍ അനുഭവിച്ച് തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിദേശ രാജ്യങ്ങളില്‍ ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത് അതീവ സൂക്ഷ്മതയോടെയാണ്. പരിസ്ഥിതിയ്ക്കും മനുഷ്യനും കോട്ടമുണ്ടാക്കാത്ത വിധത്തില്‍ സ്ഥാപിക്കപ്പെട്ട ഇത്തരം പ്ലാന്റുകള്‍ക്ക് വന്‍തുകയാണ് ചെലവ്. പരമാവധി കുറഞ്ഞ തുകയ്ക്ക് ഇത്തരം പ്ലാന്റുകള്‍ സ്ഥാപിച്ച് വന്‍ ലാഭം കൊയ്യാനുള്ള ശ്രമങ്ങളാണ് കാടിനുള്ളിലേക്ക് ഈ മാലിന്യങ്ങള്‍ തള്ളാമെന്ന തീരുമാനത്തില്‍ ഇമയെ എത്തിച്ചിരിക്കുന്നത്.

യുനെസ്കൊ പൈതൃക സ്വത്തായി അംഗീകരിച്ച വനമേഖലയില്‍ ബയോമെഡിക്കല്‍ മാലിന്യ പ്ലാന്‍റ്; തടയുമെന്ന് ജനങ്ങള്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍