UPDATES

ട്രെന്‍ഡിങ്ങ്

ചവിട്ടി താഴെയിട്ട്, കൊല്ലുമെന്ന് ഭീഷണി മുഴക്കി; മലപ്പുറം പ്രസ്സ് ക്ലബ്ബില്‍ ആര്‍ എസ് എസുകാര്‍ നടത്തിയത് കൊലവിളി

പ്രസ്സ്ക്ളബ്ബിൽ കയറി മാധ്യമ പ്രവര്‍ത്തകനെ മർദ്ദിച്ച ആർ.എസ്സ്.എസ്സ് നടപടിയിൽ പ്രതിഷേധം ശക്തമാവുകയാണ്

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

മലപ്പുറം പ്രസ്സ്ക്ളബ്ബിൽ കയറി ഫോട്ടോഗ്രാഫറെ മർദ്ദിച്ച ആർ.എസ്സ്.എസ്സുകാർ പ്രകടനം നടത്തിയത് ആര്‍ എസ് എസ് കാര്യാലയത്തിന് സമീപം പടക്കം വീണ് പൊട്ടിയതിന്. ജില്ലാ കാര്യാലയത്തിലേക്ക് അജ്ഞാതർ ബോംബെറിഞ്ഞെന്നാരോപിച്ചായിരുന്നു പ്രകടനം.

മുണ്ടുപറമ്പിലുള്ള ആർ.എസ്സ്.എസ്സ് ഓഫീസിനു സമീപത്ത് ചൊവ്വാഴ്ച ഒരു പടക്കം പൊട്ടിയിരുന്നു. സമീപത്തുള്ള കല്യാണ വീട്ടിൽ നിന്നോ മറ്റോ വീണ പടക്കമാകാം ഇതെന്ന് പ്രദേശത്തുള്ളവർ സംശയിക്കുന്നു. ഇതിനെ തുടർന്നാണ് ഓഫീസ് ആക്രമണം എന്ന പേരിൽ ആർ.എസ്സ്.എസ്സ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പ്രകടനത്തെ തുടർന്നാണ് രണ്ട് ആളുകളെ ഇവർ ആക്രമിക്കുകയും പ്രസ്സ്ക്ളബ്ബിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്.

ടൗണിലെത്തിയ പ്രകടനക്കാരുടെ ആദ്യ ഇര വഴിയിലൂടെ പോയ ഒരു ബൈക്ക് യാത്രക്കാരനാണ്. കോട്ടക്കലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ അബ്ദുള്ള ഫവാസ് ജോലി സംബന്ധമായ ആവശ്യത്തിനായി മലപ്പുറത്ത് വന്ന് തിരിച്ച് പോകാനായി വണ്ടി എടുത്ത് റോഡിലിറങ്ങിയതേ ഒള്ളു. പ്രകടനം എത്തിയുണ്ടായിരുന്നെങ്കിലും മുന്നിൽ വന്നിരുന്ന ഒരാൾ വന്ന് ബൈക്ക് ഓഫാക്കി താക്കോലെടുത്തു.

“ഞാനിതിലൂടെ പൊക്കോളാം, തട്ടിയിട്ടൊന്നുമില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ നിന്നോടാരാ വണ്ടി ഇങ്ങോട്ട് എടുക്കാന്‍ പറഞ്ഞത്, നടന്ന് പൊക്കോളൂ എന്നാണ് അവർ ഒച്ചയിട്ടത്. പ്രകടനം എത്തുന്നല്ലേ ഉള്ളു, താക്കോൽ തന്നാൽ ഞാൻ വേഗം പൊക്കോളാം എന്ന് ആവശ്യപ്പെട്ടെങ്കിലും നീയിപ്പൊ പോകണ്ട എന്ന് പറഞ്ഞ് വണ്ടി തട്ടി താഴെയിടുകയായിരുന്നു. തുടര്‍ന്ന് കഴുത്തിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു. ഇത് നടന്നത് പ്രസ്സ്ക്ളബ്ബിൻറെ നേരെ താഴെയാണ്. അവർ ഫോട്ടോ എടുക്കുന്നത് കണ്ടതോടെ മുന്നോട്ട് പോയ ആളുകളുൾപ്പെടെ തിരിച്ച് വരികയായിരുന്നു. ഒരു സംഘം എന്നെ തല്ലുമ്പോൾ വേറൊരു കൂട്ടം പ്രസ്സ് ക്ലബിലേക്ക് കയറി.” മർദ്ദനത്തിനിരയായ ബൈക്ക് യാത്രികൻ ഫവാസ് പറയുന്നു. കഴുത്തിലും നടുവിനും സാരമായി പരിക്കേറ്റ ഫവാസ് മലപ്പുറം സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.

മറ്റ് മാധ്യമ പ്രവര്‍ത്തകരെല്ലാം മീറ്റിങ്ങിൽ ആയിരുന്നതിനാൽ ചന്ദ്രിക റിപ്പോര്‍ട്ടർ ഷഹബാസും ഫോട്ടോഗ്രാഫർ ഫുആദും മാത്രമേ പ്രസ്സ്ക്ളബ്ബിലെ സിറ്റിങ്ങ് റൂമില്‍ ഉണ്ടായിരുന്നുള്ളു. ബഹളം കേട്ട് പുറത്തേക്കിറങ്ങിയ സമയത്താണ് ഇവർ താഴെ പ്രകടനക്കാർ ഫവാസിനെ മർദ്ദിക്കുന്നത് കണ്ടത്. മൊബൈലിൽ ഇത് ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് മുഖം മറച്ച് പത്തോളം ആർ.എസ്സ്.എസ്സുകാർ ഇരച്ച് കയറി വന്നത്. കയ്യിലുള്ള കുറുവടി കൊണ്ട് ആദ്യം കാലിന് അടിക്കുകയായിരുന്നെന്ന് ഫുആദ് പറയുന്നു. “ചവിട്ടി താഴെയിട്ട്, കൊല്ലുമെന്ന ഭീഷണി മുഴക്കുകയായിരുന്നു. ഇവരെ കണ്ടപ്പോൾ തന്നെ ഞങ്ങൾ രണ്ട് പേരും മുകളിലേക്കോടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എന്നെയാണ് കയ്യിൽ കിട്ടിയത്. ആർ.എസ്സ്.എസ്സിൻറെ ഏതോ നേതാക്കൻമാർ വന്ന് പിന്തിരിപ്പിച്ച് കൊണ്ട് പോയതിനാലാണ് അപ്പോഴെങ്കിലും വിട്ടത്.” കാലിനേറ്റ പരിക്കും മർദ്ദനവും മൂലം ആശുപത്രിയില്‍ ചികിത്സയിലാണ് ഫുആദ്.

പ്രസ്സ്ക്ളബ്ബിൽ കയറി മാധ്യമ പ്രവര്‍ത്തകനെ മർദ്ദിച്ച ആർ.എസ്സ്.എസ്സ് നടപടിയിൽ പ്രതിഷേധം ശക്തമാവുകയാണ്. പതപ്രവർത്തക യൂണിയന്‍ സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി. വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍