UPDATES

ദേശീയ പതാക ഉയര്‍ത്താന്‍ മോഹന്‍ ഭാഗവത് വീണ്ടും പാലക്കാട്ട്; സര്‍ക്കാര്‍ എന്തുചെയ്യും?

കഴിഞ്ഞ ആഗസ്ത് 15ന് പാലക്കാട് മൂത്തന്‍തറ കര്‍ണ്ണകി അമ്മന്‍ എയ്ഡഡ് സ്‌കൂളില്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയതിനെതിരെ ഇതുവരെ സര്‍ക്കാര്‍ നടപടി എടുത്തിട്ടില

റിപ്പബ്ലിക് ദിനത്തിലും സ്‌കൂളില്‍ പതാകയുയര്‍ത്താന്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് എത്തുമ്പോള്‍ മുമ്പ് ദേശീയ പതാക കോഡ് ലംഘിച്ച് പതാകയുയര്‍ത്തിയതിനെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍. കഴിഞ്ഞ ആഗസ്ത് 15ന് പാലക്കാട് മൂത്തന്‍തറ കര്‍ണ്ണകി അമ്മന്‍ എയ്ഡഡ് സ്‌കൂളില്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതത് സ്ഥാപന മേലധികാരികള്‍ തന്നെ പതാക ഉയര്‍ത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാണ് അന്ന് മോഹന്‍ഭാഗവത് പതാക ഉയര്‍ത്തിയത്.

താന്‍ പതാക ഉയര്‍ത്തുമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവത് സര്‍ക്കാരിനെ വെല്ലുവിളിച്ചപ്പോള്‍ അത് തടയണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. സര്‍ക്കുലര്‍ ലംഘിച്ച് പതാക ഉയര്‍ത്തിയ നടപടിയെ ദേശീയപതാക കോഡ് അനുസരിച്ച് നിയമപരമായി ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ല എന്നത് തന്നെയായിരുന്നു കാരണം. ദേശീയ പതാക കോഡ് അനുസരിച്ച് ഏത് ഇന്ത്യന്‍ പൗരനും പതാക ഉയര്‍ത്താം. സ്ഥാപനാധികാരികള്‍ ക്ഷണിച്ചാല്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവതിനും പതാക ഉയര്‍ത്താം. ആ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറിന് നിയമസാധുത ലഭിക്കില്ല. എന്നാല്‍ അന്ന് പതാക ഉയര്‍ത്തിയതിന് ശേഷം ദേശീയഗാനം ആലപിക്കുന്നതിന് പകരം വന്ദേമാതരമാണ് മോഹന്‍ഭാഗവത് ആലപിച്ചത്. ഇത് ദേശീയപതാക കോഡ് ലംഘനമാണ്. ഇക്കാര്യം അവിടെയുണ്ടായിരുന്നവര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മോഹന്‍ഭാഗവത് തിരികെ വേദിയില്‍ കയറി ദേശീയഗാനം ആലപിച്ചു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ കര്‍ണ്ണകി അമ്മന്‍ സ്‌കൂളിലെ കൊടിമരത്തില്‍ വീണ്ടും പതാക ഉയര്‍ത്തി. ഈ നിയമലംഘനം ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അന്ന് പാലക്കാട് ജില്ലാ കളക്ടറായിരുന്ന മേരിക്കുട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് നല്‍കി രണ്ട് ദിവസത്തിനുള്ളില്‍ ജില്ലാ കളക്ടറെ സ്ഥലം മാറ്റി.

മോഹന്‍ ഭാഗവത് ആര്‍എസ്എസ് തലവനാണ്; ഇന്ത്യന്‍ പ്രസിഡന്റല്ല

കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതിനേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചപ്പോള്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. ഈ വിഷയത്തില്‍ നിയമോപദേശം തേടിയ സര്‍ക്കാര്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷം നടപടിയെടുക്കുമെന്ന് അറിയിച്ചു. സിപിഎം പാലക്കാട് ജില്ലാ സമ്മേളനം തുടങ്ങിയ ദിവസമാണ് ഈ തീരുമാനം വന്നതെന്നത് ശ്രദ്ധേയമാണ്. പാലക്കാട് ഏരിയാ സമ്മേളനങ്ങളിലടക്കം ഈ വിഷയം പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയെന്ന തീരുമാനം അറിയിച്ച് തല്‍ക്കാലം വിഷയത്തില്‍ നിന്ന് തടിതപ്പാനായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് അന്ന് തന്നെ ചില പാര്‍ട്ടിപ്രവര്‍ത്തകര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ തീരുമാനം സര്‍ക്കാരില്‍ നിന്നുണ്ടായിട്ടുകൂടി മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത് തടയാതിരുന്നതിനെതിരെയും ആര്‍ക്കെങ്കിലുമെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെയും ജില്ലാ സമ്മേളനത്തില്‍ ചില പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

തനിക്ക് അത്തരമൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി നേരത്തെ പ്രതികരിച്ചിരുന്നത്. ഇപ്പോഴും തനിക്ക് അത്തരത്തില്‍ സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും ആര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു; “ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി അറിഞ്ഞതല്ലാതെ എനിക്ക് ഇതേവരെ അത്തരത്തില്‍ ഒരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. ഇനി ജില്ലാ കളക്ടര്‍ നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് അറിയില്ല”, അദ്ദേഹം വ്യക്തമാക്കി.

ഭാഗവതിനെ രാജ്യസ്നേഹിയാകാന്‍ സമ്മതിക്കില്ല പോലും കേരളത്തിലെ കമ്മി സര്‍ക്കാര്‍!

റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് സര്‍ക്കാരും സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഗവര്‍ണറും ജില്ലാതലങ്ങളില്‍ മന്ത്രിമാരും ബ്ലോക്ക് തലത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അല്ലെങ്കില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപനാധികാരികള്‍ പതാക ഉയര്‍ത്തണമെന്ന് സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. റിപ്പബ്ലിക് ദിനത്തില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള അണ്‍എയ്ഡഡ് സ്‌കൂളില്‍ ഭഗവത് പതാക ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കല്ലേകാട് വ്യാസവിദ്യാപീഠം സ്കൂളിലാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്താനെത്തുക. സംസ്ഥാനത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുളള ത്രിദിന ക്യാമ്പില്‍ പങ്കെടുക്കുന്നതിനൊപ്പം 26ന് ദേശീയ പതാക ഉയര്‍ത്തുമെന്നും സ്കൂള്‍ അധികൃതര്‍ അഴിമുഖത്തോട് പറഞ്ഞു. സ്ഥാപനത്തിന് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്ഥാപനമേധാവി തന്നെ പതാക ഉയര്‍ത്തുമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുമ്പേ അറിയിച്ചിട്ടുമുണ്ട്. ദേശീയപതാക കോഡ് ലംഘിച്ച് പതാക ഉയര്‍ത്തിയ മോഹന്‍ ഭാഗവത് വീണ്ടും പാലക്കാട് ജില്ലയില്‍ തന്നെ പതാക ഉയര്‍ത്താന്‍ എത്തുന്നത് സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ടാണെന്ന് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരും പറയുന്നു.

‘മോഹന്‍ ഭാഗവത് കുമ്മനടിക്ക് ഉജ്വലമാതൃകയായി’: എന്‍ എസ് മാധവന്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍