UPDATES

ത്രിപുര മോഡല്‍ ‘പഞ്ചരത്‌ന’വും ‘ശക്തി കേന്ദ്ര’ങ്ങളും ഒരുങ്ങുന്നു; കേരളത്തില്‍ തിരഞ്ഞെടുപ്പ് ആര്‍എസ്എസ് നിയന്ത്രിക്കും

ആര്‍എസ്എസ് ദേശീയ സംഘടനാ സെക്രട്ടറിമാരില്‍ കേരളത്തിന്റെ ചുമതലയുള്ള ഗണേഷ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ആര്‍എസ്എസ്. മുമ്പ് മണ്ഡലം അടിസ്ഥാനത്തില്‍ തുടങ്ങിയ ‘ശക്തി കേന്ദ്ര’ങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. ബൂത്ത് തലങ്ങളിലേക്ക് ‘ശക്തികേന്ദ്ര’ങ്ങള്‍ തുടങ്ങി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനാണ് പദ്ധതി. ഈ മാസം 30ന് ശക്തികേന്ദ്രങ്ങള്‍ ബൂത്ത് തലത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതിന് മുന്നോടിയായി മണ്ഡലം അടിസ്ഥാനത്തില്‍ ഇന്നലെ അടിയന്തിര ആര്‍എസ്എസ് ബൈഠക് ചേര്‍ന്നു. യുപിയിലും തൃപുരയിലും എല്ലാം പരീക്ഷിച്ച് വിജയിച്ച ‘പഞ്ചരത്‌നം’ പദ്ധതി ബൂത്ത് തലത്തില്‍ നടപ്പാക്കാനാണ് ആര്‍എസ്എസ് ഒരുങ്ങുന്നത്. ആര്‍എസ്എസ് ദേശീയ സംഘടനാ സെക്രട്ടറിമാരില്‍ കേരളത്തിന്റെ ചുമതലയുള്ള ഗണേഷ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്.

മണ്ഡലം അടിസ്ഥാനത്തില്‍ ശക്തി കേന്ദ്രങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അവയെ കൂടുതല്‍ ഊര്‍ജ്ജിതമാക്കും. ബൂത്തുകള്‍ രൂപീകരിക്കാത്തയിടങ്ങളില്‍ അടിയന്തിരമായി ബൂത്തുകള്‍ രൂപീകരിക്കും. ബൂത്ത് തലത്തില്‍ ‘പഞ്ചരത്‌നം’ സമിതിയുടെ നേതൃത്വത്തില്‍ ശക്തി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. എല്ലാ പരിവാര്‍ സംഘടനകളില്‍ നിന്നുമുള്ള അംഗങ്ങള്‍ ‘പഞ്ചരത്‌ന’യില്‍ ഉണ്ടാവും. ഒരു വനിത, പട്ടികവിഭാഗത്തില്‍ നിന്നുള്ള പ്രതിനിധി, യുവമോര്‍ച്ച പ്രവര്‍ത്തകനും എല്ലാ സമിതിയിലും ഉണ്ടാവും. ബൂത്ത് തല പ്രസിഡന്റ്, ബൂത്ത് ഇന്‍ചാര്‍ജ്, ബൂത്ത് ലെവല്‍ ഏജന്‍റുമാര്‍ എന്നിവര്‍ ശക്തി കേന്ദ്രങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആറ് മുതല്‍ ഒമ്പത് വരെ പേരടങ്ങുന്നതായിരിക്കും ബൂത്ത് തല ശക്തികേന്ദ്രങ്ങള്‍.

ഗൃഹസമ്പര്‍ക്കം, അനുഭാവികളുടേയും പ്രവര്‍ത്തകരുടേയും വീടുകളില്‍ ബിജെപിയുടെ പതാകയും സ്റ്റിക്കറും വെക്കുക തുടങ്ങിയ പരിപാടികളാണ് ശക്തികേന്ദ്രങ്ങള്‍ വഴി ചെയ്യുക. അനുവദിക്കുന്നവരുടെ വീടുകളിലും പതാക വെക്കാനും സ്റ്റിക്കര്‍ ഒട്ടിക്കാനും ആര്‍എസ്എസ് ബൈഠകില്‍ നിര്‍ദ്ദേശം നല്‍കി. യുവമോര്‍ച്ച പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ബൈക്ക് റാലി, ഫെബ്രുവരി 28ന് രണ്ടോ മൂന്നോ ശക്തി കേന്ദ്രങ്ങളെ ഒന്നിച്ച് ചേര്‍ത്തുകൊണ്ട് പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്, ഫെബ്രുവരി 13ന് ശബരിമലവിഷയത്തില്‍ സത്യാഗ്രഹ സഭ എന്നിങ്ങനെയാണ് മറ്റ് പരിപാടികള്‍. ബൈക്ക് ഓടിക്കാന്‍ അറിയുന്നവര്‍ അഞ്ച് പേരെങ്കിലും ഒരു ബൂത്തിന് കീഴില്‍ ഉണ്ടാവും. ഇതിന് പുറമെ വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഏകീകരണവും ഉദ്ദേശിക്കുന്നുണ്ട്. ബിജെപി നേതൃത്വം സംസ്ഥാനത്ത് കോള്‍ സെന്ററുകള്‍ സ്ഥാപിക്കും. പ്രധാനപ്പെട്ട ഏഴ് കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന കോള്‍ സെന്ററുകള്‍ വഴി ബൂത്ത് തല ശക്തികേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കേന്ദ്രനേതൃത്വം വിലയിരുത്തും. പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന സംഘത്തിനായിരിക്കും കോള്‍ സെന്ററുകളുടെ ചുമതല. ബിജെപി സംസ്ഥാന അധ്യക്ഷനടക്കം എല്ലാവര്‍ക്കും ശക്തികേന്ദ്രങ്ങളുടെ ചുമതല നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് നിയന്ത്രണത്തിലാണ് എല്ലാ പരിപാടികളും നടപ്പാക്കുക. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പ്രത്യേക പദ്ധതികള്‍ രൂപീകരിച്ച് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.

ശബരിമല വിഷയം സജീവമായി നിലനിര്‍ത്തിക്കൊണ്ട് കളംപിടിക്കാനാണ് ബിജെപിയുടേയും ആര്‍എസ്എസിന്റെയും നീക്കം. ഇക്കാലമത്രയും ബിജെപി ദേശീയ നേതൃത്വം കേരളത്തില്‍ അത്രകണ്ട് ശ്രദ്ധയൂന്നിയിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. പ്രവര്‍ത്തനം ശക്തമാക്കി ബിജെപിയെ പരമാവധി വളര്‍ച്ചയിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ വലിയ വിജയങ്ങള്‍ നേചാനായില്ലെങ്കിലും ഇപ്പോള്‍ രൂപീകരിക്കുന്ന ‘പഞ്ചരത്‌നവും’ ശക്തി കേന്ദ്രങ്ങളും അതേപടി തുടര്‍ന്നും നിലനിര്‍ത്തി പ്രവര്‍ത്തനം ശക്തമാക്കും. ശബരിമല വിഷയത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടാലും ശക്തികേന്ദ്രങ്ങള്‍ വഴി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയില്‍ സജീവമായി ഇടപെട്ട് സ്വാധീനം വളര്‍ത്തുക എന്നതാണ് സംഘപരിവാര്‍ ലക്ഷ്യം.

മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ആര്‍എസ്എസ് ആയിരിക്കും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളടക്കം നിയന്ത്രിക്കുക എന്ന സൂചന മുമ്പ് തന്നെ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കിയിരുന്നു. ഇത് ശരിവക്കുന്നതാണ് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുതിയ നീക്കങ്ങള്‍. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം, സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങി എല്ലാ കാര്യങ്ങളിലും ആര്‍എസ്എസ് വ്യക്തമായ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ മുതല്‍ അണികള്‍ വരെ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന എന്ന ഫോര്‍മുലയാണ് ആര്‍എസ്എസ് മുന്നോട്ട് വക്കുന്നത്. ശക്തികേന്ദ്രങ്ങള്‍ വഴി ഈ ഫോര്‍മുല വിജയിപ്പിക്കാനാവും എന്നാണ് അവരുടെ പ്രതീക്ഷ. തൃപുരയിലും യുപിയിലും ശക്തികേന്ദ്രങ്ങളും പഞ്ചരത്‌നവും പരീക്ഷിച്ച് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരളത്തിലും ഇത് പരീക്ഷിക്കാനൊരുങ്ങുന്നത്. യുപി, തൃപുര തിരഞ്ഞെടുപ്പുകളില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ബിജെപിയുടെ ചിട്ടയോടെയുള്ള പ്രവര്‍ത്തനം വലിയ ഫലം ഉണ്ടാക്കിയിരുന്നു. സമീപഭാവിയിലല്ലെങ്കിലും ഈ തന്ത്രം കേരളത്തിലും പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പ്രവര്‍ത്തകരുടെ കാഴ്ചപ്പാട്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍