ലൈഫ് ജാക്കറ്റുകള്‍ പോലുമില്ലാത്തിടത്ത് മറൈന്‍ ആംബുലന്‍സ് എന്ന ആവശ്യം തന്നെ അപഹാസ്യമായിപ്പോകുന്ന തരത്തിലേക്ക് തീരദേശത്തോടുള്ള അവഗണന അതിക്രമിച്ചുകഴിഞ്ഞു
ജോലിക്കായി കടലില്‍പ്പോയ പാട്രിക് ഫെര്‍ണാണ്ടസ് എന്ന മത്സ്യത്തൊഴിലാളി, തുമ്പയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ അകലെവച്ച് ഫൈബര്‍വള്ളത്തില്‍ കുഴഞ്ഞുവീണത് ഒരാഴ്ച മുന്‍പാണ്. അപകടത്തില്‍പ്പെടുന്ന ഏതൊരു മത്സ്യത്തൊഴിലാളിയെയും പോലെ, പാട്രിക്കും സംഘവും വിശ്വാസമര്‍പ്പിച്ചിരുന്നത് തീരദേശ പൊലീസിലും ഫിഷറീസ് ഉദ്യോഗസ്ഥരിലും മറ്റും തന്നെയായിരുന്നു. കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ സാധ്യമായ എല്ലാവരെയും പാട്രിക്കിനൊപ്പമുണ്ടായിരുന്നവര്‍ കടലില്‍ വച്ചു ബന്ധപ്പെട്ടു. കോസ്റ്റല്‍ പൊലീസും ഫിഷറീസ് വകുപ്പും സഹായത്തിനെത്തിയില്ല. കോസ്റ്റ് ഗാര്‍ഡ് പാട്രിക്കിനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കാനുള്ള നീക്കങ്ങള്‍ ആവിഷ്‌കരിച്ചു. പക്ഷാഘാതം സംഭവിച്ച് തളര്‍ന്നുവീണ പാട്രിക്കിനെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കൈയിലുണ്ടായിരുന്ന മാര്‍ഗ്ഗം പക്ഷേ, ഒരു ബക്കറ്റായിരുന്നു. ആ നീക്കവും പരാജയപ്പെട്ടു. ഒടുവില്‍ സമീപത്തുണ്ടായിരുന്ന മറ്റു ബോട്ടുകളുമായി ബന്ധപ്പെട്ട് പാട്രിക്കിനെ കരയ്‌ക്കെത്തിക്കുമ്പോള്‍ സമയം രാത്രി പത്തുമണി. അപ്പോഴേക്കും പാട്രിക് കടലില്‍ കുഴഞ്ഞുവീണിട്ട് അഞ്ചു മണിക്കൂറായിരുന്നു.
പ്രളയകാലത്ത് സംസ്ഥാനത്തിന്റെ സൈന്യമെന്ന് വിളിച്ച് അഭിനന്ദിക്കപ്പെട്ട മത്സ്യത്തൊഴിലാളികളിലൊരാളാണ് പാട്രിക്കും. നൂറു കണക്കിനു പേരുടെ ജീവന്‍ സംരക്ഷിച്ച പാട്രിക്കിന് അടിയന്തിര സഹായമെത്തിക്കാന്‍ ആരുമില്ലാതെ പോയത് സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെട്ടു. തീരദേശ ജീവിതത്തെക്കുറിച്ചും മത്സ്യബന്ധനത്തെക്കുറിച്ചും പ്രായോഗികമായി ധാരാളം അറിവുള്ള, പലയിടങ്ങളിലും ക്ലാസ്സുകളെടുക്കാന്‍ പോകാറുള്ള പാട്രിക് ഫെര്‍ണാണ്ടസിനുണ്ടായ ദുരനുഭവം കാര്യമായിത്തന്നെ പരിഗണിക്കപ്പെടുകയും ചെയ്തു. ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രമാരും പാട്രിക്കിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അടിയന്തിര ധനസഹായവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും അര്‍ഹമായ സഹായവും വാഗ്ദാനവും ചെയ്തു കഴിഞ്ഞു. പാട്രിക്കിനുണ്ടായ അനുഭവം പക്ഷേ, മറ്റൊരു തരത്തിലാണ് പരിഗണിക്കപ്പെടേണ്ടത്. പാട്രിക്കിനു പകരം മറ്റൊരു മത്സ്യത്തൊഴിലാളി ഇനിയും ബോട്ടില്‍ കുഴഞ്ഞുവീണാല്‍, കോസ്റ്റ് ഗാര്‍ഡ് വീണ്ടും രക്ഷയ്ക്കായെത്തുക ബക്കറ്റും കൊണ്ടായിരിക്കും. പ്രളയകാലത്ത് ജീവന്‍ രക്ഷിച്ചതിന്റെ ധീരപരിവേഷമില്ലാത്ത സാധാരണക്കാരനായ മത്സ്യത്തൊഴിലാളിയ്ക്കാണ് ഇനിയീ ദുരനുഭവമുണ്ടാകുന്നതെങ്കില്‍, ഇപ്പോഴുണ്ടായിരിക്കുന്ന സഹായപ്രവാഹം ഇല്ലാതെപോയെന്നും വരാം.
അഞ്ചു മരണങ്ങള്‍, പത്തു രോഗികള്‍- തിരുവനന്തപുരത്തെ മാത്രം കണക്കുകള്‍ ഇങ്ങനെ
പാട്രിക് ഫെര്‍ണാണ്ടസിനുണ്ടായിരിക്കുന്ന അനുഭവം വിരല്‍ ചൂണ്ടുന്നത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന തീര്‍ത്തും അരക്ഷിതമായ സാഹചര്യങ്ങളിലേക്കാണ്. തൊഴിലിടത്തിലും വാസസ്ഥലത്തും സുരക്ഷയോ അടിസ്ഥാന ആരോഗ്യ സംരക്ഷണ സൗകര്യങ്ങളോ ഇല്ലാതെപോകുന്ന തീരദേശക്കാരെക്കുറിച്ച് ഇടയ്ക്കിടെ ചര്‍ച്ചകളുണ്ടാകുന്നുണ്ടെങ്കിലും എങ്ങുമെത്താതെ പോകാറാണ് പതിവ്. ഒരു പക്ഷേ പാട്രിക് ഫെര്‍ണാണ്ടസിന്റെ അനുഭവം വാര്‍ത്തയാകുന്നതിനും എത്രയോ മുന്‍പു തന്നെ, ധാരാളം മത്സ്യത്തൊഴിലാളികള്‍ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. അവരില്‍ പലരും സമയത്തിന് സഹായമെത്താതെ മരിക്കുകയോ, എന്നെന്നേക്കുമായി തളര്‍ന്നുപോകുകയോ ചെയ്തിട്ടുമുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മാത്രം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത്തരത്തില്‍ കടലില്‍ വച്ച് അപകടമുണ്ടായി ആശുപത്രിയിലെത്താന്‍ വൈകി മരിച്ചുപോയിട്ടുള്ളത് അഞ്ചു പേരാണെന്നും, അതു കൂടാതെ പത്തോളം പേര്‍ ശരീരം തളര്‍ന്ന് കിടപ്പിലായിട്ടുണ്ടെന്നും സാമൂഹ്യപ്രവര്‍ത്തകനായ ജോണ്‍സണ്‍ ജാമന്റ് പറയുന്നു. തീരദേശവാസിയായ ജോണ്‍സന്റെ അച്ഛനും ഇത്തരത്തില്‍ കടലില്‍ വച്ച് പക്ഷാഘാതമുണ്ടായി കിടപ്പിലായയാളാണ്. പാട്രിക്കിന്റെ കാര്യത്തിലുണ്ടായ പല സൗകര്യങ്ങളും തന്റെ പിതാവിനില്ലായിരുന്നുവെന്ന് ജോണ്‍സണ്‍ പറയുന്നു. ‘എന്റെ അച്ഛന് കടലില്‍ വച്ച് സ്‌ട്രോക്ക് വന്നപ്പോള്‍ സമയത്തിന് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചില്ല. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും അച്ഛന്‍ തളര്‍ന്നു കിടക്കുകയാണ്. പാട്രിക് അങ്കിളിനെ അഞ്ചു മണിക്കൂറിലെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചു. മെഡിക്കല്‍ കോളേജ് അപകടം നടന്നയിടത്തു നിന്നും അല്പം അടുത്തുമായിരുന്നു. എന്റെ അച്ഛന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. നാളെ ഇനിയൊരു മത്സ്യത്തൊഴിലാളിക്ക് ഈ അവസ്ഥ വന്നാലും കാര്യങ്ങള്‍ ഇത്ര എളുപ്പമാകണമെന്നില്ല. പത്രത്തില്‍ വാര്‍ത്ത വന്നതുകൊണ്ടും, പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തയാളെന്ന നിലയിലും പാട്രിക് അങ്കിളിന്റെ അവസ്ഥ ചര്‍ച്ചയായി. മറ്റൊരാളായിരുന്നെങ്കില്‍ ഇതുണ്ടാകില്ല. എന്റെ പപ്പയ്ക്ക് അതു കിട്ടിയിട്ടില്ല.’
എന്തുകൊണ്ടാണ് മത്സ്യത്തൊഴിലാളികളുടെ തൊഴിലിടത്തെ സുരക്ഷയിലും ആരോഗ്യസംരക്ഷണത്തിലും ഇത്ര വലിയ പഴുതുകള്‍ ഉണ്ടാകുന്നത് എന്ന ചോദ്യത്തിന് കാലാകാലങ്ങളായി മറുപടിയില്ലാതെ തുടരുകയാണ്. വര്‍ഷങ്ങളായി പല സര്‍ക്കാരുകളും പ്രഖ്യാപിച്ചിട്ടുള്ള മറൈന്‍ ആംബുലന്‍സ് സേവനം കൃത്യമായി നടപ്പില്‍ വരുത്തുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു വലിയ പരിഹാരമായിരിക്കും എന്ന് തീരദേശവാസികള്‍ക്ക് വിശ്വാസമുണ്ട്. എന്നാല്‍, എല്ലാ ബജറ്റിലും രണ്ടു കോടി വച്ച് വകയിരുത്തുന്ന മറൈന്‍ ആംബുലന്‍സ് എന്ന പദ്ധതി നാളിത്രയായിട്ടും എങ്ങുമെത്തിയിട്ടില്ല. പരീക്ഷണാടിസ്ഥാനത്തില്‍പ്പോലും നടത്തിനോക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കാത്തത്, തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആരോഗ്യകാര്യത്തില്‍ പ്രത്യേക നയമൊന്നും ഇല്ലാത്തതിന്റെ തുടര്‍ച്ചയാണെന്ന് അവകാശപ്രവര്‍ത്തകരും പറയുന്നു.
‘നമ്മുടെ തീരങ്ങളില്‍ മതിയായ സൗകര്യങ്ങളില്ല എന്നത് വസ്തുതയാണ്. കരയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പലതും ശ്രദ്ധിക്കാനുള്ള സൗകര്യങ്ങള്‍ നമുക്കുണ്ട്. അത് താരതമ്യേന എളുപ്പവുമാണ്. ദുരന്തങ്ങള്‍ വരുമ്പോഴല്ലാതെ തീരദേശത്തെ ആളുകള്‍ക്കു വേണ്ടി അത്തരത്തിലൊരു സൗകര്യവും നടപ്പില്‍ വരുത്താന്‍ അധികൃതര്‍ ശ്രദ്ധവയ്ക്കാറില്ല. കഴിഞ്ഞ തവണ ഓഖി വന്നപ്പോള്‍പ്പോലും അതിനു സാധിച്ചില്ല എന്നതാണ് വസ്തുത. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കേരള സര്‍ക്കാരിന്റെ ബജറ്റ് എടുത്തു നോക്കിയാല്‍, ഇടയ്ക്കിടെ കാണാവുന്ന ഒന്നാണ് മറൈന്‍ ആംബുലന്‍സിനു വേണ്ടി തുക വകയിരുത്തിയിട്ടുണ്ട് എന്ന പ്രസ്താവന. രണ്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ട് എന്നെല്ലാമാണ് പറയപ്പെടുന്നത്. ഇന്നുവരെ അത്തരമൊന്ന് എവിടെയും വന്നു കണ്ടിട്ടില്ല. കടലും ഒരു തൊഴിലിടമാണ്. കുറേക്കൂടി അപകടകരമായ ഒരു തൊഴിലിടം. പ്രകൃതിയിലെ പല മാറ്റങ്ങളും ആ തൊഴിലിടത്തിലുള്ളവരെ ബാധിക്കും. അവരെ പരിഗണിക്കുന്ന, അവരുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള ഒരു സംവിധാനവും ഏര്‍പ്പെടുത്തപ്പെട്ടിട്ടില്ല. ശ്രീലങ്കയടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ കാര്യക്ഷമമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ബോട്ട് ഇടിച്ചും മറ്റും അപകടത്തില്‍പ്പെടുന്ന ധാരാളം പേരുണ്ട്. ഏറ്റവും ചുരുങ്ങിയത് തീരദേശത്തെ ആശുപത്രികളിലെങ്കിലും മെഡിക്കല്‍ കോളേജുകളിലേക്ക് പെട്ടന്ന് എത്തിക്കാനാകുന്ന സൗകര്യങ്ങള്‍ വേണ്ടതല്ലേ. അങ്ങിനെ നോക്കുമ്പോള്‍, മത്സ്യത്തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ നയമേ അല്ല. അവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് പോളിസികളില്ല.’ ജോണ്‍സണ്‍ പറയുന്നു.
അടിസ്ഥാന സുരക്ഷാ ഉപാധികള്‍ പോലുമില്ലാത്ത തൊഴിലിടങ്ങള്‍
കഴിഞ്ഞ മാര്‍ച്ചിലാണ് കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്ടു നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ട് തകര്‍ന്ന് മണിക്കൂറുകളോളം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ ജീവന്‍ കൈയിലെടുത്ത് പൊങ്ങിക്കിടക്കേണ്ടി വന്നത്. അവരെ കണ്ടെത്താനോ സഹായത്തിനുള്ള സന്ദേശം സ്വീകരിക്കാനോ സര്‍ക്കാര്‍ നിയന്ത്രിത സംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി അതുവഴി വന്ന കപ്പലില്‍ കയറിപ്പറ്റിയാണ് മത്സ്യത്തൊഴിലാളികള്‍ അന്നു രക്ഷപ്പെട്ടത്. സഹായത്തിനുള്ള വിളി കേള്‍ക്കാനോ, കടലില്‍ അപകടങ്ങളുണ്ടാകുമ്പോള്‍ സുരക്ഷ ഉറപ്പുവരുത്താനോ, എന്തിനേറെ, അപകടത്തെ അതിജീവിച്ച് തിരിച്ചെത്തിയാല്‍ നഷ്ടപരിഹാരത്തുക പാസ്സാക്കി നല്‍കാനോ പോലും അധികൃതര്‍ക്കായിട്ടില്ലെന്ന് അന്ന് പരാതികളുയര്‍ന്നിരുന്നു. ഓഖിയ്ക്കു ശേഷം മത്സ്യത്തൊഴിലാളികള്‍ക്കെല്ലാം നിര്‍ബന്ധമായും എത്തിക്കുമെന്ന് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന അടിസ്ഥാന ജീവന്‍രക്ഷാ ഉപാധിയായ ലൈഫ് ജാക്കറ്റുകള്‍ പോലും വിതരണം ചെയ്യാത്തതില്‍ അന്ന് ധീവര സഭയടക്കമുള്ളവര്‍ പ്രതിഷേധമറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി വകയിരുത്തപ്പെടുന്നു എന്നു പറയപ്പെടുന്ന വലിയ തുകകള്‍ എവിടേയ്ക്കാണ് പോകുന്നത് എന്നായിരുന്നു കാസര്‍കോട്ടെ സംഘടനകളുടെ ചോദ്യം. സംസ്ഥാനത്തൊട്ടാകെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്നത് സമാനമായ പ്രതിസന്ധികളാണ് എന്നതിനുദാഹരണമായിരുന്നു ഈ സംഭവം.
ലൈഫ് ജാക്കറ്റുകള്‍ പോലുമില്ലാത്തിടത്ത് മറൈന്‍ ആംബുലന്‍സ് എന്ന ആവശ്യം തന്നെ അപഹാസ്യമായിപ്പോകുന്ന തരത്തിലേക്ക് തീരദേശത്തോടുള്ള അവഗണന അതിക്രമിച്ചുകഴിഞ്ഞുവെന്ന് അവകാശപ്രവര്‍ത്തകയായ മാഗ്ലിന്‍ ഫിലോമിനയും ചൂണ്ടിക്കാട്ടുന്നു. ‘ഓഖിയ്ക്കു ശേഷം ഇനി ഒരു മത്സ്യത്തൊഴിലാളിയും കടലില്‍ അകപ്പെട്ട് കഷ്ടപ്പെടാതിരിക്കാനുള്ള സംവിധാനമായിട്ടാണ് മറൈന്‍ ആംബുലന്‍സ് എന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുവന്നത്. സത്യത്തില്‍ ഇതൊരു പുതിയ ആശയമല്ല. വളരെയധികം വര്‍ഷക്കാലമായി മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി ആവശ്യപ്പെടുന്ന ഒന്നാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ റെഡ് സോണിലാണ് കേരളമെന്നത് പരിഗണിക്കണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കടലില്‍ തിരകള്‍ക്ക് ശക്തി കൂടുതലുമാണ്. ഇതെല്ലാം കണക്കിലെടുത്താണ് മറൈന്‍ ആംബുലന്‍സ് ഒരു പ്രധാന ആവശ്യമായി ഉയര്‍ത്തിക്കൊണ്ടുവന്നത്. ഓഖി ദുരന്തം കൂടി കഴിഞ്ഞതോടെ മറൈന്‍ ആംബുലന്‍സ് അത്യാവശ്യമാണെന്നും മനസ്സിലായി. മൃതപ്രായരായി ജീവിതത്തിലേക്ക് തിരിച്ചുവന്നവര്‍, മണിക്കൂറുകളോളം കടലില്‍ അകപ്പെട്ടു കിടന്ന് പിന്നീട് രക്ഷപ്പെട്ടവര്‍, അന്നത്തെ ആഘാതം മാറാത്തതിനാല്‍ ഇപ്പോഴും കടലിനെ ഭയക്കുന്നവര്‍. അങ്ങനെ പലതരത്തില്‍ ഓഖി ബാധിച്ചിട്ടുള്ളവരാണ് ഇവിടത്തെ മത്സ്യത്തൊഴിലാളികള്‍. ഞങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്താനുള്ള സംവിധാനം ഇപ്പോഴും സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയില്‍ വന്നിട്ടില്ല. പദ്ധതി പ്രഖ്യാപിച്ചിട്ടൊക്കെ കുറേക്കാലമായി. പക്ഷേ, ഇന്നുവരെ നടപ്പില്‍ വരുത്തിയിട്ടില്ലെന്നുമാത്രം. ആദിവാസി-ദളിത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്ര പോലും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നു പറയുമ്പോള്‍ അതിന്റെ ഭീകരത വ്യക്തമാണല്ലോ. ജാതിപരമായും തൊഴില്‍പരമായുമുള്ള വലിയ വിവേചനമാണ് മത്സ്യത്തൊഴിലാളികളോട് നിലനില്‍ക്കുന്നത്. പ്രളയം വന്നപ്പോഴാണ് മത്സ്യത്തൊഴിലാളികളെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടത്. മത്സ്യത്തൊഴിലാളികള്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. പക്ഷേ മത്സ്യത്തൊഴിലാളിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ഇന്നുവരെ ഒരു സമഗ്രപദ്ധതിയുണ്ടായിട്ടില്ല. തീരദേശത്തുള്ളവര്‍ക്ക് ബുദ്ധിമുട്ടിന്റെ കാലമാണ്. കാറ്റുകളും ഇപ്പോള്‍ ശക്തമാണ്. ഈ മാസം തന്നെ മൂന്നോ നാലോ തവണയാണ് മുന്നറിയിപ്പ് കിട്ടിയിട്ടുള്ളത്.’
മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പോലീസും പരാജയപ്പെടുന്നത് എങ്ങനെ?
പ്രഖ്യാപിക്കപ്പെട്ട ശേഷം നടപ്പില്‍ വരുത്താതെ പോയതും, ഇനി പ്രഖ്യാപിക്കേണ്ടതുമായ പദ്ധതികളുടെ സാധുതയെക്കുറിച്ചു സംസാരിക്കുമ്പോള്‍ത്തന്നെ, നിലവില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ എന്തുകൊണ്ട് പാളിപ്പോകുന്നു എന്നതും പരിശോധിക്കേണ്ടതുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിങ്ങനെ സഹായമെത്തിക്കേണ്ട എല്ലാ ഏജന്‍സികളും മത്സ്യത്തൊഴിലാളിയോട് വിവേചനബുദ്ധിയോടെ മാത്രം പെരുമാറുന്നതിന്റെ സാക്ഷ്യങ്ങളും ഏറെയുണ്ട് തീരദേശത്ത്. ‘ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്നതില്‍ ഒരു പ്രധാന സംവിധാനമാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്. മത്സ്യത്തൊഴിലാളികളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളറിയാതെയാണ് മിക്കപ്പോഴും അവര്‍ പെരുമാറുന്നത് എന്നതാണ് വാസ്തവം. ഒട്ടും സൗഹൃദപരമായ ഇടപെടലല്ല ഇവരുടേത്. പലപ്പോഴും കലക്ടറേയും രാഷ്ട്രീയ നേതാക്കളെയുമെല്ലാം വിളിച്ച് ആവശ്യപ്പെട്ടിട്ടാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റുകാരുടെ സഹായം ലഭ്യമാക്കുന്നത്. പിന്നെയുള്ളത് കോസ്റ്റല്‍ പൊലീസാണ്. അവരുടെ മനോഭാവവും വ്യത്യസ്തമല്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മത്സ്യത്തൊഴിലാളികളോടുള്ള നിലപാടിലെ സമീപനം വളരെ പ്രകടമാണ്. അല്ലെങ്കില്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഇടപെട്ട് പ്രശ്‌നമാകണം. എങ്കിലേ സഹായം ലഭ്യമാകൂ എന്ന അവസ്ഥയായിട്ടുണ്ട്. തീരദേശ പ്രശ്‌നങ്ങളെ പ്രത്യേകമായി പരിഹരിക്കാനുള്ള സംവിധാനം ഇനിയെങ്കിലും വരേണ്ടതുണ്ട്. ഇടയ്ക്കിടെ ഉയരുന്ന പ്രശ്‌നങ്ങളല്ല വേണ്ടത്. ഫിഷര്‍മാനോട് താല്‍പര്യമില്ലാത്ത ഫിഷറീസ് വകുപ്പാണുള്ളത്. കേരളം ഒരു കോസ്റ്റല്‍ സ്‌റ്റേറ്റാണെങ്കില്‍പ്പോലും. പൊതുവേ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങള്‍ കുറവായ കേരളത്തില്‍ കടലുമായി ബന്ധപ്പെട്ട് ഇത്തരം മൂന്നു സ്ഥാപനങ്ങളുണ്ട് എന്നോര്‍ക്കണം. ഇതു കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ? പ്രത്യേകം കോസ്റ്റല്‍ മിനിസ്ട്രി തന്നെ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം.’
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ എന്ന ചോദ്യത്തിന് അധികൃതര്‍ എല്ലായ്‌പ്പോഴും നല്‍കുന്ന മറുപടിയാണ് നാവിക് ഉപകരണങ്ങള്‍. നാവിക് ഉപകരണങ്ങള്‍ക്കായി അപേക്ഷിച്ച് കാത്തിരിക്കുന്ന അനവധി പേര്‍ ഇപ്പോഴുമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. പാട്രിക് ഫെര്‍ണാണ്ടസും അവരിലൊരാളാണ്. എന്നാല്‍, നാവിക് ഉപകരണങ്ങള്‍ ഒരിക്കലും ഒരു സമ്പൂര്‍ണ ആശയവിനിമയോപാധിയല്ലെന്നാണ് ജോണ്‍സണ്‍ ജാമന്റ് അടക്കമുള്ളവരുടെ അഭിപ്രായം. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ എത്തിക്കാമെന്നതല്ലാതെ, അവര്‍ക്ക് തിരിച്ച് എന്തെങ്കിലും ചോദിക്കാനോ സംസാരിക്കാനോ ഉള്ള സംവിധാനം നാവികില്‍ ഇല്ല. എന്നതാണ് പ്രധാന പരാതി. മത്സ്യത്തൊഴിലാളികളെ കേള്‍ക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ സംവിധാനങ്ങളെപ്പോലെത്തന്നെയാണ് സാങ്കേതിക വിദ്യകളും എന്ന് ഇവര്‍ പറയുന്നു.
തീരദേശമേഖലയുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, സുരക്ഷ എന്നതില്‍ക്കവിഞ്ഞ് മറ്റു പലതും പരാമര്‍ശിക്കപ്പെടേണ്ടതുണ്ടെന്നാണ് മാഗ്ലിന്‍ ഫിലോമിനയുടെ പക്ഷം. ‘ഞങ്ങളുടെ പട്ടിണിയെക്കുറിച്ചു മാത്രം ആരും സംസാരിക്കുന്നില്ല. പട്ടിണി സഹിക്കാനാകാതെ കടലില്‍പ്പോയി അപകടത്തില്‍പ്പെട്ട് മരിക്കുന്നവരാണ് ഇവരെല്ലാം. ഒരു വര്‍ഷം തന്നെ നൂറിലധികം പേരാണ് ഇങ്ങനെ മരിക്കുന്നതും കാണാതാകുന്നതും. മത്സ്യത്തൊഴിലാളിയുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥമായിത്തന്നെ സര്‍ക്കാര്‍ ഇടപെടണം. നിലവില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പദ്ധതികള്‍ മാത്രം പ്രാബല്യത്തില്‍ വരുത്തിയാല്‍ മതിയാകും ഞങ്ങള്‍ രക്ഷപ്പെടാന്‍. എത്രയോ വര്‍ഷങ്ങളായി സ്‌കൂളുകളിലും മറ്റും അഭയാര്‍ത്ഥികളായി താമസിക്കുന്നവരുണ്ട്. ഭൂമി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കാനാളുണ്ട്. മത്സ്യത്തൊഴിലാളിയുടെ ഇടങ്ങളെപ്പറ്റിയോ? ഞങ്ങളുടെ താമസസ്ഥലങ്ങള്‍ അദാനിക്കോ അംബാനിക്കോ മറ്റു വന്‍കിട ലോബികള്‍ക്കോ കൊണ്ടു പോകാം. സ്വന്തം ഭൂമിയില്‍ ഞങ്ങള്‍ക്ക് അധികാരമില്ല. ഇതൊക്കെയാണ് തീരത്തിന്റെ യഥാര്‍ത്ഥ അവസ്ഥകള്‍. വിനോദസഞ്ചാരത്തിനായി സീപ്ലെയിന്‍ കൊണ്ടുവരുന്ന പദ്ധതിക്കുവേണ്ടി ഒച്ചപ്പാടുണ്ടാക്കിയവര്‍ക്കു പോലും മറൈന്‍ ആംബുലന്‍സിന്റെ ആവശ്യം തിരിച്ചറിയാനായില്ല എന്നതാണ് ദുഃഖകരമായ കാര്യം. നാവിക് ഉപകരണങ്ങള്‍ കൊടുത്തിട്ടുണ്ട് എന്നു പറയുന്നുണ്ട്. എന്നിട്ടും ഞങ്ങള്‍ പട്ടിണിയാണെങ്കില്‍ എന്തു ചെയ്യും? വരാനിരിക്കുന്നത് മഴക്കാലമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഭയപ്പാടിന്റെ കാലം. എത്ര വീടുകള്‍ ഇനിയും തകരും. എത്ര പേര്‍ ഇനിയും അഭയാര്‍ത്ഥികളാകും.’
രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപാധിയായി ബക്കറ്റ് മാത്രമുള്ള, ഏറ്റവും അടിസ്ഥാന ആവശ്യമായ ലൈഫ് ജാക്കറ്റ് പോലും എത്തിച്ചുകൊടുക്കുന്നതില്‍ പരാജയപ്പെട്ടിട്ടുള്ള ഒരു ഭരണസംവിധാനത്തിന് എങ്ങനെയാണ് തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായുള്ള നയങ്ങള്‍ രൂപീകരിക്കാനാകുക എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. പാട്രിക് ഫെര്‍ണാണ്ടസിനു സംഭവിച്ചത് ഇനിയൊരാള്‍ക്ക് സംഭവിച്ചാല്‍, ഇത്രയെളുപ്പത്തില്‍ ജീവന്‍ രക്ഷിക്കാനാകണമെന്നില്ല എന്ന വസ്തുതയെങ്കിലും അധികൃതര്‍ കണക്കിലെടുക്കേണ്ടതുണ്ട്.