UPDATES

ട്രെന്‍ഡിങ്ങ്

“ഇനി സംഘപരിവാറിനെതിരായി എന്തെങ്കിലും പറഞ്ഞാല്‍ നിനക്ക് നജീബ് അഹമ്മദിന്റെ ഗതി വരും”

രാജ്യദ്രോഹ കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്യപ്പെട്ട മലപ്പുറം ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിക്ക് നേരെ സംഘപരിവാര്‍ ആക്രമണം

ശ്രീഷ്മ

ശ്രീഷ്മ

‘കാശ്മീരികള്‍ക്കെതിരായ സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിക്കുക, കാശ്മീരിനും മണിപ്പൂരിനും പലസ്തീനും സ്വാതന്ത്ര്യം നല്‍കുക’ – ഫെബ്രുവരി അവസാന വാരത്തോടെയാണ് റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ പേരില്‍ ഈ വാചകങ്ങള്‍ എഴുതിച്ചേര്‍ത്ത പോസ്റ്ററുകള്‍ മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ പ്രത്യക്ഷപ്പെട്ടത്. കോളേജ് അധികൃതര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത്, രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ റിന്‍ഷാദ്, മുഹമ്മദ് ഫാരിസ് എന്നിവരെ ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്ന് അറസ്റ്റു ചെയ്തത്. രാജ്യദ്രോഹം ആരോപിക്കുന്ന 124 എ വകുപ്പു പ്രകാരം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തതിനെതിരെ പലയിടങ്ങളിലും പ്രതിഷേധം ശക്തമാകുകയും ചെയ്തിരുന്നു. വേണ്ടത്ര തെളിവുകളില്ലാതെയും അനുചിതമായ രീതിയിലുമാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തു കൊണ്ടുപോയിരിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും രംഗത്തെത്തിയിരുന്നു.

പോസ്റ്ററൊട്ടിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെയുള്ള പ്രതിഷേധങ്ങളുടെ അലയൊലികള്‍ അടങ്ങുന്നതിനു മുന്‍പേ, കഴിഞ്ഞ ദിവസം സംഘപരിവാര്‍ ആക്രമണത്തിന് വിധേയനായിരിക്കുകയാണ് കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട റിന്‍ഷാദ്. ഫെബ്രുവരി 26ന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് കേസിനെ നിയമപരമായി നേരിട്ടുകൊണ്ടിരിക്കുകയായിരുന്ന റിന്‍ഷാദും ഫാരിസും. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് വീട്ടിലെത്തിയ മൂവര്‍ സംഘം റിന്‍ഷാദിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. മുഖം മറച്ചെത്തിയ ആക്രമികളെ തിരിച്ചറിയാന്‍ റിന്‍ഷാദിനു സാധിച്ചില്ലെങ്കിലും, മര്‍ദ്ദനത്തിനിടെ ഉയര്‍ത്തിയ ഭീഷണികളില്‍ നിന്നും സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നില്‍ എന്നത് വ്യക്തമാണ്. ‘ഇനി സംഘപരിവാറിന് എതിരായി ശബ്ദിച്ചാല്‍ നജീബ് അഹമ്മദിന്റെ ഗതിയായിരിക്കു’മെന്ന ഭീഷണിയോടുകൂടിയായിരുന്നു റിന്‍ഷാദിന് മര്‍ദ്ദനമേറ്റത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംഭവവുമായി ആക്രമണത്തിന് ബന്ധമുണ്ടെന്നാണ് കരുതുന്നതെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും റിന്‍ഷാദിന്റെ അടുത്ത ബന്ധുവായ ജലാലുദ്ദീന്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് ജലാലുദ്ദീന്‍ പറയുന്നതിങ്ങനെ ‘തിങ്കളാഴ്ച രാത്രി റിന്‍ഷാദ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണ് സംഭവം. വീട്ടിലുള്ളവരെല്ലാം എന്തോ പരിപാടിയ്ക്കായി പുറത്തുപോയതായിരുന്നു. ആരോ കോളിംഗ് ബെല്‍ അടിച്ച ശബ്ദം കേട്ടാണ് വാതില്‍ തുറന്നത്. തുറന്നപാടെ റിന്‍ഷാദിനെ അകത്തേക്ക് ചവിട്ടിവീഴ്ത്തുകയായിരുന്നു. വീണു പോയപ്പോള്‍ അവിടെയിട്ട് അതിക്രൂരമായി മര്‍ദ്ദിച്ചു. ഒരുവിധത്തില്‍ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് കുതറിയോടിയ റിന്‍ഷാദ് മുറ്റത്തെത്തിയപ്പോള്‍ വീണ്ടും വീണു. അവിടെയിട്ടും ഒരുപാട് മര്‍ദ്ദിച്ചു. എങ്ങനെയോ അടുത്ത വീട്ടില്‍ ഓടിക്കയറുകയായിരുന്നു അവന്‍. അടുത്ത വീട്ടുകാര്‍ അവനെ അകത്തുകയറ്റി വാതിലടച്ചതോടെ മൂവര്‍സംഘം മടങ്ങിപ്പോയി. ഇവര്‍ ആരാണ്, എവിടെനിന്നാണ് എന്നൊന്നും അറിയില്ല. പൊലീസ് അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. ഇനി സംഘപരിവാറിനെതിരായി എന്തെങ്കിലും പറഞ്ഞാല്‍ നിനക്ക് നജീബ് അഹമ്മദിന്റെ ഗതി വരുമെന്നാണ് അക്രമികള്‍ മര്‍ദ്ദനത്തിനിടെ അവനോടു പറഞ്ഞത്. അടുത്ത വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് കുടുംബാംഗങ്ങളെത്തി ആശുപത്രിയില്‍ കൊണ്ടുപോയതും പൊലീസില്‍ പരാതി നല്‍കിയതും. രാജ്യദ്രോഹക്കേസ് അതിന്റെ വഴിക്ക് പോകുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ആക്രമണം തന്നെയാണെന്നാണ് കരുതുന്നത്. പേടിപ്പിക്കാനോ മറ്റോ ആയിരിക്കണം. കൃത്യമായി അറിയില്ല. എന്താണ് അവരുടെ ഉദ്ദേശം എന്നും മനസ്സിലാകുന്നില്ല. പ്രദേശത്ത് നാട്ടുകാര്‍ പൊതുജനറാലിയൊക്കെ നടത്തിയിരുന്നു. നാട്ടിലെ എല്ലാവരുടെയും പങ്കാളിത്തത്തില്‍ പ്രതിഷേധക്കൂട്ടായ്മയൊക്കെ നടന്നിട്ടുണ്ട്.’

കൈകള്‍ക്കും കാലിനും കഴുത്തിനും പരിക്കേറ്റ റിന്‍ഷാദിനെ ആദ്യം പെരിന്തല്‍മണ്ണ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ് റിന്‍ഷാദ്. കഴുത്തിനു പിറകില്‍ കാര്യമായ ചതവുമുണ്ട്. മേലാറ്റൂര്‍ പൊലീസ് പരാതി സ്വീകരിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പോസ്റ്ററൊട്ടിച്ച കുറ്റത്തിന് റിന്‍ഷാദിനും ഫാരിസിനുമെതിരെ കേസെടുത്തത് നടപടികള്‍ കൃത്യമായി പാലിക്കാതെയാണെന്ന് ആദ്യഘട്ടം മുതല്‍ക്കേ പരാതികള്‍ ഉയര്‍ന്നിരുന്നു. പോസ്റ്ററുകള്‍ എഴുതിയതിനോ പതിച്ചതിനോ ദൃക്‌സാക്ഷികളില്ലെന്നിരിക്കേ, കൈയക്ഷരം പോലും വ്യക്തമായി പരിശോധിക്കാതെ വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ പലയിടങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമായിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തൊട്ടാകെ കാശ്മീരികള്‍ക്കെതിരായ അതിക്രമങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ പല കലാലയങ്ങളിലും ഇത്തരം പ്രതിഷേധ സ്വരങ്ങളും പോസ്റ്ററുകളും ഉയര്‍ന്നിരുന്നതാണ്. എന്നാല്‍, സംഘപരിവാര്‍ ആക്രമണത്തില്‍ നിന്നും കശ്മീരികളെ സംരക്ഷിക്കുക എന്ന പോസ്റ്റര്‍ മാത്രമാണ് താന്‍ പതിച്ചതെന്നും, രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പോന്ന ഒന്നുംതന്നെ അതിലില്ലായിരുന്നെന്നുമായിരുന്നു റിന്‍ഷാദിന്റെ പ്രതികരണം. അതേസമയം, വിദ്യാര്‍ത്ഥികളെ കുടുക്കാന്‍ മനഃപ്പൂര്‍വം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കുടുംബാംഗങ്ങളും പരാതിപ്പെട്ടിരുന്നു.

124 എ പ്രകാരം അറസ്റ്റു ചെയ്ത ഇരുവരെയും ഉപാധികളോടെ പിന്നീട് കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു. ജില്ലവിട്ടു പോകരുതെന്നും, ദിവസവും സ്‌റ്റേഷനില്‍ ഹാജരാകണമെന്നുമടക്കമായിരുന്നു നിബന്ധനകള്‍. വിദ്യാര്‍ത്ഥികളുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണുമടക്കം പരിശോധിച്ച പൊലീസ്, തീവ്രസ്വഭാവുമുള്ള സംഘടനയാണ് ഇവരുടേതെന്ന് ആരോപിച്ചിരുന്നു. പുറത്തുനിന്നുള്ള സംഘങ്ങളുടെ സഹായം ലഭിക്കുന്നുണ്ടോ എന്നതടക്കമായിരുന്നു പൊലീസിന്റെ അന്വേഷണം. ആശയത്തിന്റെ കേന്ദ്രം റിന്‍ഷാദാണെന്നും, ഫാരിസ് പോസ്റ്ററൊട്ടിക്കാന്‍ സഹായിക്കുകയായിരുന്നെന്നുമായിരുന്നു പൊലീസിന്റെ നിരീക്ഷണം. കേസില്‍ ജാമ്യത്തിലിറങ്ങി നിയമപരമായി മുന്നോട്ടു പോകുന്നതിനിടെയാണ് മൂവര്‍സംഘത്തിന്റെ ആക്രമണമുണ്ടായിരിക്കുന്നത്. വിവിധ സംഘടനളും പ്രദേശവാസികളും നേതൃത്വം നല്‍കിയ പ്രതിഷേധറാലിയും കഴിഞ്ഞ ദിവസം ആക്രമണത്തെ അപലപിച്ചുകൊണ്ട് നടന്നിരുന്നു.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍