ദിവസങ്ങള്‍ക്കു മുന്നേ പൊറ്റമ്മല്‍ ജങ്ഷനിലെ ഹോട്ടലിലെത്തിയ പ്രാദേശിക ബി.ജെ.പി നേതാക്കളാണ് തല്‍ക്കാലത്തേക്ക് കറാച്ചി എന്ന ഭാഗം മറച്ചേക്കൂ എന്ന് ഹോട്ടലുടമയോട് ആവശ്യപ്പെടുന്നത്
ദുബായിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുകയോ സന്ദര്‍ശിക്കുകയോ ചെയ്തിട്ടുള്ളവര്‍ക്ക് അടുത്തറിയാവുന്ന പേരാണ് കറാച്ചി ദര്‍ബാര്‍. ദുബായില്‍ ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലെന്ന ഖ്യാതിയും ആരോഗ്യത്തിന് ഹാനികരമായ ചേരുവകള്‍ പാടേ ഒഴിവാക്കുന്ന നയവുമെല്ലാം ചേര്‍ന്ന്, വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ഹോട്ടല്‍ ശൃംഖലയ്ക്ക് വലിയ പേരും വിശ്വാസ്യതയുമാണ് നേടിക്കൊടുത്തിട്ടുള്ളത്.
ആളുകള്‍ വളരെയധികം ഇഷ്ടപ്പെടുന്ന കറാച്ചി ദര്‍ബാറിലെ അതേ രുചിയും ഗുണവുമുള്ള ഭക്ഷണം നാട്ടിലുള്ളവര്‍ക്കുമെത്തിക്കുക എന്ന ആഗ്രഹത്തോടെയാണ് കറാച്ചി ദര്‍ബാറിന്റെ ആരാധകര്‍ കൂടിയായ മൂന്നു സഹോദരങ്ങള്‍ ചേര്‍ന്ന് കോഴിക്കോട്ട് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു ഹോട്ടല്‍ തുടങ്ങുന്നത്. കോഴിക്കോട്ട് പൊറ്റമ്മല്‍ ജംങ്ഷനില്‍ ആരംഭിച്ച ഹോട്ടല്‍, ചുരുങ്ങിയ കാലം കൊണ്ടാണ് പ്രശസ്തിയാര്‍ജ്ജിച്ചത്. രണ്ടു മാസങ്ങള്‍ക്കു മുമ്പേ ബീച്ചിനടുത്ത് മറ്റൊരു ബ്രാഞ്ചിലേക്കും ഹോട്ടല്‍ വളര്‍ന്നു. കറാച്ചി ദര്‍ബാറിനു മുന്നില്‍ കോഴിക്കോടിനെയും ചേര്‍ത്തുവച്ച്, കാലിക്കറ്റ് കറാച്ചി ദര്‍ബാര്‍ എന്ന പേരിലുള്ള ഹോട്ടലിന്റെ ബോര്‍ഡുകളില്‍ പക്ഷേ, ബുധനാഴ്ച രാത്രി മുതല്‍ ‘കറാച്ചി’യില്ല. സ്ഥിരം കസ്റ്റമര്‍മാരില്‍ പലരും പേരുമാറ്റം ശ്രദ്ധിച്ചിട്ടുപോലുമില്ലെങ്കിലും, വലിയ അക്ഷരത്തിലെഴുതിയ ഹോട്ടലിന്റെ പേരിലെ കറാച്ചിക്കു മുകളില്‍ ചെറിയൊരു കഷണം ഫ്‌ളക്‌സ് വച്ച് മറച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വളരെ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചൊരു ചിത്രമാണ് പേരിലെ കറാച്ചി മറച്ചുകളഞ്ഞ കറാച്ചി ദര്‍ബാറിന്റേത്. ഹൈദരാബാദിലെയും ബാംഗ്ലൂരിലെയുമെല്ലാം പ്രസിദ്ധ ഭക്ഷണശാലാ ശൃംഖലയായ കറാച്ചി ബേക്കറിക്കെതിരെയുണ്ടായ ആക്രമണങ്ങളും, കോഴിക്കോട്ടെ കറാച്ചി ദര്‍ബാറിന്റെ പേരിനു വന്ന മാറ്റവും തമ്മില്‍ ഫലത്തില്‍ വ്യത്യാസമൊന്നുമില്ലെന്നതാണ് വാസ്തവം. പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കു നേരെയുണ്ടായ അക്രമത്തിനു ശേഷം കറാച്ചി ബേക്കറിയുടെ പേരു മാറ്റണമെന്ന ആവശ്യവുമായി സംഘപരിവാര്‍ നടത്തിയ അതിക്രമങ്ങളോളം വരില്ലെങ്കിലും, അതേ ആശയവും ഭീതി പരത്തലുമാണ് കറാച്ചി ദര്‍ബാറിനെതിരെയും ശബ്ദമുയര്‍ത്തിയിരിക്കുന്നത്. പേരിലെ കറാച്ചിക്കെതിരെ പ്രാദേശികമായി പ്രതിഷേധങ്ങള്‍ ഉയരുമെന്നായപ്പോഴാണ് ആര്‍ക്കും പ്രശ്‌നമില്ലാത്ത തരത്തില്‍ കറാച്ചിയെ എടുത്തുമാറ്റാന്‍ തീരുമാനിച്ചതെന്ന് ഹോട്ടലിന്റെ ഉടമസ്ഥനായ ജംഷി പറയുന്നു.
ദിവസങ്ങള്‍ക്കു മുന്നേ പൊറ്റമ്മല്‍ ജങ്ഷനിലെ ഹോട്ടലിലെത്തിയ പ്രാദേശിക ബി.ജെ.പി നേതാക്കളാണ് തല്‍ക്കാലത്തേക്ക് കറാച്ചി എന്ന ഭാഗം മറച്ചേക്കൂ എന്ന് ഹോട്ടലുടമയോട് ആവശ്യപ്പെടുന്നത്. ആദ്യം കാര്യമായെടുത്തില്ലെങ്കിലും, കഴിഞ്ഞ ദിവസം വീണ്ടുമെത്തി ഇതേ ആവശ്യമുന്നയിച്ചതോടെ പേരു മറയ്ക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു ജംഷി. സംഭവങ്ങള്‍ ജംഷി വിവരിക്കുന്നതിങ്ങനെ: ‘കറാച്ചി എന്നതുകൊണ്ട് കറാച്ചി ഭക്ഷണമാണ് ഉദ്ദേശിക്കുന്നത്. ദുബായിലെ കറാച്ചി ഹോട്ടലില്‍ ലഭിക്കുന്നതു പോലുള്ള, ഗരംമസാലയും ഇറാനി മസാലയും മാത്രം ഉപയോഗിക്കുന്ന ഹോട്ടല്‍. അജിനോമോട്ടോ പോലുള്ള ഹാനികരമായ ചേരുവകളൊന്നുമില്ലാത്ത പാചകരീതി. ഭക്ഷണപ്രിയരായ ഞങ്ങള്‍ ആ താല്‍പര്യം കൊണ്ടുതന്നെയാണ് ഹോട്ടല്‍ തുടങ്ങിയത്. കറാച്ചി ദര്‍ബാര്‍ എന്ന പേര് പ്രശ്‌നമാകുമെന്ന് അപ്പോള്‍ ചിന്തിച്ചിരുന്നില്ല.
പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ബാംഗ്ലൂരിലെയും ഹൈദരാബാദിലെയും കറാച്ചി ബേക്കറികളില്‍ പ്രശ്‌നമുണ്ടായപ്പോള്‍ ഇവിടെയും എന്തെങ്കിലും ഉണ്ടായേക്കും എന്ന് സ്വാഭാവികമായും പ്രതീക്ഷിച്ചിതാണ്. അതു പോലെത്തന്നെ സംഭവിക്കുകയും ചെയ്തു. പൊറ്റമ്മലിലെ ഹോട്ടലില്‍ പ്രാദേശിക നേതാക്കള്‍ കുറച്ചു പേര്‍ എത്തിയാണ് കഴിഞ്ഞ ദിവസം പേരു മറയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇങ്ങനെ പ്രശ്‌നങ്ങളുള്ള സ്ഥിതിക്ക് പേരു തല്‍ക്കാലം മറച്ചേക്കൂ എന്നാണ് വളരെ സൗഹൃദപരമായി അവര്‍ പറഞ്ഞത്. എല്ലാവരും നമ്മുടെ കസ്റ്റമര്‍മാര്‍ തന്നെയാണ്. ഇവിടുത്തെ ഭക്ഷണമൊക്കെ വലിയ ഇഷ്ടമുള്ളവരാണ്. അന്ന് അവര്‍ പറഞ്ഞെങ്കിലും അത് കാര്യമാക്കി എടുത്തില്ല. നമ്മുടെ നാട്ടില്‍, കോഴിക്കോട്ട് ഇങ്ങനെ ഉണ്ടാകും എന്ന് കരുതുന്നില്ലല്ലോ. രണ്ടു മൂന്നു ദിവസം കഴിഞ്ഞ് വീണ്ടുമെത്തി എന്തുകൊണ്ട് പേരു മറച്ചില്ല എന്നു ചോദിച്ചപ്പോഴാണ് മാറ്റിയേക്കാം എന്നു തീരുമാനിച്ചത്. നമ്മള്‍ രാജ്യസ്‌നേഹിയല്ല എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതു വേണ്ടല്ലോ. ഭക്ഷണത്തിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കണോ എന്ന് ഞാന്‍ അവരോടു ചോദിച്ചിരുന്നു. കറാച്ചി ചുരിദാര്‍, കറാച്ചി വത്തക്ക, കറാച്ചി സ്വീറ്റ്‌സ് ഒക്കെ നമ്മള്‍ ഉപയോഗിക്കുന്നില്ലേ? തല്‍ക്കാലം പേരു മറയ്ക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇന്നലെ രാത്രി കറാച്ചി എന്ന ഭാഗത്തെ സ്റ്റിക്കര്‍ പറിച്ചുമാറ്റിയത്. കാലിക്കറ്റ് ദര്‍ബാര്‍ എന്നുമാത്രമാക്കി.’
ബീച്ചിലെ ഹോട്ടലിനു മുന്നില്‍ എഴുതിവച്ച കാലിക്കറ്റ് കറാച്ചി ദര്‍ബാര്‍ എന്ന പേരില്‍, കറാച്ചിയെന്ന ഭാഗത്തെ ‘കെ’ മാത്രം മറച്ചിട്ടുണ്ട്. മാത്രമല്ല, ബീച്ചിലെയും പൊറ്റമ്മലിലെയും ഹോട്ടലുകളുടെ നെയിംബോര്‍ഡില്‍ നിന്നും കറാച്ചിയെന്ന ഭാഗത്തെ സ്റ്റിക്കര്‍ മാത്രം ചുരണ്ടിമാറ്റിയിട്ടുമുണ്ട്. ഹോട്ടലിന്റെ പേരില്‍ കറാച്ചി എന്നുവന്നാല്‍ എന്തുതരത്തിലുള്ള പ്രശ്‌നമാണ് ഉണ്ടാകാന്‍ പോകുന്നതെന്നുമാത്രം ഇവര്‍ക്കറിയില്ല. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കേണ്ടെന്നു കരുതിയാണ് പേരു മാറ്റിയതെന്ന് ഹോട്ടലുടമ വിശദീകരിക്കുന്നുമുണ്ട്. വളരെയധികം പണം മുടക്കി ബ്രാന്‍ഡിംഗും മറ്റും ചെയ്യുന്ന ബിസിനസ് ലോകത്ത് ഇത്തരമൊരു പേരുമാറ്റം എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്നും ജംഷിക്ക് ബോധ്യമുണ്ട്. കറാച്ചി ദര്‍ബാറിന്റെ ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും ഉപയോക്താക്കള്‍ വഴിയാണെന്ന് ജംഷി പറയുന്നുണ്ടെങ്കിലും, രജിസറ്റര്‍ ചെയ്യുകയും ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളില്‍ ഉപയോഗിക്കുകയും ചെയ്യുന്ന പേര് പെട്ടന്നൊരു ദിവസം മാറ്റുക എന്നത് അത്യന്തം ദുഷ്‌കരമായ നീക്കം തന്നെയാണ്. തല്‍ക്കാലത്തേക്ക് കറാച്ചിയെ മാറ്റിനിര്‍ത്താനാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നതെങ്കിലും, എന്നെന്നേക്കുമായി പേരുമാറ്റാനുള്ള ഒരുക്കത്തിലാണിവര്‍. ഇനിയുള്ള കാലത്ത് പ്രശ്‌നങ്ങളൊന്നും തലപൊക്കാതിരിക്കാനായി കറാച്ചിയെ എടുത്തുകളഞ്ഞ് കാലിക്കറ്റ് ദര്‍ബാറായി മാറാനാണ് ജംഷിയുടെ തീരുമാനം.
ദുബായിലും മറ്റും ജോലി ചെയ്തിട്ടുള്ളവര്‍ കറാച്ചിയെന്ന പേരുമാത്രം കണ്ട്, നല്ല ഭക്ഷണം പ്രതീക്ഷിച്ച് കയറിയ അനുഭവങ്ങള്‍ ധാരാളമുണ്ട് ജംഷിക്ക്. സ്ഥലങ്ങളുടെ പേരിലറിയപ്പെടുന്ന ഭക്ഷണസാധനങ്ങളെയും മറ്റും ഇതുപോലെ മാറ്റിനിര്‍ത്താന്‍ തുടങ്ങിയാലുള്ള ഗതിയെന്താകുമെന്നും ജംഷി ചോദിക്കുന്നു. ‘കോഴിക്കോടന്‍ ഹല്‍വ, തലശ്ശേരി ബിരിയാണി എല്ലാം ഫേമസായ ഭക്ഷണങ്ങളല്ലേ. ജില്ലകള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ തിരുവനന്തപുരത്തെ തലശ്ശേരി ബിരിയാണിക്കടയില്‍ പോയി പേരുമാറ്റണം എന്നു പറഞ്ഞാല്‍ എന്താവും? ചൈനയുമായി യുദ്ധമുണ്ടായാല്‍ ചൈനീസ് റെസ്റ്റോറന്റില്‍ കയറി ചൈന എന്ന പേരു മാറ്റണമെന്നു പറഞ്ഞാലോ? ചൈനീസ് ഫോണുകളൊക്കെ ഉപേക്ഷിക്കുമോ? മലയാളികള്‍ കുറച്ചുകൂടി ക്രിയാത്മകമായി ചിന്തിക്കണം. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടല്ലല്ലോ ചെയ്യേണ്ടത്. ഭയങ്കര ദുഃഖകരം തന്നെയാണ് ഈ സംഭവങ്ങള്‍. പലപ്പോഴും ഞാന്‍ കേള്‍ക്കാറുണ്ട്, ആളുകള്‍ ഫോണിലും മറ്റും സംസാരിക്കുമ്പോള്‍ ഹോട്ടലിനെപ്പറ്റി ‘ഞാന്‍ കറാച്ചിയിലാണ്’ എന്നു പറയുന്നത്. അതിനര്‍ത്ഥം പാക്കിസ്ഥാനിലാണ് എന്നല്ലല്ലോ. അത്രയും ആളുകള്‍ക്കിടയില്‍ പതിഞ്ഞുപോയ പേര് മാറ്റേണ്ടിവരികയാണ്. മലയാളികള്‍ കുറച്ചുകൂടി മാറി ഉഷാറായി ചിന്തിക്കണം. അഭ്യര്‍ത്ഥനയാണ്.’
ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളാണ് പേരു മറയ്ക്കാന്‍ ആവശ്യപ്പെട്ടതെങ്കിലും, പ്രവര്‍ത്തകരില്‍ ചിലരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് അതു ചെയ്തതെന്നാണ് ജംഷിയുടെ പക്ഷം. ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്ന നേതാക്കള്‍ പ്രശ്‌നമൊഴിവാക്കാന്‍ തന്നോട് സൗഹൃദപരമായി ആവശ്യപ്പെടുകയായിരുന്നുവെന്നും ജംഷി പറയുന്നുണ്ട്. എന്നാല്‍, ഒരു സംഘപരിവാറിന്റെ എതിര്‍പ്പിനെ മറികടക്കാനും വിദ്വേഷപ്രചരണം ഒഴിവാക്കാനുമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുപോരുന്ന ഒരു സ്ഥാപനത്തിന്റെ പേരുതന്നെ മാറ്റാന്‍ ഒരു കൂട്ടമാളുകള്‍ നിര്‍ബന്ധിതരാകുമ്പോള്‍, ഫാഷിസവും വംശവെറിയും ദൂരെയേതോ സംസ്ഥാനത്താണെന്ന് കരുതിയിരുന്നവര്‍ക്കാണ് തിരിച്ചറിവുണ്ടാകേണ്ടിയിരിക്കുന്നത്. കോഴിക്കോടു പോലൊരിടത്ത് സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് പേരു മറയ്‌ക്കേണ്ടിവന്ന ഹോട്ടലിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാനുണ്ടായ കാരണവുമതു തന്നെ. ശബരിമല വിഷയത്തില്‍ ഹൈന്ദവം അയ്യപ്പ ഭക്ത സമ്മേളനം കോഴിക്കോട് കടപ്പുറത്തു നടക്കുന്ന അവസരത്തില്‍ കൂടെയാണ് പേരിലെ കറാച്ചി മറച്ചിരിക്കുന്നത്.
നേരത്തേ, പൊറ്റമ്മലിലെ കറാച്ചി ദര്‍ബാറിനോടു ചേര്‍ന്ന് മുഗള്‍ ഭക്ഷണവിഭവങ്ങള്‍ ലഭിക്കുന്ന മറ്റൊരു ഹോട്ടല്‍ തുടങ്ങാനും ജംഷിക്ക് പദ്ധതിയുണ്ടായിരുന്നു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും സമാനമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നതോടെയാണ് കറാച്ചി ദര്‍ബാറിന്റെ പേരു മാറ്റുന്നതിനെക്കുറിച്ച് ആദ്യമായി ചിന്തിക്കേണ്ടിവരുന്നത്. മുഗള്‍ തീമിലുള്ള ഹോട്ടലായിരുന്നു ഒരുക്കാന്‍ പദ്ധതിയിട്ടിരുന്നത്. മുഗള്‍ വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലുകള്‍ കേരളത്തില്‍ വിരളമായതിനാല്‍, ഏറെ പ്രതീക്ഷയോടെയാണ് അത്തരമൊരു സംരംഭത്തിനുവേണ്ടി ഇവര്‍ മുന്നിട്ടിറങ്ങിയതും. ഷെഫുമാരെയടക്കം കണ്ടുവച്ചതിനു ശേഷമാണ് ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും മുഗള്‍ ഡിസൈനോടെ ഹോട്ടല്‍ ഒരുക്കാനാരംഭിച്ചത്. ദല്‍ഹി ജുമാ മസ്ജിദിന്റെ മാതൃകയില്‍ തയ്യാറായിക്കൊണ്ടിരുന്ന ഹോട്ടലിനെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പള്ളി പണിയുകയാണെന്ന് തെറ്റിദ്ധരിച്ച്, അനധികൃത പള്ളി നിര്‍മാണമെന്ന ആരോപണവുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വരെ പരിസരപ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ‘ഇങ്ങിനെയൊരു പ്രശ്‌നം വന്നപ്പോഴാണ്, പണി നടക്കുന്നതിനു മുന്നില്‍ കാലിക്കറ്റ് ദര്‍ബാര്‍ ഓപ്പണിംഗ് സൂണ്‍’ എന്ന് ഫ്‌ളക്‌സ് വയ്‌ക്കേണ്ടിവന്നത്. കറാച്ചി എന്നു വച്ചതുകൊണ്ട് ഒരു പ്രശ്‌നം വേണ്ടെന്നു വച്ചു. ബാംഗ്ലൂരില്‍ പാര്‍ട്ണര്‍മാരുമായി ചേര്‍ന്ന് നടത്തുന്ന ഹോട്ടലുകളുണ്ട്. അതിനൊന്നും കറാച്ചി വേണ്ടെന്നു വച്ച് കാലിക്കറ്റ് ദര്‍ബാര്‍ എന്നാക്കി. നേരിട്ടോ സമൂഹമാധ്യമങ്ങളിലോ ഒരുതരത്തിലുള്ള വിമര്‍ശനമോ മറ്റോ ഉണ്ടാക്കാത്തയാളാണ് ഞാന്‍. ആര്‍ക്കും ഒരു പ്രശ്‌നവും വരണമെന്ന് ആഗ്രഹമില്ല. ഒന്നിലും ഇടപെടാറുമില്ല. ഇക്കാര്യത്തില്‍ പക്ഷേ, ശരിക്കും ദണ്ണമുണ്ട്.’ ജംഷി പറയുന്നു.
രുചികള്‍ക്കു പേരുകേട്ട കോഴിക്കോട്ടാണ് ഒരു ഹോട്ടലുടമയ്ക്ക് തന്റെ സ്ഥാപനത്തിന്റെ പേരോ രൂപമോ നിശ്ചയിക്കാനാകാത്ത അവസ്ഥയുണ്ടായിരിക്കുന്നത്. വ്യക്തികളുടെ ഭക്ഷ്യസ്വാതന്ത്ര്യത്തെക്കുറിച്ച് ഒരുവശത്തും, സംഘപരിവാര്‍ അനുകൂല സംഘടനകളുടെ കപടരാജ്യസ്‌നേഹത്തെക്കുറിച്ച് മറുഭാഗത്തും ചര്‍ച്ചകള്‍ തുടരുന്ന ഈ സാഹചര്യത്തില്‍ കറാച്ചി ദര്‍ബാറിന്റെ നിര്‍ബന്ധിത പേരുമാറ്റം ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിലെ കൈകടത്തലും, അതിലുപരി രാജ്യസ്‌നേഹം വിചിത്രമായ മാര്‍ഗ്ഗങ്ങളിലൂടെ ‘തെളിയിപ്പിക്കലും’ ഇങ്ങ് ഇന്ത്യയുടെ തെക്കേയറ്റം വരെ എത്തിക്കഴിഞ്ഞതിന്റെ ഉദാഹരണം തന്നെയാണ് കോഴിക്കോട്ടുണ്ടായിരിക്കുന്നത്. ഹൈദരാബാദിലും ബാംഗ്ലൂരിലും മറച്ചുവച്ച കറാച്ചിയെ നിയമപോരാട്ടത്തിലൂടെ ഉടമകള്‍ തിരികെയെത്തിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും, പേരിലെ കറാച്ചിയെ പൂര്‍ണമായും ഉപേക്ഷിക്കാന്‍ തന്നെയാണ് ജംഷിയുടെ തീരുമാനം. കാലിക്കറ്റ് ദര്‍ബാര്‍ എന്ന പേരിലായാലും ഭക്ഷണത്തിന്റെ ഗുണമേന്മ മാറുന്നില്ലല്ലോ എന്ന് ജംഷി ആശ്വസിക്കുന്നുണ്ടെങ്കിലും, അതിനു പിന്നിലുള്ള സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന്റെ ഉള്ളുകള്ളികള്‍ ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം.
Read More: ഇനി നിര്‍ണ്ണായക മണിക്കൂറുകള്‍; ശത്രു പാളയത്തിൽ പതറാതെ അഭിനന്ദൻ എന്ന പോരാളി