UPDATES

ട്രെന്‍ഡിങ്ങ്

പട്ടികജാതി പ്രീമെട്രിക് സ്കോളർഷിപ്പിന് രണ്ടര ലക്ഷം രൂപ വരുമാനപരിധി; സംവരണത്തില്‍ വെള്ളം ചേര്‍ക്കുന്ന നടപടിയെന്ന് ദളിത് അവകാശ പ്രവര്‍ത്തകര്‍

9, 10 ക്ലാസുകളിലെ പട്ടികജാതി വിദ്യാർഥികൾക്കുള്ള പ്രീ മെട്രിക് സ്‌കോളർഷിപ്പിന് കേരളത്തിൽ‍ ആദ്യമായി വരുമാന പരിധി ഏർപ്പെടുത്തിയെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് പട്ടികജാതി വകുപ്പ് മന്ത്രി എ കെ ബാലൻ

പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പിന് വരുമാനപരിധി നിശ്ചയിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് വിവാദത്തില്‍. രണ്ടര ലക്ഷം രൂപയിലധികം വരുമാനമുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അർഹത ഇല്ല എന്ന ഉത്തരവാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ദളിതരുടെ സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതിനായി ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ആനുകൂല്യങ്ങൾക്ക് വരുമാന പരിധി ബാധകമല്ല എന്നിരിക്കെയാണ് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവിന്‍ മേൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രസിദ്ധീകരിച്ചിരിക്കുന്ന സർക്കുലർ ഒൻപത്, പത്ത് ക്ളാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പിന് വരുമാന പരിധി നിശ്ചയിച്ചിരിക്കുന്നത്.

ദളിതരുടെ വിദ്യാഭ്യാസ സാമൂഹ്യ പിന്നോക്കാവസ്ഥ പരിഗണിച്ച് നൽകപ്പെടുന്ന സ്കോളർഷിപ്പുകളുടെ മാനദണ്ഡത്തെ സംബന്ധിച്ച് സുപ്രീംകോടതിയിൽ അടക്കം കേസ് നിലനിൽക്കെയാണ് ആണ് ധൃതിപിടിച്ച് ഒരു തീരുമാനവുമായി സംസ്ഥാന സർക്കാർ മുന്നോട്ടു വന്നിരിക്കുന്നത്. കഴിഞ്ഞവർഷം ഉൾപ്പെടെ സ്കോളർഷിപ്പിന് ഇന്ന് പട്ടിക ജാതി വിഭാഗക്കാർക്ക് സാമ്പത്തിക പരിധി ഇല്ലായിരുന്നു. സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം തങ്ങളുടെ നയത്തിന് വിരുദ്ധമാണെങ്കിൽ മാറ്റാമെന്നിരിക്കെയാണ് ഈ തീരുമാനം. ഭരണഘടനയുടെ 15, 16 വകുപ്പുകൾ പ്രകാരം ദളിത് ആദിവാസി വിഭാഗങ്ങളെ നിർവചിക്കുന്നത് സാമ്പത്തിക അടിസ്ഥാനത്തിൽ അല്ല.

ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് പ്രതിമാസം 525 രൂപയും അല്ലാത്തവർക്ക് 225 രൂപയും ആണ് സ്കോളർഷിപ്പായി നൽകിവരുന്നത്. ഇതിനുപുറമേ ബുക്ക് ഗ്രാന്റ് ആയി ആയിരം രൂപയും ലഭിക്കുന്നു. ഇതാണ് ഈ തീരുമാനത്തോടെ ഒരു വിഭാഗത്തിന് അപ്രാപ്യമായി തീരാൻ പോകുന്നത്. സംവരണത്തെ സാമ്പത്തിക സംവരണം ഒരു തരത്തിലും ബാധിക്കില്ല എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് കൂടിയാണ് ഇവിടെ ജലരേഖയായി മാറുന്നത് എന്ന് ദളിത് ആക്ടിവിസ്റ്റുകൾ വിമർശിക്കുന്നു.

അതേസമയം 9, 10 ക്ലാസുകളിലെ പട്ടികജാതി വിദ്യാർഥികൾക്കുള്ള പ്രീ മെട്രിക് സ്‌കോളർഷിപ്പിന് കേരളത്തിൽ‍ ആദ്യമായി വരുമാന പരിധി ഏർപ്പെടുത്തിയെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് പട്ടികജാതി വകുപ്പ് മന്ത്രി എ കെ ബാലൻ പ്രതികരിച്ചു. 9, 10 ക്ലാസുകളിലെ പട്ടികജാതി വിദ്യാർഥികൾക്കുള്ള കേന്ദ്ര സർക്കാർ‍ സ്‌കോളർഷിപ്പിന്റെ മാനദണ്ഡപ്രകാരം 2.50 ലക്ഷം രൂപയാണ് അർഹതക്കുള്ള വരുമാന പരിധി. 2012ലും 2017 ലും കേന്ദ്ര സർക്കാർ‍ ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗരേഖകളിൽ വരുമാന പരിധിയുടെ കാര്യം ആവർത്തിച്ച് പറയുന്നുമുണ്ട്. 9, 10 ക്ലാസുകൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ്. സമാനമായി സംസ്ഥാന സർക്കാർ‍ പദ്ധതി നിലവിലില്ല. ഒന്നു മുതൽ‍ എട്ട് വരെ ക്ലാസുകളിൽ‍ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് ഒരു വരുമാന പരിധിയുമില്ലാതെ സംസ്ഥാന സർക്കാര്‍ പ്രതിവർഷം 2000 രൂപ പ്രാഥമിക വിദ്യാഭ്യാസ സഹായം നൽകുന്നുണ്ട്. പോസ്റ്റ്മെട്രിക് വിദ്യാർഥികൾക്കും വരുമാന പരിധി ബാധകമാക്കാതെയാണ് വിദ്യാഭ്യാസ ആനുകൂല്യം നൽകുന്നത്. പാരലൽ‍ കോളേജ് വിദ്യാർഥികൾക്കും വരുമാന പരിധി ബാധകമാക്കാതെ ആനുകൂല്യം നൽകുന്നുണ്ട്. ഒന്നു മുതൽ‍ 10 വരെ ക്ലാസുകളിൽ‍ നൽകുന്ന ലംപ്‌സം ഗ്രാന്റ്, അതീവ ദുർബ്ബലവിഭാഗങ്ങൾക്കുള്ള സ്‌റ്റൈപ്പന്റ് എന്നിവക്കും വരുമാന പരിധി ബാധകമല്ല. കേന്ദ്ര സർക്കാർ‍ നൽകുന്ന സ്‌കോളർഷിപ്പിന് രാജ്യവ്യാപകമായി ബാധകമാക്കിയ മാനദണ്ഡത്തിന് സംസ്ഥാന സർക്കാരാണ് ഉത്തരവാദിയെന്ന് ധ്വനിപ്പിക്കുന്ന വാർത്ത രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ളതാണ്. എ കെ ബാലന്‍ പറഞ്ഞു.

പട്ടികജാതിക്കാർക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട ആനുകൂല്യം കിട്ടുന്നതിന് വിവേചനപരമായ മാനദണ്ഡം വെക്കുന്നത് തെറ്റായ നടപടിയാണ്. 9, 10 ക്ലാസുകളിൽ‍ രണ്ടര ലക്ഷം രൂപക്കു മുകളിൽ‍ വരുമാനമുള്ള പട്ടികജാതി വിഭാഗത്തിലെ രക്ഷിതാക്കളുടെ മക്കൾക്ക് എന്ത് ആനുകൂല്യം നല്കാൻ‍ കഴിയും എന്ന കാര്യം സർക്കാർ‍ ഗൗരവപൂർവം പരിശോധിക്കുന്നതാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കേന്ദ്ര സർക്കാരിന്റെ നിലപാട് ആവർത്തിക്കുക മാത്രമാണ് എന്ന് പറയുന്ന സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമാണ് എന്നുള്ളതിന് തെളിവാണ് അന്യാധീനപ്പെട്ട ആദിവാസികളുടെ ഭൂമി വിഷയത്തിൽ ഉൾപ്പെടെ സർക്കാർ കാണിക്കുന്ന അലംഭാവം എന്ന് സാമൂഹ്യപ്രവർത്തകയായ രേഖാ രാജ് അഴിമുഖത്തോട് പറഞ്ഞു. “ഇത് പ്രത്യക്ഷ അനീതിയാണ്. ഉയർന്ന ജാതിക്കാർക്ക് സ്കോളർഷിപ്പിനുള്ള വരുമാനപരിധി 8 ലക്ഷമായി നിലനിൽക്കെയാണ് സർക്കാർ ഇപ്രകാരം ഒരു തീരുമാനം സ്വീകരിച്ചിരിക്കുന്നത്. തുല്യനീതിയോ ഇല്ല തുല്യത എങ്കിലും വേണ്ടേ അവർ ചോദിച്ചു. സംവരണീയരുടെ അവകാശങ്ങൾ കുറേശ്ശെ കുറേശ്ശെ എടുത്തുകളഞ്ഞു കൊണ്ട് സ്റ്റേറ്റ് ഉത്തരവാദിത്വമായ സാമൂഹ്യനീതിയിൽ നിന്ന് മെല്ലെ വഴുതിമാറാൻ ആണ് ഈ ശ്രമം. ഇതുവഴി സംവരണം എന്ന ആശയത്തെ തന്നെയാണ് വെള്ളം ചേർക്കുന്നത്. ജാതിയെക്കുറിച്ച് മിണ്ടാതിരിക്കുന്നതാണ് ആധുനികതയുടെ ലക്ഷണമെന്ന് ധരിച്ചുവശായിരിക്കുന്ന രാഷ്ട്രീയക്കാരും അവരുടെ സിൽബന്ധികൾ ആയ ബുദ്ധിജീവികളും കൂടി കളിക്കുന്ന നാടകം അങ്ങേയറ്റം ദളിത് വിരുദ്ധമാണ്. ജാതിയെക്കുറിച്ച് നിരന്തരം സംസാരിക്കുകയും ചോദ്യംചെയ്യുകയും ആണ് ഒരു ആധുനികസമൂഹം യഥാർത്ഥത്തിൽ ചെയ്യേണ്ടത്. വ്യക്തി സാമൂഹ്യബന്ധങ്ങളിൽ എല്ലാം ഇടകലരുന്ന ജാതിയെപ്പറ്റി സംസാരിക്കാൻ വൈമുഖ്യം കാണിച്ചു കൂടാ. എന്നാൽ ഇന്ന് സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ അസമത്വത്തെ പറ്റി സംസാരിക്കുന്നവർക്ക് നേരെ ഭീഷണി ഉയർത്തുന്ന പ്രവണതയുടെ ബാക്കിയായി വേണം സർക്കാരിന് ഈ തീരുമാനത്തെ വിലയിരുത്താൻ. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീതി നിഷേധിക്കുന്ന നയങ്ങളോട് സംസ്ഥാന സർക്കാരും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.

രണ്ടര ലക്ഷത്തിനു മുകളിൽ വാർഷിക വരുമാനമുള്ളവർക്ക് സ്കോളർഷിപ്പ് നൽകില്ല എന്ന് പറയുന്നത് ഇടതുപക്ഷം എന്തുകൊണ്ട് എയ്ഡഡ് കോളേജ് മേഖലയിലും മറ്റും യുജിസി നിഷ്കർഷിക്കുന്ന ആനുകൂല്യങ്ങൾ നിയമനക്കാര്യത്തിൽ ഉറപ്പു വരുത്തുന്നില്ല? ഇന്ത്യയിൽ നടക്കുന്ന ജാതീയമായ അരുംകൊലകൾക്കൊപ്പം ആണോ ഇടതുപക്ഷ സർക്കാർ എന്നാണ് കേരളത്തിലെ ദളിത് സമൂഹത്തിന് അറിയാനുള്ളത്. ഈ വരുമാനപരിധി നിർണയിക്കുമ്പോൾ കാലങ്ങൾക്കിപ്പുറം പൈസയുടെ വിനിമയ മൂല്യത്തിൽ വന്ന മാറ്റം പോലും പരിഗണിച്ചിട്ടില്ല എന്നത് എത്ര പരിതാപകരമാണ്. മൂന്നുനേരം ഭക്ഷണം കഴിച്ചാൽ നിങ്ങളുടെ ഭരണഘടന അവകാശം ഞങ്ങളുടെ കയ്യിൽ ഇരിക്കും എന്ന ധാർഷ്ട്യത്തെ അംഗീകരിച്ചുകൊടുക്കാൻ ആവില്ല. സാമൂഹ്യനീതിയുടെ കാര്യത്തിൽ വർഗ്ഗ യുക്തിയല്ല സ്വീകരിക്കേണ്ടതെന്ന് ഇനിയെങ്കിലും ഈ മാർക്സിസ്റ്റ് ഭരണകൂടം മനസ്സിലാക്കേണ്ടതുണ്ട്. ദരിദ്രരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടികൾ ആണ് നടപ്പിലാക്കേണ്ടത്. അല്ലാതെ പ്രതിനിധാനത്തിന്റെ പ്രശ്നവുമായി അതിനെ കൂട്ടി കുഴയ്ക്കുകയല്ല വേണ്ടത്. ബസ് യാത്രക്കാരായ സ്ത്രീകൾക്ക് സീറ്റ് കൊടുക്കുന്നത് പാവപ്പെട്ടവർക്ക് മാത്രമാണോ? മതിലു കെട്ടാൻ വേണ്ടി മാത്രം ദളിത് ജനവിഭാഗങ്ങളുടെയും പിന്തുണ ആവശ്യപ്പെട്ട സർക്കാർ അതിനുശേഷം അക്കൂട്ടരെ മറക്കുന്നത് ദൗർഭാഗ്യകരമെന്നേ പറയാനാകൂ. ബഹുജൻ സമാജ്‌വാദി പാർട്ടി ഉൾപ്പെടെ ഉള്ളവയെ വടയമ്പാടി പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ കേരള പോലീസ് മാവോയിസ്റ്റ് എന്ന് മുദ്രകുത്തിയതായ വാർത്ത പുറത്തുവന്നതിന്നാണ്. പിഡിപിയും വെൽഫയർ പാർട്ടിയും വർഗീയ പാർട്ടികളായ പരിഗണിക്കുന്ന അവരുടെ കണ്ണിൽ ആർഎസ്എസും വിഎച്ച്പിയും നല്ല സംഘടനകളായി മാറുന്ന യുക്തിയാണ് ഇതിനെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത്. ഇടതുപക്ഷം കാണിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരം ആണ് ഇത്.” ഈ വിഷയത്തിൽ ദളിതരുടെ മുൻകൈയിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും രേഖാ രാജ് പറഞ്ഞു.

ജയശ്രീ ശ്രീനിവാസന്‍

ജയശ്രീ ശ്രീനിവാസന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍