UPDATES

ട്രെന്‍ഡിങ്ങ്

പ്രവേശന സമയത്ത് കൊളളലാഭമുണ്ടാക്കിയ എയ്ഡഡ് സ്‌കൂള്‍ അധികൃതരെ കയ്യോടെ പിടികൂടി; വിജിലന്‍സ് കണ്ടെത്തിയത് വ്യാപക ക്രമക്കേട്

പ്രവേശന സമയത്ത് രക്ഷിതാക്കളില്‍ നിന്നും അനധികൃതമായി പിടിഎ ഫണ്ട്, ബില്‍ഡിങ് ഫണ്ട് തുടങ്ങിയ പേരുകളില്‍ വന്‍ തുകകള്‍ രസീതുകള്‍ നല്‍കിയും ചിലയിടങ്ങളില്‍ നല്‍കാതെയും പിരിച്ചെടുത്തു

പ്രവേശന സമയത്ത് കൊളളലാഭമുണ്ടാക്കുന്ന സ്‌കൂള്‍ അധികൃതരെ കയ്യോടെ പിടികൂടി വിജിലന്‍സ്. എയ്ഡഡ് സ്‌കൂളുകളിലും എജ്യുക്കേഷണല്‍ ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. പ്രവേശന സമയത്ത് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്നു എന്ന പരാതി കാലങ്ങളായുള്ളതാണ്. പരാതികള്‍ വ്യപകമായപ്പോള്‍ മിന്നല്‍ പരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു.

45 എയ്ഡഡ് സ്‌കൂളുകളിലും 15 എജ്യുക്കേഷണല്‍ ഓഫീസുകളിലുമാണ് മിന്നല്‍ പരിശോധന നടന്നത്. പ്രവേശന സമയത്ത് രക്ഷിതാക്കളില്‍ നിന്നും അനധികൃതമായി പിടിഎ ഫണ്ട്, ബില്‍ഡിങ് ഫണ്ട് തുടങ്ങിയ പേരുകളില്‍ വന്‍ തുകകള്‍ രസീതുകള്‍ നല്‍കിയും ചിലയിടങ്ങളില്‍ നല്‍കാതെയും പിരിച്ചെടുക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക അനധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങളുടെ അംഗീകാരം നല്‍കുന്നതിലും വ്യാപക ക്രമക്കേടുകള്‍ നടന്നു. കൈക്കൂലിക്കും സ്വാധീനത്തിനും വഴങ്ങി മുന്‍ഗണനാ ക്രമം തെറ്റിച്ച് അംഗീകാരം നല്‍കുന്നതായാണ് കണ്ടെത്തിയത്.

അഴിമതി നടത്തണമെന്ന ലക്ഷ്യത്തോടെ വിരമിച്ച ഒഴിവുകള്‍ നികത്തുന്നതിന് വേണ്ട ഫയലുകള്‍ കൃത്യമായ കാരണം കൂടാതെ മാസങ്ങളോളം അനാവശ്യ കാലതാമസം വരുത്തുന്നതായും വ്യക്തമായതിനാല്‍ ഇക്കാര്യം സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് വിജിലന്‍സ് ഐജി എച്ച് വെങ്കടേഷ് പറഞ്ഞു. ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാവും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നിയമന അംഗീകാരത്തിന് വലിയ തുകകള്‍ സംസ്ഥാനത്തെ ജില്ലാ എജ്യുക്കേഷന്‍ ഓഫീസ് ജീവനക്കാരും ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നതായി വിജിലന്‍സിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും

*തിരുവല്ല ഡിബിഎച്ച്എസ്എസില്‍ പിടിഎ ഫണ്ടായി അഞ്ഞൂറ് രൂപ രസീത് നല്‍കി വാങ്ങുന്നതിന് പുറമെ ആയിരം രൂപ വീതം അധികമായി വാങ്ങുന്നു.
* മല്ലപ്പള്ളി സിഎംഎസ്എച്ച്എസ്എസില്‍ പിടിഎ ഫണ്ട് മാനേജ്‌മെന്റ് അവരുടെ സ്വ്ന്തം ആവശ്യങ്ങള്‍ക്ക് വകമാറ്റി ഉപയോഗിച്ചു.
*സുല്‍ത്താല്‍ ബത്തേരി അസംപ്ഷന്‍ ഹൈ സ്‌കൂളില്‍ പ്രവേശന സമയം ഓരോ രക്ഷിതാവില്‍ നിന്നും ആറായിരം രൂപ വീതം സ്‌കൂള്‍ വികസന സമിതിയുടെ പേരില്‍ ഈടാക്കി.
* ചേര്‍ത്തല മുട്ടം ഹോളിഫാമിലി സ്‌കൂളില്‍ മാനേജ്‌മെന്റ് കോട്ടയില്‍ അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ഥികളില്‍ നിന്നും 5000 രൂപ മുതല്‍ 15000 രൂപ വരെ ശേഖരിച്ചു.
* ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ എച്ച് എസ്എസില്‍ കണക്കില്‍ പെടാത്ത 3,17,00 രൂപ കണ്ടെത്തി
*കരുവാറ്റ എല്‍എസ്എസ്എച്ച്എസ്എസില്‍ പിടിഎ ഫണ്ടായ 71,500 രൂപ ബാങ്കില്‍ അടക്കാതെ സൂക്ഷിച്ചിരിക്കുന്നു
* തിരുവനന്തപുരം പേരൂര്‍ക്കട കോണ്‍കോഡിയ ലൂഥറന്‍ എച്ചഎസ്എസില്‍ 22 സ്റ്റാഫുകളില്‍ ഹാജര്‍ ബുക്കില്‍ ഒപ്പിട്ടവര്‍ 12 പേര്‍ മാത്രം.
* കളിപ്പറമ്പ് സീതി സാഹിബ് എച്ച്എസ്എസില്‍ വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ തുക ഡൊണേഷന്‍ വാങ്ങുന്നതായി കണ്ടെത്തി.
*സെന്റ് തെരേസാസ് എച്ച്എസ്എസില്‍ കെട്ടിട ഫണ്ടിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നും പണം പിരിക്കുന്നു
* കാസര്‍കോഡ് കോടക്കാവ് കെഎംവി എച്ച്എസ്എസില്‍ 109 വിദ്യാര്‍ഥികളില്‍ നിന്നും രസീത് നല്‍കാതെ പിടിഎ ഫണ്ട് പിരിച്ചു
* കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസില്‍ സ്‌കൂളിന്റെ പേരിലുള്ള സൊസൈറ്റിക്ക് വേണ്ടിയും ബില്‍ഡിങ് ഫണ്ടായും വിദ്യാര്‍ഥികളില്‍ നിന്ന് പണ് പിരിച്ചു.
* കോഴിക്കോട് പ്രോവിഡന്‍സ് എച്ച് എസ്എസില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ പിടിഎ ഫണ്ട് രസീത് നല്‍കാതെ വാങ്ങുന്നു
* രാമകൃഷ്ണ മിഷന്‍ എച്ച്എസ്എസില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളില്‍ നിന്നും 1500 രൂപ സ്‌കൂള്‍ ഡവലപ്‌മെന്റിനായി വാങ്ങുന്നതിന് പുറമെ സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ വലിയ തുക പിടിഎ ഫണ്ടായി രസീത് നല്‍കാതെ ശേഖരിക്കുന്നു.
*കൊല്ലം നിരവില്‍ എസ്എന്‍ഡിപി എച്ച്എസ്എസില്‍ 2016-2017 വര്‍ഷത്തെ പിടിഎ ഫണ്ടില്‍ നിന്നും സ്‌കൂളിലെ വൈദ്യുതി, ടെലിഫോണ്‍ ബില്ലുകളും അടക്കുകയും സ്‌കൂളിലെ പ്ലംബിങ്, ഇലക്ട്രിക്കല്‍, സ്റ്റേഷനറി എന്നിവ വാങ്ങുന്നതിനും മറ്റുമായും ഈ തുക വകമാറ്റി.
* തിരുവനന്തപുരം തിരുവല്ലം ബിഎന്‍വി എച്ച്എസ്എസില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ 15,000 രൂപ വീതം ശേഖരിക്കുന്നു.
*കോഴിക്കോട് അരീക്കോട് സുല്ലം മുസല്ലം ഓറിയന്റല്‍ സ്‌കൂളില്‍ കണക്കില്‍ പെടാത്ത 12,329 രൂപ കണ്ടെത്തി. അഡ്മിഷന്‍ ഫീസിന് പുറമെ സ്‌കൂള്‍ വികസനത്തിനായി 1450 രൂപയും അനധികൃതമായി പിരിക്കുന്നു.
*മലപ്പുറം വടക്കാന്‍കര തങ്ങള്‍ എച്ച്എസ്എസില്‍ വിദ്യാര്‍ഥികളുടെ യൂണിഫോണിന്റെ പേരില്‍ 1,19,090 രൂപ ശേഖരിച്ചു
* മീഞ്ചന്ത രാമകൃഷ്ണ മിഷന്‍ ഹൈസ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന വിദ്യാര്‍ഥിയില്‍ നിന്ന് ആയിരം രൂപ വീതം പിടിഎ ഫണ്ടായും സ്‌കൂള്‍ വികസനത്തിന്റെ പേരില്‍ 1500 രൂപയും പിരിക്കുന്നു. ഈ സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറിയില്‍ പിടിഎ ഫണ്ടും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വികസന ഫണ്ടും രസീത് നല്‍കാതെയും ശേഖരിക്കുന്നു.
* കോട്ടയം എംഡി സെമിനാരി എച്ചഎസ്എസില്‍ പ്ലസ് വണ്‍ അഡ്മിഷന് വേണ്ടി വിദ്യാര്‍ഥികളില്‍ നിന്നും ഡൊണേഷന്‍ ഇനത്തില്‍ 10,96,950 രൂപ വാങ്ങി. പിടിഎ ഫണ്ട് രസീത് ഇല്ലാതെ സ്വീകരിക്കുന്നു. മെയ് മൂന്നിന് ശേഷം ക്യാഷ്ബുക്ക് എഴുതിയിട്ടില്ല
* ചേര്‍ത്ത് ഡിഇഒ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 2016 മുതലുള്ള 27 എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം അനുമതി നല്‍കാതെ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് തീര്‍പ്പ് കല്‍പ്പിക്കാതെ ഇട്ടിരിക്കുന്നതായി കണ്ടെത്തി. ആറ് മാസം ജോലി ചെയത അധ്യാപകന്റെ ശമ്പളം മാറി നല്‍കിയില്ല. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നിയമനം സ്ഥിരപ്പെടുത്താത്ത കേസുകളും കണ്ടെത്തി.
* മലപ്പുറം റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടിന്റെ കൈവശം കണക്കില്‍ പെടാത്ത 95000 രൂപയും ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ നിയമനത്തില്‍ അനാവശ്യ കാല താമസം വരുത്തുന്നതായും വ്യക്തമായി.
*കോഴിക്കോട് ഡിഇഒ ഓഫീസില്‍ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട അനുമതി നല്‍കാത്ത ആറ് മാസത്തില്‍ കൂടുതല്‍ പഴക്കമുള്ള ഇരുപതിലധികം ഫയലുകള്‍ കണ്ടെത്തി.

45 എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം നടത്തിയ മിന്നല്‍ പരിശോധനകളിലാണ് ഇത്രയും ക്രമക്കേട് ബോധ്യപ്പെട്ടതെന്നും. കൂടുതല്‍ സ്‌കൂളുകളിലേക്ക് പരിശോധന വ്യാപിപ്പിച്ചാല്‍ ക്രമക്കേടുകളുടെ കണക്ക് ഇനിയും കൂടുമെന്നും വിജിലന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. അണ്‍ എയ്ഡഡ് സ്‌കൂളുകളെ പ്രത്യേക വിഭാഗമായി കണ്ട് പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കെതിരെയും വ്യാപകമായ പരാതികളാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇതും അടുത്ത ഘട്ടത്തില്‍ പരിശോധിക്കാനൊരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍. വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്തിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു മിന്നല്‍ പരിശോധന.

Read More: മത്തി കേരളതീരം വിടുന്നു, ദാരിദ്ര്യത്തിലും പട്ടിണിയിലും നട്ടംതിരിഞ്ഞ് മത്സ്യത്തൊഴിലാളികള്‍; ‘കേരള സൈന്യ’ത്തെ ആര് കൈപിടിച്ചുയര്‍ത്തും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍