UPDATES

കേരളം

നാണക്കേട്; മലയാളം പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ സമരത്തിലാണ്

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, എനിക്ക് മലയാളം പഠിക്കണം. മലയാളം പഠിക്കണമെങ്കില്‍ ഇവിടെ ടീച്ചര്‍മാര്‍ വേണം.

കാസര്‍ഗോഡെന്താ കേരളത്തിലല്ലേ? നിരന്തരം ജില്ലയില്‍ നിന്നും ഉയര്‍ന്നു കേട്ടുകൊണ്ടിരുന്ന ചോദ്യം. ഇപ്പോള്‍ ആ ചോദ്യം വരുന്നത് അതിര്‍ത്തി ഗ്രാമത്തിലെ ഒരു യുപി സ്‌കൂളില്‍ നിന്നുമാണ്. ബണ്‍പത്തടുക്ക എസ്ഡിപിഎഎ യുപി സ്‌കൂളിലെ എല്‍പി വിഭാഗം വിദ്യാര്‍ത്ഥികളാണ് ചോദ്യകര്‍ത്താക്കള്‍.

അവര്‍ക്ക് മലയാളം പഠിക്കണം. മലയാളം മാതൃഭാഷയായ ഒരു സംസ്ഥാനത്തെ ഏറ്റവും വടക്കന്‍ ജില്ലയിലെ കര്‍ണാടക അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന സ്‌കൂളില്‍ നിന്നും നാല്‍പതിലേറെ കുട്ടികള്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തെഴുതിയാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. പോസ്റ്റ് കാര്‍ഡിലെഴുതിയ കത്തും, മലയാളം പഠിക്കാനുള്ള തങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനവും വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം നേരിട്ട്  മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു.

കത്തിന്റെ ഉള്ളടക്കം ഇങ്ങനെ:

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

സര്‍, ഞാന്‍ ബണ്‍പത്തടുക്ക സ്‌കൂളില്‍ വിദ്യാര്‍ത്ഥിയാണ്. എനിക്ക് മലയാളം പഠിക്കണം. മലയാളം പഠിക്കണമെങ്കില്‍ ഇവിടെ ടീച്ചര്‍മാര്‍ വേണം. മലയാളം സ്‌കൂള്‍ സംരക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു.’

മാതൃഭാഷ പഠിക്കാന്‍ സമരം ചെയ്യേണ്ടുന്ന ഗതികേടിലേക്ക് കാസര്‍ഗോട്ടെ കന്നഡ മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ തള്ളിയിട്ടതാരാണ്?

2007ലാണ് ബണ്‍പത്തടുക്ക യുപി സ്‌കൂളില്‍ മലയാളം പഠനമാരംഭിച്ചത്. അക്കാലം മുതല്‍ ഈ സ്ഥാപനത്തില്‍ മലയാളം അധ്യാപികയായി ജോലി നോക്കിവരുന്ന രമ്യ ടിവിയും, നിലവില്‍ രമ്യയ്‌ക്കൊപ്പം മലയാളം പഠിപ്പിക്കുന്ന നിഷ എവിയും അധ്യാപനത്തിനിടെ പിരിച്ചുവിടപ്പെട്ടു.  വിദ്യാര്‍ത്ഥികള്‍ കുറവായതിനാല്‍ വിദ്യാലയം ആദായകരമല്ല എന്ന കാരണം കാണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ഇവരെ പിരിച്ചു വിട്ടത്. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തെ ശമ്പളം തിരികെ അടച്ചാല്‍ ദിവസവേതന അടിസ്ഥാനത്തില്‍, ഇതേ സ്‌കൂളില്‍ നിയമിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി ആറിന് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.

നിലവില്‍ ബണ്‍പത്തടുക്ക എയുപി സ്‌കൂളില്‍ എല്‍പി വിഭാഗത്തില്‍ മലയാളം പഠിക്കാന്‍ 42 വിദ്യാര്‍ത്ഥികളാണുള്ളത്. എന്നാല്‍ 2014-15 അധ്യയന വര്‍ഷത്തില്‍ എഇഒയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ 29 കുട്ടികളാണ് മലയാളം പഠിക്കുന്നതെന്ന് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രണ്ട് വര്‍ഷത്തിന് ശേഷം ഇവരെ പിരിച്ചുട്ടത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരെയായി നല്‍കിയ പരാതിയെ തുടര്‍ന്ന് അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന സി രാഘവന്‍ അതേ വര്‍ഷം നടത്തിയ പരിശോധനയില്‍ 32 മലയാളം വിദ്യാര്‍ത്ഥികളും, 21 കന്നട വിദ്യാര്‍ത്ഥികളുമെന്ന് നല്‍കിയ റിപ്പോര്‍ട്ട് ഇതുവരേയും ഓഫീസിലെത്തിയിട്ടില്ലെന്ന് കുമ്പള ഉപവിദ്യാഭ്യാസ വകുപ്പ് ഓഫീസ് പറയുന്നു.

കേരളത്തിലെ കന്നട മീഡിയം സ്‌കൂളുകളില്‍ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന 10 കുട്ടികളുണ്ടെങ്കില്‍, അവര്‍ക്കായി മലയാളം പഠനം ഉള്‍പെടുത്താമെന്ന കെ.ഇ.ആര്‍ ചട്ട പ്രകാരം  2007 മുതല്‍ മലയാളം കൂടി ഉള്‍പ്പെടുത്തിയ സ്‌കൂളുകളില്‍ ഒന്നാണിത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമില്ലാതെ രമ്യ ഏഴ് വര്‍ഷവും, നിഷ ആറ് വര്‍ഷവും സ്‌കൂളില്‍ സേവനമനുഷ്ടിച്ചു. 2013-14 അധ്യയന വര്‍ഷത്തിലാണ് ഇവരടക്കം മലയാളം ഡിവിഷനില്‍  ആറ് തസ്തികകള്‍ക്ക് അംഗീകാരം ലഭിച്ചത്. ഇവരെ പിരിച്ചു വിട്ടതിന് പിന്നാലെ വിദ്യാലയത്തില്‍ രണ്ട് കന്നട അധ്യാപകരെ നിയമിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നുവരികയാണ്. സാഹിത്യ, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും മറ്റും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

പിരിച്ചുവിടപ്പെട്ട അധ്യാപികയായ രമ്യ യുവജന കമ്മീഷന് മുന്നില്‍ നല്‍കിയ പരാതിയില്‍ പരാതി ന്യായമാണെന്ന് കമ്മീഷന്‍ അംഗങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. കമ്മീഷന്‍ കാസര്‍ഗോഡ് നടത്തിയ അദാലത്തിലാണ് രമ്യ സ്‌കൂള്‍ രേഖകള്‍ സഹിതം അനുഭവം വിവരിച്ചത്. അധ്യാപികമാരെ പിരിച്ചുവിട്ട കുമ്പള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കത്തിന് സാധുതയില്ലെന്നാണ് കമ്മീഷന്‍ അംഗങ്ങള്‍ പ്രാഥമിക നിഗമനത്തില്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്തുന്നതിനായി തലസ്ഥാനത്ത് നടക്കുന്ന തെളിവെടുപ്പില്‍ പങ്കെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിലെ അധികൃതര്‍ക്കും, സ്‌കൂള്‍ മാനേജ്‌മെന്റിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് യുവജന കമ്മീഷന്‍ അംഗങ്ങള്‍ അറിയിച്ചു.

മാതൃഭാഷാ പഠനം മൗലികാവകാശമാണന്നിരിക്കെയാണ് നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ കടുത്ത അപമാനം നേരിടേണ്ടിവന്നത്. നിലവില്‍ മലയാളഭാഷാ പഠനം സാധ്യമായ സ്‌കൂളില്‍ നിന്നും ഭാഷാ അധ്യാപകര്‍ പടിയിറങ്ങുന്നതോടെ ഭാഷാ പഠനത്തിന് പത്ത് കിലോമീറ്ററോളം യാത്ര ചെയ്യേണ്ടുന്ന സാഹചര്യമാണ് ബണ്‍പത്തടുക്കയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ളത്. കൃത്യമായി ബസ് സര്‍വ്വീസ് പോലും ഇല്ലാത്ത ബണ്‍പത്തടുക്കയില്‍ നിന്നും ഇത്രയും ദൂരം യാത്രചെയ്ത് പഠനം തുടരുന്ന രീതിയൊന്നും നിലവില്‍ പ്രായോഗികമല്ല.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍