UPDATES

‘നൗഷാദിനെ എസ്ഡിപിഐ ടാര്‍ഗറ്റ് ചെയ്തിരുന്നു, അവന്റെ സാന്നിധ്യം തങ്ങളുടെ വളര്‍ച്ചയ്ക്ക് തടസമാണെന്ന് അറിഞ്ഞുള്ള കൊലപാതകമാണിത്’

എസ്ഡിപിഐയെ ഇടതുപക്ഷ സര്‍ക്കാരാണ് സംരക്ഷിക്കുന്നതെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്

എസ്ഡിപിഐ കരുതിക്കൂട്ടി തന്നെയാണ് ചാവക്കാട് പുന്നയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിനെ കൊലപ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍. നൗഷാദിന്റെ സാന്നിധ്യം തങ്ങളുടെ വളര്‍ച്ചയ്ക്ക് തടസമാണെന്ന് എസ്ഡിപിഐ തിരിച്ചറിഞ്ഞിരുന്നു. അതിന്റെ പകയാണ് കൊലപാതകത്തില്‍ എത്തിയതെന്നും നൗഷാദിനൊപ്പം പ്രവര്‍ത്തിച്ചിരുന്നവര്‍ പറയുന്നു. ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ്-എസ്ഡിപിഐ സംഘര്‍ഷം പല തവണയായി നടന്നിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഘര്‍ഷങ്ങളും അക്രമങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു പൈശാചിക കൃത്യം ഇതാദ്യമായാണ് പുന്നയില്‍ നടക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

കൊല്ലാന്‍ വന്നവര്‍ നൗഷാദിനെ മാത്രമായിരുന്നു ലക്ഷ്യം വച്ചിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. നൗഷാദിനൊപ്പം മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇവരോട് ഓടിപ്പോകാന്‍ കൊലയാളികള്‍ ആക്രോശിച്ചിരുന്നു. എന്നാല്‍ നൗഷാദിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് ഇവര്‍ക്കെതിരേയും ആക്രമണം ഉണ്ടായത്. വെട്ടേറ്റ മറ്റു മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നൗഷാദ് ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍വച്ച് മരിക്കുന്നത്.

കൊലപാതകത്തിനു പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് എസ്ഡിപിഐ പറയുമ്പോള്‍, നൗഷാദിനെ കൊന്നത് എസ്ഡിപിഐ തന്നെയാണെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിച്ചു പറയുന്നത്. അക്രമിസംഘങ്ങളില്‍ എസ്ഡ്പിഐ നേതാവായ ഷാജി കാരി എന്നയാളെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞതാണെന്നും ഈ ക്രൂരതയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ അവര്‍ക്ക് കഴിയില്ലെന്നും കോണ്‍ഗ്രസ് ഉറപ്പിച്ച് പറയുന്നു.

നൗഷാദിനെ എസ്ഡിപിഐ ടാര്‍ഗറ്റ് ചെയ്തിട്ടുണ്ടായിരുന്നുവെന്നും സഹപ്രവര്‍ത്തകനും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ഷാനവാസ് പറയുന്നു. ‘സാധാരണ വൈകുന്നേരം സമയം ആയാല്‍ നൗഷാദിനൊപ്പം അഞ്ചെട്ട് ആളുകളെങ്കിലും എപ്പോഴും കാണും. എന്നാല്‍ ബുധനാഴ്ച്ച സ്ഥിരം കൂടെയുണ്ടാകുന്നവര്‍ നൗഷാദിനൊപ്പം ഇല്ലായിരുന്നു. വേറെ മൂന്നുപേര്‍ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. പുന്ന സെന്‍ട്രലില്‍ ഇവരുമായി സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു ബൈക്കിലെത്തിയവര്‍ ആക്രമിക്കുന്നത്. സമയം വൈകിട്ട് ആറരയെ ആയിരുന്നുള്ളുവെങ്കിലും ജംഗ്ഷനിലും അന്ന് ആളു കുറവായിരുന്നു. ഇതെല്ലാം മനസിലാക്കി തന്നെയാണ് ആക്രമണം നടത്തിയിരിക്കുന്നത്. നൗഷാദിനെ അവര്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. ഒടുവില്‍ അവര്‍ക്ക് അനുകൂലമായൊരു സാഹചര്യത്തില്‍ കിട്ടയപ്പോഴായിരുന്നു കൊലപാതകം നടത്തിയത്. നൗഷാദിനെ മാത്രമാണ് ലക്ഷ്യമിട്ടത്. കൂടെയുണ്ടായിരുന്നവരോട് ഓടിപ്പോകാന്‍ പറഞ്ഞത് അതുകൊണ്ടാണ്. പക്ഷേ, അവര്‍ ഓടിയില്ല, നൗഷാദിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് അവരെയും വെട്ടിയത്’; ഷാനവാസ് പറയുന്നു.

എന്നാല്‍ കൊല്ലാന്‍ ഉദ്ദേശിച്ച് നൗഷാദിനെ ടാര്‍ഗറ്റ് ചെയ്തിരിക്കുന്ന വിവരം തങ്ങള്‍ക്ക് നേരത്തെ അറിയില്ലായിരുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. നൗഷാദിന്റെ കൂടെയുള്ള ചിലരുമായി എസ്ഡിപിഐക്കാര്‍ പ്രശ്‌നം ഉണ്ടാക്കിയിട്ടുണ്ട്. നൗഷാദ് നേരിട്ട് ഇടപെട്ട് എസ്ഡ്പിഐയുമായി അക്രമൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കൊല്ലാനുള്ള പകയുമായി എസ്ഡ്പിഐക്കാര്‍ നൗഷാദിനു പിന്നാലെ നടക്കുന്നുണ്ടെന്ന് കരുതിയില്ലെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു.

ചാവക്കാട്, പുന്ന ഭാഗങ്ങളില്‍ എസ്ഡിപിഐക്ക് ശക്തമായ വെല്ലുവിളി നൗഷാദ് ഉയര്‍ത്തിയിരുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. അവര്‍ക്കൊപ്പം ഉണ്ടായിരുന്ന നിരവധി പേരെ നൗഷാദ് കോണ്‍ഗ്രസിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. കൂടാതെ ഒരു മതേതരത്വ മുഖവും നൗഷാദിന് ഉണ്ടായിരുന്നു. ഇവിടെയുള്ള ഒരു ക്ഷേത്രോത്സവത്തിലൊക്കെ സജീവമായി പങ്കെടുത്തിരുന്നയാളായിരുന്നു നൗഷാദ്. മുസ്ലിം സമുദായത്തില്‍പ്പെട്ട ചെറുപ്പക്കാരെയും ഇത്തരം ചടങ്ങുകളില്‍ പങ്കെടുപ്പിക്കുമായിരുന്നു. ഇതൊന്നും എസ്ഡിപിഐക്ക് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ചാവക്കാട്, പുന്ന ഭാഗങ്ങളില്‍ മുസ്ലിം സമുദായത്തില്‍ നിന്നും തങ്ങളുടെ കൂടെ വരാന്‍ ആളുകള്‍ തയ്യാറാകാത്തതിനു കാരണം നൗഷാദിന്റെ ഇടപെടലാണെന്നായിരുന്നു എസ്ഡിപിഐയുടെ ആരോപണം. അങ്ങനെയുള്ളൊരാളെ നിലനിര്‍ത്തിയാല്‍ തങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു പോകില്ലെന്ന് ഉറപ്പിച്ചാണ് അവര്‍ നൗഷാദിനെ ഇല്ലാതാക്കിയത്; കോണ്‍ഗ്രസുകാര്‍ പറയുന്നു.

വെള്ളിയാഴ്ച്ച വൈകിട്ട് ആറരയോടെയായിരുന്നു നൗഷാദിനും ഒപ്പമുണ്ടായിരുന്ന ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ക്കെതിരേ ആക്രമണം ഉണ്ടാകുന്നത്. ഇതില്‍ നൗഷാദിനെ കൂടാതെ ബിജേഷിനും സാരമായി പരിക്കേറ്റിരുന്നു. അക്രമി സംഘത്തില്‍ പതിനാലു പേര്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. മുഖം മൂടി ധരിച്ച് ഒമ്പതു ബൈക്കുകളിലായി എത്തിയ സംഘം അപ്രതീക്ഷിതമായി നൗഷാദിനെ ആക്രമിക്കുകയായിരുന്നു. വടിവാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. കൊലപാതകികളെ പിടികൂടാന്‍ ആയിട്ടില്ല. ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

നൗഷാദിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐക്കെതിരേ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. എസ്ഡിപിഐക്കെതിരേ സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. വര്‍ഗീയതയുടെ മറവിലാണ് എസ്ഡിപിഐ കൊലപാതകങ്ങള്‍ നടത്തുന്നതെന്നും നാടിന്റെ ക്രമസമാധന നിലയ്ക്ക് വിഘാതം ഉണ്ടാക്കുകയാണവരെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. നൗഷാദിനെ എസ്ഡിപിഐ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണമാണ് കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനും ഉന്നയിച്ചത്. എസ്ഡിപി ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് സ്ഥലം എംപി കൂടിയായ ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടത്. എസ്ഡിപിഐയുടെ ഗൂണ്ടകളാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും പ്രതാപാന്‍ ചൂണ്ടിക്കാട്ടി. വര്‍ഗ്ഗീയത എങ്ങനെയായാലും വര്‍ഗ്ഗീയതയാണ്. ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും അത് നഷ്ടപ്പെടുത്തുന്നത് സമൂഹത്തിന്റെ സ്വസ്ഥതയാണ്. ഈ സംഭവത്തിന് പിന്നിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. വര്‍ഗ്ഗീയതയുടെ ഒരു ഭീഷണിക്ക് മുന്‍പിലും തോറ്റുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. എസ്ഡിപിഐ ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ കേരള സര്‍ക്കാരും സംവിധാനങ്ങളും തയ്യാറാകണം; പ്രതാപന്‍ പ്രതികരിച്ചു.

നൗഷാദിന്റെ കൊലപാതകത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എസ്ഡിപി ഐയെ നിശിതമായി കുറ്റപ്പെടുത്തുണ്ട്. സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നതെന്നും പ്രത്യയശാസ്ത്രങ്ങളിലെയും രാഷ്ട്രീയ കാഴ്ച്ചപ്പാടുകളിലെയും അന്തരത്തെ മറ്റുള്ളവരുടെ ജീവിക്കാനുള്ള മൗലീക അവകാശത്തെ പോലും നഷ്ടപ്പെടുത്തും വിധം അക്രമസക്തമാക്കി തീര്‍ക്കുന്ന ഇത്തരം സംഘടനകള്‍ സമൂഹത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ എന്ന അക്രമിസംഘത്തെ ഇനിയും അഴിഞ്ഞാടാന്‍ അനുവദിക്കരുതെന്നും ഉന്നതതല പോലീസ് സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം. വര്‍ഗീയതയ്‌ക്കെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതുകൊണ്ടാണ് നൗഷാദിനെ എസ്ഡിപിഐക്കാര്‍ കൊന്നതെന്നായിരുന്നു ഷാഫി പറമ്പില്‍ എംഎല്‍എയുടെ പ്രതികരണം. ‘സ്വന്തം സമുദായത്തില്‍ ഉറച്ച മതേതര നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ എന്നും വര്‍ഗ്ഗീയവാദികളുടെ ഹിറ്റ്‌ലിസ്റ്റിലാണ്. വര്‍ഗീയതക്കെതിരെ ശക്തമായി നിലപാടുകള്‍ സ്വികരിച്ച, പ്രദേശത്തെ സാമൂഹ്യ-ജിവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ചാവക്കാട്ടെ പുന്നയിലിനെ നൗഷാദിനെ എസ്ഡിപിഐക്കാര്‍ കൊന്നതും അതുകൊണ്ട് തന്നെയാണ്. വാള് കൊണ്ട് മതം ഉണ്ടാക്കാനിറങ്ങുന്നവര്‍ നാടിന്റെ ശാപമാണ്. നാടിന്റെ സമാധാനത്തെ കെടുത്തുന്നവരാണ് വര്‍ഗ്ഗീയവാദികള്‍ മറ്റു വര്‍ഗീയതയെ പ്രതിരോധിക്കുന്നവരല്ല പാലൂട്ടി വളര്‍ത്തുന്നവരാണ്’; ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയതിന്റെ പേരില്‍ മറ്റൊരു പ്രവര്‍ത്തകനുകൂടി ജീവന്‍ നഷ്ട്ടമായിരിക്കുന്നുവെന്നായിരുന്നു നൗഷാദിന്റെ കൊലപാതകത്തില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ പ്രതികരണം. ജോസഫ് മാഷിന്റെ കൈവെട്ടിയ, അഭിമന്യുവിന്റെ ജീവനെടുത്ത അതേ തീവ്രവാദികള്‍ തന്നെയാണ് ഈ ദാരുണമായ കൊലപാതകത്തിന് പിന്നിലും എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്, എതിര്‍ത്ത് നില്‍ക്കുന്നവനെ പറിച്ചെറിയുക എന്ന എസ്ഡിപിഐ തീവ്രവാദികളുടെ നെറികെട്ട രാഷ്ട്രീയത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊണ്ടേ മതിയാകൂ എന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെടുന്നു. എസ്എഫ്‌ഐ നേതാവിനെ കുത്തിയ പ്രതിയെ പോലും പിടിക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ ഈ തീവ്രവാദികള്‍ക്കെതിരെ ഇനി എന്ത് നടപടി എടുക്കും എന്ന് ഡീന്‍ കുര്യാക്കോസ് എംപിയും ചോദിച്ചിരുന്നു.

എസ്ഡിപിഐയെ ഇടതുപക്ഷ സര്‍ക്കാരാണ് സംരക്ഷിക്കുന്നതെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. നൗഷാദിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും വി എം സുധീരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവിശ്യപ്പെട്ടിരുന്നു. എസ്ഡിപിഐയോട് സര്‍ക്കാരിന് മൃദു സമീപനമാണെന്നും എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങള്‍ക്ക് കാരണം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച്ചയാണെന്നുമാണ് സുധീരന്‍ കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്തെ ക്രമസമാധാനന്തരീക്ഷം പൂര്‍ണമായി തകര്‍ന്നതാണ് എസ്ഡിപിഐക്ക് വിഹരിക്കാനുള്ള അവസരം ഉണ്ടാക്കിയതെന്നും അതിനാല്‍ നൗഷാദിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നുമായിരുന്നു എറണാകുളം എംപിയായ ഹൈബി ഈഡിന്‍ ആവശ്യപ്പെട്ടത്.

അതേസമയം നൗഷാദിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടുകളെ വിമര്‍ശിക്കുകയാണ് സിപിഎം. എസ്ഡിപിഐയെ തള്ളിപ്പറയാനോ കൊലപാതകത്തിന്റെ പേരില്‍ കുറ്റപ്പെടുത്താനോ കോണ്‍ഗ്രസ് തയ്യറാകുന്നില്ലെന്ന ആക്ഷേപമാണ് സിപിഎം ഉയര്‍ത്തുന്നത്. നൗഷാദിന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകുമോ എന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം എ റഹീമിന്റെ പരിഹാസം. കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നിട്ടും പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്സ് എന്നും റഹീം പറയുന്നു. തള്ളിപ്പറയാന്‍ സാധിക്കാത്തത് പോപ്പുലര്‍ ഫ്രണ്ട് യുഡിഎഫിന്റെ സഖ്യ കക്ഷിയായതിനാലാണെന്നാണ് ഡിവൈഎഎഫ്‌ഐ സംസ്ഥാന സെക്രട്ടറി പറയുന്നത്. ഏറെക്കാലമായി പോപ്പുലര്‍ ഫ്രണ്ട് യുഡിഎഫുമായി രാഷ്ട്രീയ സഖ്യത്തിലാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിലുള്‍പ്പെടെ ഇവര്‍ തമ്മിലുള്ള ബന്ധം പരസ്യമായതാണെന്നും റഹീം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തുന്നു. മുസ്ലിം ലീഗാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ക്രൂരമായി വെട്ടിക്കൊന്നു. കൊന്ന പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാതെ കൊല്ലപ്പെട്ട സ്വന്തം പ്രവര്‍ത്തകനെ തള്ളിപ്പറയുകയായിരുന്നു ലീഗ് നേതൃത്വം. ഒളിച്ചു കളി അവസാനിപ്പിക്കണം. പോപ്പുലര്‍ ഫ്രണ്ടിനെ ഘടക കക്ഷിയായി ഔദ്യോഗികമായി പരസ്യപ്പെടുത്താന്‍ ഇനിയെങ്കിലും യുഡിഎഫ് നേതൃത്വം തയ്യാറാകണം. എന്തിനും ഏതിനും സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമോ? എന്നും റഹീം കുറിക്കുന്നു.

കഴിഞ്ഞ ദിവസം കണ്ണൂര്‍ ആദികടലായില്‍ മുന്‍ മുസ്സിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലും എസ്ഡിപിഐ ആണ് പ്രതിക്കൂട്ടില്‍. അറയ്ക്കല്‍ റൗഫ് എന്ന മുപ്പതുകാരനായിരുന്നു കണ്ണൂരില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതിയായിരുന്നു. ആ കൊലപാതകത്തിന്റെ പ്രതികാരമായിട്ടാണ് റൗഫിനെയും കൊന്നതെന്നാണ് പറയുന്നത്.

Read More: ‘വായിച്ചാലും വായിച്ചാലും തീരാത്ത’ യുറീക്കയ്ക്ക് 50 വയസ്സ്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍