UPDATES

വല്യേട്ടനും കൊച്ചേട്ടനും മാത്രം മത്സരിച്ചാല്‍ മതിയെങ്കില്‍ പിന്നെന്തിനാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്? ഈ തെരഞ്ഞെടുപ്പില്‍ ജനാധിപത്യമില്ലാത്ത ഇടതു മുന്നണി

എല്‍ഡിഎഫിലെ മറ്റ് സഖ്യകക്ഷികള്‍ക്കൊന്നും സീറ്റ് നല്‍കാതെ 16 സീറ്റുകളിലും സിപിഎം തന്നെ മത്സരിക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിപിഐയ്ക്ക് നല്‍കി വരുന്ന 4 സീറ്റുകള്‍ തന്നെ അവര്‍ക്ക് ഇത്തവണയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്ത്  സഖ്യകക്ഷികളെ ചേര്‍ത്ത് വിപുലീകരിച്ച എല്‍ഡിഎഫിലെ മറ്റ് സഖ്യകക്ഷികള്‍ക്കൊന്നും സീറ്റ് നല്‍കാതെ 16 സീറ്റുകളിലും സിപിഎം തന്നെ മത്സരിക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഘടകകക്ഷികളെയെല്ലാം പൂര്‍ണമായും അവഗണിക്കുന്ന നിലപാടാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്. 1980 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇതുവരെയും സമാനമായ ഒരു അവഗണന എല്‍ഡിഎഫില്‍ ഘടകക്ഷികളോടുണ്ടായിട്ടില്ല.

1984 മുതല്‍ സിപിഐയ്ക്ക് എല്ലാ തെരഞ്ഞെടുപ്പുകളിലും നാല് സീറ്റ് വീതമാണ് നല്‍കി വരുന്നത്. ഇത്തവണയും അത് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ എല്‍ഡിഎഫിലെ മറ്റ് 11 കക്ഷികള്‍ക്കും സീറ്റില്ല എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. 1980ല്‍ ഇരുപത് മണ്ഡലങ്ങളില്‍ സിപിഎം എട്ട് സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്. ആറ് സീറ്റുകളില്‍ കോണ്‍ഗ്രസ് (യു) മത്സരിച്ചു. സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും രണ്ട് സീറ്റില്‍ വീതവും ആര്‍എസ്പിയും അഖിലേന്ത്യ ലീഗും ഓരോ സീറ്റില്‍ വീതവും മത്സരിച്ചു. 1984ല്‍ എല്‍ഡിഎഫിലെ കൂടുതല്‍ സഖ്യകക്ഷികള്‍ക്ക് സീറ്റ് ലഭിച്ചു. സിപിഎം 10 സീറ്റിലും സിപിഐ നാല് സീറ്റുകളിലും മത്സരിച്ചു. കോണ്‍ഗ്രസ് എസിന് 2 സീറ്റ് നല്‍കിയപ്പോള്‍ ആര്‍എസ്പി, അഖിലേന്ത്യാ ലീഗ്, ജനതാപാര്‍ട്ടി, ലോക്ദള്‍ എന്നിവര്‍ ഓരോ സീറ്റുകളില്‍ മത്സരിച്ചു.

1989ല്‍ സിപിഎം 13 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ അതില്‍ മൂന്ന് പേര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിരുന്നു. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഉള്‍പ്പെടെയാണ് സിപിഐ നാല് സീറ്റുകളില്‍ മത്സരിച്ചത്. കോണ്‍ഗ്രസ് എസും ആര്‍എസ്പിയും ജനതാദളും ഓരോ സീറ്റുകളില്‍ വീതം മത്സരിച്ചു. 1991ല്‍ രണ്ട് സ്വതന്ത്രരെ ഉള്‍പ്പെടെ 11 സ്ഥാനാര്‍ത്ഥികളാണ് സിപിഎമ്മിന് ഉണ്ടായിരുന്നത്. സിപിഐയ്ക്ക് നാല് സീറ്റും ജനതാദളിന് രണ്ട് സീറ്റും നല്‍കി. ഓരോ സീറ്റില്‍ വീതം കോണ്‍ഗ്രസ് എസും ആര്‍എസ്പിയും കേരള കോണ്‍ഗ്രസ് ജെയും മത്സരിച്ചു. 1996ല്‍ സിപിഎം 11 സീറ്റിലും സിപിഐ നാല് സീറ്റിലും ജനതാദള്‍ രണ്ട് സീറ്റിലും കോണ്‍ഗ്രസ് എസ് ഒരു സീറ്റിലും ആര്‍എസ്പി ഒരു സീറ്റിലും കേരള കോണ്‍ഗ്രസ് ജെ ഒരു സീറ്റിലും വീതം മത്സരിച്ചു.

1998ലാണ് എല്‍ഡിഎഫില്‍ ഏറ്റവുമൊടുവില്‍ ഏറ്റവുമധികം കക്ഷികള്‍ മത്സരിച്ചത്. ആറ് പാര്‍ട്ടികള്‍ അത്തവണ എല്‍ഡിഎഫിന് വേണ്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. സിപിഎം-11, സിപിഐ-4, ജനതാദള്‍-2, കോണ്‍ഗ്രസ് എസ്-1, ആര്‍എസ്പി-1, കേരള കോണ്‍ഗ്രസ് ജെ-1 എന്നിങ്ങനെയായിരുന്നു സീറ്റ് നില. തൊട്ടടുത്ത വര്‍ഷം തന്നെ വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എല്‍ഡിഎഫ് മുന്നണിയില്‍ നാല് പാര്‍ട്ടികളാണ് മത്സരിച്ചത്. സിപിഎം-14, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് ജെ-1 എന്ന രീതിയിലായിരുന്നു സീറ്റ് വിഭജനം.

2004ലും ഇത് ആവര്‍ത്തിച്ചു. ഇതേരീതിയില്‍ തന്നെ ഘടകക്ഷികള്‍ക്ക് സീറ്റ് നല്‍കി. എന്നാല്‍ 2009ല്‍ എത്തിയപ്പോള്‍ ഇതില്‍ നിന്നും ജനതാദള്‍ എസ് പുറത്ത് പോയി. വീരേന്ദ്ര കുമാര്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയതായിരുന്നു കാരണം. ജനതാദള്‍ എസിന്റെ സീറ്റ് സിപിഎം തന്നെ ഏറ്റെടുത്തതോടെ സിപിഎം അക്കുറി 15 സീറ്റുകളില്‍ മത്സരിച്ചു. സിപിഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് ജെ ഒരു സീറ്റിലും മത്സരിച്ചു. 2014ലും ഇത് തന്നെയായിരുന്നു എല്‍ഡിഎഫിലെ സീറ്റ് വിഭജന രീതി.

ജനതാദള്‍ എസിനെ കൂടാതെ ലോക്താന്ത്രിക് ജനതാ ദളും എല്‍ഡിഎഫിലുണ്ട്. സിപിഎമ്മും സിപിഐയും കഴിഞ്ഞാല്‍ നിയമസഭയിലെ എല്‍ഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷി ജനതാദള്‍ എസ് ആണ്. മൂന്ന് എംഎല്‍എമാരാണ് അവര്‍ക്കുള്ളത്. രണ്ട് എംഎല്‍എമാരുള്ള എന്‍സിപിയും ഇക്കുറി പാര്‍ലമെന്റ് സീറ്റിനായി അവകാശം ഉന്നയിച്ചതാണ്. തോമസ് ചാണ്ടിക്ക് വേണ്ടിയാണ് എന്‍സിപി സീറ്റ് ചോദിച്ചത്. എന്നാല്‍ ഈ ആവശ്യം സിപിഎം ആദ്യമേ തള്ളിയിരുന്നു. ശനിയാഴ്ച നടക്കുന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരെയും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ഫ്രാന്‍സിസ് ജോര്‍ജ്ജ് ആണ്. ഒരു എംഎല്‍എമാര്‍ വീതമുള്ള സിഎംപി(അരവിന്ദാക്ഷന്‍), കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്), കേരള കോണ്‍ഗ്രസ്(ബി), നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് എന്നിവരും പരിഗണിക്കപ്പെട്ടിട്ടില്ല. ഒറ്റ എംഎല്‍എമാര്‍ പോലുമില്ലാത്ത കേരള കോണ്‍ഗ്രസ്(സ്‌കറിയ തോമസ്), ഐഎന്‍എല്‍ എന്നിവരും ഇനി സീറ്റ് പ്രതീക്ഷിക്കുന്നില്ല. ഫലത്തില്‍ എല്‍ഡിഎഫ് വിപുലീകരിക്കുന്നെന്ന് പറഞ്ഞ് കൂടെക്കൂട്ടിയ സഖ്യകക്ഷികളെ തഴയുന്ന നടപടിയാണ് സിപിഎം സ്വീകരിച്ചത്.

സിപിഎമ്മും സിപിഐയും മാത്രം മതിയെങ്കില്‍ എന്തിനാണ് ഇത്തരമൊരു വിപുലീകരണം നടത്തിയത് എന്നാണ് ഉയരുന്ന ചോദ്യം. ഇടതു ജനാധിപത്യ മുന്നണി എന്നതിന് പകരം ഇടതു മുന്നണി എന്നാക്കി ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതല്ലേ ഉചിതം?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍