UPDATES

ട്രെന്‍ഡിങ്ങ്

“ബ്രൂവറി കൂടി വന്നാല്‍ ഞങ്ങള്‍ നാട് വിടേണ്ടി വരും”; എലപ്പുള്ളിയില്‍ കൊക്കക്കോള മോഡല്‍ ചതി മണത്ത് നാട്ടുകാര്‍

കൊക്കക്കോള കമ്പനി പ്ലാച്ചിമട ഉപേക്ഷിച്ചെങ്കിലും പാലക്കാട്ടെ ജലചൂഷണത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല

‘ഓരോ വീട്ടിലേയും ഒരാള്‍ക്ക് തൊഴില്‍ കിട്ടും എന്നാണ് അവരുടെ പ്രചാരണം. ആളുണ്ടായിട്ട് വേണ്ടേ തൊഴില്‍? വെള്ളം ഉണ്ടായലല്ലേ ആളുണ്ടാവൂ. പിന്നെയല്ലേ തൊഴിലൊക്കെ വരൂ’ ഏതൊരു പാലക്കാട്ടുകാരനേയും പോലെ ശരവണനും പ്രതികരിച്ചു. വെള്ളമൂറ്റി ഒരു ജനതയുടെ നിലനില്‍പ്പിനെ തന്നെ പ്രശ്‌നത്തിലാക്കിയ കൊക്കൊക്കോള കമ്പനി നാടുവിട്ട് പോയപ്പോള്‍ നാട്ടില്‍ ഇല്ലാതായത് എന്തെല്ലാമാണെന്ന് ശരവണനുള്‍പ്പെടെയുള്ളവര്‍ക്ക് അറിയാം. അതിനാല്‍ ബ്രൂവെറിയോ ഡിസ്റ്റലിറിയോ, സര്‍ക്കാര്‍ അനുമതി നല്‍കിയാലും ഇനി അവശേഷിക്കുന്ന വെള്ളമൂറ്റാന്‍ ആരെയും അനുവദിക്കില്ലെന്ന നിലപാടിലാണ് അവര്‍.

പാലക്കാട് ഒരു ബ്രൂവറിക്കും ഒരു ബ്ലെന്‍ഡിങ് യൂണിറ്റിനുമാണ് എക്‌സൈസ് വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. രണ്ടും കിഴക്കന്‍ പാലക്കാട്ടെ വരള്‍ച്ചാ ബാധിത മേഖലകളില്‍. ബ്രൂവറിക്ക് അനുമതി നല്‍കിയത് എലപ്പുള്ളി പഞ്ചായത്തിലെ പോക്കാന്തോട് എന്ന സ്ഥലത്താണ്. ബ്ലെന്‍ഡിങ് യൂണിറ്റിന് അനുമതി ലഭിച്ച മലബാര്‍ ഡിസ്റ്റലറി വടകരപ്പതി മേനോന്‍പാറയിലുമാണ്. എലപ്പുള്ളി പഞ്ചായത്തിലെ ബ്രൂവറിക്കായി ദിവസേന രണ്ടേമുക്കാല്‍ ലക്ഷം ലിറ്റര്‍ വെള്ളം വേണ്ടി വരും എന്നാണ് ഔദ്യോഗിക കണക്ക്. മലബാര്‍ ഡിസ്റ്റിലറിക്ക് ഒന്നര ലക്ഷം ലിറ്റര്‍ വെള്ളം പ്രതിദിനം പ്രവര്‍ത്തനത്തിനായി വേണ്ടിവരും. എന്നാല്‍ കുടിക്കാനോ നിത്യോപയോഗത്തിനോ വെള്ളമില്ലാത്ത നാട്ടില്‍ ഇത്രയധികം വെള്ളം എവിടെനിന്ന് കിട്ടുമെന്നാണ് പാലക്കാട്ടുകാര്‍ ചോദിക്കുന്നത്.

എലപ്പുള്ളി സ്വദേശിയായ ശരവണന്‍ തുടരുന്നു, ‘കഴിഞ്ഞ മെയ് പത്തിന് മലമ്പുഴയിലെ വെള്ളം എലപ്പുള്ളിക്കും എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞങ്ങള്‍ നാട്ടുകാര്‍ സമരം ചെയ്തിരുന്നു. സമഗ്ര കുടിവെള്ള പദ്ധതി വേണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നവരാണ് ഞങ്ങള്‍. പൂര്‍ണമായും കുഴല്‍ കിണറുകളെ ആണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. 1100 അടി കുഴിച്ചാലേ കുഴല്‍കിണറുകളില്‍ ഇപ്പോള്‍ വെള്ളം കിട്ടുന്നുള്ളൂ. അതും അഞ്ചും ആറും കുഴല്‍ കുത്തുമ്പോഴായിരിക്കും ഒരെണ്ണത്തിലെങ്കിലും വെള്ളം കിട്ടുക. കിണറുകളിലെ വെള്ളം ചെളിയുടെ നിറമാണ്. ചുണ്ണാമ്പിന്റേയും ഇരുമ്പിന്റെയും ഒക്കെ അംശം കൂടുതലാണ് വെള്ളത്തില്‍ എന്ന് ശാസ്ത്രീയ പഠനങ്ങളുമുണ്ട്. അതിനിടക്ക് ഒരു ബ്രൂവറി കൂടി വന്നാല്‍ കൂട്ടപലായനം അല്ലാതെ ഞങ്ങള്‍ക്ക് വേറെ വഴിയുണ്ടാവില്ല. കൊക്കക്കോളയെ എങ്ങനെയാണ് ഓടിച്ചതെന്ന് ഇന്നാട്ടുകാര്‍ക്കറിയാം. ഇനി അങ്ങനെയൊരു അവസരം ഉണ്ടാക്കില്ല. എന്ത് തന്നെയായാലും ഇനി ഞങ്ങളുടെ വെള്ളം ഊറ്റിക്കൊണ്ടൊരു വ്യവസായം തുടങ്ങാന്‍ അനുവദിക്കില്ല.’

കേരളം മുഴുവന്‍ പ്രളയത്തില്‍ മുങ്ങിയപ്പോഴും കുടിവെള്ള ടാങ്കറിനായി കാത്തിരുന്നവരാണ് കിഴക്കന്‍ പാലക്കാട്ടുകാര്‍. ‘കുടിവെള്ള വിതരണം തടസ്സപ്പെട്ടതില്‍ പ്രതിഷേധം’ എന്ന തലക്കെട്ടിലുള്ള വാര്‍ത്തകളാണ് ആ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് പത്രങ്ങളില്‍ വന്നത്. പ്രതിവര്‍ഷം ഒന്നരക്കോടി രൂപയുടെ വെള്ളമാണ് ടാങ്കര്‍ ലോറികളില്‍ ചിറ്റൂര്‍, മലമ്പുഴ ബ്ലോക്കുകളിലുള്ളവര്‍ക്കായി വിതരണം ചെയ്യുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ഭൂജല പരിശോധനയില്‍ അമിതമായ ജലചൂഷണത്തിന് ഇരയായ മേഖല എന്ന് ബോധ്യപ്പെട്ട ചിറ്രൂര്‍ ബ്ലോക്കില്‍ വരുന്ന പ്രദേശമാണ് വടകരപ്പതി. എലപ്പുള്ളി പഞ്ചായത്ത് ഉള്‍പ്പെടുന്ന മലമ്പുഴ ബ്ലോക്ക് ക്രിട്ടിക്കല്‍ സോണ്‍ ആണെന്ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്രയും മുന്നറിയിപ്പുകള്‍ ലഭിക്കുമ്പോഴും ഭൂജലം ഉപയോഗിച്ചുള്ള വ്യവസായത്തിന് അനുമതി നല്‍കാന്‍ സര്‍ക്കാരിന് എങ്ങനെ കഴിഞ്ഞു എന്ന് വടകരപ്പതി സ്വദേശി ഉഷ ചോദിക്കുന്നു. ‘ഇത് വെള്ളം നിക്കുന്ന ഭൂമിയല്ല. മേലാവിയുള്ളതല്ലാതെ വെള്ളം കാണില്ല. വെള്ളത്തിന് എത്രത്തോളം ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ പോലും പറ്റില്ല. വെള്ളം ഇല്ലാതെ കഴിയേണ്ടി വരാറുണ്ട്. പക്ഷെ സര്‍ക്കാരിന് അതൊന്നും നോക്കണ്ടല്ലോ. വന്‍കിട മുതലാളിമാര്‍ക്ക് എല്ലാം കൊടുത്ത് നേട്ടമുണ്ടാക്കുകയാണ് സര്‍ക്കാര്‍. അതിനിടയില്‍ പെട്ടുപോവുന്ന സാധാരണക്കാരന്റെ ജീവിതവും സര്‍ക്കാര്‍ അറിയണ്ടേ. അത് സര്‍ക്കാരല്ലേ അറിയേണ്ടത്? പ്രാഥമിക അവകാശങ്ങളില്‍ ഒന്നാണ് കുടിക്കാനുള്ള വെള്ളം. പാവപ്പെട്ട ജനങ്ങള്‍ വെള്ളം കുടിച്ച് കിടക്കുന്നുണ്ടോ എന്ന് അറിയാനുള്ള ഉത്തരവാദിത്തമെങ്കിലും സര്‍ക്കാര്‍ കാണിക്കണം. എന്നിട്ട് വേണം ഇങ്ങനെ വെള്ളം തീറെഴുതി കൊടുക്കാന്‍. കേരളത്തില്‍ മുഴുവന്‍ മഴ പെയ്തപ്പോള്‍ ഇവിടെ ഇത്തിരി മഴ കിട്ടി. ഈ ഭാഗങ്ങളില്‍ മഴയുണ്ടാവാറില്ല. ഒരു പൊട്ട് വെള്ളം മണ്ണില്‍ അവശേഷിക്കുന്നില്ല. പ്ലാച്ചിമട ഞങ്ങള്‍ക്ക് ഒരു പാഠമാണ്. ഒരിക്കല്‍ അനുവദിച്ച് കൊടുത്താല്‍ പിന്നെ എത്ര ബദ്ധപ്പെട്ടിട്ടാണ് അതൊന്ന് നിര്‍ത്തി കിട്ടുക എന്ന് ഞങ്ങള്‍ക്കറിയം. അതുകൊണ്ട് തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ തീരുമാനത്തോട് എതിരിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എത്ര കോടികള്‍ കിട്ടിയാലും ഞങ്ങളേയും കൂടി കേട്ടിട്ട് സര്‍ക്കാര്‍ ഇക്കാര്യം തീരുമാനിച്ചാല്‍ മതി.’

ജലലഭ്യത വിരളമായ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും ജലാധിഷ്ഠിത വ്യവസായം തുടങ്ങുമ്പോള്‍ ജലലഭ്യത സംബന്ധിച്ച പ്രാഥമിക പഠനമെങ്കിലും പൂര്‍ത്തീകരിച്ചിരിക്കണം. പാരിസ്ഥിതികാഘാത പഠനവും അനിവാര്യമാണ്. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ് പാലക്കാട് ബ്രൂവറിയും ബ്ലെന്‍ഡിങ് യൂണിറ്റിനും സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കൊക്കക്കോള കമ്പനി പ്ലാച്ചിമട ഉപേക്ഷിച്ചെങ്കിലും പാലക്കാട്ടെ ജലചൂഷണത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. പുതുശേരിയിലുള്ള പെപ്‌സി കമ്പനി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ദിവസേന ഊറ്റിയെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം വേനലില്‍ കടുത്ത വരള്‍ച്ചയുണ്ടായ സമയം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പെപ്‌സി കമ്പനി മൂന്ന് മാസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ആ സമയം കുടിവെള്ള സ്രോതസ്സുകളിലെ ജലനിരപ്പിനുണ്ടായ മാറ്റം ജലചൂഷണത്തിന് ഏറ്റവും വലിയ ഉദാഹരണമാണെന്ന് നാട്ടുകാര്‍ പറയുന്നു. കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ യു ബി എന്ന മദ്യ കമ്പനിയും, കുപ്പിവെള്ള കമ്പനിയുമടക്കം പ്രവര്‍ത്തിക്കുന്നു. ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത് ഭൂജലം ഊറ്റിയെടുത്താണ്. ഈയടുത്ത കാലയളവില്‍ തന്നെ 4.5 മീറ്ററോളം ഭൂജല നിരപ്പ് താഴ്ന്നതായാണ് പഠനം. നിലവില്‍ ജലാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വരെ വെള്ളം കിട്ടാതെ വരുമ്പോഴാണ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ക്കും അനുമതി നല്‍കിയിരിക്കുന്നത്.

പൊതുപ്രവര്‍ത്തകനായ ബോബന്‍ മാട്ടുന്തറ പറയുന്നു, ‘ഇനി ഇവിടെ ജലാധിഷ്ഠിത വ്യവസായത്തിന് ആരെങ്കിലും ഇന്‍വെസ്റ്റ് ചെയ്യുന്നു എന്ന് പറഞ്ഞാല്‍ അത് ഭൂജലം മാത്രം കണ്ടുകൊണ്ടായിരിക്കില്ല എന്നുറപ്പാണ്. കാരണം നിലവിലുള്ള കമ്പനികള്‍ക്ക് പോലും വെള്ളം കിട്ടാത്ത സാഹചര്യത്തില്‍ പുതിയ കമ്പനികള്‍ തുടങ്ങിയിട്ടെന്തു കാര്യം? അപ്പോള്‍ കണ്ണ് മലമ്പുഴയിലെ വെള്ളത്തിലാണ്. പക്ഷെ മലമ്പുഴയില്‍ പാലക്കാട്ടുകാര്‍ക്ക് കുടിക്കാനോ കൃഷിക്കോ പോലും വെള്ളം തരാന്‍ തികയില്ല എന്നതാണ് യാഥാര്‍ഥ്യം. മലമ്പുഴയിലെ വെള്ളം കിന്‍ഫ്രയിലേക്കെത്തിക്കുന്ന പൈപ്പ്‌ലൈനിലൂടെ ഒഴുകുന്ന വെള്ളം ലക്ഷ്യം വച്ചാണ് എല്ലാവരും നീങ്ങുന്നത്. ബ്രൂവറി വന്നാല്‍ പത്ത്‌കോടി ലിറ്റര്‍ വെള്ളം പ്രതിവര്‍ഷം ചെലവാകുമെങ്കില്‍ കിന്‍ഫ്രയിലേക്ക് പൈപ്പ് വഴി പ്രതിവര്‍ഷം എത്തിക്കുന്നത് 730 കോടി ലിറ്റര്‍ വെള്ളമാണ്. ജലചൂഷണം പലതരത്തില്‍ പലരും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.’

എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാന്‍ അപേക്ഷ നല്‍കിയയാള്‍ മുമ്പ് എം പി ഡിസ്റ്റലറി ആന്‍ഡ് ബ്രൂവറി എന്ന പേരില്‍ കഞ്ചിക്കോട് മദ്യനിര്‍മ്മാണ ശാല നടത്തിയിരുന്നു. എന്നാല്‍ പിന്നീട് അത് പിന്നീട് യു ബി കമ്പനിക്ക് മറിച്ച് നല്‍കുകയും ചെയ്തു. ഇതേ കമ്പനിയുടെ ഉപസ്ഥാപനമായ അപ്പോളോ ആണ് ബ്രൂവറി തുടങ്ങാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മദ്യത്തിന് വേണ്ടി സഹകരണമേഖലയില്‍ തുടങ്ങിയ സ്ഥാപനമാണ് മലബാര്‍ ഡിസ്റ്റിലറി. അത് മുമ്പ് ഷുഗര്‍ ഫാക്ടറിയായിരുന്നു. മദ്യത്തില്‍ ചേര്‍ക്കാനുള്ള എക്‌സ്ട്രാ നാച്യുറല്‍ ആല്‍ക്കഹോള്‍ (ഇ എന്‍ എ) ഉത്പാദിപ്പിക്കുന്ന കമ്പനിയായിരുന്നു. എന്നാല്‍ സ്വകാര്യ കമ്പനികള്‍ ഇവരില്‍ നിന്ന് ഇഎന്‍എ വാങ്ങാതായതോടെ കമ്പനി പൂട്ടേണ്ട അവസ്ഥയായി. അപ്പോഴാണ് സ്വന്തമായി മദ്യം ഉത്പാദിപ്പിക്കുന്ന കമ്പനിയായി അതിനെ മാറ്റാമെന്ന് മാനേജ്‌മെന്റ് തീരുമാനിക്കുന്നത്. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും കേരളത്തില്‍ വര്‍ഷങ്ങളായി ഡിസ്റ്റിലറിക്കും ബ്രൂവറിക്കും അനുമതി നല്‍കാതിരുന്നതോടെ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചു. മലബാര്‍ ഡിസ്റ്റലറിയെന്ന് പേര് മാറ്റിയതൊഴിച്ചാല്‍ മറ്റ് നടപടികളൊന്നും മുന്നോട്ട് പോയില്ല. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ ബ്ലെന്‍ഡിങ് യൂണിറ്റ് തുടങ്ങാനുള്ള അനുമതി മലബാര്‍ ഡിസ്റ്റലറിക്ക് നല്‍കി. സഹകരണ സ്ഥാപനമായതിനാല്‍ സ്വകാര്യ കമ്പനികള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ മലബാര്‍ ഡിസ്റ്റിലറിക്ക് നേരെ ഉയരുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി.

ബ്രൂവറി എല്‍ഡിഎഫിന്റെ ബാര്‍ കോഴയോ? എക്‌സൈസ് മന്ത്രിയുടെ മൗനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍