UPDATES

ട്രെന്‍ഡിങ്ങ്

ഏഴുവയസ്സുകാരിയുടെ ബലാത്സംഗ കൊലപാതകം: പോലീസിന്റെ നിഷ്ക്രിയത്വമാണ് കാരണമെന്ന് നാട്ടുകാര്‍

ഇന്നലെ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനയുണ്ടായിട്ടും അന്വേഷണം നടത്താന്‍ പോലീസ് താമസിച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം

കൊല്ലം കുളത്തുപ്പുഴയില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ആറ് മണിയോടെ കുളത്തൂപ്പുഴ ആര്‍.പി.എല്‍.(റീഹാബിലേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡ്) എസ്റ്റേറ്റിലെ തൊഴിലാളികളാണ് പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവ് രാജേഷിനെ ഇതേ റബ്ബര്‍ എസ്റ്റേറ്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിക്കുന്നതില്‍ പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയാണ് മരണത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ബുധനാഴ്ച പത്ത് മണിയോടെ ഏരൂര്‍ പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം വൈകിയതാണ് ദുരന്തത്തിന് കാരണമായതെന്നും നാട്ടുകാര്‍ പറയുന്നു.

ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ പെണ്‍കുട്ടിയുടെ അമ്മൂമ്മ കുട്ടിയ ട്യൂഷന്‍ ക്ലാസ്സിലാക്കാന്‍ കൊണ്ടുപോയി. എന്നാല്‍ വഴിയില്‍ വച്ച് പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവ് രാജേഷിനെ കണ്ടു. കുട്ടിയെ താന്‍ ട്യൂഷന്‍ ക്ലാസ്സിലാക്കാമെന്ന് പറഞ്ഞ് രാജേഷ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ ഒമ്പത് മണിയോടെ കുട്ടി ട്യൂഷന്‍ സെന്ററില്‍ എത്തിയിട്ടില്ല എന്ന കാര്യം അധ്യാപിക അമ്മയെ വിളിച്ചു പറഞ്ഞു. ഏറെക്കാലമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന ഇവര്‍ കുട്ടിയുടെ അച്ഛന്‍ കുട്ടിയെ കൂട്ടിക്കൊണ്ട് പോയതാണെന്ന സംശയത്തിലാണ് ഏരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തുന്നത്. പരാതി സ്വീകരിച്ച് അന്വേഷണം തുടങ്ങിയ എരൂര്‍ പോലീസ് സ്റ്റേഷന്‍ സംഘം സ്ഥലത്തെ രണ്ട് കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. രാജേഷ് പെണ്‍കുട്ടിയുമായി ബസില്‍ കയറിപ്പോവുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതില്‍ ഏരൂര്‍ പോലീസ് പരാജയപ്പെട്ടു.

ഇതിനിടെ പ്രദേശവാസികള്‍ പെണ്‍കുട്ടിയെ കാണാതായ വിവരം രാജേഷിന്റെ ചിത്രവുമുള്‍പ്പെടെ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിച്ചു. ബുധനാഴ്ച ഏതാണ്ട് 12 മണി മുതല്‍, പെണ്‍കുട്ടിയെ രാജേഷ് തട്ടിക്കൊണ്ട് പോയെന്നും കണ്ടെത്തുന്നവര്‍ ഉടന്‍ വിവരമറിയിക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം നല്‍കിയിരുന്നു. ഈ പോസ്റ്റുകള്‍ നിരവധി പേരിലെത്തുകയും ചര്‍ച്ചയാവുകയും ചെയ്തെങ്കിലും എല്ലാ തെളിവുകളും ലഭിച്ചിട്ടും പോലീസ് നിഷ്‌ക്രിയത്വം പാലിച്ചതായാണ് നാട്ടുകാരുടെ പരാതി.

ഏരൂര്‍ സ്വദേശിയായ ശ്രീപ്രസാദ് പറയുന്നതിങ്ങനെ “രാവിലെ ട്യൂഷന്‍ ക്ലാസ്സിലേക്ക് പോയ പെണ്‍കുട്ടി ക്ലാസ്സിലെത്തിയിട്ടില്ലെന്ന് ട്യൂഷന്‍ സെന്ററിലെ അധ്യാപകന്‍ കുട്ടിയുടെ അമ്മയെ രാവിലെ ഒമ്പത് മണിയായപ്പോള്‍ വിളിച്ചു പറഞ്ഞിരുന്നു. ഇതനുസരിച്ച് 10 മണിയായപ്പോള്‍ തന്നെ എരൂര്‍ പോലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതി നല്‍കി. കുട്ടിയുടെ അച്ഛന്‍ കൂട്ടിക്കൊണ്ട് പോയെന്നാണ് വീട്ടുകാര്‍ വിശ്വസിച്ചിരുന്നത്. രാജേഷിനെ അവര്‍ക്ക് സംശയം പോലുമില്ലായിരുന്നു. എന്നാല്‍ അച്ഛനോടൊപ്പം കുട്ടിയില്ലെന്ന വിവരം 10 മണിയോടെ തന്നെ ഏരൂര്‍ പോലീസിന് മനസ്സിലായി. തുടര്‍ന്നാണ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ഇതില്‍ നിന്ന് രാജേഷ് കുട്ടിയുമായി ബസില്‍ കയറിയെന്ന് വ്യക്തവുമായിരുന്നു. കുളത്തൂപ്പുഴ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷനിലാണ് രാജേഷിന്റെ വീട്. ഏരൂരില്‍ നിന്ന് നാല് കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളൂ കുളത്തൂപ്പുഴയിലേക്ക്. എന്നാല്‍ തെളിവുകളെല്ലാം മുന്നിലുണ്ടായിട്ടും ഈ രീതിയില്‍ ഒരന്വേഷണം നടത്താന്‍ പോലീസ് തുടക്കത്തില്‍ തയ്യാറായില്ല. പോലീസിന്റെ നടപടി വൈകുന്നതിനാല്‍ നാട്ടുകാര്‍ തന്നെ മുന്‍കയ്യെടുത്ത് കാണാതായ പെണ്‍കുട്ടിയുടേയും തട്ടിക്കൊണ്ട് പോയതായി സംശയിക്കുന്നയാളെന്ന രീതിയില്‍ രാജേഷിന്റേയും ഫോട്ടോകള്‍ വച്ച് വാട്സ്ആപ്പിലും ഫേസ്ബുക്കിലും പ്രചാരണം തുടങ്ങി. ഇത് എന്തെങ്കിലും ഫലം ചെയ്യുമെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്”.

ഇതിന് ശേഷമുള്ള കാര്യങ്ങള്‍ വിവരിക്കുന്നത് നാട്ടുകാരനായ കാര്‍ത്തികേയനാണ്. “സോഷ്യല്‍ മീഡിയിലെല്ലാം വാര്‍ത്തയും ഫോട്ടോയും വൈറലായി പോയിട്ടും കുട്ടിയെക്കുറിച്ച് യാതൊരറിവും ലഭിച്ചില്ല. ഏരൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ ഒരു വനിതയായിരുന്നിട്ടു കൂടി പെണ്‍കുട്ടി കാണാതായത് സംബന്ധിച്ച അന്വേഷണം അവര്‍ ഊര്‍ജ്ജിതമാക്കിയില്ല. സോഷ്യല്‍ മീഡിയയിലെല്ലാം വ്യാപകമായി വാര്‍ത്ത പരന്നതിനെ തുടര്‍ന്നാണെന്ന് തോന്നുന്നു അഞ്ചല്‍ സി.ഐ കേസ് അന്വേഷണം ഏറ്റെടുത്തു. അപ്പോഴേക്കും സമയം ഉച്ച കഴിഞ്ഞ് രണ്ട് മണിയായിരുന്നു. എന്നാല്‍ പോലീസ് സംഘം കുളത്തൂപ്പുഴ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത് വൈകിട്ട് അഞ്ച് മണിയോടെയാണ്. ആയിരത്തിലധികം ഏക്കറോളം വ്യാപിച്ച് കിടക്കുന്ന കുളത്തൂപ്പുഴ എസ്റ്റേറ്റില്‍ ഇരുട്ടിയാല്‍ അന്വേഷണം നടത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങനെ തിരച്ചില്‍ പിന്നേയും നീണ്ടു.

പിന്നീട് ആറ് മണിയോടെ റബ്ബര്‍ എസ്റ്റേറ്റില്‍ ജോലിയ്ക്കെത്തിയ ശ്രീലങ്കന്‍ അഭയാര്‍ഥികളായ തമിഴ് തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്. തൊഴിലാളികള്‍ വിശ്രമിക്കുന്ന റോഡിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ നിന്നാണ് മൃതദേഹം കണ്ടെടുക്കുന്നത്. തുടര്‍ന്ന് നാട്ടുകാരാണ് പോലീസ് വിവരമറിയിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. പിന്നീട് എസ്റ്റേറ്റില്‍ ഒളിച്ചിരുന്ന രാജേഷിനെ പിടികൂടിയതും നാട്ടുകാര്‍ തന്നെയാണെന്നും പറയപ്പെടുന്നു. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ മഫ്തിയില്‍ പോലീസുകാര്‍ എസ്റ്റേറ്റിലുണ്ടായിരുന്നെന്നും നാട്ടുകാരും പോലീസുകാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്നും അഞ്ചല്‍ സി.ഐ. പറയുന്നു. “ഏരൂര്‍ പോലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി ലഭിക്കുന്നത്. പരാതിയനുസരിച്ച് കുട്ടിയുടെ അച്ഛന്‍ തന്നെ കുട്ടിയെ കൂട്ടിക്കൊണ്ട് പോയിരിക്കാനുള്ള സാധ്യതയാണ് പോലീസ് ആദ്യം പരിശോധിച്ചത്. പിന്നീട് ഉച്ചയോടെ ഞാന്‍ കേസ് അന്വേഷണം ഏറ്റെടുത്തു. കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ അപ്പോള്‍ തന്നെ തീരുമാനിച്ചെങ്കിലും ഇരുട്ടിയതോടെ എസ്റ്റേറ്റില്‍ അന്വേഷണം തുടരാന്‍ കഴിയാതെയായി. എന്നാല്‍ പോലീസുകാര്‍ മഫ്തിയില്‍ ജോലിയിലുണ്ടായിരുന്നു. തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ എസ്റ്റേറ്റില്‍ നിന്ന് പിടികൂടുന്നത്.”

എന്നാല്‍ പോലീസ് കൃത്യ സമയത്ത് ഇടപെട്ട് അന്വേഷണം നടത്തിയിരുന്നെങ്കില്‍ പെണ്‍കുട്ടിയെ മരണത്തില്‍ നിന്ന് രക്ഷപെടുത്താമായിരുന്നു എന്നാണ് നാട്ടുകാരുടെ ഉറച്ച വിശ്വാസം. പെണ്‍കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിച്ചിരിക്കുകയാണ്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍