UPDATES

മണ്ണിരകള്‍ ചത്തൊടുങ്ങുന്നു, കടുത്ത ചൂടും സൂര്യാഘാതവും; എന്താണ് വയനാട്ടില്‍ സംഭവിക്കുന്നത്?

അതി തീവ്ര മഴയുടെ മറുവശമാണ് വയനാട്ടിൽ ദിവസങ്ങൾക്കുള്ളിൽ അനുഭവപ്പെടുന്ന കടുത്ത ചൂടും വരൾച്ചയിലേക്ക് നീങ്ങുന്ന പ്രതിഭാസങ്ങളും

കനത്ത നാശനഷ്ടങ്ങളും ഭൗമ പ്രതിഭാസങ്ങളും അവശേഷിപ്പിച്ച പ്രളയ ദിനങ്ങൾ കടന്നു പോയതിനു ശേഷം ദീർഘ കാലത്തേക്ക് നീളാനിടയുള്ള പാരിസ്ഥിതിക ആഘാതങ്ങളുടെ ദുരിതം നേരിടുകയാണ് വയനാട് ജില്ല. ഏക്കർ കണക്കിന് പ്രദേശങ്ങൾ തന്നെ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഒലിച്ചുപോയതിന്റെ ആഘാതം പരിഹരിക്കപ്പെടാൻ കാലങ്ങൾ വേണ്ടി വരും.കുന്നിൻ ചെരിവുകൾ നിരങ്ങി നീങ്ങുകയും വിണ്ടു കീറുകയും ചെയ്ത വയനാടൻ മണ്ണിലെ പാരിസ്ഥിതിക പ്രതിഭാസങ്ങൾ പലരീതികളിൽ ഇപ്പോഴും തുടരുകയാണ്.

ഇടതടവില്ലാതെ പെയ്ത കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും കെടുതികൾ അല്പമെങ്കിലും അകന്നു തുടങ്ങിയ ദിവസങ്ങളിൽ തന്നെ കടുത്ത ചൂടിലേക്ക് വഴിമാറിയിരിക്കുകയാണ് വയനാട്ടിലെ കാലാവസ്ഥ. പകൽ ഉയർന്ന ചൂടും രാത്രി തണുപ്പും എന്ന നിലയിലേക്കാണ് വയനാട് അതിവേഗം മാറിയത്. ഡെക്കാൻ പീഠഭൂമി പ്രദേശത്തെ കാലാവസ്ഥ പശ്ചിമഘട്ടത്തെ കടന്നു വയനാട്ടിലേക്ക് പ്രവേശിക്കുന്നതിന്റെ സൂചനയാണിത്.

ചിറാപുഞ്ചി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന പ്രദേശമായിരുന്നു വയനാട്. എന്നാൽ കാലങ്ങളായി ഇത് മാറിയിരിക്കുന്നു. അതിനിടയിലാണ് ദുരന്തങ്ങളും പരിസ്ഥിതി ആഘാതങ്ങളും സൃഷ്ടിച്ച അതിതീവ്ര മഴ ഇത്തവണ പെയ്തത്. ഡെക്കാൻ പീഠഭൂമി യിൽ നിന്നുള്ള ചൂടുകാറ്റാണ് വയനാടിനെ ബാധിക്കുന്നത്. 2004ൽ ജില്ലയിലെ പ്രധാന നദിയായ കബനി വറ്റിയിരുന്നു. പുൽപ്പള്ളി ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ കാർഷിക മേഖലയെ ഇത് സാരമായി ബാധിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കഴിഞ്ഞു പോയ അതിവര്‍ഷത്തിന് ശേഷം പുഴകളും കിണറുകളും മറ്റ് ജലസ്രോതസ്സുകളുമെല്ലാം വറ്റി വരണ്ടു തുടങ്ങി. ഒപ്പം കടുത്ത ചൂടും. തീവ്ര മഴ മണ്ണിലെ ജൈവാംശത്തെ നഷ്ടപ്പെടുത്തിയിരിക്കുന്നു. മണ്ണിലെ ഈർപ്പം പൂർണമായും വലിഞ്ഞു. ഇതോടെയാണ് പ്രളയം കഴിഞ്ഞു ദിവസങ്ങൾക്കകം മണ്ണിരകൾ ഉൾപ്പടെയുള്ള സൂക്ഷ്മജീവികൾ മണ്ണിനുള്ളിൽ നിന്ന് കൂട്ടത്തോടെ ചത്തൊടുങ്ങിയത്. ഇത് വയനാടിനെ വരും നാളുകളിൽ ബാധിക്കാനിരിക്കുന്ന വരൾച്ചയുടെ മുന്നറിയിപ്പാണെന്നു ജില്ല മണ്ണ് സംരക്ഷണ ഓഫീസർ പി യു ദാസ് വ്യക്തമാക്കുന്നു.

രാത്രിയിലെ ചൂടിന്റെ ഇരട്ടിയാണ് പകൽ നേരങ്ങളിൽ ഇവിടെ. 28.6 ഡിഗ്രി സെൽഷ്യസ് വരെ ഇക്കഴിഞ്ഞ ദിവസം താപനില ഉയർന്നു. കടുത്ത ചൂട് തുടങ്ങിയതോടെ സൂര്യതപം ഏറ്റ നിലയിൽ കൽപ്പറ്റയിൽ രണ്ടു പേർ ചികിത്സ തേടി. മൈലാടി സ്വദേശി ഇസ്മയിൽ കമ്മനാട്, നടവയൽ സ്വദേശി ബിജു എന്നിവർക്കാണ് സൂര്യതപം ഏറ്റത്.

അതി തീവ്ര മഴയുടെ മറുവശമാണ് വയനാട്ടിൽ ദിവസങ്ങൾക്കുള്ളിൽ അനുഭവപ്പെടുന്ന കടുത്ത ചൂടും വരൾച്ചയിലേക്ക് നീങ്ങുന്ന പ്രതിഭാസങ്ങളും. മണ്ണിന്റെ പ്രകൃതി ദത്തമായ ഈർപ്പം നഷ്ടപ്പെട്ടു. സൂക്ഷ്മ ജീവികൾ ചത്തൊടുങ്ങുന്നതിനു പുറമെ ദുർബലമായ വേരുകൾ ഉള്ള കാർഷിക വിളകളെയും മണ്ണിന്റെ ഈർപ്പ നഷ്ടം ബാധിച്ചു തുടങ്ങി. കുരുമുളക് വള്ളികൾ ഉണങ്ങിതുടങ്ങിയത് ഇതിന്റെ ഫലമായിട്ടാണ്. കവുങ്ങ് ,നെല്ല് തുടങ്ങിയ കാർഷിക വിളകളെയും ഇത് ബാധിക്കും.

വലിയ മരങ്ങളുടെ ചില്ലകൾ വെട്ടി മണ്ണിനെ നന്നായി പുതച്ചു കൊടുക്കലാണ് അല്പമെങ്കിലും മണ്ണിന്റെ ഈർപ്പം നിലനിർത്താൻ ഇനിയുള്ള പോംവഴിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊഴിലുറപ്പ് ജോലികൾ പോലുള്ളവ വയനാട്ടിൽ ഇത്തരം പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ടിയിരിക്കുന്നു എന്ന അഭിപ്രായവും ഉയരുന്നുണ്ട്. നഷ്ടമായ സ്വാഭാവിക പ്രകൃതിയെ തിരിച്ചു പിടിക്കാൻ ഇത്തരം ഇടപെടലുകൾക്ക് മാത്രമേ സാധ്യത ഉള്ളൂ എന്നും വിലയിരുത്തപ്പെടുന്നു. നീർച്ചാലുകളുടെ സാന്ദ്രത കൂടുതലുള്ള വയനാട്ടിൽ പെയ്യുന്ന മഴ മണ്ണിൽ ശേഖരിക്കപ്പെടുന്നില്ലെന്നും ജലവിഭവ മാനേജ്‌മന്റ് ഈ നാടിന് അത്യന്താപേക്ഷിതമാണെന്നും അഭിപ്രായമുയരുന്നുണ്ട്.

പുഴകളും തോടുകളും മിക്കവയും ഗതിമാറി എന്നതും വയനാടിന്റെ ഭൂപ്രകൃതിയിൽ മാറ്റമുണ്ടാക്കിയിട്ടുണ്ട്. തലപ്പുഴ നാല്പത്തിമൂന്നാം മൈലിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് തടാകം രൂപപ്പെട്ടതാണ് മറ്റൊരു പ്രതിഭാസം. വനത്തിനുള്ളിൽ ഉരുൾപൊട്ടി പത്തേക്കറോളം ഒലിച്ചുപോയത് പുറം ലോകമറിഞ്ഞത് ഇക്കഴിഞ്ഞ ദിവസം തടാകം ശ്രദ്ധയിൽ പെട്ടതോടെയാണ്. പുതുതായി തടാകം ഉണ്ടായപ്പോൾ സമീപത്തെ തോട് ഗതിമാറിയിരിക്കുകയാണ്.

കഴിഞ്ഞു പോയ പ്രളയ ദിനങ്ങൾ വയനാടിന്റെ മണ്ണിൽ അവശേഷിപ്പിക്കുന്നത് ഇങ്ങനെയുള്ള പ്രതിഭാസങ്ങളും കടുത്ത ചൂടും വരൾച്ചയും ഒക്കെയാണ്. കനത്ത മഴ മാത്രമല്ല, വ്യാപകമായ ഖനനങ്ങളും കയ്യേറ്റങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും രാസവളങ്ങളുടെ അമിതമായ ഉപയോഗവുമൊക്കെ ഈ മണ്ണിന്റെ ജൈവികതയെ തകർക്കുന്നുണ്ട്. ടൂറിസം രംഗത്തെ വളർച്ചയും വരുമാനവും മുന്നിൽ കണ്ടാണ് ഇതിലേറെയും നടക്കുന്നത്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ സംരക്ഷിച്ചുകൊണ്ടുള്ള ഇടപെടൽ സാധ്യമാവുന്നില്ലെങ്കിൽ വയനാട്ടിലെ മണ്ണിൽ ഒരു ജനതയുടെ കണ്ണീര് ഇനിയും പതിച്ചുകൊണ്ടിരിക്കും.

നിലതെറ്റിയ കുന്നുകള്‍ നിലവിളിക്കുന്നു; മറക്കരുത്, പരിസ്ഥിതി ലോലമാണ് വയനാട്

ഒരു ജനത കുടിയിറങ്ങേണ്ടി വരുമോ? പാരിസ്ഥിതിക ദുരന്ത ഭീഷണിയില്‍ വയനാട്

വയനാട്ടില്‍ ആദിവാസി ജനത കടന്നുപോകുന്നത് കൊടുംദുരിതങ്ങളിലൂടെ; പ്രകൃതിദുരന്തം ഇല്ലാതാക്കിയത് അവരുടെ ആവാസവ്യവസ്ഥയെയാണ്

ഷിജിത്ത് വായന്നൂര്‍

ഷിജിത്ത് വായന്നൂര്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍