UPDATES

വീഡിയോ

നഷ്ടം 6 കോടിക്കുമേല്‍; റീബില്‍ഡ് കേരളയില്‍ ഫാം ടൂറിസം ആസൂത്രണം ചെയ്ത നിലമ്പൂരിലെ മുണ്ടേരി ഫാം പ്രളയത്തില്‍ തരിപ്പണമായി

ഫാമിലെ പച്ചക്കറി കൃഷികളും വാഴകളും പോയി. പിന്നെ അതില്‍ എടുക്കാന്‍ പറ്റുന്ന പലതും ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊടുത്തു

ചാലിയാര്‍ കരകവിഞ്ഞപ്പോള്‍ നിലമ്പൂരിലും അയല്‍ ജില്ലകളിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. മുണ്ടേരി ഫാമിലെ ഒരു ബ്ലോക്കില്‍ മാത്രം 2.5 കോടി മുതല്‍ 6 കോടി വരെ രൂപയുടെ നാശഷ്ടങ്ങളുണ്ടായി എന്നാണ് വിവരം. മാത്രമല്ല മുണ്ടേരി ഫാമിലെ പ്രളയക്കെടുതികള്‍ അനുഭവിക്കുന്ന ആദിവാസി ഊരുകളില്‍ നിന്നും പുറത്തെത്താനാകാതെ ഇനിയും ഒറ്റപ്പെട്ടു കിടക്കുന്നത് അഞ്ഞൂറിലധികം ഗോത്രവര്‍ഗ്ഗക്കാരാണ്. മുണ്ടേരി സീഡ് ഫാമിനോടു ചേര്‍ന്ന് ചാലിയാറിന്റെ മറുകരയിലുള്ള വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപ്പെട്ടി, ഇരുട്ടുകുത്തി എന്നീ കോളനികളിലായാണ് നൂറ്റിഇരുപത്തോളം ആദിവാസി കുടുംബങ്ങള്‍ ഇപ്പോഴും അകപ്പെട്ടുകിടക്കുന്നത്. ഉരുള്‍പൊട്ടലുകള്‍ക്കിടയില്‍ ചാലിയാര്‍ കരകവിഞ്ഞൊഴുകിയതോടെ ഇക്കരയെത്താന്‍ ആകെയുണ്ടായിരുന്ന പാലങ്ങളും ഒലിച്ചുപോയതാണ് ഇവര്‍ ഒറ്റപ്പെടാന്‍ കാരണം.

മുണ്ടേരി ഫാം ഹെഡ് ഓഫ് ദ ഇന്‍സ്റ്റിറ്റിയൂഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജ്യോതിഷ് ജേക്കബ് ചെറുകര ഫാമിനുണ്ടായ നഷ്ടങ്ങളെ പറ്റി പ്രതികരിക്കുന്നു, ‘ഓഗസ്റ്റ് എട്ടാം തീയതി മുതലായിരുന്ന ചാലിയാര്‍ കരകവിഞ്ഞ് ഫാമിലേക്ക് കുത്തിയൊഴുകിയത്. മുണ്ടേരി സീഡ് ഫാം അഞ്ച് ബ്ലോക്കുകളായിട്ടാണ് തിരിച്ചിരിക്കുന്നത്. അതിലെ മൂന്നാമത്തെ ബ്ലോക്കിലെ പത്തിഇരുനൂറോളം കൃഷിഭൂമി മണ്ണ് കയറി പോയി. ആ ബ്ലോക്കില്‍ മാത്രം അഞ്ച് കോടി വരെ നഷ്ടമുണ്ടായി എന്നാണ് ഇപ്പോ പ്രാഥമികമായ നിരീക്ഷണത്തില്‍ നിന്ന് മനസിലാവുന്നത്. ഫാമിലെ രണ്ട് ബ്ലോക്കുകള്‍ കൂടി പോയിട്ടുണ്ട്. മൂന്നും നാലും ബ്ലോക്കുകളിലും നാശനഷ്ടമുണ്ടായി. അങ്ങോട്ടുള്ള വഴികള്‍ വെള്ളം കയറിയപ്പോ ഇടിഞ്ഞ് പോയി. ചാലിയാര്‍ പുഴയുടെ വശത്തൂടെ ഉണ്ടായിരുന്ന മൂന്നരകിലോമീറ്റര്‍ റോഡാണ് ഒലിച്ചുപോയത്. അവിടുത്തെ നഷ്ടം കണക്കാക്കാന്‍ പറ്റിയിട്ടില്ല.

വെള്ളം കയറിയത്തോടെ 3500 വിത്തുകള്‍ പാകിയിരുന്നത് പോയി. കൂടാതെ അടുത്ത വര്‍ഷത്തേക്ക് വച്ചിരുന്ന നാല്‍പതിനായിരത്തോളം കുരുമുളക് വള്ളികള്‍, കോക്കനട്ട് കൗണ്‍സിലിന് വേണ്ടി തയ്യാറാക്കിയിരുന്നു അമ്പതിനായിരത്തോളം തെങ്ങിന്‍ തൈകള്‍, ഇറിഗേഷന്‍ സാമഗ്രികള്‍, പമ്പ്‌സെറ്റുകള്‍, പമ്പ് ഹൗസുകള്‍, ഷെഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, വൈദ്യുതി കമ്പികള്‍, ട്രാന്‍സ്‌ഫോമറുകള്‍, റോഡുകള്‍ എല്ലാം നശിച്ചു. റീബില്‍ഡ് കേരളയില്‍ വരുന്ന ഫാം ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ ഇരുന്നതാണ്. മുഴുവന്‍ പ്രദേശം സന്ദര്‍ശിച്ചാല്‍ മാത്രമെ നഷ്ടങ്ങളുടെ വിവരങ്ങള്‍ കൃത്യമായി കണക്കാക്കാന്‍ സാധിക്കൂ. ഇപ്പോള്‍ അവിടെ പല പ്രദേശത്തും എത്തിപ്പെടാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എഞ്ചിനിയറിംഗ് വിഭാഗത്തിനോട് പറഞ്ഞിട്ടുണ്ട്. പ്രാഥമിക വിവരങ്ങള്‍ ആഗ്രികര്‍ച്ചര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ചാലിയാറിന്റെ അക്കരയുള്ള നാലു ആദിവാസി കോളനിക്കാര്‍ ഇക്കരയ്ക്ക് വന്നിരുന്നത് മുണ്ടേരി ഫാമിലേ മൂന്നും നാലും ബ്ലോക്കില്‍ നിന്നുളള്ള പാലത്തിലൂടെയായിരുന്നു. ആ പാലവും പോയി. അവിടുത്തെ ആദിവാസികള്‍ക്ക് പുറംലോകത്ത് എത്തിപ്പെടമെങ്കിലുള്ള ഒരേ ഒരു മാര്‍ഗ്ഗം ആ പാലത്തിലൂടെ ഫാമിലെത്തി, ഫാമിന്റെ റോഡിലൂടെ പ്രധാന പാതയിലെത്തിയായിരുന്നു. ഇനി റോഡ് വെട്ടണമെങ്കില്‍ എതുവഴി വെട്ടുമെന്നും ഒക്കെയുള്ള കാര്യങ്ങള്‍ കൂടി പരിശോധിക്കേണ്ടി വരും.

ഫാമിലെ പച്ചക്കറി കൃഷികളും വാഴകളും പോയി. പിന്നെ അതില്‍ എടുക്കാന്‍ പറ്റുന്ന പലതും ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊടുത്തു. പാവയ്ക്ക്, തേങ്ങ അങ്ങനെ പലതും ക്യാമ്പിലേക്ക് നല്‍കി. ഫാമിന് നഷ്ടം സംഭവിച്ചു എന്നാലും ദുരിതത്തിലുള്ളവരെ സഹായിക്കുക എന്നതാണ്. ചെറിയ നഷ്ടങ്ങള്‍ ഒക്കെ മുമ്പും ഉണ്ടായിട്ടുണ്ട്. വര്‍ഷത്തില്‍ എല്ലാ സമയത്തും വന്യമൃഗങ്ങളുടെ ആക്രമണമുള്ളതാണ് ആന, പന്നി, വിത്ത് തിന്നാന്‍ എത്തുന്ന മയിലുകള്‍. പക്ഷേ അതൊന്നും അത്ര വലിയതായി ബാധിക്കാറില്ല. ഇനി കഠിനമായ പ്രയത്‌നം ചെയ്താലെ ഫാം ഇനി പഴയ നിലയില്‍ എത്തിക്കാന്‍ സാധിക്കൂ. ഫാമിന്റെ പ്രധാന ഭൂമികളാണ് പോയത്.” ജ്യോതിഷ് ജേക്കബ് ചെറുകര പറഞ്ഞു നിര്‍ത്തി.

മുണ്ടേരി ഫാം

വനംവകുപ്പിന്റെ കീഴില്‍ വരുന്ന ഭൂമിയായിരുന്നു ഇത്. നിലമ്പൂര്‍ ഡിവിഷനില്‍ വരുന്ന റിസര്‍വ് ഫോറസ്റ്റില്‍ വരുന്ന ഭൂമിയായിരുന്ന ഈ പ്രേദശം 1980ലാണ് കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തിലെത്തുന്നത്. ലോകബാങ്കിന്റെ സഹായത്തോടെ സ്‌പെഷ്യല്‍ അഗ്രികര്‍ച്ചറല്‍ ഡെവലപ്പമെന്റെ യൂണിറ്റ് (സാഡ്) എന്ന ഒരു പദ്ധതി കൃഷി വകുപ്പ് ആരംഭിച്ചിരുന്നു. മലപ്പുറം ജില്ലയില്‍ മേല്‍ത്തരം നടീല്‍ വസ്തുക്കള്‍ ഉണ്ടാക്കുകയെന്നതായിരുന്നു ഈ യൂണിറ്റിന്റെ ലക്ഷ്യം. 1987-ല്‍ ലോക ബാങ്ക് ഈ പദ്ധതിക്കുള്ള ഫണ്ടിംഗ് നിര്‍ത്തലാക്കി. തുടര്‍ന്ന് സാഡ് യൂണിറ്റും നിന്നുപോയി. തുടര്‍ന്ന് ഭൂമിയുടെ ഉടമസ്ഥത കാര്‍ഷിക വകുപ്പിന് ലഭിക്കുകയും ചെയ്തു. നിലവില്‍ റീസര്‍വേ നടത്തിയാല്‍ മാത്രമെ എത്ര ഹെക്ടര്‍ പ്രദേശം ഉണ്ടെന്ന് അറിയാന്‍ സാധിക്കൂ. 1980ലെ കണക്ക് പ്രകാരം 505 ഹെക്ടര്‍ ഭൂമിയാണ് ഉള്ളത്. ഇതില്‍ 197 ഹെക്ടര്‍ ഭൂമി ഇക്കോളജിക്കല്‍ ഫ്രാഗിന്‍ ലാന്‍ഡ്. അവിടെ കൃഷിയോ മറ്റു കാര്യങ്ങളോ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍