UPDATES

ട്രെന്‍ഡിങ്ങ്

ഈ വീട് കണ്ടോ? ഇതായിരുന്നു അഭിമന്യുവിന്റെ വീട്…

അഭിമന്യുവിനെ അറിയാവുന്നവര്‍ എല്ലാം പറയുന്നൊരു കാര്യമുണ്ട്; ഒരിക്കലും അവന്‍ സ്വന്തം ഇഷ്ടങ്ങള്‍ക്ക് വേണ്ടി ഒരു വാശിയും പിടിച്ചിരുന്നില്ല

ഇന്നത്തെ ദേശാഭിമാനി പത്രത്തില്‍ അഭിമന്യുവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ ഒന്നില്‍ ആ ഇരുപതുകാരന്റെ വീടിനെ കുറിച്ച് പറയുന്നുണ്ട്. വീടിന്റെ മുന്‍ഭാഗത്തിന്റെ ചിത്രം സഹിതം. ആ ചിത്രം കാണുമ്പോള്‍ തന്നെ അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന്റെ വേദന ഇരട്ടിയാകും. ഇവിടെ നിന്നവന്‍ കാടും മലയും താണ്ടി മഹരാജാസ് എന്ന അവന്റെ സ്വപ്‌ന കലാലയത്തില്‍ എത്തിയത് ജീവിതത്തില്‍ ഒരുപാട് പ്രതീക്ഷകളുമായിട്ടായിരുന്നു. ഒടുവില്‍ ആശിച്ചപോലെയൊന്നുമാകാന്‍ കഴിയാതെ,തിരികെ അതേ വീട്ടിലേക്ക് തന്നെ എത്തേണ്ടി വന്നു.

വട്ടവടയെന്ന അതിര്‍ത്തി ഗ്രാമത്തിലെ അഭിമന്യുവിന്റെ വീട്-നാഗരിക സങ്കല്‍പ്പത്തില്‍ അതിനെ വീട് എന്നു വിളിക്കുമോ എന്നറിയില്ല-അവന്റെ ജീവിതത്തിന്റെ നേര്‍ ചിത്രമാണ്. ഇല്ലായ്മയുടെയും പ്രാരബ്ധങ്ങളുടെയും ഒരു ജീര്‍ണപ്രതീകം. അതൊരു ഒറ്റ മുറി വീട് മാത്രമാണെന്ന് ദേശാഭിമാനിയുടെ വാര്‍ത്തയില്‍ പറയുന്നു. അഭിമന്യുവും അച്ഛനും അമ്മയും മുത്തശ്ശിയും ചേട്ടന്‍ പരിജിത്തും ചേച്ചി കൗസല്യയും അടക്കം ആറുപേര്‍ ആ ഒറ്റമുറി വീട്ടില്‍ ഉണ്ടായിരുന്നു, അവിടെയായിരുന്നു അവരുടെ ജീവിതം. കേറിക്കിടക്കാന്‍ മാത്രം ഉതകുന്നൊരു ഇടം. അതിനപ്പുറം നമ്മുടെ തീരുമാനങ്ങളില്‍ ഉണ്ടാക്കിയെടുക്കുന്ന വീടുകളുടെ ഉറപ്പൊന്നും അതിനില്ല.

അഭിമന്യുവിന്റെ ആ വീട്ടില്‍ ആകെയുണ്ടായിരുന്ന ഒരു ആഢംബര വസ്തുവിനെ കുറിച്ചും ദേശാഭിമാനി വാര്‍ത്തയിലുണ്ട്; കേടായി, മുറിയുടെ മൂലയിലൊതുങ്ങിയ ഒരു ചെറിയ ടിവി. മൂന്നു മാസം മുമ്പ് കേടായ ആ ടിവി നന്നാക്കാന്‍ പോലുമുള്ള സാമ്പത്തിക ശേഷി അവര്‍ക്കുണ്ടാകില്ല. അതിനാകുമായിരുന്നെങ്കില്‍ ഫുട്‌ബോള്‍ പ്രേമിയായ അഭിമന്യു അവന്‍ വീട്ടില്‍ ഉള്ളപ്പോള്‍ കളി കാണാനെങ്കിലും അത് നന്നാക്കിയെടുക്കാന്‍ ആഗ്രഹിച്ചിരുന്നേനെ. പക്ഷേ, അഭിമന്യുവിനെ അറിയാവുന്നവര്‍ എല്ലാം പറയുന്നൊരു കാര്യമുണ്ട്; ഒരിക്കലും അവന്‍ സ്വന്തം ഇഷ്ടങ്ങള്‍ക്ക് വേണ്ടി ഒരു വാശിയും പിടിച്ചിരുന്നില്ല.

സൈമണ്‍ ബ്രിട്ടോയുടെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ സീന ഭാസ്‌കര്‍ക്കും ഉണ്ട് അങ്ങനെയൊരു അനുഭവം; അഭിയെ പോലുള്ള കുട്ടികള്‍ വീട്ടില്‍ വരുമ്പോള്‍ ബ്രിട്ടോ പറയും അവര്‍ക്ക് എന്തെങ്കിലും ഇറച്ചിയോ മറ്റോ വാങ്ങി വച്ചു കൊടുക്കാന്‍. അഭി അപ്പോഴും ചോദിച്ചിരുന്നത് എന്തിനാ ചേച്ചി ചിക്കനൊക്കെ വാങ്ങി കാശ് കളയുന്നതെന്നാണ്. കറി വേണ്ടേടാ എന്നു തിരിച്ചു ചോദിച്ചാല്‍, ഞങ്ങള്‍ പലപ്പോഴും പച്ചച്ചോറാണ് ചേച്ചീ കഴിക്കണതെന്നായിരുന്നു അവന്റെ ചിരിയോടെയുള്ള മറുപടി.

തന്റെ കഷ്ടപ്പാടുകളുമായി അവന്‍ പൊരുത്തപ്പെട്ടിരുന്നു. അനുഭവിച്ചുപോരുന്ന ദുരിതങ്ങള്‍ക്കപ്പുറം നല്ലൊരു ജീവിതം അവന്‍ എന്നും സ്വപ്‌നം കണ്ടിരുന്നു. ആ സ്വപ്‌നം അഭിമന്യു യാഥാര്‍ത്ഥ്യമാക്കുമെന്ന വിശ്വാസം അവന്റെ കുടുംബത്തിനുമുണ്ടായിരുന്നു. അതുകൊണ്ടാണ് എത്ര കഷ്ടപ്പാടുകള്‍ സഹിച്ചാലും മകന്‍ ആഗ്രഹിച്ചപോലെ, ആഗ്രഹിച്ചയിടത്ത് പഠിക്കട്ടെ എന്നു തീരുമാനിക്കാന്‍ മനോഹരനെയും ഭാര്യയേയും പ്രേരിപ്പിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം തങ്ങള്‍ക്ക് പഠിക്കാന്‍ കഴിയാതെ പോയെങ്കിലും നന്നായി പഠിക്കുന്ന അനിയനെ അവന് ഇഷ്ടമുള്ളത്രയും പഠിപ്പിക്കുമെന്ന വാശി പരിജിത്തിനും കൗസല്യക്കും ഉണ്ടായതും അഭിയിലുള്ള വിശ്വാസത്തിന്റെ പുറത്തായിരുന്നു. അവര്‍ അവനെ അത്രമേല്‍ സ്‌നേഹിച്ചു, അവന് വേണ്ടി ചെയ്യാവുന്നതൊക്കെ ചെയ്തു കൊടുത്തു.

അഭിമന്യുവിന്റെ ആ വീട്ടില്‍ ആകെ ഒരു കട്ടിലാണ് ഉള്ളത്. ആ കട്ടില്‍ അഭിമന്യുവിനാണ്. അവനെ കട്ടിലില്‍ കിടത്തിയിട്ട്, ആ അച്ഛനും അമ്മയും അമ്മൂമ്മയും ചേട്ടനും ചേച്ചിയുമെല്ലാം നിലത്തു കിടക്കും. നാന്‍ പെറ്റ കിളിയേ… എന്ന് വാവിട്ട് നിലവിളിച്ച ആ അമ്മയുടെ സങ്കടത്തിന്റെ ആഴം മനസിലാകണമെങ്കില്‍ ഈ വീടിന്റെ അവസ്ഥയും അതിനിടയിലും ആ കുടുംബം അവരുടെ പ്രിയപ്പെട്ട അഭിമന്യുവിനെ വളര്‍ത്തി രീതിയും മനസിലാക്കണം. ഇനിയാ വീട്ടില്‍ അഭിമന്യു ഇല്ല. ആ കട്ടില്‍ അങ്ങനെ വെറുതെ കിടക്കും, ഇരുമ്പലമാരയുടെ ഒരു ഭാഗത്ത് അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളും ഷര്‍ട്ടും മുണ്ടും ഇനിയാരും തൊടാനില്ലാതെ അവിടെയിരിക്കും. അഭിമന്യു ആ വീട്ടിലേക്ക് ഇനി വരില്ലല്ലോ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍