UPDATES

അഭിഭാഷക കുപ്പായം പൊരുതി നേടി സിസ്റ്റര്‍ (അഡ്വ.) ടീന ജോസ്; “ഞാന്‍ നിശബ്ദയാകില്ല, പോരാട്ടം നീതിയുടേയും നിയമത്തിന്റെയും വഴിയില്‍”

പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും നീതി ലഭ്യമാക്കാന്‍ തീരുമാനിച്ച് അഭിഭാഷക വൃത്തിക്കിറങ്ങിയ ഈ കന്യാസ്ത്രീക്ക് പക്ഷെ നീതി ലഭിക്കാന്‍ 13 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.

കണ്‍മുന്നില്‍ നടക്കുന്ന അനീതികളും നീതിനിഷേധങ്ങളും കണ്ട് മനസ്സുമടുത്തിട്ടാണ് കന്യാസ്ത്രീ വേഷത്തിന് പുറമെ നീതിയുടെ കറുത്ത ഗൗണും അണിയാന്‍ സിസ്റ്റര്‍ ടീന ജോസ് തീരുമാനിച്ചത്. പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും നീതി ലഭ്യമാക്കാന്‍ തീരുമാനിച്ച് അഭിഭാഷക വൃത്തിക്കിറങ്ങിയ ഈ കന്യാസ്ത്രീക്ക് പക്ഷെ നീതി ലഭിക്കാന്‍ 13 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 64-കാരിയായ സിസ്റ്റര്‍ ടീനയ്ക്ക് നീതി ലഭ്യമായിരിക്കുന്നു. സിസ്റ്റര്‍ ടീന ജോസും ബാര്‍ കൗണ്‍സിലും തമ്മിലുള്ള നിയമ പോരാട്ടങ്ങളില്‍ ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക്‌ ഭൂഷന്‍ എന്നിവരുടെ ബഞ്ച് സിസ്റ്റര്‍ ടീനയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു.

കന്യാസ്ത്രീ പട്ടം ഒരു ജോലിയാണോ? ഈ ചോദ്യം അവസാനമെത്തിയത് സുപ്രീം കോടതിയുടെ മുന്നിലാണ്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ഈ ചോദ്യമുന്നയിച്ചത്. പക്ഷെ സുപ്രീം കോടതി ആ ചോദ്യം തന്നെ തള്ളിക്കളഞ്ഞു. കന്യാസ്ത്രീയായ ഒരാള്‍ക്ക് അഭിഭാഷകയാവാമോ? വര്‍ഷങ്ങളായി ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയും പിന്നീട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ചര്‍ച്ച ചെയ്തത് ഈ വിഷയമാണ്. കന്യാസ്ത്രീ പട്ടം ഒരു ജോലിയാണെന്നും, ഒരു ജോലി ചെയ്യുമ്പോള്‍ അതിനൊപ്പം അഭിഭാഷക ജോലി ചെയ്യാനാവില്ലെന്നുമായിരുന്നു ബാര്‍ കൗണ്‍സിലിന്റെ ന്യായം. ഇങ്ങനെ വാദിക്കുക മാത്രമല്ല നിയമ പഠനം പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ടീനയുടെ എന്റോള്‍മെന്റ് തടസ്സപ്പെടുത്തുകയും ചെയ്തു. അതിനെതിരെയാണ് സിസ്റ്റര്‍ ടീന നിയമപോരാട്ടം തുടങ്ങിയത്. ഒരു പക്ഷേ അഭിഭാഷക എന്ന നിലയില്‍ അവര്‍ ഏറ്റെടുത്ത ആദ്യ കേസും അത് തന്നെയായിരുന്നു.

2004ല്‍ നിയമ പഠനം പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ടീനയുടെ എന്റോള്‍മെന്റിന് ഒരു ദിവസം മുമ്പാണ് ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ നേരില്‍ കാണണമെന്ന് ആവശ്യപ്പെടുന്നത്. അവരുടെ ആവശ്യ പ്രകാരം ചെന്ന സിസ്റ്ററോട് നിങ്ങള്‍ കന്യാസ്ത്രീയാണെന്നും അതിനാല്‍ അഭിഭാഷകയാവാന്‍ യോഗ്യയല്ലെന്നും അവര്‍ അറിയിച്ചു. അക്കാരണത്താല്‍ തന്നെ എന്റോള്‍ ചെയ്യാനാവില്ലെന്ന തീരുമാനവും അവര്‍ സിസ്റ്റര്‍ ടീനയെ അറിയിച്ചു. അത്രയും കാലം ഒരു സ്വപ്‌നം പോലെ കൊണ്ടു നടന്ന അഭിഭാഷക ജോലിയില്‍ നിന്ന് താന്‍ പുറത്താക്കപ്പെടുന്നതിന്റെ വേദന സഹിക്കാനാവാതെയാണ് അവര്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ റിട്ട് നല്‍കിയത്.

ആ തവണ എന്റോള്‍ ചെയ്യാനായില്ലെങ്കിലും ഹര്‍ജി പരിശോധിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് സിസ്റ്റര്‍ ടീനയ്ക്ക് ആശ്വാസമായി. കന്യാസ്ത്രീകള്‍ക്ക് അഭിഭാഷക ജോലി ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് കാണിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അത്. എന്നാല്‍ ബാര്‍ കൗണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചില്ല. അവര്‍ ഹൈക്കോടതിയില്‍ തന്നെ അപ്പീല്‍ നല്‍കി. പിന്നീട് അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബഞ്ച് വിധി വരുന്നത് 2006ലാണ്. നിയമ പഠനം പൂര്‍ത്തിയാക്കിയിട്ടും അഭിഭാഷകയായി മാറാന്‍ കഴിയാതെ വന്ന സിസ്റ്റര്‍ ഈ രണ്ട് വര്‍ഷവും തനിക്ക് എന്റോള്‍ ചെയ്യാനുള്ള അവസരം കോടതി നല്‍കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ വിധി വന്നത് സിസ്റ്റര്‍ക്ക് അനുകൂലമായി തന്നെ. കന്യാസ്ത്രീ പട്ടം എന്നത് ഒരു ജീവിത രീതി മാത്രമാണെന്നും, മറ്റേത് ജോലികള്‍ ചെയ്യുന്നത് പോലെ അഭിഭാഷകരാവാന്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും തടസ്സമില്ല എന്നും ചൂണ്ടിക്കാണിക്കുന്ന വിധിയാണ് ഡിവിഷന്‍ ബഞ്ച് പുറത്തുവിട്ടത്. വിധിയ്‌ക്കെതിരെ ബാര്‍ കൗണ്‍സില്‍ വീണ്ടും അപ്പീല്‍ പോവുകയും തനിക്ക് എന്റോള്‍ ചെയ്യാനുള്ള സാധ്യതകള്‍ക്ക് തടസ്സം നില്‍ക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കിയ സിസ്റ്റര്‍ ടീന എന്റോള്‍ ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അതിനുള്ള അനുമതിയും കോടതി നല്‍കി.

വിധി വന്നയുടന്‍ തന്നെ സിസ്റ്റര്‍ ടീന എന്റോള്‍ ചെയ്ത് ഹൈക്കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചു. എന്നാല്‍ സിസ്റ്റര്‍ പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ സംഭവിച്ചു. ബാര്‍ കൗണ്‍സില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. അഭിഭാഷകവൃത്തി തുടരാനുള്ള അനുവാദം ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചതിനാല്‍ സിസ്റ്റര്‍ ടീന ആത്മവിശ്വാസത്തോടെ തന്റെ ജോലികള്‍ തുടര്‍ന്നു. പക്ഷെ നിയമ പോരാട്ടങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. 11 വര്‍ഷങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതിയും ഹൈക്കോടതിയുടെ ഉത്തരവ് ശരി വച്ചുകൊണ്ട് വിധിപ്രസ്താവിച്ചിരിക്കുകയാണ്. ബാര്‍ കൗണ്‍സില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി കോടതി തള്ളി. ഇതോടെ സിസ്റ്റര്‍ ടീന തന്റെ ജോലി ചെയ്യാനുള്ള അവകാശത്തിനായി നടത്തിയ നിയമപോരാട്ടങ്ങള്‍ക്ക് അവസാനമായി.

കേസിന്റെ ഒരു ഘട്ടത്തില്‍ പോലും തനിക്കെതിരായ വിധി വന്നില്ലെന്നും, നിയമം തനിക്ക് അനുകൂലമായ നിലപാടാണ് എക്കാലത്തും സ്വീകരിച്ചതെന്നും സിസ്റ്റര്‍ ടീന പറയുന്നു. “വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നെങ്കിലും അന്തിമവിധിയും എനിക്ക് അനുകൂലമായി വന്നതില്‍ സന്തോഷമുണ്ട്. നീതിയ്ക്കും ന്യായത്തിനുമായിരുന്നു എന്റെ പോരാട്ടം. പലരുടേയും താത്പര്യങ്ങളും രാഷ്ട്രീയ അജണ്ടകളുമാണ് ബാര്‍ കൗണ്‍സില്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. കന്യാസ്ത്രീ ആവുന്നത് ഒരു ജോലിയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? അത് ഒരു ജീവിതമാര്‍ഗം മാത്രമാണ്. എത്രയോ കന്യാസ്ത്രീകളും വൈദികരും അധ്യാപകരും ഡോക്ടര്‍മാരുമൊക്കെയായി ജോലി ചെയ്യുന്നു. അഭിഭാഷക ജോലിക്ക് മാത്രം എന്തിനാണ് തടസ്സം? ആശ്വാസകരമായ വിധിയാണ് സുപ്രീകോടതിയുടേത്.

ഞങ്ങള്‍ നടത്തിയിരുന്ന അനാഥാലയത്തില്‍ നിന്ന് വിവാഹം കഴിച്ചയച്ച ഒരു പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. അവളും അവളുടെ ഒരു വയസ്സുള്ള കുഞ്ഞും എന്നെ എപ്പോഴും വേദനിപ്പിച്ചിരുന്നു. അവള്‍ മരണപ്പെട്ടതില്‍ ദുരൂഹതകളുണ്ടെന്ന് മനസ്സിലായിട്ടും മഠത്തിലേയോ ഓര്‍ഫനേജിലേയോ ആരും അത് ചോദ്യം ചെയ്തില്ല. എനിക്ക് അത് ചോദ്യം ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ എങ്ങനെയെന്നറിയില്ല. അവള്‍ക്ക് വേണ്ടിയാണ്, അവളെപ്പോലെ ഓര്‍ഫനേജില്‍ നിന്ന് വിവാഹം കഴിച്ചയക്കുന്ന പെണ്‍കുട്ടികളുടെ’ ഞങ്ങളെ കെട്ടിച്ച് വിട്ടാല്‍ ആരേലും തല്ലിക്കൊന്നാല്‍ പോലും ആരും ചോദിക്കാനില്ലല്ലോ?’ എന്ന ചോദ്യത്തിന്റെ നീറ്റലില്‍ നിന്നാണ് നിയമം പഠിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ആയിടക്കാണ് ഒരു ഹിന്ദു പെണ്‍കുട്ടി ഞങ്ങളുടെ മഠത്തിലെത്തുന്നത്. ആരുമില്ലാതിരുന്ന അവളെ ആരൊക്കെയോ ചൂഷണം ചെയ്യുകയും അവള്‍ ഗര്‍ഭിണിയാവുകയും ചെയ്തിരുന്നു. അക്കാര്യം അവള്‍ പോലും അറിയുന്നത് വളരെ വൈകിയാണ്. ആ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കാനായി അവളോടൊപ്പം പോലീസ് സ്‌റ്റേഷനും കോടതികളും കയറിയിറങ്ങിയത് ഞാനാണ്. പക്ഷെ എന്തെങ്കിലും ഒന്ന് പറഞ്ഞ് സമര്‍ഥിക്കാനോ വാദിക്കാനോ നിയമജ്ഞാനം ഇല്ലാതിരുന്നതിനാല്‍ പലതും പറയാന്‍ പറ്റിയിരുന്നില്ല. അന്ന് നിയമം പഠിച്ചിട്ടു തന്നെ കാര്യമെന്ന് ഞാന്‍ ഉറപ്പിച്ചു. അങ്ങനെയാണ് പിതാവില്‍ നിന്ന് അതിനുള്ള അനുമതി തേടുന്നത്. എറണാകുളത്ത് ഈവനിങ് ബാച്ചില്‍ പോയാണ് ഞാന്‍ നിയമം പഠിച്ചത്. അങ്ങനെ വലിയ പ്രതീക്ഷയോടെ പഠനം പൂര്‍ത്തിയാക്കി എന്റോള്‍മെന്റിനുള്ള കുപ്പായവും തയിച്ച് വച്ച് ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. എന്റോള്‍മെന്റ് ഒരു ഞായറാഴ്ചയായിരുന്നു തീരുമാനിച്ചിരുന്നത്. ശനിയാഴ്ചയാണ് ബാര്‍ കൗണ്‍സില്‍ എന്നെ വിളിപ്പിച്ചിട്ട് കന്യാസ്ത്രീ ജോലി ചെയ്യുമ്പോള്‍ അഭിഭാഷക ജോലി ചെയ്യാന്‍ പറ്റില്ലെന്ന് പറയുന്നത്. അതേവരെ പ്രതീക്ഷിക്കാത്ത ഒരു കാര്യം ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ വല്ലാത്ത ഞെട്ടലായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ കുറേ നേരമിരുന്നു. എന്റോള്‍ ചെയ്യാന്‍ പറ്റിയില്ല. പക്ഷെ ഞാന്‍ കോടതിയെ സമീപിച്ചു. നിയമസംവിധാനത്തിലും കോടതിയിലും എനിക്ക് വിശ്വാസമുണ്ടായിരുന്നു.

അന്ന് കേന്ദ്രം ഭരിച്ചിരുന്നത് ബിജെപി സര്‍ക്കാരായിരുന്നു. അവരുടെ രാഷ്ട്രീയം തന്നെയാണ് ബാര്‍കൗണ്‍സില്‍ നടപ്പാക്കാന്‍ ശ്രമിച്ചതെന്നാണ് എന്റെ പൂര്‍ണമായ വിശ്വാസം. കന്യാസ്ത്രീകളേയും അച്ചന്‍മാരേയും സര്‍വീസുകളില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നത് അവരുടെ അജണ്ടയായിരുന്നു. കന്യാസ്ത്രീ പട്ടവും വൈദിക പട്ടവും ഒരു ജോലിയാണെന്ന് സമര്‍ഥിച്ചാല്‍, അതിനനുകൂലമായ വിധി സമ്പാദിച്ചാല്‍ ആ വിധി മുന്നില്‍ നിര്‍ത്തി മറ്റ് മേഖലകളില്‍ നിന്നും ഞങ്ങളെ അകറ്റി നിര്‍ത്താമല്ലോ. അത്തരത്തില്‍ ഒരു രാഷ്ട്രീയ കളിയാണ് നടന്നത്. പക്ഷെ ഞാനതിന് വഴങ്ങാന്‍ തയ്യാറല്ലായിരുന്നു. തമ്പുരാന്റെ കുരിശ് മാത്രം എപ്പോഴും മുന്നില്‍ കാണുന്ന എനിക്ക് നീതിയ്ക്ക് വേണ്ടി പോരാടാനുള്ള കരുത്തും അദ്ദേഹം തന്നു. ഞാന്‍ കേസ് കൊടുത്തുകഴിഞ്ഞപ്പോഴാണ് എന്നെപ്പോലെ നിരവധി കന്യാസ്ത്രീകളും അച്ചന്‍മാരും എന്റോള്‍ ചെയ്യാന്‍ കഴിയാതെ മറ്റ് ജോലികള്‍ ചെയ്ത് ജീവിക്കുന്നുണ്ടെന്നറിയുന്നത്. ഡിവിഷന്‍ ബഞ്ച് അപ്പീല്‍ പരിഗണിക്കുമ്പോള്‍ തിരുവനന്തപുരത്തു നിന്ന് ഫാ. തോമസ് പുതുച്ചേരിയാണ് ആദ്യം എന്നെ വിളിക്കുന്നത്. അദ്ദേഹവും നിയമപഠനം കഴിഞ്ഞിട്ടും എന്റോള്‍ ചെയ്യാന്‍ അനുവാദം ലഭിച്ചിട്ടില്ലെന്ന്. പിന്നീട് പലരും വിളിച്ചു. അവരോടെല്ലാം കേസില്‍ കക്ഷി ചേരണമെങ്കില്‍ ചേരാം എന്ന് ഞാന്‍ പറയുകയും ചെയ്തു. വിധി വന്ന് കഴിഞ്ഞ് ഞാന്‍ എന്റോള്‍ ചെയ്യുന്ന കൂട്ടത്തില്‍ ആറ് അച്ചന്‍മാരും ഒരു സിസ്റ്ററും എന്റോള്‍ ചെയ്തു. ആദ്യത്തെ രണ്ട് വര്‍ഷം സഭയുടെ തന്നെ ഒരു പ്രോജക്ടിന്റെ തലവയായി ജോലി ചെയ്യുകയായിരുന്നതിനാല്‍ പ്രാക്ടീസ് നടന്നില്ല. 2008 ജനുവരി മുതല്‍ അത് സാധിച്ചു. ഇപ്പോള്‍ നിന്നു തിരിയാന്‍ നേരമില്ലാത്ത വിധം കേസുകളുണ്ട്. സുപ്രീകോടതിയില്‍ കേസ് എത്തിയതില്‍ പിന്നെ കേസിന്റെ കാര്യങ്ങള്‍ ഞാന്‍ അറിയേണ്ടി വന്നിട്ടില്ല. ഡല്‍ഹി ബിഷപ്പ് എന്നെ വിളിച്ച് അവര്‍ അത് ഏറ്റെടുക്കുകയാണെന്ന് പറഞ്ഞു. ചിറമ്മേല്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനമാണ് കേസ് നടത്തിയത്. അതിന് അവരോടെല്ലാം നന്ദിയുണ്ട്. ഇന്ത്യയില്‍ എന്നെപ്പോലെ പലരും നീതി ലഭിക്കാതെ മാറി നില്‍ക്കേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ ആരും അതേവരെ ഒരു റിട്ട് പോലും നല്‍കിയിരുന്നില്ല. ഞാനാണ് ആദ്യമായി അത് ചെയ്യുന്നത്.

ഇതിനിടയില്‍ എന്നെ ഞെട്ടിച്ച സംഭവം, അതേവരെ ടീന വേഴ്സസ് ബാര്‍ കൗണ്‍സില്‍ എന്ന് പറഞ്ഞിരുന്നത് പെട്ടെന്ന് തോമസ് പുതുച്ചേരി വേഴ്‌സസ് ബാര്‍ കൗണ്‍സില്‍ എന്നായി. മനോരമ ഇയര്‍ ബുക്കില്‍ പോലും ആദ്യത്തെ സംഭവം എന്ന നിലയില്‍ അങ്ങനെ അച്ചടിച്ച് വന്നു. അത് അച്ചന്‍മാരുടെ ചങ്കൂറ്റമാണ്. അവരുടേതാക്കിയെടുക്കാനുള്ള ചങ്കൂറ്റം. അതിനോടും കടുത്ത വിയോജിപ്പാണ് എനിക്കുള്ളത്.”

പോരാട്ടം സഭയിലെ അനീതികള്‍ക്കെതിരെയും

തന്റെ മുന്നില്‍ കാണുന്ന തെറ്റുകള്‍, അത് സഭയ്ക്കുള്ളിലേതായാലും പോരാടാന്‍ ഒരു മടിയും കാണിക്കാറില്ലെന്ന് സിസ്റ്റര്‍ ടീന പറയുന്നു. മെത്രാനെതിരെ കേസ് കൊടുത്തതിന് ഇപ്പോഴും ഒറ്റപ്പെടുത്തലുകളും അവഗണനയും സഹിക്കേണ്ടിവരാറുണ്ടെന്നും അവര്‍ പറയുന്നു. ‘ഞാന്‍ പ്രാക്ടീസ് ചെയ്ത് തുടങ്ങിയ സമയമാണ്. ഞാറയ്ക്കലില്‍ കോണ്‍വന്റ് വക ഒരു സ്‌കൂള്‍ പ്രോപ്പര്‍ട്ടിയുണ്ടായിരുന്നു. ഞങ്ങളുടെ അമ്മമാര്‍ (കന്യാസ്ത്രീകള്‍) അവര്‍ക്ക് കഴിയാവുന്നതൊക്കെ കൂട്ടിവച്ച് ഒരു മഠം പോലെ തുടങ്ങി അതില്‍ അവിടുത്തെ ജനങ്ങളുടെ ആവശ്യപ്രകാരം ഒരു ഹൈസ്‌കൂളും തുടങ്ങി, വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഏഴാം ക്ലാസ് വരെ ഞാറയ്ക്കല്‍ പള്ളി സ്‌കൂളില്‍ പഠിച്ചിരുന്നെങ്കിലും മത്സ്യത്തൊവിലാളികളുടെ മക്കള്‍ക്ക് ഹൈസ്‌കൂളില്‍ പടിക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. അമ്മമാര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കൊച്ചുമുറികളുള്ള മഠം പൊളിച്ച് സ്‌കൂള്‍ മാതൃകയിലാക്കിയെടുത്ത് സ്‌കൂള്‍ തുടങ്ങുകയായിരുന്നു, 1945ല്‍. അന്ന് എയ്ഡഡ് സ്‌കൂള്‍ പോലുമല്ല. ശമ്പളമില്ല. കുട്ടികളുടെ കയ്യില്‍ ഫീസ് കൊടുക്കാന്‍ ഇല്ലായിരുന്നെങ്കിലും സിസ്റ്റര്‍മാര്‍ വളരെ കഷ്ടപ്പെട്ട് സ്‌കൂള്‍ മുന്നോട്ട് കൊണ്ടുപോയി. മദര്‍സുപ്പീരിയറായിരുന്നു മാനേജര്‍. പക്ഷെ 1971ല്‍ മദര്‍സുപ്പീരിയറോ കന്യാസ്ത്രീകളോ അറിയാതെ മെത്രാന്‍മാര്‍ പള്ളിയുടെ പേരിലേക്ക് ആ സ്‌കൂള്‍ മാറ്റി. സഭ ചെയ്ത തെറ്റാണത്. കള്ളരേഖയുണ്ടാക്കി മദര്‍ സുപ്പീരിയറുടെ പേരിലുള്ള വസ്തു പള്ളിയുടെ പേരിലാക്കി. സര്‍ക്കാരിനേയും തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണത് ചെയ്തത്. 2007ല്‍ അവര്‍ കത്തയച്ചു. അത് അവരുടെ സ്‌കൂളാണെന്നും അവിടെ നിന്ന് കന്യാസ്ത്രീകള്‍ ഇറങ്ങണമെന്നും പറഞ്ഞുകൊണ്ട്. അപ്പോള്‍ മാത്രമാണ് അവരത് അറിയുന്നത്. കന്യാസ്ത്രീകള്‍ താഴെ താമസിക്കുന്നു, മുകളില്‍ സ്‌കൂള്‍ നടക്കുന്നു. അങ്ങനെയായിരുന്നു അതുവരെ. എന്നാല്‍ മദര്‍ സുപ്പീരിയറും കന്യാസ്ത്രീകളും ഇതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടി. ഡി.പി.ഐയില്‍ പരാതി നല്‍കി. സര്‍ക്കാര്‍ ആ കേസ് ഏറ്റെടുത്തു. അവര്‍ നടത്തിയ പഠനത്തില്‍ വസ്തു കോണ്‍വന്റിന്റെയാണെന്ന് തെളിഞ്ഞു. പക്ഷെ അച്ചന്‍മാര്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ കേസ് കൊടുത്തു. പിന്നീടത് സുപ്രീം കോടതിയിലെത്തി. കന്യാസ്ത്രീകള്‍ക്ക് അനുകൂലമായി വിധി വരികയും ചെയ്തു. പക്ഷെ ആ ഉത്തരവ് വന്നതിന് ശേഷം 2009ല്‍ രണ്ട് അച്ചന്‍മാരും കുറേ ഗുണ്ടകളുമായി വന്ന് അവിടത്തെ അന്തേവാസിയായ ഒരു കന്യാസ്ത്രീയെ കിടപ്പുമുറിയില്‍ തല്ലി അവശയാക്കി. അന്ന് ഞാന്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയിട്ടേയുള്ളൂ. പക്ഷെ സഭയ്ക്കകത്ത് ഇതുപോലെ അനീതികള്‍ നടക്കുമ്പോള്‍ നമ്മള്‍ ആരെ നന്നാക്കാനാ നടക്കുന്നത്? ആദ്യം അകം നന്നാക്കാം, എന്നിട്ട് പുറം എന്ന് ഞാനുറച്ചു. അങ്ങനെയാണ് മെത്രാന്‍മാര്‍ക്കെതിരെ കേസ് കൊടുക്കുന്നത്. അടികൊണ്ട സിസ്റ്റര്‍ കേസ് ഫയല്‍ ചെയ്തു. ഞാന്‍ അവരെ പിന്തുണച്ചു. പിന്നീട് പല പ്രശ്‌നങ്ങളുമുണ്ടായി.

അതിനിടക്ക് എനിക്ക് ഒരു അപകടം സംഭവിച്ചു. പക്ഷെ അതെങ്ങനെ സംഭവിച്ചു എന്ന് പോലും എനിക്കറിയില്ല. ഞങ്ങളുടെ ഓര്‍ഫനേജില്‍ നിന്ന് കെട്ടിച്ചുവിട്ട ഒരു പെണ്‍കുട്ടിയുണ്ട്. അവളും അവളുടെ ഭര്‍ത്താവും മരിച്ചപ്പോള്‍ കൊച്ചുങ്ങള്‍ അനാഥരായി. അതിലെ പെണ്‍കുട്ടിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ ചികിത്സ കഴിഞ്ഞ് കൂനമ്മാവിലെ ഓര്‍ഫനേജില്‍ ആക്കി. അവള്‍ക്ക് ഒരു ടോണിക്ക് കൊടുക്കാന്‍ പോയിട്ട് വരുന്ന വഴിക്കാണ് അത് സംഭവിച്ചത്. തിരിച്ച് ബസില്‍ കയറിയത് അറിയാം. പിന്നെ കുറേ ദിവസം കഴിഞ്ഞ് ബോധം വരുമ്പോള്‍ തലയില്‍ പത്ത് പതിനെട്ട് സ്റ്റിച്ച്, കാലില്‍ ഒടിവ്, ശരീരത്തില്‍ പലയിടത്തും ചതവ് അതായിരുന്നു അവസ്ഥ. കൂനമ്മാവ് മഠത്തില്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ മെത്രാന്‍ അച്ചന്‍ പറഞ്ഞത് ആ കന്യാസ്ത്രീയുടെ കാര്യം അന്വേഷിക്കണ്ടെന്നാണ്. എന്റെ അപകടം കേസ് ആക്കാനുള്ള അനുവാദം ചോദിച്ചിട്ട് ഇന്നും ലഭിച്ചിട്ടില്ല. മെഡിക്കല്‍ ബില്ലുകള്‍ പോലും തരുന്നില്ല. അപകടം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് മദര്‍ എന്നെ കാണണമെന്ന് പറഞ്ഞിരുന്നു. സന്ധ്യ ആറരയ്ക്ക് തുടങ്ങി വെളുപ്പിന് മൂന്ന് മണിവരെ അമ്മ ഒരേകാര്യമാണ് എന്നോട് പറഞ്ഞുകൊണ്ടിരുന്നത്. ഞാറയ്ക്കലിലേത് നമ്മുടെ പ്രോപ്പര്‍ട്ടിയാണെന്ന് മനസ്സിലായി, പക്ഷേ അതങ്ങോട്ട് വിട്ടുകൊടുത്തേരെ. അച്ചന്‍മാരും മെത്രാന്‍മാരും അത് എടുത്തോട്ടെ, നമുക്കത് വേണ്ട എന്ന്. ഇക്കാര്യം എന്നോട് പറയരുതെന്ന് ഞാന്‍ പറഞ്ഞു. കാരണം ഞാന്‍ ആ കോണ്‍വന്‍രിലെ അംഗം പോലുമല്ല. ഞാന്‍ റാണിമാരുടെ കോണ്‍വന്റിലെ അംഗമാണ്. സംഭവം നടക്കുന്നത് ഞാറയ്ക്കലിലാണ്. എനിക്ക് സ്‌കൂള്‍ ഒരു വിഷയമല്ല. പക്ഷെ ഒരു കൊച്ചുസിസ്റ്ററെ അത്രയും ഗുണ്ടകളെ കിടപ്പുമുറിയില്‍ കയറ്റി തല്ലിച്ചത്, അതും രണ്ട് അച്ചന്‍മാരുടെ സാന്നിധ്യത്തില്‍, അതാണെനിക്ക് വിഷയം എന്ന് ഞാന്‍ മദറിനോട് പറഞ്ഞു. എന്താണ് അവരുടെ പ്രകോപനം എന്ന് എനിക്കറിയണം. സ്‌കൂള്‍ നിങ്ങള്‍ വിട്ടുകൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യൂ, പക്ഷെ സിസ്റ്ററെ തല്ലിയതിനെതിരെ ഏതറ്റം വരെയും ഞാന്‍ പോകുമെന്നും അറിയിച്ചു. അതിന് മൂന്നാം ദിവസമാണ് അപകടം സംഭവിക്കുന്നത്.

പഠിക്കാനുള്ള അനുവാദം തന്നതും പണം ചെലവാക്കിയതും ബാര്‍കൗണ്‍സിലുമായുള്ള നിയമപോരാട്ടത്തിന് പണം നല്‍കിയതുമുള്‍പ്പെടെയുള്ള പല രീതിയിലും എന്നെ സഭ വളര്‍ത്തിയെടുത്തിട്ടുണ്ട്. പക്ഷെ ഞാറയ്ക്കല്‍ പ്രശ്‌നം വന്നതോടെ നമ്മളെ എങ്ങനെ ഇല്ലാതാക്കണമെന്നാണ്.

ഈ ലോകത്ത് സത്യത്തിനും നീതിയ്ക്കും ഒരു വിലയുമില്ല. നമ്മളെ നയിക്കുന്നവര്‍ക്ക് പോലുമില്ല. മതപുരോഹിതര്‍ക്ക് പോലുമില്ല. വളരെ കുറച്ച് പേരുണ്ട് ദൈവത്തിന്റെ പാത പിന്തുടര്‍ന്ന് ത്യാഗം ചെയ്യുകയും ചെയ്യുന്നവര്‍. അവര്‍ക്ക് പോലും ശബ്ദമുയര്‍ത്താനാവുന്നില്ല. സത്യത്തിനും നീതിക്കും വേണ്ടി നിന്നാല്‍ അവരെപ്പോലും കുഴിച്ചുമൂടിക്കളയും. അഭയ കേസ് വന്നിട്ട് മരിച്ച സിസ്റ്ററിനു വേണ്ടി നില്‍ക്കാന്‍ ആരെങ്കിലുമുണ്ടോ? എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. പക്ഷെ ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഞാന്‍ കാണുന്നില്ല. മദര്‍ സുപ്പീരിയറുണ്ടായിരുന്നു ആ മഠത്തില്‍. മദര്‍ എന്ന് ഇംഗ്ലീഷില്‍ വിളിക്കും. ശരിക്കും ഞങ്ങള്‍ അമ്മ എന്ന് തന്നെയാണ് വിളിക്കുന്നത്. മാതൃത്വമാണ് ആ വിളിയിലൂടെ കരുതപ്പെടുന്നത്. എന്നാല്‍ ആ അമ്മ, ആ സിസ്റ്റര്‍ കൊച്ചിന്റെ ജഡം എങ്ങനെ അവിടെ വന്നു എന്ന ഒരു അത്ഭുതം പോലുമുണ്ടായിരുന്നില്ല. ഒരു പൂച്ചക്കുഞ്ഞിന് രണ്ട് ദിവസം ചോറുകൊടുത്ത് കഴിയുമ്പോള്‍ നമുക്ക് അതിനോടൊരു സ്‌നേഹം വരില്ലേ? പക്ഷെ ഇവിടെ ആ കൊച്ചിന് ഇതെങ്ങനെ സംഭവിച്ചു എന്നറിയാന്‍ ഒരു തെളിവിന് വേണ്ടി പോലും അവര്‍ പരിശ്രമിച്ചിട്ടില്ല.

എല്ലാക്കാര്യത്തിനും ഞാന്‍ പ്രതികരിക്കാറില്ല. പക്ഷെ നമ്മുടെ അസ്ഥിയേയും മജ്ജയേയും തുളച്ചുകയറ്റുന്ന വിഷയങ്ങളില്‍ പ്രതികരിക്കും. ദീപികയുടെ സിനിമാ മാസികയ്‌ക്കെതിരെയും ഞാന്‍ പ്രതികരിച്ചിരുന്നു. അത് ഞാന്‍ എല്‍എല്‍ബിക്ക് പഠിക്കുന്ന സമയത്താണ്. സ്ത്രീകളുടെ മോശം ഫോട്ടോകളെല്ലാം അടിച്ച് പ്രസിദ്ധീകരിച്ചിരുന്ന മാസിക സഭ നടത്തുന്നതിനെ ഞാന്‍ ശക്തമായി എതിര്‍ത്തിരുന്നു. എതിര്‍പ്പുകള്‍ ധാരാളമുണ്ടായി. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് അവര്‍ ആ മാസിക തന്നെ പിന്‍വലിക്കുകയും എന്നോട് ക്ഷമാപണം നടത്തുകയും ചെയ്തു.

സഭയ്ക്കകത്തും പുറത്ത് പൊതു സമൂഹത്തിലും കള്ളന്‍മാരും അനീതി പ്രവര്‍ത്തിക്കുന്നവരുമുണ്ട്. എന്റെ മുന്നില്‍ കാണുന്നതിനോട് എന്നതായാലും ഞാന്‍ പ്രതികരിക്കും.”

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍