UPDATES

തുടര്‍ച്ചയായ രണ്ടാം മാസവും ശമ്പളം മുടങ്ങി; മുങ്ങുന്ന കെ എസ് ആര്‍ ടി സിയുടെ രക്ഷകനായി തച്ചങ്കരി അവതരിക്കുമോ?

കടബാധ്യതകള്‍ തീര്‍ക്കാന്‍ തമ്പാനൂര്‍, അങ്കമാലി, തിരുവല്ല തുടങ്ങിയ ചില ഡിപ്പോകള്‍ കിഫ്ബിയ്ക്ക് വില്‍ക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്

താളം തെറ്റി കെഎസ്ആര്‍ടിസി. തുടര്‍ച്ചയായ രണ്ടാം മാസവും ശമ്പളം മുടങ്ങി. കുടിശിക വര്‍ധിച്ചതോടെ എണ്ണക്കമ്പനിയും സ്‌പെയര്‍ പാര്‍ട്‌സ് കമ്പനികളും വിതരണം നിര്‍ത്തിവക്കുമെന്ന് കോര്‍പ്പറേഷന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സര്‍വീസുകള്‍ വലിയ തോതില്‍ വെട്ടിക്കുറക്കുന്നതിനാല്‍ വരുമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചു. എംപാനല്‍ ജീവനക്കാരെ തിരികെയെടുത്ത് തുടങ്ങിയെങ്കിലും സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ജോലി നല്‍കാനില്ലാത്ത അവസ്ഥ. ഇതിനിടെ പ്രധാന ഡിപ്പോകളടക്കം വിറ്റ് കടബാധ്യത തീര്‍ക്കാനുള്ള നീക്കവും അണിയറയില്‍ സജീവമായിരിക്കുകയാണ്. യൂണിയന്‍ നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചും ടോമിന്‍ ജെ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് തിരികെയെത്തിക്കാനുള്ള ചര്‍ച്ചകളും ശക്തമാക്കിയിരിക്കുന്നതായാണ് വിവരം.

കെ.എസ്.ആര്‍.ടി.സി. സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്ന വിവരമാണ് ജീവനക്കാരില്‍ നിന്ന് ലഭിക്കുന്നത്. മാസാവസാന പ്രവൃത്തി ദിവസം ലഭിച്ചുകൊണ്ടിരുന്ന ശമ്പളം കഴിഞ്ഞമാസം വൈകിയാണ് വിതരണം ചെയ്തത്. മൂന്ന് ഘട്ടങ്ങളിലായാണ് ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശമ്പളം നല്‍കിയത്. ഈ മാസം 13,000 രൂപ എല്ലാവരുടേയും ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടു നല്‍കിയിരിക്കുകയാണ് മാനേജ്‌മെന്റ്. എന്നാല്‍ ബാക്കി തുക എപ്പോള്‍ കിട്ടുമെന്ന അറിവ് പോലും ജീവനക്കാര്‍ക്കില്ല. ശമ്പളം വൈകുന്നതിലുള്ള പ്രതിഷേധം ഒഴിവാക്കാനുദ്ദേശിച്ചാണ് 13,000 രൂപ മാസാവസാന പ്രവൃത്തി ദിവസം തന്നെ നല്‍കിയത്. എന്നാല്‍ ജീവനക്കാര്‍ ഇതിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഒരു ജീവനക്കാരന്‍ പറയുന്നതിങ്ങനെ, ‘കഴിഞ്ഞ മാസം അഞ്ച്, ഏഴ്, പത്ത് തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശമ്പളം വിതരണം ചെയ്തത്. കിട്ടിയപ്പോള്‍ ശമ്പളം മുഴുവന്‍ ഒന്നിച്ച് കിട്ടി. പക്ഷെ ഇത്തവണ 13,000 രൂപ എല്ലാവരുടേയും ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ട് തല്‍ക്കാലം കൈകഴുകിയിരിക്കുകയാണ് മാനേജ്‌മെന്റ്. 13,000 രൂപ കൊണ്ട് എന്താവാനാണ്? തിരഞ്ഞെടുപ്പ് കാലത്ത് പ്രതിഷേധം ഒഴിവാക്കാനാണ് 13,000 രൂപ വച്ച് എല്ലാവര്‍ക്കും കൊടുത്തിരിക്കുന്നത്. കോര്‍പ്പറേഷന് കിട്ടിയ വരുമാനം എല്ലാവര്‍ക്കുമായി വീതിച്ച് നല്‍കിയിരിക്കുകയാണ്. എനിക്കുള്‍പ്പെടെ പലര്‍ക്കും 30ശതമാനം തുകയേ കിട്ടിയുള്ളൂ.’

സര്‍വീസുകളും ഷെഡ്യൂളുകളും വെട്ടിച്ചുരുക്കിയുള്ള തച്ചങ്കരി പരിഷ്‌ക്കാരത്തെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ സര്‍വീസുകള്‍ പകുതിയിലധികവും വെട്ടിച്ചുരുക്കുകയാണെന്നാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന ആക്ഷേപം. സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയല്ല കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തിയാണ് കെഎസ്ആര്‍ടിസിയെ രക്ഷപെടുത്തേണ്ടതെന്നായിരുന്നു യൂണിയന്‍ നേതാക്കളടക്കം തച്ചങ്കരിക്കെതിരെ ഉന്നയിച്ച പ്രധാന വിമര്‍ശനം. എന്നാല്‍ തച്ചങ്കരി പരിഷ്‌ക്കാരങ്ങള്‍ ഒഴിവാക്കി പുതിയ സംവിധാനങ്ങള്‍ കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കാന്‍ യൂണിയന്‍ നേതാക്കള്‍ക്കോ പുതിയ എംഡി ദിനേശിനോ കഴിഞ്ഞിട്ടില്ലെന്ന് വിമര്‍ശനമുയരുന്നു. യൂണിയന്‍ നേതാക്കളുടെ ഭരണമാണ് കെഎസ്ആര്‍ടിസിയില്‍ നടക്കുന്നതെന്ന ആക്ഷേപം ആഴ്ചകളായി ഉയരുന്നുണ്ട്. കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥനായ രമേശ് പറയുന്നു, ‘ഞാന്‍ ഒരു യൂണിയന്‍ അംഗമാണ്. തച്ചങ്കരിയെ ഞാനും വിമര്‍ശിച്ചതാണ്. അദ്ദേഹത്തിന്റെ പരിഷ്‌ക്കാരങ്ങള്‍ പലതും ജീവനക്കാരുടെ വയറ്റത്തടിക്കുന്നതും ഏറെ ബുദ്ധിമുട്ടിക്കുന്നതുമായിരുന്നു. പക്ഷെ ശമ്പളം കൃത്യമായി കിട്ടുമായിരുന്നു. അത് സത്യമാണ്. മുന്‍ സിഎംഡി ടോമിന്‍ ജെ തച്ചങ്കരിയെ സ്ഥാനത്ത് നിന്ന് മാറ്റുമ്പോള്‍ സര്‍ക്കാര്‍ സഹായമോ ബാങ്ക് വായ്പയോ എടുക്കാതെ കെഎസ്ആര്‍ടിസിയുടെ ബസ് ഓടിയുള്ള വരുമാനത്തില്‍ നിന്നാണ് തൊണ്ണൂറുകോടിയോളം വരുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കിയത്. എന്നാല്‍ ഈ മാസം ഇതുവരെ 37.5 കോടിരൂപ യാണ് ആകെ കോര്‍പ്പറേഷന് കിട്ടിയത്. അന്ന് തച്ചങ്കരിയുടെ പരിഷ്‌ക്കാരങ്ങളാണ് സാമ്പത്തികമെച്ചം ഉണ്ടാക്കിയതെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാം എതിര്‍ത്തതാണ്. കണ്‍സോര്‍ഷ്യം കൊണ്ടുവന്ന് വായ്പ തിരിച്ചടവ് കുറഞ്ഞതാണ് കാരണമെന്ന വാദിച്ചവരാണ്. പക്ഷെ കണ്‍സോര്‍ഷ്യമൊക്കെ ഇപ്പോഴുമുണ്ട്. കെഎസ്ആര്‍ടിസിക്ക് വരുമാന വര്‍ധനവ് ഉണ്ടാവുന്നില്ല എന്ന് മാത്രം. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ സര്‍ക്കാരും പ്രതിസന്ധിയിലാണ്.’

ഇരുപത് കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് ശമ്പളം നല്‍കാനായി സഹായം നല്‍കുന്നുണ്ട്. എന്നാല്‍ ഇത് കൂടാതെ ഇനിയും മുപ്പത് കോടിയിലധികം രൂപ കണ്ടെത്തിയാലേ ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കാനാവൂ എന്ന അവസ്ഥയാണ്. ഡിപ്പോകള്‍ സഹകരണ ബാങ്കുകളില്‍ പണയം വച്ച് പണം കണ്ടെത്തേണ്ടി വരുമെന്നാണ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ വീണ്ടും കടബാധ്യതയേറ്റിയാല്‍ തിരിച്ചടവും തുടര്‍മാസങ്ങളിലെ ശമ്പള വിതരണവും പ്രതിസന്ധിയിലാവാനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷങ്ങളുടെ കുടിശിക നല്‍കാത്തതിനാല്‍ ടയര്‍ കമ്പനികള്‍, റീട്രെഡിങ് റബര്‍, സ്‌പെയര്‍പാര്‍ട്സ്, ഓയില്‍ വിതരണക്കാര്‍ തുടങ്ങി എല്ലാവരും സപ്ലൈ നിര്‍ത്തുകയാണെന്ന് കോര്‍പ്പറേഷനെ അറിയിച്ചിരിക്കുകയാണ്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തുകയും ബസുകള്‍ പലതും കട്ടപ്പുറത്താവുകയും ചെയ്യും. അതോടെ വരുമാനം പാതിയിലേറെ കുറയുകയും ചെയ്യും. നിലവില്‍ ആയിരത്തിമുന്നൂറിലധികം ബസുകള്‍ കട്ടപ്പുറത്താണ്. 50ലക്ഷം മുതല്‍ ഒരുകോടി രൂപയുടെ വരെ വരുമാനക്കുറവാണ് ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ മാസം ചുരുക്കം ദിവസങ്ങളില്‍ മാത്രമാണു പ്രതിദിന വരുമാനം 6 കോടി രൂപയ്ക്കു മുകളിലെത്തിയത്. ഇടക്കാലത്ത് കെഎസ്ആര്‍ടിസിയുടെ നിത്യവരുമാനം ആറരക്കോടിയിലേക്കെത്തിയിരുന്നു. ഏഴ് കോടി രൂപയെങ്കിലും ദിവസേന ലഭിച്ചാലേ കോര്‍പ്പറേഷന് മുന്നോട്ട് പോവാന്‍ കഴിയൂ എന്ന സാഹചര്യത്തില്‍ വരുമാനത്തിലെ വലിയ കുറവ് വലിയ പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. സര്‍വീസുകള്‍ കുറയ്ക്കുന്നതോടെ എംപാനല്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം കൂടാതെ ഡീസല്‍ ചെലവും ലാഭിക്കാനാകുമെന്നാണു മാനേജ്മെന്റിന്റെ വിലയിരുത്തല്‍.

Read More: പടിയിറക്കം രക്തസാക്ഷി പരിവേഷത്തില്‍; യഥാര്‍ത്ഥത്തില്‍ ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസിയിലെ വില്ലനോ നായകനോ?

കെ.എസ്.ആര്‍.ടി.സി.യുടെ മൂന്ന് മേഖലകളിലെ നൂറിലേറെ ഷെഡ്യൂളുകള്‍ വെട്ടികുറയ്ക്കാനാണ് നീക്കം. നിര്‍ത്തുന്നതില്‍ എഴുപതും മലബാര്‍ മേഖലയില്‍നിന്നുള്ളവയാണ്. വരുമാനം കുറഞ്ഞവയാണ് നിര്‍ത്തുന്നതെന്ന് മാനേജ്‌മെന്റും യൂണിയന്‍ നേതാക്കളും പറയുന്നു. എന്നാല്‍ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതിങ്ങനെ, ‘ഷെഡ്യൂള്‍ വലിയ തോതില്‍ വെട്ടിക്കുറക്കുകയാണ്. എട്ട് മണിക്കൂര്‍ ജോലിയും കൊണ്ടുവരുന്നു. പക്ഷെ അതുകൊണ്ട് പ്രതിസന്ധി രൂക്ഷമാവുകയേയുള്ളൂ. വരുമാനം കൂട്ടാന്‍ സമയമാറ്റം വരുത്തുന്നതടക്കമുള്ള നടപടികളാണ് പരീക്ഷിക്കേണ്ടത്. എംപാനലുകാരെ തിരിച്ചെടുത്തു. അവര്‍ക്ക് ഇപ്പോള്‍ ദിവസക്കൂലിയാണ്. എറണാകുളത്ത് ജോലിക്കായി കോട്ടയത്ത് നിന്നാണ് ഒരു എംപാനലുകാരന്‍ വരുന്നത്. ഒരു ദിവസം അയാള്‍ക്ക് നാനൂറ് രൂപയും ചില്ലറയും കൂലി നല്‍കും. അവര്‍ക്കെന്ത് മെച്ചം. ചിലപ്പോള്‍ ജോലിക്ക് വരുമ്പോഴാണ് അറിയുന്നത് സര്‍വീസ് ഇല്ലെന്ന്. ജോലിയും ഇല്ല യാത്രാച്ചെലവ് കയ്യില്‍ നിന്നും പോയി. ഈ അവസ്ഥ കാരണം പിരിച്ചുവിട്ട എംപാനലുകാരില്‍ ചിലര്‍ മാത്രമേ ജോലിയില്‍ തിരികെ കയറിയിട്ടുള്ളൂ. മാസ ശമ്പളമായി നല്‍കിയിരുന്നപ്പോള്‍ അതെങ്കിലും മെച്ചമുണ്ടായിരുന്നു. പുറത്ത് മറ്റേതെങ്കിലും ജോലിക്ക് പോയാല്‍ 700ഉഉം ആയിരവും രൂപ കയ്യില്‍ വരും. പ്രായമായ എംപാനലുകാര്‍ മാത്രമേ അവര്‍ക്ക് വേറെ വഴിയില്ലാത്തതുകൊണ്ട് തിരിച്ച് വന്നിട്ടുള്ളൂ.’

എന്നാല്‍ അതിനിടെ കടബാധ്യതകള്‍ തീര്‍ക്കാന്‍ തമ്പാനൂര്‍, അങ്കമാലി, തിരുവല്ല തുടങ്ങിയ ചില ഡിപ്പോകള്‍ കിഫ്ബിയ്ക്ക് വില്‍ക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. വില്‍പ്പന നടന്നാല്‍ ഡിപ്പോകളില്‍ നിന്നുള്ള വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിക്കില്ല. എന്നാല്‍ വായ്പയടച്ച് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ശമ്പളവും നല്‍കാമെന്ന ആലോചനകളാണ് നടക്കുന്നത്. എന്നാല്‍ ചില യൂണിയന്‍ നേതാക്കള്‍ ഈ നീക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. തിരഞ്ഞെടുപ്പിന് ശേഷം തച്ചങ്കരിയെ വീണ്ടും കെഎസ്ആര്‍ടിസിയിലേക്ക് മടക്കിക്കൊണ്ടുവരുന്ന കാര്യം സര്‍ക്കാരിന്റെ പ്രഥമപരിഗണനയിലുണ്ടെന്നും ചില ഉദ്യോഗസ്ഥര്‍ പറയുന്നു. യൂണിയന്‍ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അത്തരം കടുത്ത തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോയേക്കുമെന്ന സൂചനകളാണ് അവര്‍ നല്‍കുന്നത്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍