UPDATES

ട്രെന്‍ഡിങ്ങ്

കരാര്‍ നല്‍കിയത് പാപ്പര്‍ കമ്പനിക്കോ? കേരളത്തിലെ ആദ്യത്തെ ആറുവരി കോഴിക്കോട് ബൈപ്പാസ് പ്രോജക്ട് അനിശ്ചിതത്വത്തില്‍

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃഷ്ണമോഹന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി അഥവാ കെ.എം.സിയ്ക്കാണ് കോഴിക്കോട് ആറുവരിപ്പാത ബൈപ്പാസ് നിര്‍മിക്കാനുള്ള കരാര്‍ ദേശീയപാത അതോറിറ്റി നല്‍കിയിരിക്കുന്നത്

ശ്രീഷ്മ

ശ്രീഷ്മ

ദേശീയ പാതാ അതോറിറ്റിയുടെ കേരളത്തിലെ ആദ്യത്തെ ആറുവരി ബൈപ്പാസ് പ്രോജക്ട്. രാജ്യത്തെ തന്നെ ഏറ്റവും ചെലവേറിയ ദേശീയപാതാ ബൈപ്പാസുകളിലൊന്ന്. ഏഴു മേല്‍പ്പാലങ്ങളും ഓവര്‍പാസ്സുകളും അണ്ടര്‍പാസ്സുകളുമടങ്ങുന്ന ബൃഹത്തായ പദ്ധതി. ഏറെ പ്രതീക്ഷകളോടെ പ്രഖ്യാപിച്ച കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയ്ക്ക് ഇങ്ങനെ പ്രത്യേകതകള്‍ ഒട്ടേറെയാണ്. കോഴിക്കോട് നഗരത്തില്‍ കടക്കാതെ രാമനാട്ടുകരയില്‍ നിന്നും വെങ്ങളത്തെത്താവുന്ന ബൈപ്പാസ് ആറുവരിയാക്കുന്ന പദ്ധതി വര്‍ഷങ്ങളായി പരിഗണനയിലുള്ളതും ജില്ലയുടെ സ്വപ്‌ന പദ്ധതികളിലൊന്നായി മാറിക്കഴിഞ്ഞിരുന്നതുമാണ്.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം ദേശീയപാതാ അതോറിറ്റി സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതോടെ, എന്‍.എച്ച് 66ല്‍ 28.4 കിലോമീറ്ററോളം ദൂരം വരുന്ന ബൈപ്പാസ് 2020 സെപ്തംബറോടു കൂടി തുറന്നുകൊടുക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, കരാര്‍ നല്‍കി ഒരു വര്‍ഷത്തോളമായിട്ടും പ്രാരംഭഘട്ട നടപടികളിലേക്കു പോലും കടന്നിട്ടില്ലാത്ത സാഹചര്യത്തില്‍, ബൈപ്പാസ് നിര്‍മാണത്തിലെ പാളിച്ചകളും ദേശീയപാത അതോറിറ്റിയുടെ കരാറിന്റെ സുതാര്യതയും ചോദ്യം ചെയ്യപ്പെടുകയാണ്.

കിലോമീറ്ററിന് 50 കോടിയോളം രൂപ മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആറുവരിപ്പാത പദ്ധതി, 1710 കോടി രൂപയ്ക്കാണ് കരാറായിരുന്നത്. ബൈപ്പാസിനായി ഏറ്റെടുക്കേണ്ട 127.80 ഹെക്ടര്‍ ഭൂമിയില്‍ ഏറിയപങ്കും ഏറ്റെടുത്തു കഴിഞ്ഞിട്ടുള്ളതാണ്. ബൈപ്പാസിനായി മുറിച്ചു മാറ്റപ്പെടുന്ന മൂവായിരത്തോളം മരങ്ങള്‍ക്കു പകരമായി റസിഡന്റ്‌സ് അസോസിയേഷനുകള്‍ അടക്കമുള്ളവരുടെ സഹായത്തോടെ പുതിയ മരത്തൈകള്‍ നട്ടുപിടിപ്പിക്കാനും, ഒപ്പം പത്തുവര്‍ഷത്തിലേറെ പ്രായമുള്ള 173 മരങ്ങള്‍ പറിച്ചുനടാനുമുള്ള പദ്ധതി വരെ ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. പദ്ധതിയ്ക്കായി നീക്കം ചെയ്യേണ്ടി വന്നേക്കാവുന്ന ഇലക്ട്രിക് പോസ്റ്റുകള്‍, കുടിവെള്ള പൈപ്പുകള്‍, മറ്റു കേബിളുകള്‍ എന്നിവയുടെ എസ്റ്റിമേറ്റും തയ്യാറാക്കിക്കഴിഞ്ഞതാണ്. ഇത്രയേറെ തയ്യാറെടുപ്പുകളോടെ തുടങ്ങിയ, കോഴിക്കോടിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ പോന്ന ഇത്രവലിയൊരു പദ്ധതിയ്ക്ക് കരാര്‍ നല്‍കി ഒരു വര്‍ഷമായിട്ടും അനക്കമില്ലാത്തതെന്താണെന്ന നാട്ടുകാരുടെ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയപ്പോഴാണ്, കരാറെടുത്ത കമ്പനിയെക്കുറിച്ചും അന്വേഷണങ്ങളുണ്ടാകുന്നത്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃഷ്ണമോഹന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി അഥവാ കെ.എം.സിയ്ക്കാണ് കോഴിക്കോട് ആറുവരിപ്പാത ബൈപ്പാസ് നിര്‍മിക്കാനുള്ള കരാര്‍ ദേശീയപാത അതോറിറ്റി നല്‍കിയിരിക്കുന്നത്. സാമ്പത്തികമായി വലിയ ബാധ്യതകളുള്ള, ഏറ്റെടുത്ത നിര്‍മാണപ്രവൃത്തികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച ചരിത്രമുള്ള കമ്പനിയാണ് കെ.എം.സി എന്നും, ഇത്ര പ്രധാനപ്പെട്ട ഒരു പദ്ധതി കെ.എം.സി പോലുള്ള ഒരു ഗ്രൂപ്പിന് കൈമാറിയതില്‍ അപാകതയുണ്ടെന്നുമാണ് ഒരു വിഭാഗത്തിന്റെ പക്ഷം. കരാര്‍ ലഭിച്ചുവെങ്കിലും, ആറുവരിപ്പാതയുടെ നിര്‍മാണം യഥാസമയം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഉറപ്പു നല്‍കാനായി സര്‍ക്കാര്‍ ആവശ്യപ്പെട്ട 85 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി പോലും ആദ്യ ഘട്ടത്തില്‍ കെ.എം.സിയ്ക്ക് നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് പരാതി. 2018 ഏപ്രിലിലാണ് കെ.എം.സിയ്ക്ക് കരാര്‍ ലഭിക്കുന്നത്. 2018 സെപ്തംബറില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ച്, മുപ്പതുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാറിലെ നിര്‍ദ്ദേശം. നിര്‍ദ്ദിഷ്ട ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ കെ.എം.സിയ്ക്ക് സാധിക്കാതിരുന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ത്തന്നെ ആറുവരിപ്പാതയ്ക്ക് കാലതാമസം നേരിടുകയായിരുന്നു.

കടുത്ത സാമ്പത്തിക ബാധ്യതകളുള്ള കൃഷ്ണമോഹന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ആറുവരിപ്പാത ബൈപ്പാസ് നിര്‍മാണം മറ്റു കമ്പനികള്‍ക്ക് പുറം കരാറായി നല്‍കാന്‍ പലതവണ ശ്രമിച്ചുവെന്നും ആരോപണങ്ങളുയരുന്നുണ്ട്. കമ്പനിയുടെ ചരിത്രവും പ്രവര്‍ത്തനത്തിലെ അപാകതകളും അറിയാവുന്ന മറ്റു കമ്പനികള്‍ പുറം കരാര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നും, ബാങ്കുകളില്‍ നിന്നു പോലും കമ്പനിക്ക് വായ്പ ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും ജില്ലയിലെ രാഷ്ട്രീയപ്രവര്‍ത്തകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും ചെലവേറിയ പദ്ധതികളിലൊന്ന് ഇത്തരത്തില്‍ അനിശ്ചതത്വത്തിലേക്ക് തള്ളിയിടാന്‍ പോന്ന കമ്പനിയ്ക്ക് കൈമാറിയതിലെ പിഴവാണ് ഈ സാഹചര്യത്തില്‍ ചര്‍ച്ചയാകുന്നത്. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടേതടക്കമുള്ള കരാര്‍ അപേക്ഷകള്‍ തള്ളി കൃഷ്ണമോഹന്‍ ഗ്രൂപ്പിന് കരാര്‍ നല്‍കിയത് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്നും, കോഴിക്കോടിന്റെ സ്വപ്‌ന പദ്ധതിയ്ക്ക് ഇതോടെ ഭാവിയില്ലാതായേക്കുമെന്നുമാണ് ആരോപണം.

കൃഷ്ണമോഹന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സാമ്പത്തിക പാക്കേജ് അംഗീകരിക്കാനുള്ള നടപടിക്രമങ്ങള്‍ പോലും മാസങ്ങളായി ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുകയാണ്. ഏറെ വിമര്‍ശനങ്ങള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷം കെ.എം.സി ബാങ്ക് ഗ്യാരണ്ടി നല്‍കിയിരുന്നു. സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കലിനെക്കൂടി കരാറില്‍ ഉള്‍പ്പെടുത്തിയതിനു ശേഷമായിരുന്നു ഇത്. ഇതിനു മുന്‍പു തന്നെ ബാങ്ക് ഗ്യാരണ്ടി അടയ്ക്കാനായി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ കരാറില്‍ പങ്കു ചേര്‍ക്കാമെന്ന ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇതിനോട് കെ.എം.സി വിസമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍കല്‍ പങ്കാളിയായി ചേര്‍ന്നെങ്കിലും, ബാങ്ക് ഗ്യാരണ്ടി വൈകിയത് പദ്ധതിയെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിനിടയില്‍ വന്നതും, നിലവിലെ പേപ്പര്‍ വര്‍ക്കുകള്‍ കൃത്യമായി മുന്നോട്ടു നീങ്ങാത്തതും കോഴിക്കോട് ബൈപ്പാസിനെ അനിശ്ചിതത്വത്തിലാക്കുന്നുണ്ട്. ഇപ്പോള്‍ കാത്തിരിക്കുന്ന സാമ്പത്തിക പാക്കേജ് അനുമതി ഇനി ശരിയായി വന്നാലും, മഴക്കാലത്തിനു മുന്നേ ബൈപ്പാസിന്റെ ജോലികള്‍ ആരംഭിക്കാന്‍ സാധിക്കില്ലെന്നതാണ് വാസ്തവം. മഴക്കാലം കഴിയാന്‍ കാത്തുനില്‍ക്കുക കൂടി ചെയ്യേണ്ടിവന്നാല്‍, നിര്‍ദ്ദേശിച്ച സമയത്തിനകം ബൈപ്പാസിന്റെ നിര്‍മാണ പ്രവൃത്തികള്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നും ഉറപ്പാണ്.

പദ്ധതിയുടെ ചെലവ് വളരെയധികമായതിനാല്‍ ഏറെനാള്‍ കാത്തിരുന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതടക്കമുള്ള അനുമതികള്‍ സമ്പാദിച്ചുമാണ് ആറുവരിപ്പാത ബൈപ്പാസ് വിഭാവനം ചെയ്തത്. ഒരു ഘട്ടത്തില്‍ റീടെന്‍ഡര്‍ ചെയ്യേണ്ടിവരുമോ എന്നു പോലും തോന്നിപ്പിച്ച സാഹചര്യത്തില്‍, പാപ്പര്‍ കമ്പനിയ്ക്ക് കരാര്‍ നല്‍കിയ നടപടിയെ ജി.സുധാകരനടക്കമുള്ള മന്ത്രിമാര്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് ബൈപ്പാസിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുകയും, വാണിജ്യ രംഗത്തെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷയുള്ള പദ്ധതിയാണ് ആറുവരിപ്പാത. കന്യാകുമാരി-പനവേല്‍ ദേശീയപാതയുടെ ഭാഗമെന്ന നിലയില്‍, പ്രധാന സംസ്ഥാനങ്ങളുടെ പടിഞ്ഞാറന്‍ തീരം വഴി കടന്നു പോകുന്ന പാതയുമായി ബന്ധിപ്പിക്കപ്പെടുന്ന നിര്‍ദ്ദിഷ്ട ആറുവരിപ്പാത കോഴിക്കോടിനു നല്‍കാന്‍ പോകുന്ന കുതിച്ചുചാട്ടവും ചെറുതല്ല. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബര്‍പാര്‍ക്ക്, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളില്‍ ഉയരാന്‍ പോകുന്ന മേല്‍പ്പാലങ്ങള്‍ കൂടിയടങ്ങുന്ന പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാരും കണ്ടിരുന്നത്. എന്നാല്‍, ഇന്‍കെല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസ് തുറന്നു എന്നതൊഴിച്ചാല്‍ മറ്റു പ്രാരംഭ ഘട്ട നടപടികള്‍ പോലുമാരംഭിച്ചിട്ടില്ലാത്ത പദ്ധതി, നേരത്തേ അറിയിച്ച പോലെ 2020 സെപ്തംബറില്‍ തയ്യാറാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. പദ്ധതിയില്‍ വരുന്ന കാലതാമസത്തേക്കാളേറെ, സാമ്പത്തിക ബാധ്യതകളുള്ള ഒരു കമ്പനി ഏറ്റെടുത്ത നിലയ്ക്ക് പദ്ധതി തന്നെ കൈമോശം വരുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

Read More: “ബില്‍ഡേഴ്‌സും നഗരസഭയും ചെയ്ത തെറ്റിന് പെരുവഴിയിലാവാന്‍ പോവുന്നത് ഞങ്ങള്‍’”; സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്ലാറ്റുകളുടെ ഉടമകള്‍ പറയുന്നു

*representation image

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍