UPDATES

കരപ്രമാണിമാരുടെ കാസര്‍ഗോഡ്; ഒരു മതില്‍ കെട്ടിയതിന് ശാലിയ സമുദായം ഊരുവിലക്കിയത് കുമ്പ എന്ന അവകാശപ്പോരാട്ട നായികയെ

2013ല്‍ ഒരു ചുറ്റുമതില്‍ കെട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തങ്ങളെ നാട്ടില്‍ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രതികാരനടപടികള്‍ക്കു തുടക്കം കുറിച്ചതെന്ന് കുമ്പയുടെ മക്കള്‍ പറയുന്നു

ശ്രീഷ്മ

ശ്രീഷ്മ

നീലേശ്വരം കടിഞ്ഞിമൂലയിലെ വീവേഴ്‌സ് കോളനിയിലുള്ള കുമ്പയുടെ പുരയിടത്തിനു ചുറ്റും ഒരു മതിലുണ്ട്. സാധാരണ ഗതിയില്‍ ഏതൊരു വ്യക്തിയും ചെയ്യുന്നതു പോലെ, വീടും പുരയിടവും മതില്‍കെട്ടി തിരിക്കുക എന്ന ചിന്തയോടെ കെട്ടിപ്പൊക്കിയ, മറ്റെവിടെയുമുള്ളതു പോലൊരു ചുറ്റുമതില്‍. എന്നാല്‍, പതിവിനു വിപരീതമായി ഈ മതിലിന് ഒരു അംഗീകാരപത്രമുണ്ട്. ചുറ്റുമതിലിന് പൊതുവേ പതിച്ചു നല്‍കാന്‍ ആരും ആവശ്യപ്പെടാറില്ലാത്ത ഈ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്കു ലഭിക്കണമെന്ന് അധികൃതരോട് കുമ്പയ്ക്കും മക്കള്‍ക്കും ആവശ്യപ്പെടേണ്ടി വന്നു. സ്വന്തം സ്ഥലത്ത് സ്വന്തം ചെലവില്‍ ഇവര്‍ കെട്ടിയുയര്‍ത്തിയ ഈ മതില്‍ പക്ഷേ വഴിവെച്ചത് വര്‍ഷങ്ങള്‍ നീണ്ട അപരവത്ക്കരണത്തിനാണ്. കുമ്പയുടെയും മക്കളുടെയും സാമൂഹ്യജീവിതത്തിനു തന്നെ തടസ്സം സൃഷ്ടിച്ച ഒട്ടേറെ പ്രശ്‌നങ്ങളുടെ ആരംഭം ഈ മതിലില്‍ നിന്നാണ്.

എണ്‍പത്തിരണ്ടുകാരിയായ കുമ്പ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് മരണപ്പെട്ടു. ശാലിയ സമുദായാംഗമായ കുമ്പയുടെ അന്ത്യ കര്‍മങ്ങളില്‍ പങ്കെടുക്കാനോ, ഉപചാരമര്‍പ്പിക്കാനോ കടിഞ്ഞിമൂലയിലെ ശാലിയ സമുദായ സമിതിയംഗങ്ങള്‍ എത്തിയിരുന്നില്ല. സമുദായത്തില്‍പ്പെട്ട ഒരു വ്യക്തി മരിച്ചാല്‍ ഉടനെ സ്ഥലത്തെത്തി മരണനാന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുകയും, സമുദായാംഗങ്ങള്‍ക്കായുള്ള ശ്മശാനത്തില്‍ അടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യേണ്ട സമുദായത്തിലെ പ്രമുഖരാരും കുമ്പയെ തിരിഞ്ഞു നോക്കിയില്ല. എന്നു മാത്രമല്ല, സമുദായത്തിന്റെ ശ്മശാനത്തില്‍ കുമ്പയെ അടക്കാനും തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് കാര്യങ്കോട്ടെ പൊതു ശ്മശാനത്തില്‍ കുമ്പയെ ദഹിപ്പിക്കാന്‍ മക്കള്‍ തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ടാണ് കുമ്പയുടെ കുടുംബത്തിന് ഇത്തരത്തിലൊരു അനുഭവമുണ്ടായത് എന്ന് അന്വേഷിച്ചു ചെല്ലുമ്പോഴാണ് വര്‍ഷങ്ങളായി ഒരു കുടുംബം അനുഭവിച്ചു പോരുന്ന സമുദായ ഭ്രഷ്ടിന്റെയും ഊരുവിലക്കിന്റെയും കഥകള്‍ കേള്‍ക്കാനാവുക.

ചുറ്റുമതില്‍ തര്‍ക്കത്തിലാരംഭിച്ച ഊരുവിലക്ക്

ഏതാനും വര്‍ഷക്കാലമായി ശാലിയ സമുദായത്തില്‍പ്പെട്ടവരുടെയും അടുത്ത കുടുംബാംഗങ്ങളുടെയും വീടുകളില്‍ നടക്കുന്ന ചടങ്ങുകള്‍ക്കും മംഗളകര്‍മങ്ങള്‍ക്കുമൊന്നും കുമ്പയ്ക്കും കുടുംബത്തിനും ക്ഷണമുണ്ടാകാറില്ല. ക്ഷണിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കു പോലും സമുദായ സമിതി നേതാക്കളുടെ അപ്രീതി ഭയന്ന് മാറിനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. 2013ല്‍ ഒരു ചുറ്റുമതില്‍ കെട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തങ്ങളെ നാട്ടില്‍ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രതികാരനടപടികള്‍ക്കു തുടക്കം കുറിച്ചതെന്ന് കുമ്പയുടെ മക്കള്‍ പറയുന്നു. സ്വന്തം പറമ്പിനെ വേര്‍തിരിക്കുന്ന ചുറ്റുമതില്‍ പണിയാന്‍ കുമ്പയും മക്കളും തീരുമാനിച്ചതിനു തൊട്ടുപിന്നാലെ, സ്ഥലം കൈയേറിയാണ് മതിലിന്റെ പണി നടക്കുന്നതെന്നു കാണിച്ച് ചിലര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് പരാതി കൊടുത്തിരുന്നു. പൊതുസ്ഥലം കൈയേറിയെന്ന് പരാതി കൊടുത്തത് പ്രദേശത്തു തന്നെയുള്ള പതിനെട്ടു പേരാണെന്ന് പിന്നീടാണ് മനസ്സിലായത്. മതിലു പണിക്ക് സ്‌റ്റോപ്പ് മെമ്മോ വരികയും ലൈസന്‍സ് എവിടെ എന്ന ചോദ്യങ്ങള്‍ വരികയും ചെയ്തു. ചുറ്റുമതില്‍ കെട്ടാന്‍ ലൈസന്‍സ് വേണമെന്ന് അറിവില്ലായിരുന്നുവെന്ന് കുമ്പയുടെ മക്കള്‍ അറിയച്ചതിനെത്തുടര്‍ന്ന് കൃത്യമായ പ്ലാനുകള്‍ പരിശോധിച്ച് മുനിസിപ്പാലിറ്റിയിലെ ഓവര്‍സീയര്‍ കൈയേറ്റം നടന്നിട്ടില്ല എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നു നടന്ന സംഭവങ്ങളെക്കുറിച്ച് കുമ്പയുടെ മകനായ രമേശന്‍ പറയുന്നതിങ്ങനെ, “ഓവര്‍സീയര്‍ വന്ന് വിശദമായി സ്ഥലമൊക്കെ അളന്നു നോക്കിയിരുന്നു. അപ്പോള്‍ ഞങ്ങളുടെ പതിനെട്ടു സെന്റിനകത്താണ് മതില്‍ വരുന്നത്. കൈയേറ്റമൊന്നുമില്ലെന്ന് വ്യക്തമായി. അതിനു ശേഷം മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറും വില്ലേജ് ഓഫീസറും സ്ഥലം നേരിട്ടു വന്നു പരിശോധിച്ചതാണ്. ഒരാള്‍ക്കും ഒരുതരത്തിലുള്ള ക്രമക്കേടും കണ്ടെത്താനായില്ല. പ്ലാനും മറ്റു രേഖകളുമൊക്കെ പാസ്സായി തടസ്സങ്ങള്‍ നീങ്ങിയെങ്കിലും, മതില്‍ അംഗീകൃതമാണെന്നതിന് എന്തെങ്കിലും തെളിവ് കൈവശം വേണമെന്ന് ഞങ്ങള്‍ക്കു തോന്നി. അങ്ങനെയാണ് ഓതറൈസേഷന്‍ ലെറ്റര്‍ തരണമെന്ന് ആവശ്യപ്പെട്ടത്. ചുറ്റുമതിലിനൊന്നും അതു നല്‍കാനാവില്ലെന്ന് ആദ്യം അധികൃതര്‍ പറഞ്ഞെങ്കിലും, ഞങ്ങള്‍ക്ക് അത് ആവശ്യമായിരുന്നു. ഇത്രയും പ്രശ്‌നങ്ങള്‍ക്കു ശേഷം ഇനിയും ആരെങ്കിലും പരാതിയുമായി വന്നാല്‍ പിടിച്ചു നില്‍ക്കണ്ടേ. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് ഒടുവില്‍ ഓതറൈസേഷന്‍ ലെറ്റര്‍ കിട്ടിയത്. ഒരു മതിലു കെട്ടാനായി ഇത്രയും നടപടികള്‍ നേരിടേണ്ടി വന്ന കഥ ഇതാദ്യമായിരിക്കും.”

നിയമക്കുരുക്കുകള്‍ ഒഴിഞ്ഞതോടെ പ്രശ്‌നം അവസാനിച്ചു എന്നു കരുതിയിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി ശാലിയ സമുദായ വികസന സമിതിയുടെ ഇടപെടല്‍. മതിലിനെതിരെ മുനിസിപ്പാലിറ്റിയില്‍ കേസു കൊടുത്ത പതിനെട്ടു പേരില്‍ ഭൂരിഭാഗവും കുമ്പയുള്‍പ്പെടുന്ന ശാലിയ സമൂഹത്തില്‍ നിന്നുള്ളവരായിരുന്നു. സമുദായ സമിതിയുമായുള്ള പിടിപാടിന്റെ ബലത്തില്‍ അവര്‍ പെട്ടന്നു തന്നെ കളംമാറ്റിച്ചവിട്ടിയെന്ന് കുമ്പയുടെ മക്കള്‍ സതീശനും രമേശനും ആരോപിക്കുന്നു. മതില്‍ കെട്ടുന്നതിനു തടസ്സമില്ലെന്ന അധികൃതരുടെ റിപ്പോര്‍ട്ടിനെതിരെ സിവില്‍ കോടതിയില്‍ കേസിനു പോയവര്‍, സമുദായ സംഘം വഴി കുമ്പയുടെ കുടുംബത്തെ ഒറ്റപ്പെടുത്താനുമാരംഭിച്ചു. കുടുംബവുമായി ഒരു തരത്തിലും ആരും സഹകരിക്കരുതെന്നും, കല്ല്യാണം പോലുള്ള മംഗളകര്‍മങ്ങളിലേക്ക് ക്ഷണിക്കുകയോ മരണാനന്തര ചടങ്ങുകളില്‍ പങ്കുകൊള്ളിക്കുകയോ ചെയ്യരുതെന്ന തീട്ടുരം ശാലിയ സമുദായ വികസന സമിതി പുറത്തിറക്കിയെന്നാണ് ആരോപണം. പൊതു പരിപാടികളിലൊന്നും പങ്കെടുപ്പിക്കരുതെന്ന രഹസ്യമായ നിര്‍ദ്ദേശങ്ങള്‍ കടിഞ്ഞിമൂലയിലുള്ളവര്‍ക്കു ലഭിച്ചിരുന്നു.

സമുദായ ശ്മശാനമില്ലെങ്കില്‍ ഇവിടെ പൊതുശ്മശാനമുണ്ട്

2016 മുതല്‍ കുമ്പയുടെ കുടുംബം പ്രദേശത്ത് അനുഭവിച്ചത് കൊടിയ ഒറ്റപ്പെടുത്തലാണ്. “കല്യാണത്തിനോ മറ്റോ ഞങ്ങളെ വിളിക്കാനുള്ള തീരുമാനമറിഞ്ഞാല്‍, ഞങ്ങളുണ്ടെങ്കില്‍ സമുദായത്തിലെ പ്രമുഖരാരും എത്തില്ല എന്നാണ് ഭീഷണി. യഥാര്‍ത്ഥത്തില്‍ മറ്റു വീട്ടുകാര്‍ക്കും സമുദായാംഗങ്ങള്‍ക്കും ഞങ്ങളെ ക്ഷണിക്കുന്നതിനോടോ ഞങ്ങളുമായി അടുപ്പം പുലര്‍ത്തുന്നതിനോടോ എതിര്‍പ്പില്ല. പക്ഷേ, ഞങ്ങളുണ്ടെങ്കില്‍ മറ്റുള്ളവര്‍ കൂട്ടത്തോടെ ചടങ്ങ് ബഹിഷ്‌കരിക്കും എന്നൊക്കെ പറഞ്ഞാല്‍ അവര്‍ പിന്നെന്തു ചെയ്യാനാണ്. പേടിച്ചിട്ടാണ് ആരും വിളിക്കാത്തത്”, കാര്യങ്ങള്‍ നിയന്ത്രണാതീതമായിത്തുടങ്ങിയപ്പോള്‍ കുമ്പയുടെ മക്കള്‍ മനുഷ്യാവകാശ കമ്മീഷനെ വരെ സമീപിച്ചു. ആരേയും ഊരുവിലക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന ഉത്തരവ് പരാതി പരിഗണിച്ചുകൊണ്ട് മനുഷ്യാവകാശ കമ്മീഷന്‍ പുറത്തിറക്കുകയും ചെയ്തു. ആ ഉത്തരവു പുറത്തു വന്നതോടെ വിഷയം ചര്‍ച്ചയായി മാറുകയും, ഊരുവിലക്ക് ഏര്‍പ്പെടുത്തിയെന്നത് വ്യാജപ്രചരണമാണെന്ന് ശാലിയ സമുദായ വികസന സമിതിക്ക് പ്രസ്താവനയിറക്കേണ്ടിവരികയും ചെയ്തിരുന്നു.

സംഘടനയുടെ യോഗങ്ങളില്‍ കുമ്പയുടെ കുടുംബത്തിനും പ്രാതിനിധ്യം കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പ്രത്യേകം അനുശാസിച്ചിരുന്നു. അത് ഉറപ്പുവരുത്താനായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നിയോഗിക്കുകയും ചെയ്തു. യോഗത്തിനു തങ്ങളെ വിളിക്കാതെ രഹസ്യമായി നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോഴെല്ലാം രമേശനും സഹോദരങ്ങളും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതികളും നല്‍കിപ്പോന്നു. 2018 ജൂലായില്‍ രഹസ്യമായി യോഗം വിളിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഒടുവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇടപെടേണ്ടി വന്നത്. അതിനു ശേഷം നടന്ന ജനറല്‍ ബോഡിയില്‍ കുമ്പയുടെ മക്കള്‍ പങ്കെടുക്കുക തന്നെ ചെയ്തു. യോഗങ്ങളില്‍ പങ്കെടുക്കാനുള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് തങ്ങള്‍ക്ക് അവകാശപ്പെട്ട ഇടങ്ങള്‍ നേടിയെടുക്കുക എന്ന കൃത്യമായ ഉദ്ദേശത്തോടുകൂടിയാണ് ഇത്തരം വിഷയങ്ങളില്‍ നിയമ സഹായം തേടുന്നതെന്ന് രമേശന്‍ പറയുന്നുണ്ട്.

ഈ പ്രശ്‌നങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും തുടരുന്നതിനിടെയാണ് കുമ്പ രോഗബാധിതയായി കിടപ്പിലാകുന്നതും മരണപ്പെടുന്നതും. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലൊന്നും സമുദായവുമായി ബന്ധപ്പെട്ട ആരുടേയും സാന്നിദ്ധ്യമുണ്ടായിരുന്നില്ല. “സാധാരണ ഗതിയില്‍ സമിതിക്കാര്‍ മുന്‍കൈയെടുത്താണ് മരണാനന്തര ചടങ്ങുകളും അടക്കം ചെയ്യലും നടത്തുക. അവരാരും മുന്നോട്ടു വരാതിരുന്നതിനാല്‍ പൊതു ശ്മശാനത്തില്‍ ഞങ്ങള്‍ അമ്മയെ സംസ്‌കരിച്ചു. ചുറ്റിലും കൂടി നില്‍ക്കുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു തരത്തിലുള്ള ഇടപെടലും പ്രദേശവാസികള്‍ നടത്തിയില്ല. നിയമം മൂലം നിരോധിക്കപ്പെട്ടതാണ് ഊരുവിലക്ക് പോലുള്ള കാര്യങ്ങള്‍. തെറ്റു കണ്ടാല്‍ ചോദ്യം ചെയ്യാനുള്ള അവകാശം നമുക്കുണ്ടല്ലോ. അമ്മ മരണപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല, ആ സമയത്ത് ഞങ്ങളെ കയറിട്ടു മുറുക്കാം എന്ന ചിന്തയായിരിക്കണം അവര്‍ക്കുണ്ടായിരുന്നത്. അമ്മയെ പൊതു ശ്മശാനത്തില്‍ അടക്കിയതിലൂടെ ന്യായത്തിനു വേണ്ടി നിലകൊള്ളുന്നവരെ ഭയപ്പെടുത്തി അടക്കാനാകില്ലെന്ന സൂചനയാണ് ഞങ്ങള്‍ കൊടുക്കാനാഗ്രഹിച്ചത്. സമുദായ ശ്മശാനമല്ലെങ്കില്‍ മറ്റു വഴികള്‍ ഇവിടെയുണ്ട്. സമുദായത്തിന്റെ പേരു പറഞ്ഞുള്ള ഭയപ്പെടുത്തല്‍ ഇനി വേണ്ട.”

കുമ്പ എന്ന അവകാശപ്പോരാട്ട നായിക

കടിഞ്ഞിമൂലക്കാര്‍ക്കും, പ്രത്യേകിച്ച് വീവേഴ്‌സ് കോളനിയിലെ താമസക്കാര്‍ക്കും ആമുഖമാവശ്യമില്ലാത്ത പേരായിരുന്നു കുമ്പയുടേത്. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിഞ്ഞുപോന്നിരുന്ന നീലേശ്വരത്തെ പല നെയ്ത്തു തൊഴിലാളികളും ഇന്ന് സ്വസ്ഥമായി ജീവിക്കുന്നതിനു കാരണം കുമ്പയാണ്. നെയ്ത്തു സൊസൈറ്റിയോടും അധികൃതരോടും പടവെട്ടി അര്‍ഹമായ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് എത്തിച്ചുകൊടുത്ത കുമ്പയുടെ സമരകഥയക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. വീവേഴ്‌സ് കോളനിയിലെ ആദ്യ താമസക്കാരിലൊരാളായ കുമ്പ പ്രദേശത്തെ ആദ്യകാല നെയ്ത്തു തൊഴിലാളി കൂടിയായിരുന്നു. നീലേശ്വരം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നെയ്ത്തു തൊഴിലാളിയായിരുന്ന കുമ്പയുടെ ഭര്‍ത്താവ് കുഞ്ഞമ്പു 1994-ലാണ് മരിക്കുന്നത്. 33 വര്‍ഷത്തെ സര്‍വീസുള്ള നെയ്ത്തുകാരനായിട്ടുകൂടി, കുഞ്ഞമ്പുവിന് അര്‍ഹതപ്പെട്ട ഗ്രാറ്റ്വിവിറ്റി തുക കൃത്യമായി സൊസൈറ്റിയില്‍ നിന്നും ലഭിച്ചില്ല. ഇരുപത്തിയയ്യായിരത്തോളം രൂപ നിയമപ്രകാരം കിട്ടാനുണ്ടായിട്ടും, 6,426 രൂപ മാത്രമാണ് 1994ല്‍ കുഞ്ഞമ്പുവിന്റേതായി കുമ്പയ്ക്കു ലഭിച്ചത്.

സര്‍വീസനുസരിച്ച് ഇങ്ങനെയുള്ള ചെറിയ തുകകളാണ് പിരിയുമ്പോള്‍ അക്കാലത്ത് ലഭിച്ചിരുന്നത്. 33 വര്‍ഷത്തെ സര്‍വീസുള്ള കുഞ്ഞമ്പുവിന് ലഭിച്ചത് ആറായിരത്തി ചില്ല്വാനം രൂപയാണെങ്കില്‍, അതില്‍ കുറവു സര്‍വീസുള്ളവര്‍ക്ക് കൂടുതല്‍ തുച്ഛമായ തുകകളാണ് ലഭിച്ചത്. ഇതിലെ ക്രമക്കേടുകള്‍ക്കെതിരെ കുമ്പ അന്ന് കാഞ്ഞങ്ങാട് ലേബര്‍ കോടതിയില്‍ പരാതി കൊടുത്തിരുന്നു. ലഭിക്കേണ്ട തുക പലിശയടക്കം കൊടുക്കണമെന്ന് കുമ്പയ്ക്ക് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നുമുണ്ടായത്. അതിനു ശേഷം നെയ്ത്തു സൊസൈറ്റി കണ്ണൂര്‍ ലേബര്‍ കോടതിയെ സമീപിക്കുകയും അവിടെ നിന്നും കുമ്പയ്ക്ക് അനുകൂലമായിത്തന്നെ വിധി വന്നു. തുടര്‍ന്ന് കോഴിക്കോട് കോടതിയിലും ഹൈക്കോടതിയിലും അപ്പീലുമായി നെയ്ത്തു സൊസൈറ്റി പോയെങ്കിലും ഫലമുണ്ടായില്ല. എല്ലാ വിധികളും കുമ്പയ്ക്ക് പലിശയടക്കം തുക കൈമാറണമെന്ന് നിര്‍ദ്ദേശിക്കുന്നതായിരുന്നു.

റിവ്യൂ പെറ്റീഷനടക്കം തള്ളിപ്പോയതോടെ, കുമ്പയ്ക്ക് അര്‍ഹമായ ഗ്രാറ്റ്വിവിറ്റി തുക ലഭിക്കുക തന്നെ ചെയ്തു. കുമ്പ അന്നു നടത്തിയ നിയമപോരാട്ടത്തിന്റെ ഫലമായാണ് നീലേശ്വരം നെയ്ത്തു സൊസൈറ്റിയില്‍ ഇന്ന് എല്ലാ തൊഴിലാളികള്‍ക്കും അര്‍ഹമായ തുക കൃത്യമായിത്തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. 1994 മുതല്‍ ആരംഭിച്ച നിയമയുദ്ധം 2000 വരെ കുമ്പ ഒറ്റയ്ക്ക് നടത്തിപ്പോന്നിരുന്നു. ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി ഏതറ്റം വരെ പോകേണ്ടിവന്നാലും, എത്രയധികം യാതനകള്‍ സഹിക്കേണ്ടി വന്നാലും നിലപാടില്‍ ഉറച്ചു തന്നെ നില്‍ക്കണമെന്ന് തങ്ങള്‍ക്ക് പഠിപ്പിച്ചു തന്നത് നിരക്ഷരയായ അമ്മയായിരുന്നുവെന്ന് കുമ്പയുടെ മക്കള്‍ ഓര്‍ക്കുന്നു. അമ്മ തെളിച്ച വഴിയിലൂടെ നടക്കുന്ന തങ്ങളെ ഊരുവിലക്കി തകര്‍ത്തുകളയാമെന്ന ചിന്ത വിലപ്പോകില്ലെന്ന് രമേശനും സതീശനും ഒരേ സ്വരത്തില്‍ പറയുന്നുണ്ട്.

കോടതി നിയോഗിച്ച കമ്മീഷനടക്കം തങ്ങളുടെ സ്ഥലമാണെന്ന് വ്യക്തമാക്കിയതിനു ശേഷവും ശാലിയ സമുദായ സംഘടന നല്‍കിയ അപ്പീലില്‍ സെഷന്‍സ് കോടതി ഫെബ്രുവരി പതിനെട്ടിന് വാദം കേള്‍ക്കാനിരിക്കുകയാണ്. മുനിസിപ്പാലിറ്റി അധികൃതരെ സ്വാധീനിച്ചാണ് കുമ്പയും കുടുംബവും മതിലിന് വേണ്ട രേഖകളുണ്ടാക്കിയതെന്നാരോപിച്ച് നീലേശ്വരം മുനിസിപ്പാലിറ്റിയേയും എതിര്‍കക്ഷിയായി ചേര്‍ത്തിട്ടുണ്ട് സമുദായ സംഘടന. വെറുമൊരു ചുറ്റുമതിലിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കം വളര്‍ന്ന് സമുദായ സംഘടനയുടെ അഭിമാന പ്രശ്‌നമായി മാറിയതോടെയാണ് ഒരു കുടുംബത്തിനൊട്ടാകെ ഊരുവിലക്ക് നേരിടേണ്ട അവസ്ഥയുണ്ടായിരിക്കുന്നത്. ഊരുവിലക്ക് എന്ന വാദം തെറ്റാണെന്ന് സംഘടന ആവര്‍ത്തിക്കുമ്പോഴും, കുമ്പയുടെ കുടുംബം നേരിടുന്ന പ്രതിസന്ധികള്‍ക്ക് മറ്റൊരു പേരുവിളിക്കാനാവില്ല താനും.

കുമ്പയും ഇളയ മകനായ പ്രകാശനും കുടുംബവുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പൊലീസുദ്യോഗസ്ഥരും അധ്യാപകരും ഉന്നത സര്‍ക്കാര്‍ ജോലിയുള്ളവരുമൊക്കെയാണ് കുമ്പയുടെ മക്കളെല്ലാം. നിരക്ഷരരായ മാതാപിതാക്കള്‍ കഷ്ടപ്പെട്ടാണ് തങ്ങളെ പഠിപ്പിച്ചു വളര്‍ത്തിയതെന്നും, അതോടൊപ്പം തങ്ങള്‍ക്ക് അവര്‍ പകര്‍ന്നു തന്നിട്ടുള്ള അവകാശ ബോധമാണ് തങ്ങള്‍ വിനിയോഗിക്കുന്നതെന്നുമാണ് കുമ്പയുടെ മക്കളുടെ പക്ഷം. “എഴുത്തും വായനയുമൊന്നുമറിയാത്തവരാണ് അച്ഛനുമമ്മയും. വളരെ പ്രയാസപ്പെട്ടാണ് അക്കാലത്ത് നല്ല വിദ്യാഭ്യാസം അവര്‍ ഞങ്ങള്‍ക്കു തന്നത്. അത് ഉപയോഗപ്പെടുത്തി ഇനിയും തെറ്റു കണ്ടാല്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യും.”

കാസര്‍കോട്ടെ പ്രാദേശിക മാധ്യമങ്ങളല്ലാതെ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഊരുവിലക്കിന്റെ കഥ പുറം ലോകത്തെ അറിയിക്കാന്‍ താല്‍പര്യപ്പെടാത്തതെന്താണെന്നും ഇവര്‍ക്ക് ചോദിക്കാനുണ്ട്. ഇപ്പോഴും തുടരുന്ന ഒറ്റപ്പെടുത്തലിനെതിരെ സന്ധിയില്ലാ സമരത്തില്‍ത്തന്നെയാണ് ഈ കുടുംബം.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍