UPDATES

ഉമ്മന്‍ ചാണ്ടിയെ ‘പൂര്‍വ്വകാല പാപങ്ങള്‍’ വേട്ടയാടുന്നു

കരുണാകരന്‍, ആന്റണി, ഉമ്മന്‍ ചാണ്ടി; സോളാര്‍ ഗുസ്തിക്കിടെ ചില കോണ്‍ഗ്രസ്സ് ചരിത്ര സ്മരണകള്‍

കെ എ ആന്റണി

കെ എ ആന്റണി

ഏറെ വിവാദമായ സോളാർ കമ്മീഷൻ റിപ്പോർട്ട് ഇന്നിപ്പോൾ നിയമസഭയുടെ മേശപ്പുറത്തു വെച്ചുകഴിഞ്ഞു. തുടർ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു അടിയന്തര സഭാ സമ്മേളനമാണ് ഇന്ന് നടന്നത്. കമ്മീഷൻ റിപ്പോർട്ട്‌ സഭാ അധ്യക്ഷനായ സ്പീക്കർക്ക് മുൻപാകെ വെക്കുക എന്നത് 1952 ലെ കമ്മീഷൻസ് ഓഫ് എൻക്വയറി ആക്ടിലെ സെക്ഷൻ 3,4 പ്രകാരമാണ് എന്നതാണ് ഒരു ജനാധിപത്യ രാഷ്ട്രം എന്നവകാശപ്പെടുന്ന ഇവിടത്തെ നാട്ടുനടപ്പ്. റിപ്പോർട്ട് വിത്ത് ആക്ഷൻ ടേക്കൺ എന്ന് തന്നെയാണ് നിയമം.

കെ കരുണാകരൻ എന്ന ജനകീയ നേതാവിനെ മൂലക്കിരുത്താനും പകരക്കാരനായ ചേർത്തലക്കാരൻ എ കെ ആന്‍റണി എന്ന എകെയെ പുകച്ചു പുറത്തു ചാടിക്കാനും പോന്ന രാഷ്ട്രീയ വൈഭവം ഇനിയും കൈമോശം വരാത്ത ഒരു ഉന്നതൻ തന്നെയാണ് കമ്മീഷൻ റിപ്പോർട്ടിലും മുഖ്യ പ്രതിസ്ഥാനത്ത് എന്നത് നല്ലൊരു രാഷ്ട്രീയ വായനക്കാരന് ഒട്ടും കൗതുകം പകരാൻ ഇടയില്ലയെന്നതാണ് യഥാർത്ഥ വസ്തുത എന്ന് പറയാൻ പോന്ന പോഴത്തം ഇപ്പോൾ എനിക്കും ഇല്ല. ഇങ്ങനെ പറയേണ്ടിവരുന്നു എന്നത് രാഷ്ട്രീയ വായന എന്നത് സ്വന്തം സ്ഥാപനത്തിന്റെ നീതിയും നിയമവും നടപ്പാക്കാൻ വിധിക്കപ്പെട്ട ചില മന്ദബുദ്ധി അവതാരകരുടെയും ചേലൊത്ത, വിളിച്ചാൽ വിളിപ്പുറത്തു കാത്തുകിടക്കുന്നവരുടെയും ചർച്ചകളുമായി ആളുകളെ മിനക്കെടുത്തുന്ന സമ്പ്രദായത്തെക്കുറിച്ചു കൂടിയാണ്. അജണ്ടകൾ നേരത്തെ നിശ്ചയിക്കുകയും അതനുസരിച്ചു പക്കമേളം മുഴക്കുകയും ചെയ്യുന്നവർ അറിയേണ്ട ഏറെ ഗുരുതരമായ ഒരു ചോദ്യം സോളാർ തട്ടിപ്പ് എന്നോ അഴിമതിയെന്നോ നിങ്ങൾ സൗകര്യ ബന്ധിതമായി (മുതലാളിക്കും അല്ലെങ്കിൽ ഫ്രീ ബീസ് നൽകി സഹായിക്കുന്ന ഏതു രാഷ്ട്രീയ-കച്ചവടക്കാര്‍ക്കും അവരുടെ കങ്കാണിക്കും വേണ്ടിയുള്ള ഇത്തരം പെടാപ്പാടുകളും ജനം കാണുന്നുണ്ട് എന്നുകൂടി ഓർക്കണം) ഇന്ന് പുലരുവോളം മുതൽ ഉണ്ടാക്കിയ വിപ്ലവത്തിൽ കാണാതെ പോയ അർദ്ധസത്യങ്ങളെക്കുറിച്ചുകൂടിയാണ്.

കമ്മീഷൻ റിപ്പോർട്ട്‌ പാരാവാരം പോലെ നീണ്ടുകിടക്കുന്ന ഒന്ന് തന്നെ. എങ്കിലും അതിൽ അക്കമിട്ടുനിരത്തുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അതിൽ പ്രധാനം ഉമ്മൻ ചാണ്ടിയെക്കുറിച്ചു തന്നെയാണ്. വദന സുരതം എന്നൊക്കെ റിപ്പോർട്ടിൽ വായിച്ചുകേൾക്കുമ്പോൾ നിങ്ങളെപ്പോലുള്ള സംരക്ഷകർക്കും ഒരുപക്ഷെ ചില കാര്യങ്ങൾ പിടികിട്ടിയിട്ടുണ്ടാവാം.

ഇരയല്ല, താനൊരു പോരാളിയെന്ന് സരിത

മലയാളത്തിന്റെ മുൻനിര എഴുത്തുകാരിൽ ഒരാളായ സേതുവിന്‍റെ ‘ഡിസംബറിലെ കിഴവൻ’ എന്ന ചെറുകഥ എത്രപേർ വായിച്ചിട്ടുണ്ടാവും എന്നറിയില്ല. കടുത്ത മഞ്ഞിൽ പോലും ലിംഗോദ്ധാരണം നടന്ന ഒരു കിഴവന്റെ കഥ മാത്രമല്ല അത്. കൊടിയ പീഡനത്തിന് വിധേയയായ ഒരു പെണ്ണിന്റെ കഥ കൂടിയാണ് സേതു ഡിസംബറിലെ കിഴവനിലൂടെ അവതരിപ്പിച്ചത് എന്ന് എത്ര കണ്ടു വായന സമൂഹം ഇപ്പോഴും ഓർത്തു വെക്കും. ഇന്ന് കിട്ടിയ സോളാർ കമ്മീഷൻ തട്ടിപ്പ് സംബന്ധിച്ചു റിട്ടയേർഡ് ജസ്റ്റിസ് എസ് ശിവരാജൻ സമർപ്പിച്ച റിപ്പോർട്ടിന്റെ കോപ്പിയിലൂടെ ഒന്നോടിച്ചു വായിച്ചപ്പോൾ തോന്നിയ ഈ ഉത്കണ്ഠ പങ്കുവെച്ചുകൊണ്ടു തന്നെയാവട്ടെ തുടക്കം.

അയച്ചു കിട്ടിയ ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങള്‍ നിങ്ങൾക്കും ചുവടെ വായിക്കാം;

പുറത്തുവന്നത് അഴിമതിയുടെയും ലൈംഗിക ചൂഷണത്തിന്റെയും നാറിയ കഥകള്‍: സോളാര്‍ റിപ്പോര്‍ട്ട് പൂര്‍ണരൂപം

ഓടക്കുഴൽ മീട്ടുന്ന ഒരു കണ്ണനെ വെച്ച് കോലക്കുഴൽ വിളി കേട്ടോ കണ്ണാ എന്ന ആ സിനിമ പാട്ട് മാത്രം ഓർത്താൽ മാത്രം മതിയെന്ന് പലർക്കും തോന്നിയേക്കാം. പക്ഷെ കാര്യങ്ങൾ അങ്ങനെ തന്നെയാണോ എന്ന് അത്ര കണ്ടു ഉറപ്പിക്കാനും വയ്യാത്ത അവസ്ഥയിൽ തന്നെയാണ് ഈ എഴുത്തുകാരനും. എങ്കിലും ചില പിടികിട്ടാ ചോദ്യങ്ങളും സംശയങ്ങളും ഇപ്പോഴും ചാണ്ടിയെയും മക്കളെയും ചുറ്റിപ്പറ്റി തന്നെ സഞ്ചരിക്കുന്നത് മുൻകാല സുകൃതമോ അതോ ഹെൻറിക് ഇബ്‌സന്റെ ‘Ghosts’ എന്ന നാടകത്തിൽ പറയുന്നതുപോലെ പൂർവകാല പാപങ്ങളുടെ വേട്ടയാടലോ എന്നുകൂടി ഒരു വേള ചിന്തിക്കേണ്ടതുണ്ട്.

എല്ലാവരും ഇന്നിപ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിയസഭയിൽ വെച്ച സോളാർ കമ്മീഷൻ സംബന്ധിയായ ആക്ഷൻ ടേക്കൺ റിപ്പോർട്ടിനെ കുറിച്ച് മാത്രം ചിന്തിക്കുന്നു. ചാനലുകളിൽ ചർച്ചകൾ പൊടി പൊടിക്കുന്നുണ്ടാവണം. ചർച്ച നയിക്കുന്നവരും പാനലിൽ ഉള്ളവരും ഒട്ടുമേ മോശക്കാർ ആവാനും ഇടയില്ല. അവർ ചർച്ച തുടരട്ടെ, ഞാൻ ഈ ചർച്ചകളെ പണ്ടേ കട്ട് ചെയ്തതിനാൽ അക്കാര്യത്തിലും ഒട്ടുമേ ഉത്കണ്ഠയില്ല.

ഇത് സോളാര്‍ റിപ്പോര്‍ട്ട് അല്ല, സരിത റിപ്പോര്‍ട്ട്: ഉമ്മന്‍ ചാണ്ടി

സത്യത്തിൽ എന്താണ് ഈ റിപ്പോർട്ടിൽ ഉള്ളത് എന്നതിനേക്കാൾ സരിതയുടെ പങ്കു പറ്റാൻ ഒരവസരം ലഭിക്കാതെ പോയ ചിലരെ വെച്ചുള്ള ഈ മുഴു നീള ചർച്ചകളുടെ പ്രസക്തി എന്താണ് എന്നാണ് ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടത്. തിരുവന്തപുരത്തെ കണ്ണിമാര മീൻ മാർക്കറ്റിൽ നിന്നോ എ കെ ജി ഭവന് മുന്നിൽ നിന്നോ തൊട്ടപ്പുറത്തു ജാസ് ഹോട്ടലിനടുത്തുള്ള മാരാർജി ഭവനിൽ നിന്നോ താഴെ തമ്പാന്നൂരിൽ നിന്നുള്ള സി പി ഐ ഓഫീസിൽ നിന്നോ തുടങ്ങേണ്ടതല്ല ഈ ചർച്ച. ഈ ചർച്ച തുടങ്ങേണ്ടത് സത്യത്തിൽ കെ പി സി സി ഓഫീസിൽ നിന്നും തന്നെയാണ്. ഓഫീസുകൾ മാറുന്ന പതിവ് ഇന്ദിര ഭക്തർക്ക് പണ്ടു മുതൽക്കേ ഉണ്ട്. ശാസ്തമംഗലം കഥകൾ രാജ് മോഹൻ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദും ഒക്കെ ഇനിയും മറന്നിരിക്കാൻ ഇടയില്ല. വട്ടിയൂർക്കാവ് -ശാസ്തമംഗലം- മരുതംകുഴി കേന്ദ്രീകൃതമായി പ്രവർത്തിച്ചിരുന്ന അവര്‍ ഇപ്പോൾ ഏതു ഗ്രൂപ്പിൽ എന്നും അറിയില്ല. ഊരു വിട്ടാൽ എല്ലാം വിടുന്നവരാണ് അവരൊക്കെ. അവർക്കു പാർക്കാൻ മുന്തിരിതോപ്പുകളോ അതോ ആടുജീവിതമോ എന്ന് കോൺഗ്രസ്സുകാർ തന്നെ പറയട്ടെ. ചുരുങ്ങിയ പക്ഷം കെ കരുണാകരൻ എന്ന ഇരട്ടത്താപ്പ് രാഷ്ട്രീയ നേതാവിന്റെ നേർ പുത്രനായി ജനിച്ചു കിങ്ങിണിക്കുട്ടൻ എന്ന ദുഷ്പേര് വാങ്ങിക്കൂട്ടി പിന്നീട് നരസിംഹം എന്ന് സ്വയമേ ചിന്തിച്ചു കെ പി സി സി അധ്യക്ഷ പദവിയിൽ എത്തിനിൽക്കേ മുച്ചൂടും മുടിച്ചു ഒടുവിൽ ആശ്രിതനായി, അടിമയായി ആർക്കോ വേണ്ടി ഉച്ചഭാഷിണി മുഴക്കാൻ വിധിക്കപ്പെട്ട മുരളിയെങ്കിലും പറയണം, ആരാണ് സ്വന്തം തന്തക്കു പാര വെച്ചത് എന്നത്. കാര്യങ്ങൾ പഠിക്കാൻ മുരളി ഇനിയും കാലമേറെയെടുക്കും. അല്ലെങ്കിൽ കൊടുവള്ളിയിൽ പോയി നിന്ന് അച്ഛനെ പറയിക്കുമായിരുന്നില്ലല്ലോ? കരുണാകരൻ ഉണ്ടോ കരുണാകര പുത്രൻ മുരളി എന്ത് ചെയ്യുന്നു എന്നതൊന്നുമല്ല ഇപ്പോഴത്തെ പ്രശ്നം. ഐ എസ് ആറോ ചാരക്കേസിനിടയിൽ ഉമ്മൻ ചാണ്ടി പറഞ്ഞതത്രയും വേദവാക്യം എന്ന് കരുതി ഒരു ചാർട്ടേർഡ് വിമാനത്തിൽ വന്നിറങ്ങി കേരളത്തിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുത്ത എ കെ ആന്റണി എന്ന ബഹുമാന്യ കോൺഗ്രസ് നേതാവിന്റെ നോട്ടക്കുറവിനെ കുറിച്ചുകൂടിയാണ്. കേരളത്തിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത് അവിടെ നിന്ന് തന്നെയാണ്.

ഉമ്മന്‍ ചാണ്ടി ഓറല്‍ സെക്‌സ് ചെയ്യിച്ചു, കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തു: സോളാര്‍ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍

ആന്റണിയെ വെച്ച് കളിച്ച ഉമ്മൻ ആന്റണിയെ ഒറ്റു കൊടുത്തത് മത ന്യൂനപക്ഷങ്ങൾക്കെതിരെ ഒരു പ്രഭാഷണം നടത്തി എന്ന് ആരോപിച്ചായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ മുസ്ലിം ലീഗ് കാര്യം ഏറ്റെടുത്തു. അല്ലെങ്കിലും അവർ തന്നെയായിരുന്നിന്നല്ലോ എ കെയുടെ കേരള പുനർ പ്രവേശനത്തിന് തിരുരങ്ങാടി പാത തുറന്നതും! ആന്റണിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നത് അത്ര പഴയ ചരിത്രമൊന്നുമല്ല. ദി ഹിന്ദുവിലെ റോയ് മാത്യു, കേരള കൗമുദിയിലെ കെ ബാലചന്ദ്രൻ, മലയാള മനോരമയിലെ ഇ സോമനാഥ്. ഓർത്തെടുക്കാൻ പറ്റുന്ന ചിലരൊക്കെയേ ഉണ്ടായിരുന്നുള്ളൂ എന്നെ കൂടാതെ എകെ വിളിച്ച വിടവാങ്ങൽ പത്രസമ്മേളനത്തിൽ. “ഞാൻ കുറച്ചു ദിവസം ലീവ് എടുക്കുന്നു. ഒന്ന് ഡൽഹിക്കു പോവുകയാണ്. കൈവശം ഒരു പുസ്തകം ഉണ്ട്. ഒന്ന് വായിക്കണം എന്ന് പറഞ്ഞു പെരുമ്പടവം ശ്രീധരൻ എല്‍പ്പിച്ചതാണ്”. പൊതുവെ മിതഭാഷിയായ ആന്റണി ആ പുസ്തകം തന്നെ കാണാൻ എത്തിയ പത്തിൽ താഴെയുള്ള പത്രപ്രവർത്തക സംഘത്തെ ഉയർത്തിക്കാട്ടികൊണ്ടു പറഞ്ഞു. ‘ഒരു സങ്കീർത്തനം പോലെ’ എന്ന പേരിൽ പെരുമ്പടവം ശ്രീധരൻ രചിച്ചു ആശ്രാമം ഭാസി പ്രസിദ്ധീകരിച്ച ആ പുസ്തകം ഇപ്പോഴും മലയാള പുസ്തക പ്രസാധന രംഗത്തെ റെക്കോർഡുകൾ തകര്‍ത്തുകൊണ്ടിരിക്കുന്നു. പക്ഷെ എനിക്കപ്പോൾ ഒട്ടും പിടികിട്ടാതെ വന്നത് ഡോസ്റ്റോവ്സ്കിയുടെ കഥ അന്നയിലൂടെ പറയുന്ന ഈ നോവൽ ഒരു ആജന്മ കമ്മ്യൂണിസ്റ്റ് വിരുദ്ധന് എത്രകണ്ട് ഉതകും എന്നതായിരുന്നു. ചോദ്യം പരസ്യമായി വേണ്ട എന്ന് കരുതി സമീപിച്ചത് എ കെയുടെ സന്തത സഹചാരി പ്രതാപനെ തന്നെ. പിന്നീട് പറയാം എന്ന് മാത്രമായിരുന്നു പ്രതികരണം. പ്രതാപൻ പറയാതെ തന്നെ അന്ന് തന്നെ അറിഞ്ഞു ഉമ്മച്ചന്റെ നിസ്വാർത്ഥ രാഷ്ട്രീയ കൊയ്ത്തുകളുടെ പിന്നാമ്പുറ കഥകൾ.

സരിത നമ്മുടെ മഗ്ദലന മറിയമോ?

പഴം പുരാണം വിട്ടു നമുക്ക് വീണ്ടും സോളാർ ഗുസ്തിയിലേക്കു മടങ്ങാം. ഇവിടെ ഒരാൾ, അതും കേരളം രണ്ടു തവണ ഭരിച്ച, ഭരിച്ചു മനസ്സ് മടുക്കാത്ത ഒരാൾ പ്രധാന പ്രതി സ്ഥാനത്തു നില്കുന്നു. സഭയും പട്ടക്കാരും ആശ്രിതരും എല്ലാവരും ചേർന്ന് വിശുദ്ധ പട്ടം ചാർത്തികൊടുത്ത ഒരാൾ. അയാളുടെ പേര് ഉമ്മൻ ചാണ്ടിയാണെന്നു ഇന്ന് നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ പറഞ്ഞു കഴിഞ്ഞു. അല്ലെങ്കിലും പ്രതിപട്ടികയിൽ വരുന്ന ഇത്തരം അച്ചാച്ഛന്മാരുടെ പേര് അച്ചടിച്ച് വരുന്നതിൽ അവർക്കില്ലാത്ത ജാള്യത നമുക്ക് വേണമോ എന്ന ഒരു ചോദ്യം ഒരിക്കൽ എന്നോട് തന്നെ ചോദിക്കുകയും എനിക്കൊപ്പം ജോലി ചെയ്തിരുന്ന ഒരു അനുജത്തികുട്ടിയോടു കലഹിക്കുകയും ചെയ്തതാണ്. അന്നത്തെ കേസുകെട്ട് ഒരു അമൃത ട്രെയിൻ യാത്രയാണ്. അമൃത എക്സ്പ്രസ്സിൽ ഉമ്മൻ ചാണ്ടിക്കൊപ്പം സഞ്ചരിച്ച ഏതോ അജ്ഞാത സ്ത്രീയെ കുറിച്ചുള്ള വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത് അക്കാലത്തു പാലക്കാടുനിന്നും പ്രസദ്ധീകരിച്ചിരുന്ന ‘എക്‌സ്‌ക്ല്യൂസീവ്’ എന്ന മാസികയിലായിരുന്നു. അതിന്റെ ചുവടു പിടിച്ചു ഇതാ വരുന്നു സമകാലിക മലയാളത്തിലും ഒരു സ്റ്റോറി. എഴുതിയത് അനുജത്തികുട്ടിയായതുകൊണ്ടു ഒരൽപം കലമ്പി. ശരിയാണ് അന്നവൾ പറഞ്ഞത് തന്നെയാണ് ശരിയെന്നു ഉമ്മൻ ചാണ്ടി വീണ്ടും വീണ്ടും തെളിയിച്ചു എന്ന് തന്നെയാണ് അദ്ദേഹം തന്നെ നിയോഗിച്ച ജസ്റ്റിസ് ശിവരാമൻ കമ്മീഷൻ റിപ്പോർട്ട് നൽകുന്ന സൂചനകൾ.

കേരള രാഷ്ട്രീയത്തെ മലീമസമാക്കിയ ഉമ്മന്‍ ചാണ്ടിയുടെ ‘വക്രബുദ്ധി’

ഇനിയിപ്പോൾ സരിത എന്ന സ്ത്രീ കൊടും കുറ്റവാളി ആണെന്നും ഒരു വേശ്യയുടെ വാക്കിന് ആര് വില കൊടുക്കും എന്നൊക്കെ ഗീർവാണം പറയുന്ന യൂത്ത് കോൺഗ്രസ് വങ്കപ്രമാണിമാരോട് ഒരു വാക്ക്. ചുരുങ്ങിയ പക്ഷം ചാണ്ടി ഉമ്മനും സഹോദരിമാരും ഒക്കെയായി ബന്ധപ്പെട്ടു ഉയർന്ന ആരോപണങ്ങളത്രയും സമയം കിട്ടുമ്പോൾ ചെന്നിത്തല ഗാന്ധിയോടെങ്കിലും ചോദിച്ചു മനസ്സിലാകുന്നതാകും ഏറെ ഉചിതം. കൂട്ടത്തിൽ ഒന്ന് കൂടി. എവിടെ പോയി നിങ്ങളുടെ ചാണ്ടി ഉമ്മൻ? ഡൽഹിയിലെ സഹായി എന്ന് പറയപ്പെടുന്ന കുരുവിളയെയൊക്കെ മാറ്റി നിര്‍ത്തുക. അപ്പോഴും നിങ്ങളുടെ പഴയ ഈ എൻ എസ് യു നേതാവ് എവിടെ എന്ന ചോദ്യത്തിന് മറുപടി വേണ്ടതുണ്ടല്ലോ. രമേശ് ചെന്നിത്തല പറയുന്നത് മുഴുവൻ നമ്പേണ്ടതില്ല. രാഷ്ട്രീയ പകപോക്കൽ എന്നൊക്കെ പറഞ്ഞു പാർട്ടിയെ സ്വന്തം കക്ഷത്തിൽ ഒതുക്കാൻ അയാൾ ശ്രമിക്കും. എങ്കിലും അപകടത്തിൽ പെട്ട ഒരു അച്ഛനെ സംരക്ഷിക്കേണ്ട ആ സല്‍പുത്രൻ എവിടെ എന്ന ചോദ്യത്തിന് ഡീൻ കുര്യക്കോസെങ്കിലും മറുപടി പറയേണ്ടതായുണ്ട്.

സോളാര്‍ അഴിമതി: ഒരു ഓര്‍ഗനൈസ്ഡ് ക്രൈം

‘വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ’; ഇനി ഉമ്മന്‍ ചാണ്ടിയുടെ പതനമോ?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍