UPDATES

ട്രെന്‍ഡിങ്ങ്

മരണമെങ്കില്‍ മരണം എന്നുറപ്പിച്ചു തന്നെയാണ് പോയത്, നിങ്ങളുടെ പിതാക്കന്മാരുടെ നെഞ്ചത്ത് വില്ലുവണ്ടിയോടിച്ചു, നിങ്ങളുടെ നെഞ്ചത്ത് ചവിട്ടി മലയും കയറും-ശബരിമല കയറിയ എസ് പി മഞ്ജു/അഭിമുഖം

ദളിതരുടെ കൈയില്‍ ആയുധം കൊടുത്തും ജയിലിലിട്ടും രക്തം ചിന്തിച്ചും ഇനിയൊരു കാര്യവും നേടാന്‍ സംഘപരിവാറിന് ആവില്ല

ശ്രീഷ്മ

ശ്രീഷ്മ

“പൊലീസുണ്ടായിട്ടു കാര്യമില്ല, ഞങ്ങള്‍ ആള്‍ബലം കൂട്ടി വീട്ടില്‍ കയറും എന്നൊക്കെ പറയുന്നുണ്ട് ഇവിടത്തെ സംഘപ്രവര്‍ത്തകര്‍. വലിയൊരു വെട്ടുകത്തി ഞാന്‍ വാതില്‍ക്കല്‍ തന്നെ കൊണ്ടുവച്ചിട്ടുണ്ട്. റോഡില്‍ നിന്നും ഓടിക്കയറാവുന്ന വീടാണ്. ഞാന്‍ എല്ലാം മുന്നില്‍ക്കണ്ടു തന്നെയാണ് നില്‍ക്കുന്നത്.’ മഞ്ജുവാണ് പറയുന്നത്. പതിനെട്ടാം പടി ചവിട്ടി കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവാണ് മഞ്ജു. മഞ്ജു വേഷം മാറിയാണെന്ന് ചെന്നതെന്നും, ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നുമടക്കം നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. പക്ഷേ, അഞ്ചു ദിവസം വീടിനടുത്ത് കാവലിരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ വകവയ്ക്കാതെ നാട്ടിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ച്ചെന്ന് മാലയിട്ട മഞ്ജുവിന് ഈ ആരോപണങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരമുണ്ട്. ചെങ്ങറ ഭൂസമരമടക്കമുള്ള ജനകീയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടും അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരിലുമുള്ള കേസുകള്‍ ചൂണ്ടിക്കാട്ടി തന്നെ ക്രിമിനല്‍ എന്നു വിളിക്കുന്നവരോടും മഞ്ജുവിന് ചിലതു പറയാനുണ്ട്. മഞ്ജു സംസാരിക്കുന്നു.

രണ്ടു തവണ തിരിച്ചിറങ്ങി, മൂന്നാം വട്ടം മല ചവിട്ടി

ഒരുപാടു വട്ടം മലയ്ക്കു പോയിട്ടുള്ള ഒരു അമ്മയുടെ വീട്ടില്‍പ്പോയാണ് ആദ്യത്തെ തവണ മാലയിടുന്നത്. വളരെ ശബ്ദം കുറച്ചാണ് ശരണമൊക്കെ വിളിച്ചത്. ഒരു തവണ ശരണം വിളി ഉച്ചത്തിലായിപ്പോയപ്പോള്‍ വീട്ടില്‍ നിന്നും മരുമക്കളൊക്കെ പുറത്തു വന്ന് നോക്കി. ഈ അമ്മയുടെ മകന്‍ ഒരു ബി.ജെ.പിക്കാരനായിരുന്നു. മാലയൊക്കെ ഒളിപ്പിച്ച് നടന്നിട്ടുണ്ട്. ചിലര്‍ക്കു മാത്രം എടുത്തു കാണിച്ചു കൊടുക്കും. അയ്യപ്പനെ വിശ്വസിച്ചാണ് ആദ്യത്തെ തവണ അങ്ങു കേറുന്നത്. സ്‌കൂട്ടറെടുത്താണ് പാതി വഴി പോയത്. പ്രതിഷേധക്കാര്‍ കൂട്ടമായി നില്‍ക്കുകയാണ് അവിടെ. ഇവരെല്ലാം എന്റെ നേരെ ഓടിവന്നാല്‍ എന്തു ചെയ്യും എന്ന് പേടി തോന്നി. ഇടയ്ക്ക് ചിലര്‍ തിരിച്ചറിഞ്ഞ് വന്ന് അന്വേഷിക്കുകയും ചെയ്തു. സഹോദരന് ഭക്ഷണം കൊണ്ടു വന്നതാണ് എന്നും പറഞ്ഞാണ് അന്ന് അവിടെനിന്നും രക്ഷപ്പെട്ട് പോന്നത്. എന്റെ പരിചയക്കാരും ചിലര്‍ ഉണ്ടായിരുന്നു അവിടെ. ചേച്ചി പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതാണ് നല്ലതെന്ന് പറഞ്ഞ് അവരും തിരിച്ചയച്ചു. ഇവരുടെ പ്രശ്‌നം കാരണം ആദ്യത്തെ തവണ മടങ്ങേണ്ടി വന്നു.

രണ്ടാമത്തെ തവണ ശ്രമിക്കുന്നത് മനിതിയിലെ അംഗങ്ങള്‍ വന്ന അന്നാണ്, ബിന്ദു ടീച്ചറുടേയും ദുര്‍ഗ്ഗയുടേയുമൊപ്പം. പലരും പല വഴിക്കാണ് വന്നത്. ഞാന്‍ പാലാ വഴിയാണ് ചെന്നത്. അപ്പോഴേക്കും പലരും തിരിച്ചറിയാനൊക്കെ തുടങ്ങി. കല്യാണത്തിന് പോകുന്നു എന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. കൂടെ വരുന്നവരുടെ വിളിയും കാത്ത് ബസ് സ്റ്റാന്റിനടുത്ത് ഒരു കടയുടെ അരികില്‍ നിന്നപ്പോള്‍ ചിലര്‍ സൂക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു. ‘ഏയ് ഇതല്ല, ഇതിനേക്കാള്‍ മുടിയുണ്ട്’ എന്നൊക്കെ ഫോണില്‍ നോക്കി പറയുന്നത് കേള്‍ക്കാം. എന്റെ പടം നോക്കി ഉറപ്പിക്കുകയാണ്. അപ്പോള്‍ അവിടെ കേക്കു കട നടത്തിയിരുന്ന ഒരു പയ്യനാണ് അടുത്തു വന്ന് കടയിലേക്കു ചെന്ന് സാധനം വാങ്ങുന്ന പോലെ അഭിനയിക്കാന്‍ പറഞ്ഞത്. ചെന്നപ്പോള്‍ അവന്‍ പറഞ്ഞു, പ്രശ്‌നമാണ്, നാമജപക്കാരെ ഇവര്‍ വിളിച്ചു വരുത്തും, ചേച്ചി പെട്ടന്ന് മാറിക്കോ എന്നൊക്കെ. ദുര്‍ഗ്ഗയേയും ബിന്ദുവിനെയുമൊക്കെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ വണ്ടിയും കൊണ്ടുവന്ന് എന്നെ കൂട്ടി. നേരെ പൊലീസ് സ്റ്റേഷനിലേക്കാണ് പോയത്. പക്ഷേ പൊലീസ് കസ്റ്റഡിയില്‍ മല കയറാന്‍ എനിക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. അവര്‍ പറയുന്ന സമയത്ത്, പറയുന്ന രീതിക്ക് കയറേണ്ടിവരും. അന്നും ഞാന്‍ തിരിച്ചു പോന്നു.

ബിന്ദു ടീച്ചറൊക്കെ വിളിച്ച് വഴക്കു പറഞ്ഞിരുന്നു. പക്ഷേ, ഞാന്‍ വീണ്ടും വരാന്‍ ഉറച്ചുതന്നെയാണ് പോയത്. എന്റെ നാട്ടിലെ സംഘികളൊക്കെ പറയുമായിരുന്നു, ആരും കേറിക്കോട്ടെ മഞ്ജു കയറരുതെന്ന്. അതെന്താ ഞാന്‍ പട്ടികജാതി ആയതുകൊണ്ടാണോ എന്ന് ഞാനും ചോദിച്ചു. മഞ്ജു കയറിയാല്‍ ഇവിടെ ഞങ്ങള്‍ക്ക് വേറെ വഴി നോക്കേണ്ടി വരുമെന്നൊക്കെയാണ് പറഞ്ഞിരുന്നത്. കലാപമുണ്ടാക്കുമെന്നാണ്. ഇപ്പോള്‍ അവരെക്കാണുമ്പോള്‍ ഞാന്‍ വെറുതേ പോയി അങ്ങോട്ടു സംസാരിച്ചു നോക്കും. പലരും എന്നെ കണ്ടാല്‍ ഓടാറാണ് പതിവ് ഇപ്പോള്‍.

അയ്യപ്പന്റെ അമ്മയ്ക്ക് വേഷപ്രച്ഛന്നയാകാമെങ്കില്‍ എസ് പി മഞ്ജുവിനുമാകാം; തെറിവിളിയുമായിറങ്ങിയ വിശ്വാസ സംരക്ഷകരോടാണ്

എന്റെ ശരീരത്തിലെ ഓരോ രോമവും പരിശോധിക്കുന്നതെന്തിന്?

ഞാന്‍ കൊച്ചുകുട്ടിയല്ല, നാല്പതു വയസ്സിന്റെ വക്കിലെത്തി നില്‍ക്കുന്ന സ്ത്രീയാണ്. ഒരിക്കലും മനഃപൂര്‍വ്വമായി വേഷം മാറിയൊന്നുമല്ല ശബരിമലയ്ക്ക് പോയത്. തീര്‍ത്ഥാടനങ്ങള്‍ക്കോ ആരാധനാലയങ്ങളിലേക്കോ പോകുമ്പോള്‍ കണ്ണെഴുതാറും പൊട്ടു തൊടാറുമൊന്നുമില്ല. ഭക്തി ഉള്ളില്ലല്ലേ. അതെനിക്കുണ്ട്. ജനത്തെ വിളിച്ചറിയിക്കുകയല്ല ഭക്തി. അതിലെനിക്ക് താല്‍പര്യവുമില്ല. തീര്‍ത്ഥാടനത്തിനായി എവിടെപ്പോയാലും അവിടെക്കിട്ടുന്ന ഭസ്മമോ ചന്ദനമോ എന്തെങ്കിലും വാരിപ്പൂശുക എന്നത് എന്റെ ശീലവുമാണ്. ശബരിമലയ്ക്ക് മാലയിട്ടപ്പോള്‍ അതിനൊപ്പം രുദ്രാക്ഷവും ധരിച്ചിരുന്നു. അതിന്റെ ഭാഗമായി അന്ന് കുറേ ഭസ്മം വാരിപ്പൂശുകയും ചെയ്തിട്ടുണ്ട്. അതെന്റെ വിശ്വാസത്തിന്റെ ഭാഗമാണ്, എന്റെ സംതൃപ്തിയാണ്. എന്നെ അടുത്തറിയുന്ന സുഹൃത്തുക്കള്‍ക്കറിയാം, എന്റെ മുടിയുടെ ഇടതുവശം മുഴുവന്‍ നരച്ചതാണ്. പതിനഞ്ചു വയസ്സു തൊട്ടേ നര കയറുന്ന പ്രകൃതമാണ് എന്റേത്. ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടാണ്. ഡൈയൊക്കെ ചെയ്ത് നടക്കുന്നു എന്നേയുള്ളൂ. അല്ലാതെ ഈ ആരോപിക്കുന്ന പോലെ വേഷം മാറിപ്പോയതൊന്നുമല്ല.

എന്റെ ശരീരത്തിലെ ഓരോ രോമവും പരിശോധിക്കേണ്ട കാര്യം രാഹുല്‍ ഈശ്വറിനുണ്ടോ? ഇപ്പോഴൊക്കെയാണെങ്കില്‍ മുടിയില്‍ എന്തെല്ലാം കളറാണ് ആളുകള്‍ വാരിത്തേക്കുന്നത്. ശബരിമലയില്‍ വച്ച് മുടിക്ക് നിറമടിച്ച എത്രയോ ചെറുപ്പക്കാരെയും അമ്മമാരെയും ഞാന്‍ കണ്ടിട്ടുണ്ട്. അവരെയൊന്നും രാഹുല്‍ ഈശ്വര്‍ കാണുന്നില്ലേ? ബിന്ദുവും ദുര്‍ഗ്ഗയും പോയപ്പോഴും പറഞ്ഞു വേഷം മാറിയെന്ന്. എന്ത് വേഷം മാറിയ കാര്യമാണ്? എന്റെ വസ്ത്രധാരണത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ അതിനൊന്നും ഇവരല്ല മാര്‍ക്കിടേണ്ടത്. സ്ത്രീകള്‍ക്കെതിരായി ഇവിടുത്തെ പുരുഷന്മാരെ സംഘടിപ്പിക്കാന്‍ രാഹുല്‍ ഈശ്വര്‍ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. അപ്പോള്‍ ഇയാള്‍ക്കു പുറകില്‍ എന്താണെന്ന് അന്വേഷിക്കാന്‍ ഭരണകൂടം തയ്യാറാകേണ്ടതുണ്ട്. ഹിന്ദു തീവ്രവാദികളുടെ വരുമാനം കൈപ്പറ്റിക്കൊണ്ടാണ് അയാള്‍ നിലനില്‍ക്കുന്നതെന്ന് വ്യക്തമായി എല്ലാവര്‍ക്കും അറിയാവുന്നതാണ്. രാഹുലിനും ശശികല ടീച്ചര്‍ക്കും ശോഭാ സുരേന്ദ്രനുമെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതിന് കേസെടുത്ത് അന്വേഷിക്കാന്‍ എന്താണ് തടസ്സം? രാജ്യത്തെ ഉന്മൂലനം ചെയ്യാനായി കച്ചകെട്ടിയിറക്കിയതാണ് ഈ മൂന്നംഗ സംഘത്തെ. തീവ്രവാദ പ്രവര്‍ത്തനമാണ് ഇവര്‍ ഇവിടെ നടത്തുന്നത്.

ഈ തീവ്രവാദത്തിന്റെ തടങ്കലില്‍പ്പെട്ട് ഇവര്‍ക്കൊപ്പം അലയുന്ന ഒരു വലിയ ജനവിഭാഗമുണ്ട്. ഇവര്‍ക്ക് ഭരണഘടന അട്ടിമറിക്കണം, മനുവാദം കൊണ്ടുവരണം. അതിനുവേണ്ടിയുള്ള സമരങ്ങളാണ് അവര്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തെരുവില്‍ നടത്തുന്നത്. ഈ കലാപങ്ങളൊന്നും ശബരിമലയില്‍ പ്രതിഫലിക്കുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് ഞാന്‍ പോയി തിരിച്ചു വന്നത്. മരണമെങ്കില്‍ മരണം എന്നു വിചാരിച്ചു തന്നെയാണ് പോയത്. പണ്ട് പുലി പിടിക്കും എന്ന പേടിയില്‍ യാത്ര പറഞ്ഞാണ് മലയ്ക്ക് പോയിരുന്നത്. ഇപ്പോള്‍ അയ്യപ്പന്‍ ഇരിക്കുന്നത് മറ്റൊരു മരണക്കെണിക്ക് അകത്താണ്. ആ കെണിയില്‍ കയറി അയ്യപ്പനെ കണ്ട് തിരിച്ചുവന്നു. മഞ്ജു ശബരിമലയ്ക്കു വന്നാല്‍ തിരിച്ചുപോകാന്‍ ബാക്കി കാണില്ല എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടവര്‍ അവിടെ നില്‍ക്കുമ്പോഴാണ് ഞാന്‍ പോയി തൊഴുതു വന്നത്.

ശബരിമലയിൽ വീണ്ടും യുവതീപ്രവേശം: ദളിത് ഫെഡറേഷൻ നേതാവ് എസ്‌പി മഞ്ജു അയ്യപ്പ ദർശനം നടത്തി

നിങ്ങളുടെ പിതാക്കന്മാരുടെ നെഞ്ചത്ത് വില്ലുവണ്ടിയോടിച്ചു, നിങ്ങളുടെ നെഞ്ചില്‍ ചവിട്ടി മലയും കയറും

ഒരു സ്ത്രീ എന്ന രീതിയില്‍ എന്നെ വെല്ലുവിളിക്കുകയാണ്. മാസങ്ങളായി ഞാനത് കേള്‍ക്കുന്നുണ്ട്. അപ്പോഴത് ഏറ്റെടുക്കണ്ടേ? അയ്യപ്പന്റെ ശക്തിയില്‍ വിശ്വസിക്കുന്നവര്‍ക്ക്, അയ്യപ്പനെ കാണാന്‍ സ്ത്രീകള്‍ വരട്ടെ എന്നു വിധിയെഴുതിച്ചതും അയ്യപ്പന്റെ ശക്തിയാണെന്ന് വിശ്വസിക്കാനെന്താണ് ബുദ്ധിമുട്ട്? രാഹുല്‍ ഈശ്വറിന്റെ നെഞ്ചില്‍ ചവിട്ടിയേ ഞാന്‍ ശബരിമലയില്‍ കയറൂ എന്നാണ് അയാള്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. അവരുടെയൊക്കെ പൂര്‍വ്വപിതാക്കന്മാരുടെ നെഞ്ചിലൂടെ വില്ലുവണ്ടിയോടിച്ച പാരമ്പര്യമാണ് ഞങ്ങള്‍ക്കുള്ളത്. നെഞ്ചില്‍ ചവിട്ടി കയറേണ്ടി വന്നിരുന്നെങ്കില്‍ അതിനും തയ്യാറായാണ് ഞാന്‍ പോയത്. പക്ഷേ രാഹുല്‍ ആ പരിസരത്തൊന്നുമില്ലായിരുന്നു എന്നത് വേറെ കാര്യം.

കുറേ ഗുണ്ടകളെ ഇറക്കിയിട്ടുണ്ട് ശബരിമലയില്‍. ഈ രാഹുലുമായിട്ടോ പഴയ പന്തളം കൊട്ടാരവുമായിട്ടോ ഒരു ബന്ധവുമില്ലാത്തവരാണ് അവരൊക്കെ. ഞങ്ങള്‍ക്കൊക്കെ പരിചയമുള്ള ആളുകളാണ്. കുത്തു കേസും വെട്ടുകേസുമായി നടക്കുന്നവരാണ് ഇവരില്‍ പലരും. പക്ഷേ, ഒരു യുവതിക്ക് ശബരിമലയില്‍ പോകണമെങ്കില്‍ ഇവരെയാരെയും ഭയക്കേണ്ടതില്ലെന്ന് ഞാന്‍ ഉറപ്പിച്ചു പറയും. ഒരാള്‍ക്ക് പത്ത് എന്ന കണക്കിന് ഒരു വിളിപ്പാടകലെ ആളുണ്ടാകുന്ന രീതിയിലാണ് സര്‍ക്കാര്‍ പൊലീസിനെ വിന്യസിച്ചിട്ടുള്ളത്. അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെല്ലാം സുഹൃത്തുക്കളായിരുന്നിട്ടു പോലും ആരെയും അറിയിക്കാതെയാണ് ഞാന്‍ കയറിയത്. ശബരിമല സ്വന്തം താല്‍പര്യമനുസരിച്ച് കയറുക, അക്കാര്യം എല്ലാവരെയും അറിയിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഞാന്‍ കയറി എന്നത് ജനങ്ങള്‍ അറിയേണ്ടത് അത്യാവശ്യമാണ്. അവിടെ സ്ത്രീകള്‍ക്ക് സുഗമമായി പതിനെട്ടാംപടി കയറിച്ചെല്ലാന്‍ സാധിക്കുന്നുണ്ട് എന്ന് എല്ലാവരും അറിയണം. ഒരുപാട് സ്ത്രീകള്‍ അല്ലാതെയും പോയിട്ടുണ്ട്, പുറത്തറിയിക്കാതെ തന്നെ. കണക്കുകളെല്ലാം പൊലീസുകാര്‍ക്ക് കൃത്യമായി അറിയാമായിരിക്കും.

രാഹുല്‍ ഈശ്വറിന്റെ പുറകിലുള്ള ശക്തികളെപ്പറ്റി കൂടുതല്‍ അന്വേഷിക്കണം. മുന്‍ ഡി.ജി.പി പോലും അയ്യപ്പ കര്‍മസമിതിയുടെ തലപ്പത്തുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നപ്പോള്‍ ഇവിടെ അവര്‍ക്കുവേണ്ടി അദ്ദേഹം എന്തൊക്കെ കരുക്കള്‍ നീക്കിക്കാണും? അമൃതാനന്ദമയി എന്ന ആള്‍ദൈവത്തിന്റെ കൈയിലാണ് ഇപ്പോള്‍ ഇത് കൊണ്ടുപോയി കൊടുക്കാന്‍ പോകുന്നത്. എന്നിട്ട് ഈ വിഷയം ഇന്ത്യയ്ക്ക് വെളിയിലേക്ക് പോലും കൊണ്ടുപോകാനുള്ള വഴി നോക്കുകയാണ്. അപ്പപ്പോള്‍ ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ വലിയ ദോഷം ചെയ്യും. നാമജപ ഘോഷയാത്ര നടന്നപ്പോള്‍ത്തന്നെ കോടതിയലക്ഷ്യത്തിന് കേസെടുക്കേണ്ടതായിരുന്നു.

നാമജപ സേനയെ സംഘടിപ്പിച്ചത് വര്‍ഷങ്ങള്‍ നീണ്ട പദ്ധതിയിലൂടെ

വിശ്വാസികള്‍ എന്ന പേരില്‍ ഒരു ജനസമൂഹത്തെ നിരത്തിലിറക്കാന്‍ ശബരിമല കേസ് കോടതിയില്‍ നടക്കുന്ന കാലം തൊട്ടുതന്നെ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. കുമ്മനം രാജശേഖരനൊക്കെ രാഷ്ട്രീയത്തിനപ്പുറം എന്നു പറഞ്ഞ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ജനങ്ങളെ സംഘടിപ്പിക്കുകയാണ് ചെയ്തത്. നാരങ്ങവിളക്ക്, കുടത്തില്‍ പൈസയിട്ട് പൂജ എന്നീ പരിപാടികളൊക്കെ ആ സാഹചര്യത്തിലാണ് ഇറങ്ങിയത്. ഞാനൊക്കെ ഭക്തയാണ്. പക്ഷേ, ഈ പരിപാടിക്കൊന്നും എല്ലാവരും വിളിച്ചിട്ടും പോയിട്ടില്ല. അന്ന് അവര്‍ ചെയ്തത് ഇന്നത്തെ സമരങ്ങള്‍ക്കു വേണ്ടി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആളെ സംഘടിപ്പിക്കലായിരുന്നു. അവരുടെ ആ കരുതല്‍ ശേഖരം ഇപ്പോള്‍ ഉപകാരപ്പെടുകയും ചെയ്തു. വലിയ കൂട്ടായ്മയെ വളര്‍ത്തിയെടുക്കുകയും നാമജപഘോഷയാത്രയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.

ശബരിമലയുടെ ഭൂമിശാസ്ത്രം വ്യക്തമായി പഠിച്ചിട്ടാണ് ഞങ്ങളൊക്കെ പോയത്. ഭക്തരാരൊക്കെയാണെന്നും അക്രമികളാരൊക്കെയാണെന്നും അവര്‍ എവിടെയെല്ലാം നിലയുറപ്പിക്കുമെന്നും വളരെ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. തങ്ങളെ വിശ്വസിക്കാനല്ലാതെ പഠിക്കാന്‍ ജനങ്ങള്‍ തയ്യാറാകില്ലെന്ന് ഈ അക്രമികള്‍ കരുതിയിട്ടുണ്ടെങ്കില്‍, തെറ്റി.

ഒരിക്കലും തോറ്റുമാറുന്നവരല്ല ദളിതര്‍. അക്രമത്തിന്റെ പാത സ്വീകരിക്കുകയുമില്ല. അവര്‍ണ-സവര്‍ണ സമരത്തിലേക്ക് അവസ്ഥ മാറരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും. പക്ഷേ ഞങ്ങളെ തെരുവില്‍ നേരിട്ടാല്‍ അതിനു കൃത്യമായ മറുപടി കൊടുക്കാന്‍ തയ്യാറാണു താനും. ഇവരുടെ അലര്‍ച്ചയും പോര്‍വിളിയുമൊന്നും ഇപ്പോള്‍ തെരുവില്‍ കാണുന്നില്ലല്ലോ. യുവജനങ്ങള്‍ ഇറങ്ങിയാലേ അക്രമങ്ങള്‍ക്ക് അറുതിവരൂ എന്ന് പല സമരങ്ങളും നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷ സഹയാത്രികരായ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെല്ലാം എതിര്‍ത്തപ്പോള്‍ അവര്‍ കൊടിയും മടക്കി എഴുന്നേറ്റു പോയില്ലേ. പിന്നെ എനിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പൊലീസ് സുരക്ഷയെക്കുറിച്ചാണെങ്കില്‍, അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അവര്‍ അത് ഏര്‍പ്പെടുത്തുന്നവരെയും എന്റെ നാട്ടില്‍ എല്ലായിടത്തും പോയിട്ടുള്ളതാണ്.

എനിക്കെതിരെ സംഘടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പാളിപ്പോകുകയാണ്. നേതൃത്വം രഹസ്യമായി ചേര്‍ന്ന് തീരുമാനിക്കുന്ന കാര്യങ്ങള്‍ അണികളെ അറിയിക്കുമ്പോള്‍ അവര്‍ പിന്‍വാങ്ങുകയാണ്. എന്നെ സഹായിക്കാനും അവിടെയാളുണ്ട്. ഞങ്ങളെയാളുകളെ കുറച്ചുപേരെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ദളിതരുടെ കൈയില്‍ ആയുധം കൊടുത്തും ജയിലിലിട്ടും രക്തം ചിന്തിച്ചും ഇനിയൊരു കാര്യവും അവരിവിടെ നേടില്ല. ഓരോ കുടുംബങ്ങളിലും അതിന്റെ സന്ദേശം ഞങ്ങള്‍ എത്തിക്കുന്നുണ്ട്.

ഇന്ത്യന്‍ സ്ത്രീ എന്ന ‘ദേവി, കുടുംബത്തിന്റെ ആണിക്കല്ല്’; വഞ്ചനയുടെ 2 ദശകങ്ങള്‍

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍