UPDATES

കേരളം

അങ്ങനെ സ്വയം വിരമിക്കേണ്ട; ജേക്കബ് തോമസിനെതിരെ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

സംസ്ഥാനം എതിര്‍ത്തതോടെ അപേക്ഷ അംഗീകരിക്കാനുള്ള സാധ്യത മങ്ങി

സ്വയം വിരമിച്ച് പോകാനുള്ള ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിന്റെ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിനെതിരെ പരസ്യമായ വിമര്‍ശനം നടത്തിയ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ് എന്ന് കേരളം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജേക്കബ് തോമസിന്റെ വീഴ്ചകള്‍ സമഗ്രമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടാണ് കേരളം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് നല്‍കിയതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് കേന്ദ്രത്തിന് സ്വയം വിരമിക്കല്‍ അംഗീകരിക്കാന്‍ കഴിയില്ല.

ഒഖി, പ്രളയം എന്നിവയുണ്ടായ സമയത്ത് സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് കേന്ദ്രത്തിന് കൈമാറിയത്. ഇതിന് പുറമെ ഔദ്യോഗിക രഹസ്യങ്ങള്‍ സര്‍വീസ് സ്‌റ്റോറി എഴുതി പരസ്യപ്പെടുത്തിയെന്നുള്ള ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പുറമെ തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതിലെ വിജിലന്‍സ് അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടുകളും സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍നിന്ന് മല്‍സരിക്കാനാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷ സംസ്ഥാനം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രത്തിന് നല്‍കുകയായിരുന്നു.

ജേക്കബ് തോമസിന്റെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തതാണെന്ന ആരോപണം ഉണ്ടായിരുന്നു. ഇതെ തുടര്‍ന്ന് പുസ്തകം പ്രസിദ്ധീകരിച്ച തൃശ്ശൂര്‍ കറന്റ് ബുക്ക്‌സില്‍നിന്നും സര്‍ക്കാര്‍ വിശദീകരണം തേടിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജേക്കബ് തോമസിനെയായിരുന്നു വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. എന്നാല്‍ പിന്നീട് സര്‍ക്കാരുമായി അകലുകയായിരുന്നു. ഓഖി ദുരന്തത്തിന് ശേഷം നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് ആദ്യം സസ്‌പെന്‍ഷനിലായത്. പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് വീണ്ടും സസ്‌പെന്‍ഷന്‍ ലഭിച്ചു. തുറമുഖ ഡയറക്ടറായിരിക്കെ ഡെഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പിന്നീട് നടപടി നേരിട്ടത്.

കഴിഞ്ഞ 25 വര്‍ഷമായി ആര്‍എസ്എസ്സുമായി തനിക്ക് ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം ജേക്കബ് തോമസ് പറഞ്ഞിരുന്നു. കേന്ദ്രത്തെ സ്വാധീനിച്ച് സ്വയം വിരിമിക്കല്‍ നേടിയെടുക്കാന്‍ കൂടിയാണ് തന്റെ ആര്‍എസ്എസ് ബന്ധം അദ്ദേഹം പരസ്യപ്പെടുത്തിയതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി ആര്‍ എസ്എസ് നേതാക്കളുമായി ജേക്കബ് തോമസ് ചര്‍ച്ച നടത്തിയിരുന്നു.

Read More: നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട അഞ്ച് ജൂണ്‍ മാസങ്ങളിലൊന്ന്; കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു കാലാവസ്ഥാ മാറ്റ ദുരന്തമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍