UPDATES

എഴു വര്‍ഷമായി കിടപ്പാടത്തിലേക്ക് കയറാന്‍ കഴിയാതെ വൃദ്ധ; മതില്‍ കെട്ടിയടച്ചത് ആര്‍എസ്പി നേതാവായ വക്കീല്‍

‘മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാറിന്റെ ജനസമ്പര്‍ക്ക പരിപാടിയിലൊക്കെ പോയി അമ്മാമ്മ പരാതി പറഞ്ഞിരുന്നു. പക്ഷെ ഒരനക്കവും അവിടുന്ന് ഉണ്ടായില്ല.’

ഞാനെന്താണ് പറയേണ്ടത് മോനെ… ഏഴ് വര്‍ഷമായി അവരെന്റെ പ്രമാണത്തിലുള്ള വഴി കെട്ടിയടച്ചിട്ട്. അവടെ കിടന്ന് മരിച്ചാ മതീന്നാ ആഗ്രഹം. ഒന്നവിടന്ന് പള്ളീ പോകാനുള്ള വഴിയെങ്കിലും കിട്ടിയാല്‍ മതി… അതുകൂടിയില്ലാതെ കെട്ടിയടച്ചില്ലേ വക്കീല്.., പേരമക്കള് മതിലുചാടി പറമ്പില്‍ കയറാറുണ്ടെന്ന് പറയുമ്പോള്‍ കണ്ണീന്ന് വെള്ളം വരും മോനെ. ഒന്നുമില്ലെങ്കിലും കുറേക്കാലം ജീവിച്ച മണ്ണല്ലെ…” ഇത്രയും പറഞ്ഞുതീരുമ്പോഴേക്ക് ലില്ലിയമ്മയുടെ ശബ്ദം പതറിയിരുന്നു.

ജീവിതത്തിന്റെ വലിയൊരു പങ്ക് ജീവിച്ചുതീര്‍ത്ത സ്വന്തം മണ്ണിലേക്ക് ഏഴു വര്‍ഷമായി കാലുകുത്താന്‍ വരെ നിവര്‍ത്തിയില്ലാതിരിക്കുകയാണ് കൊല്ലം ശക്തികുളങ്ങരയിലെ ലില്ലി ഫെര്‍ണാണ്ടസ് എന്ന എഴുപത്തേഴുകാരി. നീതിയ്ക്കായി കാത്തിരുന്ന നീണ്ട ഏഴു വര്‍ഷങ്ങളുടെ കഥയാണ് ലില്ലിയമ്മയ്ക്കും ബന്ധുക്കള്‍ക്കും പറയാനുള്ളത്. ആര്‍.എസ്.പിയുടെ വക്കീലായ അയല്‍വാസി അഡ്വ. ജെയിംസ് നടവഴിയടക്കം കയ്യേറിയതിന് പരാതിയുമായി ഈ വൃദ്ധ കയറിയിറങ്ങാത്ത ഓഫീസുകളില്ല. സര്‍ക്കാറുകള്‍ മാറി വന്നിട്ടും ലില്ലിയമ്മയ്ക്ക് നീതിയിന്നും അകലെയാണ്.

ഏഴുവര്‍ഷമായി ലില്ലിയമ്മ സ്വന്തം കിടപ്പാടം ഒന്നു കണ്ടിട്ട്. കൊല്ലം ശക്തികുളങ്ങര കായല്‍തോപ്പില്‍ ലില്ലി ഫെര്‍ണാണ്ടസ് എന്ന എഴുപത്തേഴുകാരിയുടെ വീടിനു നാലു ചുറ്റും ഇന്ന് മതിലാണ്. സ്വന്തം കിടപ്പാടത്തില്‍നിന്നും ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയി വരണം. മരണം വരെയും അവിടെ അന്തിയുറങ്ങണം എന്നീ ചെറിയ ആഗ്രഹങ്ങളേ ലില്ലിയമ്മയ്ക്കുള്ളൂ. എന്നാല്‍ വീട്ടിലേക്ക് കയറാന്‍ ചെറുപഴുതുപോലുമില്ലാതെ, വീട്ടിനു മുന്നില്‍ തന്നെ അയല്‍ക്കാരന്‍ മതില്‍ പണിഞ്ഞു. അതും നടവഴിയിലെ പൊതുടാപ്പുവരെ തകര്‍ത്തു കൊണ്ട്. 2011-ലാണ് ലില്ലിയമ്മ ചികിത്സയ്ക്കായി ഒരുമാസം ഹോമിയോ ആശുപത്രിയിലാകുന്നത്. ഈ സമയത്താണ് ആര്‍.എസ്.പിയുടെ സജീവ പ്രവര്‍ത്തകനും ആ പാര്‍ട്ടിയുടെ വക്കീലുമായ അയല്‍വാസി ജെയിംസ്, ലില്ലിയമ്മയുടെ വീടിനു മുന്‍ഭാഗത്ത് അങ്കണ്‍വാടി നിര്‍മാണത്തിനായി സര്‍ക്കാര്‍ മാറ്റിവച്ച സ്ഥലവും, ലില്ലിയമ്മയുടെ വീട്ടിലേക്കുള്ള നടപ്പാതയും കൂട്ടി മതില്‍ കെട്ടുന്നത്. പരാതിയുമായി ലില്ലിയമ്മ നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മറ്റ് സംഘടനകളുടെ ഭാഗത്തുനിന്നും അനുകൂലമായ നിലപാടുകള്‍ ഒന്നുംതന്നെ ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

അമ്മാമയുടെ വീടിനു മുന്നില്‍ മൂന്നര സെന്റോളം സ്ഥലം ഒരു അങ്കണ്‍വാടിയ്ക്ക് വേണ്ടി ഗവണ്‍മെന്റ് അളന്നിട്ടുപോയതായിരുന്നു. കമ്യൂണിസ്റ്റുകാര്‍ ഭരിച്ചപ്പോഴാണ് അളന്നിട്ടത്. കോണ്‍ഗ്രസുകാര്‍ ഭരണത്തില്‍ വന്ന സമയത്താണ് വക്കീലത് കൈവശപ്പെടുത്തുന്നത്. അതിന്റെ ഓരത്തെ വസ്തു അവിടുത്തെ ആളുകള്‍ വിറ്റപ്പോള്‍ അതെല്ലാം വാങ്ങിയത് ആര്‍.എസ്.പിയുടെ വക്കീലായ ജെയിംസായിരുന്നു. ആ സമയത്താണ് അമ്മാമ ഹോമിയോ ആശുപത്രിയില്‍ ഒരു മാസത്തെ ചികിത്സയ്ക്ക് കിടക്കേണ്ടി വന്നത്. അങ്ങനെ അമ്മാമ ചികിത്സ കഴിഞ്ഞ് വന്നപ്പോളാണ് പറമ്പിലേക്ക് കടക്കാന്‍ കഴിയാത്തവിധം വക്കീല്‍ മതില്‍ കെട്ടിയിരിക്കുന്നത് കാണുന്നത്. വലിയ വഴിയൊന്നുമല്ല, നടവഴിയാണ്. അമ്മാമയ്ക്ക് അതിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളു, അമ്മാമ അവിടെ ഒറ്റയ്ക്കായിരുന്നു താമസം. മതില്‍ കെട്ടിയിരിക്കുന്നത് കണ്ടിട്ട് പോലീസില്‍ പരാതി കൊടുത്തു. പക്ഷെ വക്കീല് പാര്‍ട്ടിക്കാരനും, പണക്കാരനുമാണ്. ലോക്കല്‍ പോലീസ് വക്കീലിനെതിരായിരുന്നു. പക്ഷെ പാര്‍ട്ടിക്കാരുടെ പിടിപാടുകാരണം കേസ് എവിടേം എത്തീല. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാറിന്റെ ജനസമ്പര്‍ക്ക പരിപാടിയിലൊക്കെ പോയി അമ്മാമ്മ പരാതി പറഞ്ഞിരുന്നു. പക്ഷെ ഒരനക്കവും അവിടുന്ന് ഉണ്ടായില്ല. 2016ല്‍ എംഎല്‍എയുടെ കത്തിന്മേല്‍ നടപടി ഉണ്ടായപ്പോള്‍ ഞങ്ങളൊക്കെ ആശ്വസിച്ചതായിരുന്നു. പക്ഷെ താലൂക്ക് ഓഫീസില്‍നിന്ന് വിശദീകരണം ചോദിച്ചുവരുന്ന ഫയല്‍ വില്ലേജ് ഓഫീസിലെത്തുമ്പോള്‍ കാണാതാകും. മൂന്നു തവണയാണ് അങ്ങനെ ഫയല്‍ മുക്കല്‍ സംഭവിക്കുന്നത്. വില്ലേജ് ഓഫീസറുടെ നേരെ താഴെയുള്ള ഒരാളാണ് പ്രശ്‌നക്കാരന്‍. അയാളാണ് വക്കീലിനെ വല്ലാതെ കണ്ട് സഹായിക്കുന്നത്. കലക്ടര്‍ക്കും പരാതി കൊടുത്തിരുന്നു. എന്നാലും പിന്നീട് അന്വേഷിക്കുമ്പോള്‍ ഫയല്‍ കാണുന്നില്ല എന്ന മറുപടിയാണ് കിട്ടുന്നത്. വഴി മാത്രമല്ല, അവിടെ ഉണ്ടായിരുന്ന ഒരു പൊതുപൈപ്പും അവര് മൂടിക്കളഞ്ഞു“, ഒരു ബന്ധു പറഞ്ഞു.

നീതിയ്ക്കു വേണ്ടി നീണ്ട ഏഴു വര്‍ഷങ്ങളായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും, അവഗണനകള്‍ മാത്രം കിട്ടിയ കഥയാണ് ലില്ലിയമ്മയ്ക്ക് പറയാനുള്ളത്. സര്‍ക്കാരുകള്‍ മാറിവന്നിട്ടും ന്യായത്തിന്റെ ഭാഗത്ത് ഒറ്റപ്പെട്ടുപോയ ആ വൃദ്ധയുടെ വാക്കുകള്‍ ഇങ്ങനെ;

“പണം കണ്ടാല്‍ കണ്ണ് മഞ്ഞളിക്കുന്നോരാ ഓഫീസുകളില്… അവര് പൈസ ഉള്ളോരുടെ കൂടയെ നില്‍ക്കൂ… പോരാത്തതിന് അവന്‍ പാര്‍ട്ടീന്റെ വക്കീലും. എന്റെ വീടാകെ പൊളിഞ്ഞുകാണും മോനെ… ഞാനെന്റെ വീട് കണ്ടിട്ട് ഏഴ് വര്‍ഷായി. അവിടം ആകെ മാറിപ്പോയിക്കാണും. ആ വീടിനോട് വല്ലാത്തൊരു ഇഷ്ടം ഉള്ളതോണ്ടാണ് പിള്ളേര് വീട് വച്ച് മാറീട്ടും ഞാനവിടെ ഒറ്റയ്ക്ക് താമസിച്ചത്. ആ വീടാണ് ഒന്ന് കാണാന്‍പോലും പറ്റാതെ. വീടിന്റെ വടക്കൂടെയാണ് റോഡിലേക്ക് ഇറങ്ങാന്‍ വഴിയുണ്ടായിരുന്നത്. ഇസ്‌മേരിയാ കമ്പനിക്കാര് വിട്ടുതന്നവഴിയാണത്. പ്രമാണത്തിലും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ കാണാന്‍ കൂടിയില്ല. എല്ലായിടത്തും പരാതി കൊടുത്തിട്ടുണ്ട്. പക്ഷെ ആരും തിരിഞ്ഞ് നോക്കുന്നില്ല. എന്റെ സ്ഥലത്തിന്റെ മുന്നില് സര്‍ക്കാര് അങ്കണ്‍വാടിക്ക് മാറ്റിവച്ച സ്ഥലവും വക്കീല് കൈയ്യിലാക്കിയിട്ടുണ്ട്. സര്‍ക്കാരിന് അതിലും പരാതിയില്ല, ഞാന്‍ കരമടയ്ക്കുന്ന സ്ഥലം കൈയ്യേറിയതിന് കൊടുത്ത പരാതിയില് അന്വേഷണവുമില്ല. അങ്ങോട്ട് വണ്ടിയും കാറുമൊന്നും കയറണ്ട… അമ്മച്ചിയ്ക്ക് അവിടൊന്ന് കയറിയാ മതി മോനെ, മരിക്കുന്നത് അവിടെ കിടന്നാകണം എന്ന് മാത്രമേയുള്ളൂ”.

ഇവർ ഉന്നയിച്ച പരാതികളെക്കുറിച്ചറിയാനായി ശക്തികളങ്ങര വില്ലേജ് ഓഫീസറെ വിളിച്ചിരുന്നു. എന്നാൽ താൻ പുതുതായി ചാർജ് എടുത്തയാളാണെന്നും ഫയലുകൾ പരിശോധിച്ചതിന് ശേഷമേ ഇക്കാര്യം പറയാനാവൂ എന്നുമാണ് വില്ലേജ് ഓഫീസർ പറഞ്ഞത്.

കേസ് തുടങ്ങിയിട്ട് ഏകദേശം ഒന്നരകൊല്ലമേ ആയിട്ടുള്ളു. മതിലിന്റെ കാര്യത്തില്‍ ഇന്നേവരെ കോടതിയില്‍നിന്നും ഞങ്ങള്‍ക്ക് യാതൊരുവിധ ഫയലോ മറ്റോ വന്നിട്ടില്ല. പിന്നെയൊരുകാര്യം എന്താണെന്നുവച്ചാല് കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിനെപ്പറ്റി ഞാനെങ്ങനാണ് സംസാരിക്കുക. അമ്മച്ചി കോടതിയില്‍ പറഞ്ഞ് കോടതിക്ക് മനസ്സിലായാല്‍ കോടതി പറയും മതില്‍ പൊളിക്കാന്‍. അല്ലാതെ അതിനെപ്പറ്റി കൂടുതലായൊന്നും പറയാനില്ല.” അഡ്വ. ജെയിംസിന്റെ അഭിഭാഷകന്‍ അഴിമുഖത്തോട് പറഞ്ഞു.

തനിക്ക് നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്നും ലില്ലിയമ്മ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍