രണ്ടാം പ്രളയത്തിന്റെ ആഘാതത്തില്‍ നിന്നും പതിയെ കരകയറിവരികയാണ് നിലമ്പൂര്‍
രണ്ടാം പ്രളയത്തിന്റെ ആഘാതത്തില്‍ നിന്നും പതിയെ കരകയറിവരികയാണ് നിലമ്പൂര്‍. തുടര്‍ച്ചയായി പെയ്ത കനത്ത മഴയും ഉരുള്‍പൊട്ടലുകളും ചാലിയാര്‍ കരകവിഞ്ഞൊഴുകിയതുമെല്ലാം ചേര്‍ന്ന് ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു നിലമ്പൂര്‍ ടൗണ്‍. ഗതാഗത സൗകര്യങ്ങളും ആശയവിനിമയവുമെല്ലാം താറുമാറായിരുന്നു എന്നുമാത്രമല്ല, പല കെട്ടിടങ്ങളും ഒന്നാം നില കവിഞ്ഞും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു. റോഡിലും കെട്ടിടങ്ങളിലും വന്നടിഞ്ഞ ചളിയും മണ്ണും ഏറെ പണിപ്പെട്ടു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതും ഏറെ സമയമെടുത്താണ്. രണ്ടാഴ്ചയാകുമ്പോഴും ഇപ്പോഴും മണ്ണിനടിയില്‍പ്പെട്ടവരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടരുന്ന മുത്തപ്പന്‍ കുന്നും, ഒരു ഗ്രാമം തന്നെ നാമാവശേഷമായിപ്പോയ പാതാറും, ഒട്ടനവധി ആദിവാസി കോളനികള്‍ തുരുത്തുകളില്‍ ഒറ്റപ്പെട്ടുപോയ മുണ്ടേരിയുമെല്ലാം നിലമ്പൂരിലേക്ക് ജനശ്രദ്ധ തിരിച്ചിരുന്നു. എന്നാല്‍, വെള്ളപ്പൊക്കത്തിലും മഴക്കെടുതിയിലും നിലമ്പൂര്‍ ടൗണിനുണ്ടായിരിക്കുന്ന നാശനഷ്ടങ്ങളും ചെറുതല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ടൗണിലെ കടകളില്‍ മിക്കതും ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ചിട്ടില്ല. വെള്ളമിറങ്ങി ചെളിയും മാറ്റിക്കഴിഞ്ഞെങ്കിലും കടയിലുള്ള സ്റ്റോക്കും മറ്റുപകരണങ്ങളും വെള്ളം കയറി പാടേ നശിച്ച നിലയിലാണ് മിക്കയിടത്തും. വെള്ളം കയറിയശേഷം ഉടമസ്ഥര്‍ തുറന്നു നോക്കുക പോലും ചെയ്തിട്ടില്ലാത്ത കടകളും ഇക്കൂട്ടത്തിലുണ്ട്. കടയുടമകളില്‍ പലരുടെയും വീടുകളും വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. ഭൂരിഭാഗം കച്ചവടക്കാരും കുടുംബങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയും ചെയ്തിരുന്നു. നിലമ്പൂര്‍ ബസ് സ്റ്റാന്റിനോടു ചേര്‍ന്നുള്ള കുറച്ചു ഭാഗങ്ങളൊഴികെ മറ്റെല്ലായിടത്തും ഉയരത്തില്‍ വെള്ളം കയറിയിരുന്നു. ഒരു ദിവസം കൂടി മഴ നിര്‍ത്താതെ പെയ്തിരുന്നെങ്കില്‍ ബാക്കിയുള്ളിടങ്ങള്‍ കൂടി വെള്ളത്തിലാകുമായിരുന്നുവെന്ന് നിലമ്പൂര്‍ ഹോട്ടല്‍ അസോസിയേഷന്‍ സെക്രട്ടറിയും യൂണിയന്‍ ഹോട്ടലിന്റെ ഉടമസ്ഥനുമായി അനസ് പറയുന്നു. കടകള്‍ക്കും സ്‌റ്റോക്കിനും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുള്ള ഭൂരിഭാഗം കടക്കാരും ഒരു വിധത്തില്‍ പ്രളയമേല്‍പ്പിച്ച ആഘാതത്തെ മറികടന്നേക്കുമെങ്കിലും ചെറുകിട ഹോട്ടലുടമകള്‍ അഭിമുഖീകരിക്കുന്നത് വലിയ പ്രതിസന്ധിഘട്ടത്തെയാണെന്ന് അനസ് ചൂണ്ടിക്കാട്ടുന്നുണ്ട്. നിലമ്പൂരിലെ ചെറുകിട കച്ചവടക്കാരുടെയും ഹോട്ടല്‍ വ്യവസായത്തിന്റെയും നിലവിലെ അവസ്ഥയെക്കുറിച്ച് അനസ് പറയുന്നതിങ്ങനെ.
‘നിലമ്പൂരില്‍ ഇത്തവണ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ഉത്സവ സീസണ്‍ കൂടിയായിരുന്നല്ലോ. ഓണം-പെരുന്നാള്‍ സീസണിലെ വിപണി മുന്നില്‍ക്കണ്ട് ടൗണിലെ കച്ചവടക്കാരെല്ലാവരും സ്റ്റോക്കുകള്‍ ധാരാളമായി ഇറക്കിയിരുന്നു. പെരുന്നാളിന് കച്ചവടം കിട്ടിയില്ലെങ്കില്‍പ്പോലും ഓണമുണ്ടല്ലോ എന്ന കണക്കുകൂട്ടലിലാണ് എല്ലാവരും പുതിയ സ്റ്റോക്കുകള്‍ ഇറക്കിയിരിക്കുന്നത്. ചെന്നൈയില്‍ നിന്നും ഹൈദരബാദില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമൊക്കെയായി സാധനങ്ങള്‍ മുന്‍കൂറായി ഇറക്കിക്കൊടുത്തവരും ധാരാളമുണ്ട്. സാധാരണ ചെയ്യുന്ന ഒരു രീതിയാണത്. മുന്‍കൂര്‍ പണം നല്‍കാതെ സാധനങ്ങള്‍ വലിയ നഗരങ്ങളില്‍ നിന്ന് ഇവര്‍ ഇറക്കിക്കൊടുക്കും. ഇറക്കാന്‍ ചെലവാക്കിയ പൈസ ഓണം കഴിയുന്നതോടെ കച്ചവടക്കാര്‍ തിരികെ തരും എന്ന വിശ്വാസത്തിലാണ് ഇതു ചെയ്യുന്നത്. ഇപ്പോള്‍ പക്ഷേ സ്റ്റോക്കൊക്കെ കംപ്ലീറ്റ് നശിച്ചുപോയില്ലേ. ചിലയിടത്ത് ഏകദേശം മുഴുവനായും പോയിട്ടുണ്ട്. ഇന്‍ഷുര്‍ ചെയ്ത കച്ചവടക്കാര്‍ക്ക് ചിലപ്പോള്‍ കാര്യമായി പ്രശ്‌നമുണ്ടാകില്ലായിരിക്കും. പക്ഷേ, ഇടത്തരം കച്ചവടക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. അവര്‍ എങ്ങനെ കരകയറും എന്നാണ് എല്ലാവരും ഇപ്പോള്‍ ചിന്തിക്കുന്നത്.’
ഒപ്പമുള്ളവരുടെ അവസ്ഥ തിരിച്ചറിഞ്ഞ് കൈത്താങ്ങാകാന്‍ തങ്ങള്‍ തയ്യാറായാലേ ഈ പ്രതിസന്ധികളെ നിലമ്പൂരിന് തരണം ചെയ്യാനാകൂ എന്ന വ്യക്തമായ ബോധ്യവും ഇവര്‍ക്കുണ്ട്. നഷ്ടം പറ്റിയിരിക്കുന്നു എന്ന വാസ്തവം ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ തിരിച്ചുവരാന്‍ തങ്ങള്‍ നടത്തേണ്ട പോരാട്ടത്തെക്കുറിച്ചാണ് ഇവരിപ്പോള്‍ സംസാരിക്കുന്നതും. നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ഹോട്ടലുകളുടെ ഭാവിയെക്കുറിച്ചും ചര്‍ച്ചകള്‍ ഉണ്ടാകേണ്ടതുണ്ട്. നിലമ്പൂര്‍ ടൗണ്‍ ഭാഗത്തു മാത്രം പതിനേഴ് ഹോട്ടലുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായിട്ടുണ്ടെന്നാണ് ഹോട്ടല്‍ അസോസിയേഷന്റെ കണക്കുകള്‍. എന്നാല്‍, ഈ പതിനേഴ് ഹോട്ടലുകളില്‍ പന്ത്രണ്ടും വന്‍-മാന്‍ ഷോ ഹോട്ടലുകള്‍ എന്ന് ഇവര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഒറ്റമുറി ഹോട്ടലുകളാണ് എന്നതാണ് വാസ്തവം. വണ്‍-മാന്‍ ഷോ ഹോട്ടല്‍ എന്നാല്‍ ഒരു വ്യക്തി ഒറ്റയ്ക്ക് നടത്തുന്ന ഹോട്ടലാണ്. ഭക്ഷണമുണ്ടാക്കുന്നതും കച്ചവടം ചെയ്യുന്നതും ഒരാള്‍ തന്നെ. ഇയാള്‍ തന്നെയായിരിക്കും കടയുടമയും. പകല്‍ സമയത്തു മാത്രം തുറന്നിരിക്കുന്ന ഇത്തരം കൊച്ചു ഹോട്ടലുകള്‍ ധാരാളമാണ് നിലമ്പൂരില്‍. വെള്ളം കയറി മുങ്ങിപ്പോയ 17 ഹോട്ടലുകളില്‍ 12ഉം ഇത്തരം ഹോട്ടലുകളാണ് എന്നു പറയുമ്പോള്‍, അവരുടെ അതിജീവനം എത്രയേറെ ബുദ്ധിമുട്ടേറിയതായിരിക്കും എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്.
എന്നാല്‍, ഏറെ പ്രയാസപ്പെട്ട് ബിസിനസ് നടത്തിക്കൊണ്ടുപോകുന്ന ‘വണ്‍-മാന്‍ ഷോ’ക്കാരെ ആദ്യം തന്നെ കൈപിടിച്ചുയര്‍ത്തണമെന്നാണ് ഹോട്ടല്‍ അസോസിയേഷന്റെ ചിന്തയെന്ന് അനസ് പറയുന്നു. തങ്ങള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് കാര്യമായി ആലോചിക്കുന്നുണ്ടെന്നും, സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹിയെന്ന നിലയില്‍ അനസ് വിശദീകരിക്കുന്നു. ‘ഇവര്‍ക്കു വേണ്ടി നമുക്ക് എന്തുചെയ്യാനാകും എന്ന് കാര്യമായി ചിന്തിക്കുന്നുണ്ട്. വെള്ളം കയറിയ മറ്റു ഹോട്ടലുകള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ഇവര്‍ക്കതില്ല. അതുകൊണ്ടു തന്നെ കട രണ്ടാമത് തുറക്കുമ്പോള്‍ ഏറ്റവുമധികം സഹായം വേണ്ടതും ഇവര്‍ക്കു തന്നെയാണ്. ഞങ്ങള്‍ ബള്‍ക്കായി സാധനം എടുക്കുന്ന ഹോള്‍സെയില്‍ കടകളില്‍ നിന്നും ഇവര്‍ക്കുള്ള സാധനങ്ങള്‍ എത്തിക്കാന്‍ തീരുമാനിക്കുന്നുണ്ട്. അതുമാത്രമല്ല, നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും പൂട്ടിക്കിടക്കുന്ന ഹോട്ടലുകളുണ്ടാകും. അവിടെ നിന്നും ഉപയോഗിക്കാതെ കിടക്കുന്ന മേശകള്‍, കസേരകള്‍, ഗ്രൈന്‍ഡര്‍ പോലുള്ള ഉപകരണങ്ങള്‍ എന്നിവ ശേഖരിച്ച് എത്തിക്കാനും പദ്ധതിയിടുന്നുണ്ട്. മറ്റു ഹോട്ടലുകളില്‍ ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന പ്രവര്‍ത്തനക്ഷമമായ ഉപകരണങ്ങളും എത്തിക്കാന്‍ സാധിച്ചേക്കും. ഈ ചെറുകിട ഹോട്ടലുകള്‍ എത്രയും പെട്ടന്ന് തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാക്കണം എന്നാണ് കണക്കുകൂട്ടുന്നത്. ഇതിന്റെ ഉടമസ്ഥര്‍ക്കാര്‍ക്കും മറ്റു ജീവിതമാര്‍ഗ്ഗങ്ങളില്ല. മിക്കപേരും കുടുംബവുമായി ക്യാമ്പിലാണുള്ളത്. വീട്ടിലും സ്ഥാപനത്തിലും വെള്ളം കയറിയത് അവരെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ക്യാമ്പില്‍ സ്വസ്ഥമായി കഴിയാന്‍ പോലും അവര്‍ക്ക് സാധിക്കുന്നുണ്ടായിരിക്കില്ല. അവര്‍ നേരിടുന്ന പ്രതിസന്ധിയ്ക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്. അവര്‍ക്ക് ഒരു തിരിച്ചുവരവുണ്ടാകണം. കെട്ടിട ഉടമകളും മറ്റും സഹകരിച്ചാല്‍ ഒരു പരിധി വരെ നിലമ്പൂരിലെ കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിച്ചേക്കും. വാടകയിനത്തില്‍ എന്തെങ്കിലും ഇളവുകള്‍ നല്‍കുന്നത് തീര്‍ച്ചയായും വലിയ സഹായമായിരിക്കും. അവരൊന്ന് പഴയ അവസ്ഥയിലേക്ക് എത്തുന്നവരെയെങ്കിലും അങ്ങനെ ചെയ്യാവുന്നതാണ്. ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്റെ ഭാരവാഹികളുമായി ഇക്കാര്യം സംസാരിക്കാനും ചിന്തിക്കുന്നുണ്ട്. നിലമ്പൂരിലുള്ള എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രളയബാധിതര്‍ തന്നെയാണ്.’
മഴക്കെടുതി സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും നിലമ്പൂരിലെ ചെറുകിട ഹോട്ടല്‍ വ്യവസായികളെ കരകയറ്റാനുള്ള വഴികളെക്കുറിച്ച് ചിന്തിക്കുകയും സംഘടനാതലത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന അനസിന്റെ സ്ഥാപനവും ഈ സാഹചര്യത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. നിലമ്പൂരുകാര്‍ക്ക് പ്രത്യേക പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത യൂണിയന്‍ ഹോട്ടലിന്റെ നടത്തിപ്പുകാരനാണ് അനസ്. നിലമ്പൂര്‍ ബസ് സ്റ്റാന്റിനോടു ചേര്‍ന്നുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ഹോട്ടല്‍, കാലങ്ങളായി എത്രയോ പേര്‍ക്ക് ഭക്ഷണം വിളമ്പിയിട്ടുള്ള സ്ഥാപനമാണ്. നിലമ്പൂരുകാരുടെ യൂണിയന്‍ ഹോട്ടല്‍ പക്ഷേ മറ്റുള്ളവര്‍ക്ക് ചര്‍ച്ചാവിഷയമാകുന്നത് മഴക്കെടുത്തി കൊടുമ്പിരിക്കൊണ്ട ദിനങ്ങളില്‍പ്പോലും പ്രദേശത്ത് തുറന്നു പ്രവര്‍ത്തിച്ച ഏക സ്ഥാപനം എന്ന നിലയിലാണ്. നിലമ്പൂര്‍ ടൗണില്‍ അധികം വെള്ളം കയറാത്ത ഭാഗത്താണുള്ളത് എന്നതും, ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നതും ഹോട്ടലിന് ഗുണം ചെയ്തു. എന്നാല്‍, നിലമ്പൂര്‍ പാടെ ഒറ്റപ്പെട്ടു പോയ ഓഗസ്റ്റ് 8, 9 എന്നീ ദിവസങ്ങളില്‍പ്പോലും യൂണിയന്‍ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. നഗരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങുമ്പോഴും സുരക്ഷിത സ്ഥാനത്തിരിക്കാതെ ഹോട്ടല്‍ തുറന്നത് എന്തിനാണെന്ന ചോദ്യത്തിന് അനസിന്റെ പക്കല്‍ വ്യക്തമായ മറുപടിയുണ്ട്.
‘ജ്യോതിപ്പടി, തുരുത്തിപ്പടി എന്നിങ്ങനെ നിലമ്പൂര്‍ ടൗണിന്റെ രണ്ടുഭാഗങ്ങളിലും ഏകദേശം മുഴുവനായും വെള്ളം കയറിയിരുന്നു. രണ്ടു വശത്തേക്കും ആളുകള്‍ക്ക് പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു ആ ദിവസങ്ങളില്‍. കുറേപ്പേര്‍ ഇതിനിടയില്‍ ഒറ്റപ്പെട്ടുപോയി, കുറേപ്പേര്‍ മറ്റു പല ആവശ്യങ്ങള്‍ക്കുമായി ഇവിടേക്ക് വരേണ്ട സാഹചര്യത്തിലുമായി. ഇതില്‍ രണ്ടിടത്തിനുമിടയില്‍, വെള്ളം അധികം കയറാത്ത ഭാഗത്താണ് നമ്മുടെ ഹോട്ടലുള്ളത്. ഇത്രയും പേര്‍ ആശ്രയിക്കുന്ന ഒരു ഹോട്ടലുള്ളതും ഇതു മാത്രമാണ്. അപ്പോള്‍പ്പിന്നെ ഹോട്ടല്‍ തുറക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു. ഇവിടെയെത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കും മറ്റും നമ്മളെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യാം എന്നാണ് കരുതിയത്. ഇത്രയും ആളുകള്‍ ഇങ്ങോട്ടു വരുന്നതല്ലേ. ഫയര്‍ ഫോഴ്‌സുണ്ട്, പൊലീസുണ്ട്, മറ്റുദ്യോഗസ്ഥരുണ്ട്. എല്ലാവര്‍ക്കും പെട്ടന്ന് ഭക്ഷണം എവിടെനിന്നും കിട്ടാനാണ്. അതൊക്കെ ചിന്തിച്ചു. ഞങ്ങളുടെ സ്റ്റാഫിന്റെ വീടുകളിലും വെള്ളം മഴ പെയ്തിട്ട് വളരെ മോശം അവസ്ഥയുണ്ടായിരുന്നു. ഇവിടെ ജോലി ചെയ്യുന്നവരില്‍ നാലു പേരുടെ വീട്ടിലാണ് വെള്ളം കയറിയിട്ടുള്ളത്. വീട് ഇടിഞ്ഞുവീണിട്ടില്ലെന്നേയുള്ളൂ. ബാക്കിയെല്ലാം അവര്‍ക്ക് നഷ്ടപ്പെട്ടു. അവരെല്ലാം ഇപ്പോള്‍ ക്യാമ്പിലാണ്. പ്രധാനപ്പെട്ട നാലു പേര്‍ കുറവുണ്ടെങ്കിലും കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകണമെന്നുണ്ട്. പെരുന്നാളിന്റെ അന്ന് മാത്രമാണ് തുറക്കാന്‍ സാധിക്കാതെ പോയത്. മുസ്ലിം സ്റ്റാഫ് കൂടി അവധിയിലായിരുന്നു. അന്ന് വൈകീട്ട് അഞ്ചു മണിക്കു ശേഷമെങ്കിലും തുറക്കണമെന്നുണ്ടായിരുന്നു. പക്ഷേ സാധിച്ചില്ല. പുറത്തു നിന്നും ഉള്ളവര്‍ക്ക് അധികം എത്തിപ്പെടാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നല്ലോ.’
പ്രളയദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും മറ്റുമായി നിലമ്പൂരിലെത്തിയ എല്ലാവര്‍ക്കും രക്ഷയായത് തുറന്നു പ്രവര്‍ത്തിച്ച യൂണിയന്‍ ഹോട്ടല്‍ തന്നെ. ഞെട്ടലും നടുക്കവും മാറ്റിവച്ച് സന്ദര്‍ഭത്തിന്റെ ഗൗരവമറിഞ്ഞു പ്രവര്‍ത്തിച്ച ജീവനക്കാര്‍ കൂടി ചേര്‍ന്നാണ് യൂണിയന്‍ ഹോട്ടലിനെ മുന്നോട്ടു നയിക്കുന്നതെന്നും അനസ് പറയുന്നുണ്ട്. അന്നത്തെ ദിവസങ്ങളില്‍ നിലമ്പൂരില്‍ അകപ്പെട്ടു പോയവര്‍ക്കും യൂണിയന്‍ ഹോട്ടല്‍ തന്നെയാണ് ആകെയുള്ള ആശ്വാസമായത്. നിലമ്പൂരിലോ പരിസരപ്രദേശങ്ങളിലോ അവിടുന്നങ്ങോട്ടുള്ള ഒരിടത്തും ഭക്ഷണം വേറെ ലഭ്യമായിരുന്നില്ല താനും. തന്റെ പിതാവിന്റെ പിതാവ് ആരംഭിച്ച സ്ഥാപനത്തിലേക്ക് ഒരു ഘട്ടത്തില്‍ തീര്‍ത്തും അപ്രതീക്ഷിതമായി എത്തിപ്പെടുകയായിരുന്നു അനസ്. ഇടക്കാലത്ത് നോക്കാന്‍ ആളില്ലാതെ കുറച്ചു കാലം വാടകയ്ക്ക് കൊടുത്തിരുന്ന സ്ഥാപനം, താന്‍ ഏറ്റെടുക്കണമെന്ന് വല്ല്യുപ്പ അനസിനോട് ആവശ്യപ്പെടുകയായിരുന്നു. ‘അവരുണ്ടാക്കിയത് ഞാന്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നു എന്നേയുള്ളൂ. പെട്ടന്നൊരു ദിവസം ഞാനിത് നോക്കി നടത്തണമെന്ന് വല്ല്യുപ്പ പറയുകയായിരുന്നു. അങ്ങനെ ഒന്നും അറിയാതെയാണ് ഇങ്ങോട്ടു വന്നത്. പിന്നെ ഓരോന്നായി പഠിച്ചെടുക്കുകയായിരുന്നു. പന്ത്രണ്ടു വര്‍ഷമായി ഞാനാണിത് നോക്കുന്നത്. തൊട്ടപ്പുറത്തു തന്നെ യൂണിയന്‍ ബേക്കറിയെന്ന പേരില്‍ മറ്റൊരു സ്ഥാപനവുമുണ്ട്.’
നിലമ്പൂര്‍ ഒറ്റപ്പെട്ടുപോയെങ്കിലും ആര്‍ക്കും ഭക്ഷണമില്ലാതെ കഷ്ടപ്പെടേണ്ടിവരരുത് എന്ന ഉദ്ദേശത്തോടെ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിച്ച അനസ്, പല ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ഭക്ഷണം തയ്യാറാക്കി കൊടുത്തയയ്ക്കാറുമുണ്ട്. പ്രളയദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിളമ്പിയതും, ക്യാമ്പുകളിലേക്ക് ഭക്ഷണം കൊടുത്തയയ്ക്കുന്നതും സൗജന്യമായാണോ എന്ന ചോദ്യത്തിന്, താന്‍ ചെയ്യുന്ന കാര്യങ്ങളൊന്നും ആരേയും അറിയിക്കാറില്ലെന്ന് പുഞ്ചിരിച്ചുകൊണ്ട് അനസ് മറുപടി പറയുന്നു. കൗണ്ടറില്‍ ഇരിക്കുന്ന സ്റ്റാഫിനു പോലും അനസ് ക്യാമ്പുകളിലേക്ക് സൗജന്യമായി നല്‍കുന്ന ഭക്ഷണത്തിന്റെ കണക്കുകള്‍ വ്യക്തമായി അറിയില്ല. ‘കഴിയുന്നതും ഇതൊന്നും ആരേയും അറിയിക്കാറില്ല. കൗണ്ടറില്‍ ഇരിക്കുന്നയാള്‍ക്കു പോലും വലിയ ധാരണയില്ല. പൈസ വാങ്ങിയിട്ടു ചെയ്യുന്നതാണെന്നു തന്നെ വിചാരിച്ചോട്ടെ. ഓട്ടോ വരും, സാധനം അതില്‍ കയറ്റി ക്യാമ്പിലേക്ക് അയയ്ക്കും. അത്രയേ സ്റ്റാഫുകള്‍ പോലും കാണാറുള്ളൂ. കണക്കൊന്നും വെളിപ്പെടുത്താറില്ല. അതില്‍ കാര്യമില്ലല്ലോ. ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കുക എന്നതാണ് പ്രധാനം.’
വീട്ടില്‍ വെള്ളം കയറി ക്യാമ്പില്‍ കഴിയുന്ന തന്റെ ജീവനക്കാര്‍ക്ക് സഹായമെത്തിക്കുക എന്നതാണ് അനസിന്റെ ഇപ്പോഴത്തെ ലക്ഷ്യം. അവര്‍ക്കുള്ള സഹായത്തിനായി ചെറിയ തുകകള്‍ മറ്റു ജീവനക്കാര്‍ തന്നെ ശേഖരിക്കുന്നുണ്ട്. നാലു പേരും സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തുന്നതു വരെ കൈത്താങ്ങായി അനസും കൂടെയുണ്ട്. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് അതെത്തിക്കണം എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കാണുന്ന, നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണത്തില്‍ ഏറെ ശ്രദ്ധയുള്ള അനസിന്റെ യൂണിയന്‍ ഹോട്ടല്‍ നിലമ്പൂരുകാരുടെ ലാന്‍ഡ് മാര്‍ക്കായി മാറിയത് വെറുതെയായിരിക്കില്ല. നിലമ്പൂരിന്റെ വാണിജ്യ മേഖലയുടെ തിരിച്ചുവരവിന് തങ്ങളാലാകുന്ന വിധം വഴികാട്ടുകയാണ് യൂണിയന്‍ ഹോട്ടലും അനസും.