UPDATES

മാലിന്യസംസ്കരണം: ഐക്യരാഷ്ട്ര സഭ ലോകത്ത് രണ്ടാം സ്ഥാനം നല്‍കിയ ആലപ്പുഴ കേന്ദ്രത്തിന്റെ സര്‍വേയില്‍ തോറ്റതെങ്ങനെ?

ഇനി ജൈവമാലിന്യ സംസ്കരണ മാതൃകയില്‍ ജപ്പാനിലെ ഒസാകയ്ക്കും,സ്ലോവേനിയയിലെ ലുബ്‌ലിയാനയ്ക്കും, മലേഷ്യയിലെ പെനാങ്ങിനും, കൊളംബിയയിലെ കാജികായ്ക്കുമൊപ്പം കേള്‍ക്കുന്ന പേരാവും ആലപ്പുഴയും

അഞ്ച് വര്‍ഷം മുമ്പ് ചീഞ്ഞുനാറിയിരുന്ന ഒരു നഗരം. അതിലൂടെ പോവുന്നവര്‍ മൂക്കുപൊത്തിയല്ലാതെ പോയിട്ടില്ല. പക്ഷെ ഇന്ന് ആ നഗരം മാലിന്യസംസ്കരണ മാതൃകയില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്താണ്. മാലിന്യസംസ്കരണ മാതൃകയില്‍ മികച്ചു നില്‍ക്കുന്ന ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അഞ്ച് നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ കൊച്ചുനഗരമായ ആലപ്പുഴയും ഉണ്ട്. ഇനി ജൈവമാലിന്യ സംസ്കരണ മാതൃകയില്‍ ജപ്പാനിലെ ഒസാകയ്ക്കും സ്ലോവേനിയയിലെ ലുബ്‌ലിയാനയ്ക്കും മലേഷ്യയിലെ പെനാങ്ങിനും കൊളംബിയയിലെ കാജികായ്ക്കുമൊപ്പം കേള്‍ക്കുന്ന പേരാവും ആലപ്പുഴയും. ഇച്ഛാശക്തിയുണ്ടെങ്കില്‍, ക്രാന്തദര്‍ശിയായ ഒരു ഭരണാധികാരിയുണ്ടെങ്കില്‍, നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്ന ഉദ്യോഗസ്ഥരും ജനങ്ങളുമുണ്ടെങ്കില്‍ വളരെ ലളിതമായി നടക്കുന്നതാണ് മാലിന്യ സംസ്കരണം എന്ന് തെളിയിച്ചിരിക്കുകയാണ് ആലപ്പുഴ.

ആലപ്പുഴ നഗരത്തിലെ മാലിന്യങ്ങള്‍ വര്‍ഷങ്ങളോളം പേറിയിരുന്നത് സര്‍വോദയപുരം എന്ന ഗ്രാമമാണ്. സര്‍വോദയപുരത്ത് നഗരസഭ മാലിന്യ പ്ലാന്റ് സ്ഥാപിച്ചിരുന്നു. ജൈവ, അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ജൈവമാലിന്യത്തെ വളമാക്കി മാറ്റാനും അജൈവ മാലിന്യങ്ങള്‍ മറ്റ് തരത്തില്‍ സംസ്കരിക്കാനും ഉദ്ദേശിച്ചായിരുന്ന പ്ലാന്റ് തുടങ്ങിയതെങ്കിലും പ്രവര്‍ത്തനം തുടങ്ങി ഒരു മാസത്തിനുള്ളില്‍ തന്നെ പദ്ധതികളെല്ലാം തകിടം മറിഞ്ഞു. പത്ത് കോടി മുടക്കി സ്ഥാപിച്ച പ്ലാന്റ് പ്രവര്‍ത്തനരഹിതമായി. എന്നിട്ടും അവിടേക്കുള്ള മാലിന്യം തള്ളലിന് ഒരു കുറവും വന്നില്ല. ഇരുന്നൂറിലധികം കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നും നിരത്തുകളില്‍ നിന്നും ശേഖരിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ സര്‍വോദയപുരത്ത് എത്തിച്ചുകൊണ്ടിരുന്നു. അവയെല്ലാം സംസ്കരിക്കപ്പെടാതെ കുന്നുകൂടി, വലിയ മാലിന്യ കൂമ്പാരമായി. സര്‍വോദയപുരം ഗ്രാമവാസികളുടെ ജലാശയങ്ങള്‍ മലിനപ്പെട്ടു, പലരും ത്വക്ക് രോഗങ്ങള്‍ക്ക് അടിമകളായി, ദുര്‍ഗന്ധം സഹിച്ച് നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായി. സര്‍വോദയപുരത്തെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വിവാഹാലോചനകള്‍ കൂടി വരാതായി. പലരും നാട് വിട്ട് താമസം മാറി. ഇതിനിടെ പല തവണ നാട്ടുകാര്‍ മാലിന്യം കൊണ്ടുവന്ന വാഹനങ്ങള്‍ തടയുകയും പ്ലാന്റിന് മുന്നില്‍ സമരമിരിക്കുകയും ചെയ്തു. അപ്പോഴെല്ലാം നഗരസഭാ അധികൃതര്‍ ഇടപെട്ട് പ്രശ്‌നം താല്‍ക്കാലികമായി പരിഹരിക്കുകയും മാലിന്യം സംസ്കരിച്ചുകൊള്ളാമെന്ന് ഉറപ്പും നല്‍കി വന്നു.

ശുചിത്വം, പ്ലാസ്റ്റിക്ക്, നില്‍പ്പ് സമരം, മാവോയിസം… തോമസ് ഐസക് നിലപാട് വ്യക്തമാക്കുന്നു

ഒടുവില്‍ ഗ്രാമവാസികള്‍ക്ക് മടുത്തു. ഇനി നഗരത്തിന്റെ മാലിന്യം പേറേണ്ടെന്ന് അവര്‍ ഒറ്റക്കെട്ടായി തീരുമാനിച്ചു. വാഹനങ്ങള്‍ തടഞ്ഞു. ഇനി ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും പ്ലാന്റ് നഗരത്തിലേക്ക് മാറ്റിസ്ഥാപിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും സര്‍വോദയപുരത്തുകാര്‍ ഉറപ്പിച്ചു പറഞ്ഞു. പ്രതിഷേധത്തെ മറികടന്നും മാലിന്യവുമായി വാഹനങ്ങള്‍ എത്തിയെങ്കിലും നാട്ടുകാര്‍ അവയെല്ലാം വഴിക്ക് വച്ചുതന്നെ തടഞ്ഞ് തിരികെയയച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ മാലിന്യം ശേഖരിച്ചുകൊണ്ടുമിരുന്നു, ഇതിനനുസരിച്ച് നഗരഹൃദയത്തില്‍, വഴിച്ചേരി എന്ന സ്ഥലത്ത് മാലിന്യം അടിയാന്‍ തുടങ്ങി. ഓരോ ദിവസവും ദുര്‍ഗന്ധവും മറ്റ് ബുദ്ധിമുട്ടുകളും ഇരട്ടിച്ച് വന്നു. എന്ത് ചെയ്യണമെന്നറിയാതെ നഗരസഭാ അധികൃതര്‍ ഇരുട്ടില്‍ തപ്പുമ്പോഴാണ് പ്രദേശത്തെ എംഎല്‍എയായിരുന്ന ഡോ. ടി.എം. തോമസ് ഐസക് പ്രശ്‌നത്തില്‍ ഇടപെടുന്നത്. ചര്‍ച്ചകള്‍ പലവഴിക്ക് പുരോഗമിക്കുന്നതിനിടെ തുമ്പൂര്‍മൊഴി മാതൃക പരീക്ഷണാടിസ്ഥാനത്തില്‍ ആലപ്പുഴയില്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചതും അതിനായി പരിശ്രമിച്ചതും തോമസ് ഐസക്കാണ്.

സീറോ പ്ലാസ്റ്റിക്: ഓണ്‍ലൈന്‍ ബുദ്ധിജീവികളേ ആലപ്പുഴയിലേക്ക് വരൂ…

തുമ്പൂര്‍മുഴി വെറ്റിനറി സര്‍വകലാശാലയിലെ ഡോ. ഫ്രാന്‍സിസ് സേവ്യര്‍ വികസിപ്പിച്ചെടുത്ത എയ്‌റോബിക് കമ്പോസ്റ്റ് മാതൃക ആലപ്പുഴയിലേക്കെത്തുന്നതങ്ങനെയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രമായ വഴിച്ചേരിയില്‍ തന്നെ വാട്-സാന്‍ പാര്‍ക്ക് എന്ന പേരില്‍ എയ്‌റോബിക് കമ്പോസ്റ്റിങ് യൂണിറ്റ് തുടങ്ങി. വീടുകളില്‍ പോയി മാലിന്യം ശേഖരിക്കേണ്ടെന്ന തീരുമാനത്തില്‍ എംഎല്‍എയും നഗരസഭയുമെത്തി. കേന്ദ്രീകൃത മാലിന്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റിനുപകരം വികേന്ദ്രീകൃത മാലിന്യ സംസ്കരണം നടപ്പാക്കുകയായിരുന്നു ഉദ്ദേശം. നഗരത്തിലെ എല്ലാ വീടുകളിലും അവരവര്‍ക്ക് യോജിച്ച തരത്തിലുള്ള ഉറവിട മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ ഒരുക്കുക എന്നതായിരുന്നു ആദ്യം ചെയ്ത കാര്യം. അതിന് സൗകര്യമില്ലാത്തവര്‍ മാത്രം ജൈവ മാലിന്യങ്ങള്‍ വാട്-സാന്‍ പാര്‍ക്കില്‍ എത്തിച്ചാല്‍ മതിയാവും എന്ന തീരുമാനവും വന്നു. നഗരസഭാ അധികൃതരും എംഎല്‍എയും ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനങ്ങളെല്ലാം നേരിട്ട് നിരീക്ഷിച്ചു. അങ്ങനെ നഗരവാസികളും ആ ശീലത്തിലേക്കെത്തി. വാട്-സാന്‍ പാര്‍ക്കിന്റെ വിജയത്തില്‍ നിന്ന് നഗരത്തിന്റെ പല കോണുകളിലും എയ്‌റോബിക് യൂണിറ്റുകള്‍ രൂപം കൊണ്ടു. വീട്ടില്‍ തന്നെയുള്ള മാലിന്യ സംസ്കരണത്തിന് പുറമെ എയ്‌റോബിക് യൂണിറ്റുകളുമായപ്പോള്‍ ആലപ്പുഴയിലെ അഴുകുന്ന മാലിന്യങ്ങളെല്ലാം അപ്രത്യക്ഷമായി.

പദ്ധതിയുടെ അമരക്കാരനായ മന്ത്രി ടി.എം. തോമസ് ഐസക്ക് പറയുന്നു, “എയ്‌റോബിക് യൂണിറ്റുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കുമ്പോള്‍ തന്നെ അത് ഏതെങ്കിലും തരത്തില്‍ പരാജയമാവുമെന്ന് ചിന്തിക്കാനേ ആവുമായിരുന്നില്ല. കാരണം, അത്ര ലളിതമായി മാലിന്യം സംസ്‌ക്കരിക്കാന്‍ മറ്റ് സാധ്യതകളുണ്ടോയെന്ന് സംശയമാണ്. അഞ്ച് വര്‍ഷം മുമ്പ് ചീഞ്ഞുനാറിയിരുന്ന നഗരമല്ല ഇന്ന് ആലപ്പുഴ. ജൈവമാലിന്യങ്ങള്‍ എയ്‌റോബിക് സംവിധാനത്തില്‍ സംസ്കരിക്കപ്പെട്ടു. അജൈവ മാലിന്യങ്ങള്‍ കളക്ട് ചെയ്തുകൊണ്ടുപോവുന്നുമുണ്ട്. നഗരത്തിന്റെ മാലിന്യം ഗ്രാമത്തില്‍ കൊണ്ടിടാതെ അതിന്റെ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുക എന്ന ലളിതമായ ലോജിക്കാണ് പ്രയോഗിച്ചത്. അത് വിജയം കണ്ടു. പക്ഷെ അപ്പോഴും ഐക്യരാഷ്ട്ര സഭയുടെ ഇത്രയും വലിയ അംഗീകാരം പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയതില്‍ വളരെ സന്തോഷം. ഇപ്പോള്‍ ഖരമാലിന്യ സംസ്‌ക്കരണത്തിലാണ് വിജയിച്ചത്. ഇനി ആലപ്പുഴയിലെ വെള്ളത്തിലെ മാലിന്യങ്ങള്‍ നീക്കാനുള്ള പദ്ധതിയാണ് അടുത്തഘട്ടമായി നടപ്പാക്കുക.”

മലയാളിയുടെ മാലിന്യ (ജാതി) യുക്തി മാറേണ്ടതുണ്ട്

തുറന്ന അന്തരീക്ഷത്തില്‍ മാലിന്യം സംസ്കരിക്കപ്പെടുക എന്ന് പറഞ്ഞപ്പോള്‍ ദുര്‍ഗന്ധം സഹിക്കേണ്ടി വരുമെന്ന ആശങ്കയാണ് നഗരവാസികളില്‍ പലര്‍ക്കുമുണ്ടായത്. എന്നാല്‍ മാലിന്യ സംസ്കരണ കേന്ദ്രമാണെന്ന് പോലും മനസ്സിലാവാത്ത തരത്തില്‍ വാട്-സാന്‍ പാര്‍ക്ക് എന്ന പേരിനെ അന്വര്‍ഥമാക്കുന്ന അന്തരീക്ഷമാണ് യൂണിറ്റുകള്‍ ഉണ്ടാക്കിയത്. കരിയിലയും ഇനോകുലം ബാക്ടീരിയയും മാത്രം ഉപയോഗിച്ചാണ് മാലിന്യ സംസ്‌കരണം. മാലിന്യത്തിന് മുകളില്‍ കരിയില വിരിച്ച് അതിന് മുകളില്‍ കേരള സര്‍വകലാശാലയിലെ ഡോ. ഗിരിജ വികസിപ്പിച്ച ഇനോക്കുലം ബാക്ടീരിയയും തളിക്കുന്നു. തൊണ്ണൂറ് ദിവസത്തിനുള്ളില്‍ ഇത് വളമായി മാറും. ഇത്രയും ലളിതമായ പദ്ധതി മുന്നിലുണ്ടാവുമ്പോഴാണ് വിളപ്പില്‍ശാലയും ലാലൂരും ഞെളിയന്‍പറമ്പും നമുക്ക് മുന്നില്‍ ഇപ്പോഴും തുടരുന്നത്.

എന്നാല്‍ സ്വച്ഛ് സര്‍വേക്ഷനിലില്ല
ഐക്യരാഷ്ട്രസഭയുടെ വൃത്തിയുള്ള നഗരങ്ങളില്‍ ഇടം നേടിയെങ്കിലും മറിച്ചൊരു ഫലമാണ് കേന്ദ്ര നഗരവികസന മന്ത്രാലയം 2016ല്‍ നടത്തിയ സ്വച്ഛ് സര്‍വേക്ഷനി (നഗര മലിന്യസംസ്‌കരണത്തിന്റെ തോത് അനുസരിച്ച് വൃത്തിയുള്ള നഗരങ്ങളുടെ സര്‍വേ) ല്‍ കാണുന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് 434 നഗരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചതില്‍ 380-ാം സ്ഥാനമാണ് ആലപ്പുഴയ്ക്കുള്ളത്. മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളുടെ രേഖകളും രജിസ്റ്ററുകളും കൈകാര്യം ചെയ്യുന്നതിന് നിശ്ചിച്ച 900 മാര്‍ക്കില്‍ 118.19 മാര്‍ക്കും, പരിശോധനാ സംഘങ്ങള്‍ ഫീല്‍ഡില്‍ നടത്തിയ പരിശോധനയ്ക്ക് നിശ്ചയിക്കപ്പെട്ട 500 മാര്‍ക്കില്‍ 226.71 മാര്‍ക്കും, ജനങ്ങളുടെ പ്രതികരണത്തിനായുള്ള 600 മാര്‍ക്കില്‍ 254.81 മാര്‍ക്കും മാത്രമാണ് ആലപ്പുഴയ്ക്ക് നേടാനായത്. അതായത് ആകെ 2000 മാര്‍ക്കില്‍ 599.72 മാര്‍ക്കാണ് ആലപ്പുഴ നഗരസഭയ്ക്ക് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇതിന് കാരണം മാലിന്യ സംസ്കരണത്തിലെ പോരായ്മകള്‍ മാത്രമല്ലെന്നും മറ്റ് പല ഘടകങ്ങളും ആശ്രയിച്ചാണ് സ്‌കോര്‍ രേഖപ്പെടുത്തപ്പെട്ടതെന്നും ജില്ലയിലെ സാനിറ്റേഷന്‍ വിദഗ്ദ്ധനായ വേണുഗോപാല്‍ പറയുന്നു.

ഐസക്കിന്റെ ആലപ്പുഴയില്‍ നിന്നൊരു മറുപടി; തെരഞ്ഞെടുപ്പു വിശകലനം ഭള്ള് പറച്ചിലാകരുത്

ഖരമാലിന്യ സംസ്കരണത്തില്‍ ഒരു പുതിയ സങ്കല്‍പ്പമുണ്ടാക്കുക, നഗരസഭയില്‍ ഉണ്ടാവുന്ന മാലിന്യത്തെ സംസ്‌കരിക്കാന്‍ കേന്ദ്രീകൃതമല്ലാത്ത ഒരു സംവിധാനമുണ്ടാക്കുക, എല്ലാ വീടുകളിലും ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക, അജൈവമാലിന്യം എടുക്കാനുള്ള സംവിധാനങ്ങളുണ്ടാക്കുക-അങ്ങനെ ഒരു പൊതുശുചിത്വം ആണ് ഐക്യരാഷ്ട്ര സഭ കണക്കിലെടുത്തത്. എന്നാല്‍ ഇന്ത്യയില്‍ വൃത്തിയുള്ള പട്ടണങ്ങളുടെ കണക്കെടുപ്പാണ് സ്വച്ഛ്‌സര്‍വേക്ഷന്‍ വഴി നടന്നത്. അതിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍, ഐക്യരാഷ്ട്രസഭ എടുത്തത് പോലെ അഴുകുന്ന മാലിന്യങ്ങളുടെ സംസ്‌കരണ സംവിധാനങ്ങള്‍ മാത്രമല്ല ഉള്‍പ്പെടുത്തിയിരുന്നത്. 2000 മാര്‍ക്കിനുള്ള ചോദ്യങ്ങളാണ് അവര്‍ നല്‍കിയത്. അതില്‍ 900 മാര്‍ക്ക് നഗരസഭാ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഓഫീസില്‍ നിന്ന് എന്തെല്ലാം പേപ്പര്‍ വര്‍ക്ക് ചെയ്തു, രജിസ്റ്റര്‍ എങ്ങനെയാണ് സംരക്ഷിക്കപ്പെട്ടിട്ടുള്ളത്, ജനപ്രതിനിധികളുടെ ഇടപെടല്‍ എന്നിവയാണ് അതില്‍ വരിക.

രണ്ടാമത്തേത്, 500 മാര്‍ക്കിനുള്ളത് ഫീല്‍ഡ് സന്ദര്‍ശനമാണ്. പൊതുനിരത്തുകള്‍, ബസ് സ്റ്റാന്‍ഡ്, ചന്തകള്‍, സ്‌കൂളുകള്‍, റയില്‍വേ സ്റ്റേഷനുകള്‍, കോളനികള്‍ എന്നു തുടങ്ങി എല്ലായിടത്തേയും വൃത്തി നേരിട്ട് ചെന്ന് പരിശോധിക്കും. ഓരോന്നിനും മാര്‍ക്കുണ്ട്. പിന്നെയുള്ളത് ജനങ്ങളുമായി സംസാരിച്ച് വൃത്തിയുടെ നിലവാരം അളക്കുന്നതാണ്. ആകെ ജനസംഖ്യയുടെ ഒരു ശതമാനവുമായി അവര്‍ സംസാരിക്കും. മൂത്രപ്പുരകളില്‍ വെള്ളമുണ്ടോ, ശൗചാലയത്തില്‍ പോയതിന് ശേഷം കൈ സോപ്പിട്ട് കഴുകാറുണ്ടോ തുടങ്ങിയ ഒരു കൂട്ടം ചോദ്യങ്ങളാണ് അതിലുള്ളത്. 30 ശതമാനം മാര്‍ക്ക് കിട്ടിയാല്‍ ആ നഗരം ക്വാളിഫൈഡ് ആവും. എന്നാല്‍ ഇങ്ങനെ വരുമ്പോള്‍ ചില കാര്യങ്ങളില്‍ ആലപ്പുഴ നഗരസഭയ്ക്ക് മാര്‍ക്ക് കിട്ടാന്‍ ഇപ്പോള്‍ സാധ്യതയില്ല. ഉദാഹരണത്തിന്, അതില്‍ ഒരു ചോദ്യം, കുടുംബശ്രീ സംവിധാനമുപയോഗിച്ച് മാലിന്യം എടുക്കുന്നുണ്ടോ എന്നാണ്. അതിന് ഉയര്‍ന്ന മാര്‍ക്കും ഉണ്ട്. എന്നാല്‍ ആലപ്പുഴയില്‍ ഇപ്പോള്‍ ഉറവിട മാലിന്യ സംസ്‌കരണം വന്നതോടെ ആ സംവിധാനമില്ല. കേന്ദ്രീകൃത സംവിധാനമുണ്ടോ, അവിടെ എന്തെല്ലാം ചെയ്യുന്നു, അതിലെ സൗകര്യങ്ങള്‍ എന്നുതുടങ്ങിയ ചോദ്യങ്ങളുണ്ട്. ഇവിടെ കേന്ദ്രീകൃത സംവിധാനമില്ല, ഉറവിട മാലിന്യ സംസ്‌കരണമാണ്. അതിനാല്‍ ആ ചോദ്യങ്ങള്‍ക്ക് മാര്‍ക്ക് ലഭിക്കില്ല. കേരളത്തില്‍ മാത്രമേ എയ്‌റോബിക് സംവിധാനമുള്ളൂ. എന്നാല്‍ മൈസൂര്‍, ബാംഗ്ലൂര്‍ തുടങ്ങി പല സ്ഥലങ്ങളിലും കേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണ്. എന്നാല്‍ ആ മാനദണ്ഡങ്ങളല്ല ഐക്യരാഷ്ട്ര സഭയെടുത്തത്. ഒരു ജനതയുടെ അഴുകുന്ന മാലിന്യം എപ്രകാരം കൈകാര്യം ചെയ്യാന്‍ പറ്റും എന്ന പരിശോധനയാണ് അവര്‍ നടത്തിയത്.”

ഈ ചെറുക്കനെന്തിനാ മാലിന്യം വാരുന്നത്? എന്നാല്‍ പച്ചപ്പുഴു കേരളത്തെ വൃത്തി പഠിപ്പിക്കുകയാണ്

പ്ലാസ്റ്റിക് പെറുക്കുന്ന കുട്ടി (അതായത് മാവോ ഒരു പൂന്തോട്ടക്കാരനാണ്)

സീറോ പ്ലാസ്റ്റിക്: ഇതൊരു സാമൂഹ്യ ഇടപെടലാണ്; കുട്ടികളെ ചൂഷണം ചെയ്യലല്ല

പ്ലാസ്റ്റിക്കും കുട്ടികളും: ആലപ്പുഴ പരീക്ഷണം ഉയര്‍ത്തുന്ന ആശങ്കകള്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍