UPDATES

ട്രെന്‍ഡിങ്ങ്

സുധീരനെ മാത്രം സ്നേഹിക്കുന്ന സുധീരന്‍; ഒരു എം ടിയെന്‍ കഥാപാത്ര സിന്‍ഡ്രോം

സുധീരൻ ജി ഇതല്പം കടന്ന കൈ ആയിപ്പോയെന്നു പറയാതെ തരമില്ല. പ്രത്യേകിച്ചും ലോകസഭ തിരെഞ്ഞെടുപ്പ് പടിവാതിൽക്കൽ വന്നു നിൽക്കുന്ന ഈ വേളയിൽ!

കെ എ ആന്റണി

കെ എ ആന്റണി

നമ്മുടെ വി എം സുധീരൻ യു ഡി എഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിയായി. രാജി വിവരം യു ഡി എഫ് കൺവീനർ പി പി തങ്കച്ചനും കെ പി സി സി താൽക്കാലിക അധ്യക്ഷൻ എം എം ഹസ്സനും ഇ മെയിൽ ആയി അയച്ചതായാണ് വിവരം. രാജിക്കുള്ള കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും വിവരം ഉണ്ട്. താൻ ഒന്നും അറിഞ്ഞതില്ലെന്ന് തങ്കച്ചൻ കൺവീനർ പറയുന്നുണ്ടെങ്കിലും സംഗതി ഉള്ളത് തന്നെയാണ്. ഇക്കാര്യത്തിൽ ഇനിയും സംശയം ഉള്ളവരുടെ സംശയ നിവർത്തിക്കുവേണ്ടി ഒരു പക്ഷെ വി എം തന്നെ ഒരു മാധ്യമ കൂടിക്കാഴ്ച സംഘടിപ്പിച്ചു കൂടായ്കയില്ല.

സുധീരൻ ജി യുടെ കാര്യമായതുകൊണ്ട് അതെപ്പോൾ നടക്കുമെന്നൊന്നും ഇപ്പോൾ പറയാനാവില്ലെന്നേയുള്ളു. കെ പി സി സി അധ്യക്ഷ സ്ഥാനത്തുനിന്നും രാജിയാവുമ്പോൾ പറഞ്ഞത് ആരോഗ്യ പ്രശ്നമായിരുന്നു. എന്നാൽ ഏറെ നീണ്ട മൗനത്തിനു ശേഷം ഈയടുത്തകാലത്താണ് ഉമ്മൻ ചാണ്ടിയും മറ്റും ചേർന്ന് തന്നെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തൽ ഉണ്ടായത്. ഈ രാജിക്കാര്യത്തിലും ഒരു പക്ഷെ ഇത് തന്നെയാവും അവസ്ഥ. സുധീരൻ ജി ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എടുപിടീന്ന് എടുത്ത തീരുമാനമൊന്നുമല്ല ഈ രാജിയെന്നാണ് കേൾക്കുന്നത്. കോൺഗ്രസിനെയും യു ഡി എഫിനെയും വെല്ലുവിളിച്ചു മുന്നണി വിട്ട കെ എം മാണിക്ക് കോൺഗ്രസിന് ലഭിക്കേണ്ടിയിരുന്ന രാജ്യസഭ സീറ്റ് താലത്തിൽ വെച്ചുകൊടുത്തു തൊഴുകൈയ്യോടെ സ്വീകരിച്ചു ആനയിച്ചതും യു ഡി എഫിൽ തിരിച്ചെത്തിയ മാണി യു ഡി എഫ് യോഗത്തിൽ തനിക്കെതിരെ ആഞ്ഞടിച്ചപ്പോൾ ഒരു ഉളുപ്പുമില്ലാതെ കോൺഗ്രസ് നേതാക്കൾ കേട്ട് ഇളിച്ചുകൊണ്ടിരുന്നതുമൊക്കെയാണത്രെ ഇപ്പോഴത്തെ ഈ രാജിക്കു പിന്നിൽ. ചുരുക്കത്തിൽ താൻ പറയുന്നതൊന്നും ആരും ഗൗനിക്കുന്നില്ലെന്നു കണ്ടപ്പോൾ രാജിയായേക്കാം എന്നങ്ങു തീരുമാനിച്ചു; അത്ര തന്നെ. അല്ലെങ്കിൽ തന്നെ പൊന്നുരുക്കുന്നിടത്തു പൂച്ചക്കെന്തു കാര്യമെന്ന് സുധീരൻജി കരുതിയിട്ടുണ്ടാവണം.

എങ്കിലും എന്റെ സുധീരൻ ജി ഇതല്പം കടന്ന കൈ ആയിപ്പോയെന്നു പറയാതെ തരമില്ല. പ്രത്യേകിച്ചും ലോകസഭ തിരെഞ്ഞെടുപ്പ് പടിവാതിൽക്കൽ വന്നു നിൽക്കുന്ന ഈ വേളയിൽ! ബാക്കിയെല്ലാ പാർട്ടിക്കാരും തിരഞ്ഞെടുപ്പിന് മുൻപേ ശക്തിപ്പെടാനും കൂട്ടുകൂടാനുമൊക്കെ ബദ്ധപ്പെടുന്ന ഇന്ത്യയിലാണ് താങ്കളുടെ ഈ രാജി. ഇത് കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് ഗുണമാണോ ദോഷമാണോ ചെയ്യുകയെന്നത് താങ്കൾ തന്നെ തീരുമാനിക്കുക. താങ്കൾ തികഞ്ഞ ഗാന്ധിയനും ആദര്‍ശധീരനുമൊക്കെ ആയിരിക്കാം. എന്നാൽ താങ്കളുടെ ചില നേരത്തെ പ്രവർത്തികൾ കാണുമ്പോൾ ഓര്‍മ്മ വരുന്നത്‌ ‘സേതുവേട്ടന് സേതുവേട്ടനോട് മാത്രമാണ് ഇഷ്ടം’ എന്ന എം ടി കഥാപാത്രത്തിന്റെ ഡയലോഗാണ്.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍