UPDATES

ട്രെന്‍ഡിങ്ങ്

ഇതും കേരളത്തില്‍ തന്നെ; കാളിപ്രീതിക്ക് രക്തയൂട്ട്; പ്രതീകാത്മക നരബലിയുമായി തിരുവനന്തപുരത്ത് ഒരു ക്ഷേത്രം

അഥര്‍വവേദം അടിസ്ഥാനമാക്കിയാണ് പൂജ ചെയ്യുന്നതെന്ന് ക്ഷേത്രം തന്ത്രി; പ്രാകൃതമായ ആചാരം അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി; പോലീസ് കേസെടുത്തു

നരബലിയ്ക്ക് പകരം മനുഷ്യരക്തം നല്‍കി പ്രതീകാത്മക നരബലി. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലല്ല, സാമൂഹികമുന്നേറ്റത്തില്‍ ഏറെ മുന്നിലെന്ന് അവകാശപ്പെടുന്ന കേരളത്തില്‍. തിരുവനന്തപുരം വിതുരയിലെ ദേവിയോട് ശ്രീ വിദ്വാരി വൈദ്യനാഥക്ഷേത്രത്തില്‍ കാളീദേവിക്ക് കാളിയൂട്ട് ചെയ്യുന്നത് മനുഷ്യരക്തം കൊണ്ട്. ആശ്ചര്യമെന്ന് തോന്നിയേക്കാമെങ്കിലും സംഗതി ശരിയെന്നുതന്നെയാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. ആചാരത്തിന്റെ പേരില്‍ രക്തമൂറ്റുന്നതിനെതിരെ സോഷ്യല്‍മീഡിയയിലും മറ്റും പ്രചരണം വ്യാപകമായിരിക്കെ ഇതിനെ ന്യായീകരിച്ചുകൊണ്ട് ക്ഷേത്രം ഭാരവാഹികളും രംഗത്തെത്തിയിട്ടുണ്ട്. മാനസികമായി ഭക്തന്‍മാരെ ശക്തിപ്പെടുത്താന്‍ നടത്തുന്ന പൂജയാണെന്നാണ് ക്ഷേത്രം തന്ത്രിയുടെ വിശദീകരണം. രക്താഭിഷേകം നടക്കുന്ന പല ക്ഷേത്രങ്ങളില്‍ ഒന്നുമാത്രമാണിതെന്നാണ് ആചാരനടത്തിപ്പുകാരുടെ വാദം. എന്നാല്‍ ഇത്തരം അപരിഷ്‌കൃത ആചാരങ്ങള്‍ പരിഷ്‌കൃത സമൂഹം പിന്തുടരുന്നതിലും ആചാരമെന്ന പേരില്‍ ചുടുചോര അഭിഷേകം ചെയ്യുന്നതും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന അഭിപ്രായമാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.

ക്ഷേത്രകമ്മിറ്റി പുറത്തിറക്കിയ നോട്ടീസിലാണ് ഇത്തരത്തില്‍ രക്തയജ്ഞം നടക്കുന്നുണ്ടെന്നും, ഭക്തരുടെ രക്തം ആവശ്യമാണെന്നും കാണിച്ചിരിക്കുന്നത്. മാര്‍ച്ച് 11 മുതല്‍ 24 വരെ നടക്കുന്ന ക്ഷേത്ര ഉത്സവത്തിന്റെ രണ്ടാം ദിവസം മുതലാണ് വൈകീട്ട് 6.30ന് ദീപാരാധനയും രക്തം സ്വീകരിച്ചുള്ള മഹാഘോര കാളിയജ്ഞവും തുടങ്ങുന്നതെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. പ്രത്യേക സുരക്ഷാമാനദണ്ഡങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന ആശുപത്രികളില്‍ വരെ രക്തപരിശോധനയിലും രക്തദാനത്തിലും പിഴവുകള്‍ സംഭവിക്കുമ്പോള്‍ ഒരു അമ്പലത്തില്‍ ഇത്തരത്തില്‍ രക്തമെടുപ്പ് നടക്കുന്നുവെന്നത് ഭീകരമായ പ്രശ്‌നം തന്നെയാണെന്ന എതിര്‍പ്പുകള്‍ പ്രദേശവാസികള്‍ക്കിടയില്‍ തന്നെയുണ്ട്. എന്നാല്‍ ഇത്തരത്തിലെ രക്തമെടുപ്പിനെപ്പറ്റിയും, രക്താഭിഷേകത്തെപ്പറ്റിയും അറിയില്ല എന്നാണ് പോലീസിന്റെ വാദം. എന്നാല്‍ നോട്ടീസ് അടിച്ച് രക്താഭിഷേകം നടത്തുന്ന വിവരം അറിയിച്ചതോടെ സംഭവം ചര്‍ച്ചയാവുകയും വിവാദമാവുകയും ചെയ്തു. അതോടെ സംഭവത്തെപ്പറ്റി വിതുര പോലീസ് അന്വേഷണം ആരംഭിച്ചു.

കാലങ്ങളായി രക്താഭിഷേകവും പൂജയും നടത്തിയിരുന്നെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നുണ്ടെങ്കിലും എത്രകാലമായി ഈ ആചാരം പിന്തുടരുന്നു എന്ന കാര്യത്തില്‍ അവര്‍ക്ക് വ്യക്തതയില്ല. എന്നാല്‍ ഇത്രകാലം ഇക്കാര്യം നോട്ടീസില്‍ അച്ചടിക്കാത്തതും, ഇത്തവണ അച്ചടിച്ചതുമാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത് എന്നാണ് ക്ഷേത്രം സെക്രട്ടറി അഡ്വ.കൃഷ്ണകുമാര്‍ പറയുന്നത്. ‘കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടക്കുന്ന പൂജയാണിത്. നോട്ടീസില്‍ അച്ചടിക്കാറില്ലായിരുന്നു. ഇത്തവണ അത് അച്ചടിച്ചതാണ് ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്നാല്‍ ആചാരം പ്രാകൃതമാണോയെന്നും അതിന്റെ വശങ്ങള്‍ എന്തുതന്നെയാണെന്നും അറിയണമെങ്കില്‍ തന്ത്രിയുമായി ബന്ധപ്പെടണം. ആചാരത്തിന്റെ നടത്തിപ്പുകാരന്‍ തന്ത്രിയാണ്. അദ്ദേഹം പറയുന്നതിനപ്പുറം മറ്റൊന്നുമില്ല. ആളുകള്‍ വെറുതെയാണ് മുറവിളി കൂട്ടുന്നത്.’

ആചാരങ്ങളെല്ലാംതന്നെ ശാസ്ത്രീയമാണെന്നും, ജനങ്ങളത് മനസ്സിലാക്കുന്നില്ലെന്നുമാണ് ക്ഷേത്രം തന്ത്രി മണികണ്ഠന്റെ വിശദീകരണം. ‘ദേവിക്ക് മനുഷ്യരക്തംകൊണ്ട് പൂജ നടത്തുന്നുവെന്നത് സത്യം തന്നെയാണ്. അഥര്‍വവേദം അടിസ്ഥാനമാക്കിയാണ് പൂജ ചെയ്യുന്നത്. രക്തം നല്‍കി മാനസികമായ രോഗവിജയം നേടുക എന്നതാണ് പൂജയുടെ ഉദ്ദേശ്യം. എന്നാല്‍ ഇപ്പറയുന്നതുപോലെ അത് പ്രാകൃതവും, ഉപേക്ഷിക്കേണ്ടുന്നതുമായ ആചാരമാണെന്ന് പറയാന്‍ കഴിയില്ല. ആചാരത്തിനു പിന്നിലെ വിശ്വാസം എന്താണെന്നുവച്ചാല്‍ കാളീപ്രീതിയാണ്. രക്തം കാളിക്ക് സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ കാളീപുത്രരാകുമെന്ന് വിശ്വാസികള്‍ വിശ്വസിക്കുന്നു. കാളീപുത്രന്മാരായാല്‍ രോഗങ്ങള്‍ അവരെ പിന്തുടരില്ലെന്നാണ് വിശ്വാസം. അത്തരത്തില്‍ രക്തംകൊണ്ട് രോഗങ്ങള്‍ മാറ്റുക എന്ന ഉദേശ്യമാണ് അമ്പലത്തിനുള്ളത്. ശാസ്ത്രീയമായ, സൈക്കോളജിക്കലായ ഒരു രീതിയാണിതെന്ന് എന്താണ് ആരും മനസ്സിലാക്കാത്തതെന്നാണറിയാത്തത്. എല്ലാ ആചാരങ്ങളും പ്രാകൃതം തന്നെയാണ്, അതില്‍നിന്ന് ചില വ്യത്യാസങ്ങള്‍ വരുത്തിയാണ് ആചാരങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്. കാലങ്ങളായി നടക്കുന്ന ഒരു ആചാരമാണിത്. ആളുകളുടെ രക്തം പൂര്‍ണ്ണമായും ഊറ്റിയല്ല ചടങ്ങ് നടത്തുന്നത്. തുള്ളി രക്തമെടുത്ത് ആ രക്തത്തില്‍ (മഞ്ഞളും ചുണ്ണാമ്പും കലര്‍ത്തിയ ലായനിയില്‍) ചേര്‍ത്തിയാണ് യജ്ഞം നടത്തുന്നത്. ആശുപത്രികളില്‍ നിന്ന് രക്തം കുത്തിയെടുക്കുമ്പോളില്ലാത്ത ആവേശമാണ് ആചാരത്തിനായി രക്തമെടുക്കുമ്പോള്‍ ഉണ്ടാകുന്നത്’

മുന്‍കാലങ്ങളില്‍ അശാസ്ത്രീയമായാണ് രക്തമെടുത്തിരുന്നതെന്ന് തന്ത്രി തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചടങ്ങ് നടത്തുന്നത് ശാസ്ത്രീയമായി രക്തം സ്വീകരിച്ചുകൊണ്ടാണെന്നും, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാതിരിക്കാന്‍ അമ്പലം ശ്രദ്ധിക്കുന്നുണ്ടെന്നും തന്ത്രി മണികണ്ഠന്‍ പറയുന്നു.

തന്ത്രി തുടരുന്നു, ‘ലാബില്‍നിന്ന് വിദഗ്ദര്‍ വന്നാണ് രക്തം എടുക്കുന്നത്. തീര്‍ത്തും ശാസ്ത്രീയമായിത്തന്നെയാണ് നടത്തുന്നത്. മുന്‍കാലങ്ങളില്‍ സേഫ്റ്റിപിന്‍പോലുള്ള അശാസ്ത്രീയമായ ഉപകരണങ്ങള്‍ വച്ചാണ് രക്തമെടുത്തിരുന്നത്. എന്നാല്‍ ഇന്ന് അതിനെപ്പറ്റി സംശയിക്കേണ്ടതില്ല. ഇനി രക്തമെടുക്കുന്നത് ദയനീയമാണെന്ന് പറയുന്നവര്‍ ആശുപത്രികളില്‍ രക്തം നല്‍കാറില്ലേ. അപ്പോള്‍ ദയനീയത വരാത്തതെന്തുകൊണ്ടാണ്. അത്തരത്തില്‍ മനുഷ്യന് ആവശ്യമുള്ള ഒന്നുതന്നെയാണിതും. പത്രക്കാരും, സോഷ്യല്‍മീഡിയായും ആവശ്യമില്ലാതെയാണ് മുറവിളികൂട്ടുന്നത്. ഇത്തരത്തില്‍ രക്താഭിഷേകം നടത്തുന്നത് ഈ ക്ഷേത്രത്തില്‍ മാത്രമല്ല. പക്ഷെ അത്തരത്തില്‍ രക്താഭിഷേകം മറ്റു പലക്ഷേത്രങ്ങളും നിലവിലുണ്ട്. എന്നാല്‍ ആ ക്ഷേത്രങ്ങളെക്കുറിച്ച് ഉറക്കെ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’

സംഭവം വിവാദമായതോടെ ഇക്കാര്യത്തില്‍ നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇതറിയിച്ചത്. മനുഷ്യരക്തംകൊണ്ട് കാളിയെ കുളിപ്പിക്കുന്ന ആചാരം തീര്‍ത്തും പ്രാകൃതമാണെന്നും, സാംസ്‌ക്കാരിക കേരളത്തിന് അപമാനവും, അപകടവുമാണ് ഇതെന്നും പോലീസിനും ഭരണകൂടത്തിനും ഈ പ്രാകൃത ആചാരം തടയാനുള്ള നിര്‍ദേശം നല്‍കിയിട്ടണ്ടെന്നും മന്ത്രി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് കുറിപൂ[പ്പിന്റെ പൂര്‍ണ്ണരൂപം.

‘മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന തികച്ചും പ്രാകൃതമായ ആചാരം തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ നടത്താനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കാനാകുന്നതല്ല. തികച്ചും പ്രാകൃതമായ ആചാരങ്ങളുടെ ആവര്‍ത്തനത്തിനുള്ള ശ്രമം കേരളത്തിനാകെ അപമാനവും അപകടകരവുമാണ്. സിറിഞ്ച് വഴി പലരുടെയും രക്തം സ്വീകരിച്ച് ആ രക്തം കൊണ്ട് കാളി വിഗ്രഹം കുളിപ്പിക്കുമെന്നാണ് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിലുള്ളത്. നരബലിയും മൃഗബലിയും അടക്കമുള്ള അനാചാരങ്ങള്‍ നവോത്ഥാന മുന്നേറ്റത്തില്‍ ഉപേക്ഷിച്ച കേരളത്തിലാണ് അസംബന്ധ ആചാരങ്ങളുടെ തിരിച്ചുവരവിനുള്ള ശ്രമം നടത്തുന്നത്. ഇതിനെതിരെ നടപടിയെടുക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് ഞാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറോടും ഈ പ്രാകൃത പ്രവൃത്തി തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രാകൃതമായ അനാചാരങ്ങള്‍ മടക്കി കൊണ്ടുവരാനുളള നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുത്തേ മതിയാകൂ. അനാചാരങ്ങളുടെ നടത്തിപ്പിന് ഒരു വര്‍ഗീയ സംഘടനയുടെ പിന്തുണ ഉണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളൊന്നാകെ ഇത്തരം അനാചാരങ്ങള്‍ക്കും പ്രാകൃത അനുഷ്ഠാനങ്ങള്‍ക്കും എതിരെ രംഗത്തു വരണം. പ്രസ്തുത ക്ഷേത്രം രക്താഭിഷേകം അടക്കം നിരവധി അനാചാരങ്ങളുടെ കേന്ദ്രമാണെന്ന പരാതിയുമുണ്ട്.’

കാളിയൂട്ട് എന്ന ആചാരം അവസാനിപ്പിക്കേണ്ടതുതന്നെയാണെന്നും, ഇത്തരത്തിലെ യുക്തിക്ക് നിരക്കാത്ത ആചാരങ്ങള്‍ വളര്‍ന്നുവന്നാല്‍ കേരളത്തിനാകെ അപമാനമാണെന്നുമാണ് ഹ്യുമനിസ്റ്റിക്ക് യൂത്ത് മൂവ്‌മെന്റ് കേരളാ സെക്രട്ടറി മനുജ മൈത്രി അഭിപ്രായപ്പെടുന്നത്. ‘നമ്മളെങ്ങോട്ടാണ് സഞ്ചരിക്കുന്നത്. മുന്നോട്ടോ അതോ പിന്നോട്ടോ. ഇങ്ങനെപോയാല്‍ നാളെ ഇവര്‍ നരബലി നടത്തിലെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലല്ലോ. ഭക്തിഭ്രാന്ത്മൂത്ത് എന്തും ചെയ്യാനുള്ള വ്യഗ്രത നാടിന് ദോഷമല്ലാതെ ഗുണം ചെയ്യുമെന്ന് കരുതുന്നില്ല. കല്ലായ ദൈവത്തിന് കാണിക്ക വേണ്ട.. അത് വിശക്കുന്ന കുട്ടികള്‍ക്ക് നല്‍കു എന്ന് അയ്യങ്കാളി പറഞ്ഞതാണ് ഓര്‍മവരുന്നത്. അമൂല്യമായ രക്തത്തെപ്പറ്റി നമുക്കത് മാറ്റിപ്പറയാവുന്നതേയുള്ളു. അമ്പലത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് കാലങ്ങളായി ഇത്തരത്തിലെ ആചാരം നടക്കുന്നുണ്ടെന്നാണ്. ഇതിനെപ്പറ്റി സംസാരിക്കാന്‍ മാധ്യമകുത്തകകള്‍ക്ക് ഭയമായിരിക്കണം. റേറ്റിംഗ് ഇടിഞ്ഞാലോ എന്ന്. സംഗതി ഭക്തിയല്ലെ. പരിഷ്‌കൃതരെന്ന് നടിക്കുന്ന കേരളീയര്‍ സ്വയം വിലയിരുത്തേണ്ടത് അനിവാര്യമായിരിക്കുന്നു. ദുരാചാരങ്ങളെപ്പറ്റി വാര്‍ത്തകള്‍ വരണം, സമൂഹം ചര്‍ച്ചചെയ്യണം എന്നാല്‍ മാത്രമേ ഇത്തരം ദുരാചാരങ്ങളില്‍നിന്ന് നമുക്ക് രക്ഷനേടാനാകുവെന്നാണ് പറയാനുള്ളത്.’

നരബലിയുടെ പുതിയ രൂപമാണ് ഇതെന്നും, പ്രാകൃതമായ രീതി വീണ്ടും വളര്‍ത്തുകയാണ് അമ്പലം ചെയ്യുന്നതെന്ന് പേരു വെളിപ്പെടുത്താനഗ്രഹിക്കാത്ത നാട്ടുകാരന്‍ പറയുന്നു. ‘പണ്ടു ഈ അമ്പലത്തിന്റെ ഉത്സവത്തിന്റെ ഭാഗമായി നരബലി നടന്നിരുന്നുവെന്നാണ് പഴമക്കാരായ ആളുകള്‍ പറയുന്നത്. അതെത്രമാത്രം സത്യമാണെന്നറിയില്ല. പക്ഷെ കേട്ടുകേള്‍വി അങ്ങനാണ്. ഈ ആചാരത്തെ ആധുനിക നരബലി എന്നുപറയുന്നതാണ് നല്ലത്. ആളെ കൊല്ലുന്നില്ലെന്ന് മാത്രമേയുള്ളു. കുത്തിയോട്ടവും രക്താഭിഷേകവും മുന്നോട്ട് വയ്ക്കുന്നത് ഒരേ ചോദ്യം തന്നെയാണ്. രക്തം കിട്ടാതെ ആളുകള്‍ വലയുന്ന സമയത്താണ് ഇത്തരത്തിലെ കാട്ടിക്കൂട്ടലുകള്‍ നടക്കുന്നതോര്‍ക്കണം. ആളുകള്‍ ഇതിനെതിരെ സംസാരിച്ചാല്‍ അത് വിശ്വാസത്തിനുമുരളിലേക്കുള്ള കടന്നുകയറ്റം. ഇതാണ് സ്ഥിതി. സര്‍ക്കാര്‍ ഈ ആചാരത്തിന് വിലങ്ങിടുമെന്നുതന്നെയാണ് കരുതുന്നത്.’

കുട്ടികളെ നോവിക്കുമ്പോള്‍ ഏത് ഭഗവതിയാണ് സന്തോഷിക്കുക? കുത്തിയോട്ട വിവാദ നിഴലില്‍ ആറ്റുകാല്‍ പൊങ്കാല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍